ADVERTISEMENT

ചാരിറ്റിയുടെ പേരില്‍ ഹോട്ടലുകളിൽ നിന്ന് ബിരിയാണി വാങ്ങി തട്ടിപ്പു നടത്തിയ യുവാവ് അറസ്റ്റില്‍. പാലക്കാട്ട് ചാരിറ്റി പ്രവർത്തനങ്ങൾക്ക് എന്ന പേരിലാണ് യുവാവ് ഹോട്ടലുകളിൽ നിന്നും ബിരിയാണി വാങ്ങിയത്. ഇങ്ങനെ ഹോട്ടലുകളിൽ നിന്ന് കൂടിയ അളവിൽ ബിരിയാണി വാങ്ങുകയും വലിയ വിലയ്ക്ക് മറിച്ച് വിൽക്കുകയും ചെയ്യും. ഇതായിരുന്നു ഷഹീർ കരീമിന്റെ തട്ടിപ്പു രീതി. 

അസുഖമായി കിടക്കുന്നവർക്ക് ചികിത്സാ സഹായം, നിർധനരായവർക്ക് വീട് വച്ച് നൽകൽ എന്നിവയാണ് ഷഹീർ ബിരിയാണിക്ക് വേണ്ടി പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസമാണ് പ്രതി ഷൊർണൂരിലെ ഒരു ഹോട്ടലില്‍ നിന്നും ചാരിറ്റി പ്രവർത്തകൾക്ക് എന്ന പേരിൽ 350 പൊതി ബിരിയാണി വാങ്ങിച്ചത്. തുടർന്ന് വിലയായ 44,000 രൂപ അടുത്ത ദിവസം നൽകാം എന്ന് സ്ഥാപന ഉടമയോട് പറഞ്ഞ് കടന്നുകളഞ്ഞു. 

ADVERTISEMENT

ദിവസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിക്കാതായപ്പോൾ കടയുടമ ഷൊർണൂർ പൊലീസ് പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി പല സ്ഥലങ്ങളിലും സമാന തട്ടിപ്പ് നടത്തിയിരുന്നെന്ന് ബോധ്യമായി. ഇയാൾ ചാലിശേരിയിലെ ഒരു ഹോട്ടലുടമയിൽ നിന്ന് 36,000 രൂപയുടെ ബിരിയാണി വാങ്ങി കടന്നു കളഞ്ഞതായും തുടർന്ന് നാട്ടുകാർ പിടികൂടി ഇയാളെ പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു. പാലക്കാട്, മണ്ണാർക്കാട് ഭാഗങ്ങളിലെ ഹോട്ടലുകളിലും ഇയാൾ ബിരിയാണി തട്ടിപ്പ് നടത്തിയിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT