ADVERTISEMENT

താലികെട്ട് കഴിഞ്ഞ് യാത്ര പറയുന്ന നിമിഷം. ചുറ്റും അനുഗ്രഹാശിസുകളുമായി നിൽക്കുന്ന എല്ലാ മുഖങ്ങളിലും യാത്ര പറച്ചിലിന്റെ വേദന. പെൺമക്കളെ യാത്രയാക്കുന്ന അച്ഛന്റെയും അമ്മയുടേയും കണ്ണിൽ കണ്ണീർ നനവുണ്ട്. എന്നാല്‍ ഒരൊറ്റ നിമിഷത്തിൽ വിടപറയല്‍ നിമിഷം പൊട്ടിച്ചിരിയിലേക്ക് വഴിമാറി.

സോഷ്യൽ മീഡ‍ിയയിലെ ഒരു വൈറല്‍ ഇരട്ട കല്യാണത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഇരട്ടകളായ വധൂവരന്മാർ വിവാഹശേഷം യാത്ര പറയുന്നതിനിടെ സംഭവിച്ചൊരു രസകരമായ നിമിഷം. സോഷ്യൽ മീഡിയയിലെ ക്യാപ്ഷനിൽ പറഞ്ഞ പോലെ ‘ഒരു ചെറ്യേ കയ്യബദ്ധം...’ അതാണ് ഇന്ന് റീലുകളിൽ ചിരി പടർത്തുന്നത്. യാത്ര പറയുന്നതിനിടെ പുതുമണവാളനു മണവാട്ടിയെ ചെറുതായൊന്നു മാറി. ആ ചിരിനിമിഷം ദിവസങ്ങൾക്കകം സമൂഹമാധ്യമങ്ങളിലൂടെ കണ്ടതാകട്ടെ ഒരു കോടിയിലേറെ പേർ.

ADVERTISEMENT

ഷൊർണൂർ പരുത്തിപ്ര പത്മ നിവാസിൽ കെ.പി.ശരത്ത് (28), കെ.പി.സുജിത്ത് (28) എന്നിവരുടെയും ഇരട്ട സഹോദരിമാരായ തിരുവനന്തപുരം ആറ്റിങ്ങൽ ഇന്ദിരയിൽ ഡോ.ശ്രീദേവി (27), ഡോ.ശ്രീലക്ഷ്മി (27) എന്നിവരുടെയും വിവാഹമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. സോഷ്യൽ മീഡിയയുടെ ഇഷ്ടം പിടിച്ചു പറ്റിയ ആ വൈറൽ കല്യാണക്കഥയെക്കുറിച്ചും പിന്നിലെ ചിരി നിമിഷങ്ങളെക്കുറിച്ചും ഇരട്ടകളിലൊരാളായ സുജിത് വനിത ഓൺലൈനോടു സംസാരിക്കുകയാണ്.

മേക്കപ്പ് ചതിച്ചാശാനേ...

ADVERTISEMENT

ജൂൺ 20ന് ഏറ്റുമാനൂർ ക്ഷേത്രത്തിൽ നടന്ന മിന്നുകെട്ട്. അന്ന് അനുഗ്രഹിക്കാനും ആശീർവദിക്കാനും ബന്ധുക്കളും സുഹൃത്തുക്കളുമായി കുറേയേറെ പേരുണ്ടായിരുന്നു. പക്ഷേ ഇന്ന് ആശീർവദിക്കാനും ആശംസിക്കാനും ഞങ്ങളെ തിരിച്ചറിയാനുമൊക്കെ ഒരു കോടിയിലേറെ പേർ. എല്ലാത്തിനും ഒറ്റക്കാരണം. ഒരു ചെറ്യേ കയ്യബദ്ധം.– ഇരട്ടകളിലൊരാളായ സുജിത് ചിരിയോടെയാണ് പറഞ്ഞു തുടങ്ങിയത്.

ഷൊർണൂരാണ് എന്റെയും ശരതിന്റേയും സ്വദേശം. ഞങ്ങൾക്കുള്ള ജീവിത സഖികളെ ദൈവം കണ്ടെത്തി തന്നത് അങ്ങ് തിരുവനന്തപുരം ആറ്റിങ്ങലിൽ നിന്ന്. വിവാഹം കഴിക്കുന്നെങ്കിൽ അത് ഇരട്ടകൾ തന്നെയാകണം എന്ന് ഇരുവർക്കും ആഗ്രഹമുണ്ടായിരുന്നു. കാരണം ഇരട്ട സഹോദരങ്ങൾക്കിടയിൽ വല്ലാത്തൊരു ബോണ്ടിങ് ഉണ്ടാകും. അത് മറ്റ് ഇരട്ടകൾക്കേ മനസിലാകൂ. അങ്ങനെ മാട്രിമോണിയൽ സൈറ്റുകളിലെയും പുറത്തെ അന്വേഷണങ്ങൾക്കുമൊടുവിൽ ഞങ്ങളുടെ ജീവിതത്തിലേക്ക് അവരെത്തി. എന്റെ ജീവിതത്തിലേക്ക് ഡോ. ശ്രീലക്ഷ്മിയും ശരതിന്റെ ജീവിതത്തിലേക്ക് ഡോ. ശ്രീദേവിയും വരുന്നത് അങ്ങനെയാണ്. ഇനി വൈറൽ കഥയിലേക്ക് വരാം...

ADVERTISEMENT

ബന്ധുക്കളോടു യാത്ര പയുന്ന ഇമോഷണൽ മൊമന്റ്. എല്ലാവരും സങ്കടത്തിൽ നിൽക്കുകയാണ്. അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞിറങ്ങുന്നതിന്റെ ശ്രീദേവിയുടെയും ശ്രീലക്ഷ്മിയുടെയും മുഖത്തുണ്ട്. യാത്രയൊക്കെ പറഞ്ഞ് ശരത്ത് ചേർത്തുപിടിക്കാൻ ചെന്നതു എന്റെ ഭാര്യ ശ്രീലക്ഷ്മിയെ. അക്കിടി പറ്റിയെന്നു മനസ്സിലായ ഉടൻ തന്റെ ഭാര്യ ശ്രീദേവിയുടെ അടുത്തെത്തി. യാത്ര പറച്ചിലിന്റെ സെന്റി സീൻ അങ്ങനെ ഞൊടിയിട കൊണ്ട് കൂട്ടച്ചിരിക്കു വഴിമാറി. ഫൊട്ടോഗ്രഫർ ഭവിനേഷ് ഭരതനാണ് ഈ രംഗം അവിചാരിതമായി ക്യാമറയിൽ പകർത്തുകയും വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തത്. സംഗതി വൈറലായെന്നു മാത്രമല്ല, ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുകോടിയിലേറെ പേർ കാണുകയും ചെയ്തു.

twin-wedding-6

വിഡിയോ വൈറലായതോടെ കമന്റുകളുമായി നിരവധി പേരെത്തി. തുടക്കത്തിലേ ആളെ മാറിയോ, ഭാഗ്യം ആരും കണ്ടില്ല, ദേവ്യേ... ഇതപ്പോ എന്റെ അല്ലാരുന്നോ എന്നിങ്ങനെ രസകരമായ കമന്റുകൾ. ആദ്യം കുറച്ചു ബുദ്ധിമുട്ട് കാണും പിന്നെ ശരിയായിക്കോളും എന്ന മണവാട്ടിമാരുടെ കമന്റും സോഷ്യൽ മീഡിയയിൽ‌ ചിരി പടർത്തി. സത്യം പറഞ്ഞാൽ ഭാര്യമാരെ അങ്ങനെ അത്ര പെട്ടെന്നൊന്നും ഞങ്ങൾക്ക് മാറിപ്പോകില്ല. പക്ഷേ ഇവിടെ വില്ലനായത് മേക്കപ്പാണ്. ശരതിന്റെ ഭാര്യ ശ്രീദേവിയുടെ മുഖത്തൊരു മറുകുണ്ട്. അതിന്റെ പുറത്തുകൂടി മേക്കപ്പ് വന്നപ്പോൾ കൺഫ്യൂഷനായി. അങ്ങനെയാണ് ആളെ മാറിപ്പോയത്. എന്തായാലും ഞൊടിയിടയിൽ വൈറലായതിലും ഒരുപാടു പേർ സ്നേഹം അറിയിക്കുന്നതിലും ഒത്തിരി സന്തോഷമുണ്ട്. ആ സംഭവത്തിനും ശേഷം ഞങ്ങൾ പോസ്റ്റു ചെയ്യുന്ന ഓരോ ഫൊട്ടോയിലും വിഡിയോയിലും ആശംസകൾ അറിയിച്ച് നിരവധി പേർ എത്തുന്നുണ്ട്. എല്ലാവരോടും സ്നേഹം.– സുജിത് പറഞ്ഞു നിർത്തി.

ആയുർവേദ ഡോക്ടർമാരായ ശ്രീദേവിയും ശ്രീലക്ഷ്മിയും ചെന്നൈയിൽ പിജി ചെയ്തുകൊണ്ടിരിക്കുകയാണ്. ശരത്ത് മെഡിക്കൽ രംഗത്തു ഗവേഷണം നടത്തുന്നു, സുജിത്ത് കെമിസ്ട്രിയിൽ ഗവേഷണം നടത്തുന്നു.

ADVERTISEMENT