അഹമ്മദാബാദ് സംഭവം സംബന്ധിച്ച വാർത്തകൾ നെഞ്ചിടിപ്പോടെയാണു ചെന്നൈ വിമാനത്താവളത്തിനു സമീപം താമസിക്കുന്നവർ കേട്ടത്. ഇത്തരത്തിലൊരപകടം തങ്ങളുടെ പ്രദേശത്തു സംഭവിച്ചാൽ എന്തുചെയ്യുമെന്നു മിക്കവരും ഒരു നിമിഷം ചിന്തിച്ചു. അവിടെ ഉണ്ടായതുപോലെ ഒരവസ്ഥ മറ്റെവിടെയും ഉണ്ടാകരുതേ എന്ന പ്രാർഥനയിലാണ് എല്ലാവരും.
ചെന്നൈ വിമാനത്താവളത്തിനു സമീപത്തെ ഗിണ്ടി, സെന്റ് തോമസ് മൗണ്ട്, ആദംപാക്കം, നങ്കനല്ലൂർ, പല്ലാവരം, മണപ്പാക്കം തുടങ്ങിയ സ്ഥലങ്ങളിൽ ജീവിക്കുന്നവരിലാണ് ആശങ്ക കൂടുതൽ. തുണി ഉണങ്ങാനിടുന്നതിനായി ടെറസിൽ കയറുമ്പോൾ പോലും വിമാനം തലയ്ക്കു മുകളിലൂടെ പോകുന്ന കാഴ്ച അദ്ഭുതത്തോടെ കണ്ടിരുന്നതിൽ നിന്ന് അങ്കലാപ്പോടെ കാണുന്ന സ്ഥിതിയിലേക്കു മാറിയെന്ന് ആദംപാക്കത്ത് താമസിക്കുന്ന ശ്രീലത നെല്ലൂലി പറഞ്ഞു. ഇവിടെ താമസം തുടങ്ങിയ കാലത്തു തൊട്ടടുത്തു വിമാനം കാണുന്നതിന്റെ അദ്ഭുതവും കൗതുകവുമായിരുന്നു.
പിന്നീട് അതു ജീവിതത്തിന്റെ ഭാഗമായി. പറന്നുയരുമ്പോഴും താഴ്ന്നിറങ്ങുമ്പോഴും വിമാനത്തിന്റെ ചക്രങ്ങൾ പോലും കാണുന്നത്ര സമീപത്താണു വീട്. എന്നാൽ, അഹമ്മദാബാദ് സംഭവത്തോടെ, വിമാനത്തിന്റെ ശബ്ദം അടുത്തു കേൾക്കുമ്പോൾ ഉള്ളിലൊരു ഭയം ഉടലെടുക്കുന്നതായി ശ്രീലത പറയുന്നു. വിമാനത്താവളത്തിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ അകലെയാണെങ്കിലും ഇപ്പോൾ വിമാനം മുകളിലൂടെ പോകുന്നതു കാണുമ്പോൾ മനസ്സിൽ ഭീതിയുണ്ടാകുന്നതായി നങ്കനല്ലൂരിൽ താമസിക്കുന്ന ശോഭ ദാമോദരൻ പറഞ്ഞു. കഴിഞ്ഞ ദിവസം വരെ വിമാനത്തിന്റെ ശബ്ദം മറ്റു ശബ്ദങ്ങൾ പോലെ മാത്രമേ അനുഭവപ്പെട്ടിരുന്നുള്ളൂ.
എന്നാൽ, ഇപ്പോൾ വിമാനങ്ങൾ മുകളിലൂടെ പോകുമ്പോൾ ശബ്ദത്തിനെന്തെങ്കിലും വ്യത്യാസമുണ്ടോ എന്നു പോലും കാതോർക്കുന്ന അവസ്ഥയിലാണു പരിസരവാസികൾ.