കടുത്ത മോഹൻലാൽ ആരാധകൻ: ശൂന്യമായി അനന്തുവിന്റെ ഇഷ്ടങ്ങളുടെ മുറി; തോരാ കണ്ണീർ
Tragic loss of Ananthu, mourns home

കടുത്ത മോഹൻലാൽ ആരാധകനായിരുന്ന അനന്തു ചുമരിൽ വരച്ചിട്ട ചിരിക്കുന്ന ലാലേട്ടൻ ചിത്രം. അതിനു താഴെ നിലത്തു കരഞ്ഞു തളർന്ന് കിടക്കുന്ന അമ്മ ശോഭ. മൃഗവേട്ടയ്ക്കൊരുക്കിയ വൈദ്യുതക്കെണിയിൽ ജീവൻ പൊലിഞ്ഞ വെള്ളക്കെട്ട ആമാടൻ അനന്തുവിന്റെ (ജിത്തു–15) ബന്ധുക്കളെ ആശ്വസിപ്പിക്കാനെത്തിയവരെയെല്ലാം നൊമ്പരപ്പെടുത്തിയ കാഴ്ചയായിരുന്നു അത്.ചിത്രം ശ്രദ്ധയിൽപ്പെട്ട രമേശ് ചെന്നിത്തല വീട്ടിൽവച്ചു തന്നെ ഇക്കാര്യം മോഹൻലാലിനെ ഫോണിൽ വിളിച്ച് അറിയിച്ചു.ഇഷ്ടതാരത്തിനൊപ്പം ടെഡി ബീയറും കാർട്ടൂൺ കഥാപാത്രങ്ങളുമൊക്കെയായി ചിത്രങ്ങൾ കൊണ്ട് അനന്തു സന്തോഷം നിറയ്ക്കാനാഗ്രഹിച്ച ആ മുറിയിൽ പക്ഷേ, 2 ദിവസമായി കണ്ണീരാണ് തളം കെട്ടിക്കിടക്കുന്നത്. നന്നായി ചിത്രം വരയ്ക്കുമായിരുന്നു അനന്തുവെന്നു ബന്ധുക്കൾ പറഞ്ഞു. നല്ല പാട്ടുകാരനുമായിരുന്നു.
അനന്തു പാടിയ പാട്ട് സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചു. ഒപ്പം നല്ല ഫുട്ബോൾ കളിക്കാരനെക്കൂടിയാണു നഷ്ടമായതെന്നു കൂട്ടുകാരും പറയുന്നു.‘വായിച്ച് വളരൂ...’ എന്നൊരു വാചകം കൂടിയുണ്ട് ആ ചുമരിൽ. പഠിക്കാനും മിടുക്കനായിരുന്നുവെന്ന് അധ്യാപകരും സാക്ഷ്യം വഹിക്കുന്നു. പത്താം ക്ലാസിലേക്കുള്ള നോട്ടുബുക്കുകൾ പൊതിഞ്ഞുവച്ചതും മറ്റു പഠനോപകരണങ്ങളും നൊമ്പരക്കാഴ്ചയായി മേശപ്പുറത്തു കിടക്കുന്നു. അതിൽ ഒരു പുസ്തകത്തിന്റെ ആദ്യ പേജ് കീറിയിരിക്കുന്നതു ബന്ധു കവിത ശ്രദ്ധയിൽപ്പെടുത്തി. അനന്തുവിന്റെ മരണത്തിനിടയായ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു ശിശുക്ഷേമ സമിതിക്കു പരാതി എഴുതി കീറിയെടുത്തതായിരുന്നു ആ പേജ്. രണ്ടാംപേജിൽ പതിഞ്ഞ അക്ഷരപ്പാടുകളിൽ നിറയെ സങ്കടഹർജിയിലെ വേദന നിഴലിച്ചു കിടക്കുന്നു.