ADVERTISEMENT

വീട്ടുമുറ്റത്തു ഭംഗിയുളള പൂമരം നട്ടു നോക്കൂ. പൂന്തോട്ടത്തിനു മാത്രമല്ല, വീടിനും ഭംഗിയേറും. പൂന്തോട്ടവും മുറ്റവും മനോഹരമാക്കാൻ മരങ്ങളും അലങ്കാര പനകളും തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.

യോജിച്ച മരങ്ങള്‍ തിരഞ്ഞെടുക്കാം

ADVERTISEMENT

∙ കേരളത്തിൽ മഴക്കാലമാണു മരവും പനയുമെല്ലാം നടാൻ യോജിച്ച സമയം. നിത്യഹരിത പ്രകൃതമുള്ളവ തിരഞ്ഞെടുത്തോളൂ. നാട്ടിലെ കാലാവസ്ഥയ്ക്കു യോജിച്ചതാണ് ഇവയെന്നുറപ്പാക്കാൻ മറക്കരുതേ.

∙ വലുപ്പം കുറഞ്ഞ പൂന്തോട്ടത്തിൽ പൂമരമായി പവിഴമല്ലി, ബോട്ടിൽ ബ്രഷ് ട്രീ, കോർഡിയ, പാല ചെമ്പകം, കണിക്കൊന്ന, പിങ്ക് മന്ദാരം, ബ്രൗണിയ, ക്രെയ്‌പ് മിർട്ടിൽ ട്രീ, അശോകം, മരമുല്ല തുടങ്ങിയവ നടാം.

ADVERTISEMENT

∙ ഇല മരമാണോ വേണ്ടത്? യെല്ലോ ഡെസ്‌മോഡിയം, വെള്ള ഇലയുള്ള ടെർമിനാലിയ, ടോപിയറി ചെയ്ത അലങ്കാര ഇനം ആൽ മരം, ഫേൺ ട്രീ, അലങ്കാര പനയിനമായി ഗോൾഡൻ വിച്ചിയ, സാഗോ പാം ഇവ യോജിക്കും.

∙ നല്ല വിസ്‌താരമുള്ള പൂന്തോട്ടമാണോ ഉള്ളത്? ഇലഞ്ഞി, ബട്ടർഫ്‌ളൈ പീ ട്രീ, കോപ്പർ പോഡ് ട്രീ, മണിമരുത്, ഗുൽമോഹർ മരം, പിങ്ക് റ്റെബൂബിയ, യാങ് - യാങ് മരം, പനിനീർ ചെമ്പകം, കടമ്പ, ഏഴിലം പാല, പന ഇനങ്ങളായ ഫോക്സ് ടെയ്ൽ പാം, ഡെയ്റ്റ് പാം, റോയൽ പാം, കെന്റിയ പാം ഇവ നട്ടോളൂ.

Garden01
ADVERTISEMENT

∙ പന മതിലിനോടു ചേർത്തു നടരുത്. അവയുടെ വേരുകൾ മതിലിനു ബലക്ഷയമുണ്ടാക്കാം. ടൈൽ വിരിച്ചിടത്തും പ്ലാന്റർ ബോക്സിലും ഇതേ പ്രശ്നമുണ്ടാകാം. ഇന്ത്യൻ മാസ്റ്റ് ട്രീ, കോണോകാർപ്പസ്, യൂജീനിയ ഇവ മതിലിനോടു ചേർന്നു നിരയായി വളർത്താം. തലപ്പു വെട്ടി ഉയരം ക്രമമാക്കിയാൽ മതി.

∙ ഭംഗി മാത്രം പോര, നല്ല പഴങ്ങളും വേണമെന്നുണ്ടോ? ചെറി ഓഫ് റിയോ ഡി ഗ്രാൻഡെ, ടെറൻഗാനു ചെറി, പർപ്പിൾ ഫോറസ്റ്റ് ഗുവ, വെള്ളയും മഞ്ഞയും നിറത്തിൽ ഇലകൾ ഉള്ള സപ്പോട്ട തുടങ്ങിയവ തിരഞ്ഞെടുക്കാം.

∙ തീരദേശങ്ങളിൽ ഭൂഗർഭജലം ഉയർന്നു നിൽക്കുന്നതുകൊണ്ട് എല്ലാത്തരം മരങ്ങളും ആരോഗ്യത്തോടെ വളരില്ല. ഇത്തരം സ്ഥലങ്ങളിൽ പൂവരശ്, പുന്ന, ആറ്റുപരുത്തി, ഫിഡിൽ ലീഫ് ഫിഗ്, കുടംപുളി തുടങ്ങിയവ നടാം.

∙ മരങ്ങൾ മണ്ണിൽ നേരിട്ടു നടുമ്പോൾ കുറഞ്ഞതു രണ്ട് അടി സമചതുരവും അതേ ആഴവുമുള്ള കുഴി തയാറാക്കുക. വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി തുടങ്ങിയവ ചേർത്ത മിശ്രിതം നിറച്ചതിലാണു തൈ നടേണ്ടത്. വെള്ളം ഒഴുകി പോകാനുള്ള സൗകര്യമൊരുക്കണം.

ജേക്കബ് വര്‍ഗീസ് കുന്തറ
റിട്ടയേഡ് പ്രഫസര്‍
ബോട്ടണി വിഭാഗം
ഭാരത് മാതാ കോളജ്
തൃക്കാക്കര

ADVERTISEMENT