മലയാളക്കരയുടെ പാട്ടിനും പെരുമയ്ക്കും കടല്‍ കടന്നും ആരാധകരുണ്ടെന്ന് പറയേണ്ടതില്ലല്ലോ? മലയാളികൾ ഹൃദയത്തോടു ചേർത്തുവയ്ക്കുന്ന പാട്ടുകൾക്ക് ചുണ്ടനക്കി റീൽസിലൂടെ സോഷ്യൽ മീഡിയയില്‍ പ്രിയങ്കരനായ കിലി പോൾ ആ ഇഷ്ടക്കൂട്ടിലെ കണ്ണിയാണ്. മലയാളികൾ സ്നേഹത്തോടെ ഉണ്ണിയേട്ടനെന്നു വിളിക്കുന്ന കിലി പോളിനെ പോലെ ഇതാ പുതിയൊരു താരോദയം. കാൾ സ്വെൻബെർഗ് എന്ന സ്വീഡൻകാരന്റെ മലയാളിത്തം തുളുമ്പുന്ന വിഡിയോകളാണ് ഇപ്പോൾ ഇൻസ്റ്റഗ്രാം ഫീഡുകൾ ഭരിക്കുന്നത്.
സ്വീഡനില്‍നിന്നുള്ള കാള്‍സ്വെന്‍ബെർഗിന്റെ വിഡിയോ ആദ്യം മലയാളിക്ക് അദ്ഭുതമായിരുന്നു. എന്നാൽ മലയാളികളെ പോലും തോൽപിക്കുന്ന ചുണ്ടനക്കത്തിലെ കൃത്യതയും മെയ്‍വഴക്കവുമായി കാൾ മലയാളി ചുരുങ്ങിയ നാളുകൾക്കുള്ളിൽ മലയാളി മനസുകളിൽ നിറഞ്ഞു നിൽക്കാൻ തുടങ്ങി. കേരളീയർ ഉൾപ്പെടെ പത്തു ലക്ഷത്തോളം ആരാധകരാണ് കാൾ സ്വെൻബെർഗിനെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്.
ഇൻസ്റ്റഗ്രാം റീലുകൾ ഭരിക്കുന്ന മിന്നൽ വള, ദിലീപ് ചിത്രം അവതാരത്തിലെ കൊഞ്ചി കൊഞ്ചി ചിരിച്ചാൽ, അല്ലു അർജുന്റെ, പുഷ്പ തുടരും സിനിമയിലെ വൈറൽ രംഗം എന്നു തുടങ്ങി മലയാളി ആഘോഷമാക്കിയ സകല റീലുകളിലും കാളിന്റെ സാന്നിദ്ധ്യമുണ്ട്. കാളിന്റെ വൈറൽ റീലുകളിൽ ചുവടുവച്ച് റഷ്യക്കാരിയായ ഭാര്യ എകത്രീനയുമുണ്ട്.
റീൽസിലെ തന്റെ പ്രണയനായിക എകത്രീനയെ കാൾ കണ്ടെത്തിയത് അഞ്ചു വർഷം മുൻപ് റഷ്യയിലെ യൂണിവേഴ്സിറ്റിയിൽ എക്സ്ചേഞ്ച് സ്റ്റുഡന്റായി പോയപ്പോൾ ആയിരുന്നു. അപ്പോൾ അവർ മറ്റൊരു സർവകലാശാലയിൽ ആർക്കിടെക്ചർ പഠിക്കുകയായിരുന്നു. തങ്ങൾ ആദ്യമായി പരസ്പരം കാണുന്നത് ഒരു കരോക്കെ ബാറിലെ ഡാൻസ് ഫ്ലോറിൽ വച്ചാണെന്ന് കാൾ പറയുന്നു. ബന്ധപ്പെടാനുള്ള വിവരങ്ങൾ പരസ്പരം കൈമാറി, ഉടൻ തന്നെ ഡേറ്റിങ്ങിലേക്ക് എത്തിയെന്നും കാൾ പറയുന്നു.

വെയർഹൗസ് മാനേജരായി ജോലി നോക്കുന്ന കാൾ കൂടെ അഭിനയപഠനവും തുടരുന്നു. കൂടെ പൂർണ്ണ പിന്തുണയുമായി ഭാര്യ എകത്രീനയുമുണ്ട്. ആന്ധ്രക്കാരനായ സുഹൃത്താണ് കാളിനെ ഇന്ത്യൻ പ്രാദേശിക ഭാഷകളിലെ റീല്‍ ചിത്രീകരണത്തിലേക്ക് വഴിതിരിച്ചു വിട്ടത്. തുടക്കത്തിൽ തെലുങ്ക് സിനിമയിലെ അടിപൊളിപാട്ടുകളും ഡയലോഗുകളും മനസിലാക്കാൻ സഹായിച്ചത് ഈ സുഹൃത്താണ്. തെലുങ്ക് സിനിമകളിലെ ഗാനരംഗങ്ങള്‍ക്ക് ചുണ്ടനക്കിയായിരുന്നു ആദ്യ പരീക്ഷണം. അങ്ങനെയാണ് കാൾ എന്ന സ്വീഡിഷുകാരൻ രാജ എന്ന പേരിൽ ഇൻസ്റ്റാഗ്രാം വീഡിയോസ് ചെയ്തു തുടങ്ങിയത്.
ഇന്ത്യൻ സിനിമയിൽ അഭിനയിക്കുക എന്നതാണ് കാളിന്റെ സ്വപ്നം . അതിനായി ഈ വർഷം ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം . തനിക്ക് ഏറെ പിന്തുണ നൽകുന്ന തന്റെ മലയാളി ആരാധകരെ കേരളത്തിൽ വന്ന് നേരിൽ കാണേണം എന്ന മോഹവും കാൾ മറച്ചുവെക്കുന്നില്ല.