സ്വന്തം ഭാഗം തെളിയിക്കാനായില്ലെങ്കില്‍ ജാതി കാര്‍ഡ് ഉപയോഗിക്കരുതെന്ന് വിവാദത്തില്‍ പ്രതികരിച്ച് ദിയ കൃഷ്ണ. അവര്‍ പറഞ്ഞത് ശരിയാണെങ്കില്‍ ഈ ജാതിയിൽ ഉള്ളവരെ ജോലിക്കു എടുക്കില്ലെന്ന് തനിക്ക് നേരത്തെ പറയാമായിരുന്നുവെന്നും ദിയ പറയുന്നു.
‘‘ഈ പ്രശ്‌നമുണ്ടായ സമയംതൊട്ടേ ക്രിമിനൽസിന്റെ പേര് പുറത്തുപറയണമെന്ന് വിചാരിച്ചിരുന്നതാണ്. പക്ഷേ, പെൺകുട്ടികളല്ലേ, അവരുടെ ഭാവി നശിപ്പിക്കേണ്ടെന്ന് ഓർത്ത് ആണ് അത് ചെയ്യാതെ ഇരുന്നത്. അശ്വിനും ഇതുതന്നെയാണ് പറഞ്ഞത്. അവർ തെറ്റ് സമ്മതിക്കുക എന്നതായിരുന്നു നമ്മുടെ ആവശ്യം. എത്ര രൂപ പോയി എന്നത് അറിയണമെന്നുണ്ടായിരുന്നു. ഒരു തെളിവും പുറത്തുവിടാതെ ഇരിക്കുകയായിരുന്നു. പക്ഷേ, ദൈവമായി അറിഞ്ഞ് ചില ആളുകളെക്കൊണ്ട് ചിലത് ചെയ്യിപ്പിക്കുമെന്ന് പറയില്ലേ.
29ന് രാത്രി ഞാൻ അവരെ ഉറങ്ങാൻ സമ്മതിച്ചിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് അവർ ഒരു ഫോൺകോൾ പുറത്തുവിട്ടിരുന്നു. സത്യത്തിൽ അവർ എന്നെയാണ് ഉറങ്ങാൻ അനുവദിക്കാതെ ഇരുന്നത്. ബുദ്ധി അവർക്ക് കൂടിപ്പോയതാണ് പ്രശ്നം. എത്ര വലിയ കുറ്റമാണ് ചെയ്തിരിക്കുന്നതെന്ന് അതിൽ തന്നെയുണ്ട്. അവര് തന്നെ അവരുടെ മുഖം പുറത്തുവിട്ടിരിക്കുകയാണ്. പിന്നെ നമ്മളെന്തിനാണ് പുറത്ത് വിടാതെ ഇരിക്കുന്നത്.
എത്ര രൂപയാണ് നിങ്ങൾ എന്നെ പറ്റിച്ചതെന്ന് ഞാൻ ചോദിക്കുന്നുണ്ട്. അപ്പോൾ അവർ പറയുന്നുണ്ട്, ചേച്ചി അത് ഞങ്ങൾ ഓപ്പൺ ആയി തുറന്നു പറഞ്ഞതല്ലേ. മനസ്സു വിഷമിച്ച് മാനസിക നില തെറ്റിയ അവസ്ഥയിലാണ് ഈ ഫോൺകോൾ ചെയ്യുന്നത്. എന്റെ കുഞ്ഞിനേയും ഇതു ബാധിക്കുന്നുണ്ട്. കസ്റ്റമർ സർവീസിനെക്കുറിച്ച് ഒരുപാട് പരാതികൾ വന്നിരുന്നു. അതിനെല്ലാം കാരണം ഇവരായിരുന്നു.
കുടുംബത്തിൽ ഒരാളു പോലും നമ്മളെ പറ്റിച്ചാൽ അത് സഹിക്കാനാവില്ല. ഇത്രയും നാൾ മാന്യമായിട്ടായിരുന്നു അവരോട് പെരുമാറിയത്. ആദ്യമൊക്ക ഞാൻ കരയുകയായിരുന്നു. പക്ഷേ, സത്യം പൂർണമായും എന്റെ ഭാഗത്താണെങ്കിൽ ഞാൻ എന്തിന് കരയണം. ‘ചേച്ചി ടാക്സ് വെട്ടിക്കാനല്ലേ നമ്മളോട് പറഞ്ഞത്, അത്രയല്ലേ നമ്മൾ ചെയ്തുള്ളൂ.’ എന്ന് വേണമെങ്കിൽ അവർക്ക് അപ്പൊഴേ ചോദിക്കാമായിരുന്നു. അത് എന്തുകൊണ്ട് അവർ ചോദിച്ചില്ല.
തെളിയിക്കാന്‍ ഒരു പോയിന്റും ഇല്ലെങ്കിൽ ജാതിയല്ല ഉപയോഗിക്കേണ്ടത്. അത് ചീപ്പ് പരിപാടിയാണ്. അങ്ങനെ ജാതിയും മതവും ഉപയോഗിക്കരുത്. ഞങ്ങളെ ടാർഗറ്റ് ചെയ്ത് ടാർണിഷ് ചെയ്യാനായിരുന്നു അവിടെ ശ്രമിച്ചത് എന്ന് കാണുന്നവർക്ക് മനസ്സിലാകും. അങ്ങനെയെങ്കിൽ ഈ ജാതിയിൽ ഉള്ളവരെ എടുക്കില്ലെന്ന് നേരത്തെ പറയാമായിരുന്നു.
എന്ത് പറയാനെന്ന് ദിവ്യ ചോദിക്കുമ്പോൾ ജീവനക്കാരിൽ ഒരാൾ ആത്മഹത്യ ചെയ്യാൻ പോകുന്നെന്ന് പറയും. ഇവിടെ പണം നഷ്ടപ്പെട്ട ഞാനല്ലേ ആത്മഹത്യ ചെയ്യേണ്ടത്. അല്ലാതെ, മോഷ്ടിച്ച നിങ്ങൾ അല്ലല്ലോ. നിങ്ങൾക്ക് ആഢംബര ജീവിതമാണ്. ഇത്രയും പണം പോയതിന്റെ പേരിൽ ഞാനും ഭര്‍ത്താവുമല്ലേ ആത്മഹത്യ ചെയ്യേണ്ടത്. ഇത് അവരുടെ അടുത്ത കാർഡ് ആണ്. ജാതി കാർഡ് പോലെ ഒരു ആത്മഹത്യ കാർഡ്.’’- ദിയ പറയുന്നു.