‘ഇങ്കെ പാര്, ഒന്നുമേയില്ലെ... അഴാതെ, ഭയപ്പെടവേണ്ട. അമ്മ ഇപ്പോ വന്തിടുവേ...’- വീടിനകത്ത് കുഞ്ഞുകൈകൾ കൊണ്ട് മുഖം പൊത്തി കരയുന്ന മകനെ നോക്കി ജനലിലൂടെ അമ്മ ദീപ ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു.
തൊട്ടപ്പുറത്ത് അഗളി പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരുടെ സംഘം ശുചിമുറിയുടെ ജനൽ കമ്പികൾ അറുത്തുമാറ്റാനുള്ള ശ്രമത്തിലായിരുന്നു. ഇന്നലെ രാവിലെ പത്തരയോടെയാണ് അട്ടപ്പാടി പുതൂർ മേലെ ഉമ്മത്താംപടിയിൽ ബാലാജിയുടെയും ദീപയുടെയും മകൻ രണ്ടര വയസ്സുള്ള മിത്രൻ വീടിനകത്ത് കുടുങ്ങിയത്.
അച്ഛനും അമ്മയും പുറത്തിരിക്കെ വീടിനകത്ത് ഒറ്റയ്ക്കായിരുന്ന കുട്ടി വാതിലടച്ചതോടെ അബദ്ധത്തിൽ ലോക്ക് വീണു. പുറത്തു നിന്നു തുറക്കാനാവാതെ വന്നതോടെ മാതാപിതാക്കൾ പരിഭ്രാന്തരായി. അയൽക്കാരിൽ ചിലർ ഫയർ ഫോഴ്സുമായി ബന്ധപ്പെട്ടു.
ഇതിനിടെയാണ് ജോലിയുടെ ഭാഗമായി പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ അതു വഴിയെത്തിയത്. ഒരു മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിൽ യന്ത്രസഹായത്തിൽ ജനൽ കമ്പികൾ മുറിച്ചുമാറ്റി. വാച്ചർ ഇ.എസ്.സ്വാമിനാഥൻ അകത്ത് കടന്ന് വാതിൽ തുറന്ന് കുട്ടിയെ പുറത്തെത്തിച്ചു.