തൃശൂർ പുതുക്കാട് രണ്ടു നവജാത ശിശുക്കളെ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവം നാടിനൊന്നാകെ ഞെട്ടലാകുകയാണ്. കുട്ടിയെ കൊന്നത് അമ്മയാണെന്നു തെളിഞ്ഞതായി പൊലീസ്. രണ്ടാമത്തെ കുട്ടിയുടെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. കമിതാക്കളായ ബവിൻ (25), അനീഷ എന്നിവർക്കാണ് വിവാഹത്തിനു മുൻപ് കുട്ടികളുണ്ടായത്. ഒരു കുട്ടി പ്രസവിച്ചപ്പോഴേ മരിച്ചു എന്നാണ് യുവതി പൊലീസിനോടു പറഞ്ഞത്. പ്രസവിച്ച വിവരം ആരും അറിയാതെയിരിക്കാനാണ് രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയത്. അനീഷയാണ് ബവിന്റെ നിർദേശപ്രകാരം കുട്ടികളെ കുഴിച്ചിട്ടത്. ഇരുവരും തമ്മിൽ അകന്നതോടെയാണ് ബവിൻ പൊലീസ് സ്റ്റേഷനിലെത്തി കുട്ടികളെ കുഴിച്ചിട്ട വിവരം വെളിപ്പെടുത്തിയത്.
അനീഷ പ്രസവിച്ചത് യൂട്യൂബ് നോക്കി
നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസിൽ അനീഷ ശുചിമുറിയിൽ പ്രസവിച്ചത് യൂട്യൂബ് നോക്കിയെന്ന് മൊഴി. വയറിൽ തുണികെട്ടിയാണ് ഗർഭാവസ്ഥ മറച്ചുവച്ചത്. ഗർഭിണിയാണെന്നതു മറയ്ക്കാൻ ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നതും ഒഴിവാക്കി. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചതും അനീഷയ്ക്കു ഗുണമായെന്നാണ് പൊലീസ് പറയുന്നത്.
അതിനിടെ അനീഷ കുട്ടികളെ കുഴിച്ചിട്ട രീതി എങ്ങനെയെന്ന വിവരം പുറത്തുവന്നു. ബക്കറ്റിൽ കൊണ്ടുവന്ന് വീടിനു പിന്നിൽ കുഴിച്ചിട്ടെന്നാണ് അനീഷ പൊലീസിനോട് പറഞ്ഞത്. കുഴിവെട്ടാൻ ഉപയോഗിച്ച തൂമ്പ പൊലീസിനു കാണിച്ചുകൊടുത്തു. രണ്ടാമത്തെ തെളിവെടുപ്പിലാണ് അനീഷ ഇക്കാര്യം പൊലീസിനോട് വിവരിച്ചത്.
പ്രായപൂർത്തിയാകുന്നതിനു മുന്നേ അനീഷ ഗർഭിണിയാണെന്ന് അയൽവാസികൾക്ക് സംശയം ഉണ്ടായിരുന്നു. ഇക്കാര്യം അയൽവാസിയായ ഗിരിജ ചോദിച്ചതോടെ തനിക്കെതിരെ അപവാദം പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് അനീഷ വെള്ളിക്കുളങ്ങര പൊലീസിനു പരാതി നൽകി. അനീഷയുടെ സഹോദരൻ മർദനഭീഷണി മുഴക്കിയെന്നും വിവരമുണ്ട്.
ഗർഭിണിയെന്ന് പൊലീസിനെ അറിയിച്ചു; കേസും പൊല്ലാപ്പും
പ്രായപൂർത്തിയാകുന്നതിനു മുൻപേ അനീഷ ഗർഭിണിയായെന്ന സംശയത്തിൽ അയൽവാസികൾ ചോദിച്ചെങ്കിലും കേസും പൊല്ലാപ്പും ആയതോടെ പിന്മാറിയെന്നു സൂചന. 2021ൽ ആയിരുന്നു സംഭവം. നെന്മണിക്കരയിൽ ലാബ് ടെക്നീഷ്യനായ അനീഷ ആദ്യം ഗർഭിണിയായപ്പോൾ പരിസരവാസിയായ ഗിരിജ സുരേന്ദ്രൻ ഇക്കാര്യം നേരിട്ടു ചോദിച്ചിരുന്നു. അമ്മ സുമതിയും ലോട്ടറി വിൽപനക്കാരനായ സഹോദരൻ അക്ഷയും ഇക്കാര്യം നിഷേധിച്ചു. ആരുമായും അധികം അടുപ്പം സൂക്ഷിക്കാത്ത കുടുംബമാണിവരുടേതെന്ന് അയൽവാസികൾ പറയുന്നു. ഗിരിജ സംശയം പ്രകടിപ്പിച്ചതിനു പിന്നാലെ തനിക്കെതിരെ അപവാദപ്രചാരണം നടത്തുന്നു എന്നുകാട്ടി അനീഷ വെള്ളിക്കുളങ്ങര പൊലീസിനു പരാതി നൽകി. അനീഷയുടെ സഹോദരൻ മർദനഭീഷണി മുഴക്കിയെന്നും വിവരമുണ്ട്. പൊലീസ് മധ്യസ്ഥതയിൽ അന്നു പരാതി ഒത്തുതീർപ്പാക്കി. ഇതിനു ശേഷം അനീഷയുടെ കുടുംബവുമായി സമീപവാസികളാരും ബന്ധം പുലർത്തിയിരുന്നില്ലെന്നാണു സൂചന.
അനീഷയ്ക്കും ബവിനുമെതിരെ കൊലക്കുറ്റം ചുമത്തി
രണ്ടുപേർക്കെതിരെയും കൊലക്കുറ്റം ചുമത്തി അന്വേഷണം ഊർജിതമാക്കിയെന്നും ശാസ്ത്രീയ തെളിവുകളുടെ സാന്നിധ്യം അന്വേഷണത്തെ ബലപ്പെടുത്തുമെന്നും റൂറൽ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ പറഞ്ഞു. ബവിൻ സ്റ്റേഷനിലെത്തി 15 മിനിറ്റിനുള്ളിൽ അന്വേഷണം ആരംഭിക്കാൻ കഴിഞ്ഞു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തെളിവെടുപ്പും അന്വേഷണവും തുടരും. അനീഷയുടെ അമ്മയ്ക്ക് ഇവർ തമ്മിലെ അടുപ്പം അറിയാമായിരുന്നെങ്കിലും പ്രസവമടക്കമുള്ള വിവരങ്ങൾ അറിയില്ലായിരുന്നെന്നു സംശയിക്കുന്നതായി പൊലീസ് മേധാവി പറഞ്ഞു. ഇക്കാര്യം കൂടുതൽ പരിശോധിക്കും. വേഷവിധാനത്തിലൂടെ ഗർഭം ഒളിപ്പിച്ചു നടക്കുകയായിരുന്നെന്ന വിവരവും പരിശോധിക്കുന്നുണ്ട്. പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യം അടുത്ത ഘട്ടത്തിൽ തീരുമാനിക്കും. കുഞ്ഞുങ്ങളുടെ അസ്ഥി സൂക്ഷിച്ചുവച്ചതിനു പിന്നിൽ എന്തെങ്കിലും ആഭിചാര, മന്ത്രവാദ ലക്ഷ്യങ്ങളുണ്ടായിരുന്നോ എന്ന സംശയമുയരുന്നുണ്ടെങ്കിലും ഇക്കാര്യം പൊലീസ് സ്ഥിരീകരിക്കുന്നില്ല.
അനീഷ അകന്നതിനു പ്രതികാരം; അസ്ഥി സൂക്ഷിച്ചത് കുടുക്കാൻ
രണ്ടു കുഞ്ഞുങ്ങളുടെയും അസ്ഥി ശേഷിപ്പുകൾ കുഴിതോണ്ടിയെടുത്തു ബാഗിലാക്കി വീട്ടിനുള്ളിൽ സൂക്ഷിക്കാൻ ബവിനെ പ്രേരിപ്പിച്ചത് അനീഷ കൈവിട്ടാൽ പ്രതികാരം ചെയ്യാൻ വേണ്ടിയെന്നു സൂചന.കുട്ടികൾ മരിച്ചാൽ ചിതാഭസ്മം കടലിൽ ഒഴുക്കിയില്ലെങ്കിൽ മോക്ഷം കിട്ടില്ലെന്നും മാതാപിതാക്കൾക്കു ദോഷമാകുമെന്നും ബവിൻ അനീഷയെ ബോധ്യപ്പെടുത്തിയിരുന്നു.കടലിൽ നിമജ്ജനം ചെയ്യാൻ വേണ്ടിയെന്നു വിശ്വസിപ്പിച്ചാണ് അസ്ഥി അവശിഷ്ടങ്ങൾ അനീഷയെക്കൊണ്ടു കുഴി തോണ്ടിയെടുത്തു ബവിൻ കൈവശപ്പെടുത്തിയതെന്നു കരുതുന്നു.5 വർഷത്തെ അടുപ്പമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ 6 മാസമായി ബവിനും അനീഷയും അകൽച്ചയിലായിരുന്നെന്നാണു സൂചന. അനീഷയ്ക്കു മറ്റൊരു ഫോൺ ഉണ്ടെന്നു ജനുവരിയിൽ ബവിൻ കണ്ടെത്തിയതിനെച്ചൊല്ലി ഇരുവർക്കുമിടയിൽ വലിയ തർക്കമുണ്ടായിരുന്നു.അനീഷയ്ക്കു മറ്റാരോടോ സൗഹൃദമുണ്ടെന്നാരോപിച്ച് ബവിൻ വഴക്കുണ്ടാക്കിയിരുന്നു.
ബവിൻ ശല്യമാകുന്നുവെന്ന സൂചനയിൽ അകലം പാലിക്കാൻ തുടങ്ങിയിരുന്നതായി അനീഷ പൊലീസിനോടു വെളിപ്പെടുത്തിശനിയാഴ്ച രാത്രിയിൽ അനീഷയെ ബവിൻ ഫോണിൽ വിളിച്ചപ്പോൾ ഏറെനേരം മറ്റൊരു കോളിലായിരുന്നുവെന്നു കണ്ടതാണു പെട്ടെന്നുണ്ടായ പ്രകോപനം.ബന്ധുവായ സ്ത്രീയോടാണു സംസാരിച്ചതെന്ന് അനീഷ പറഞ്ഞെങ്കിലും മദ്യലഹരിയിൽ ബവിൻ വിശ്വാസത്തിലെടുത്തില്ല.‘നിന്നെ നല്ല
രീതിയിൽ ജീവിക്കാൻ സമ്മതിക്കില്ല, കാണിച്ചു തരാം’ എന്നു രാത്രി പതിനൊന്നരയോടെ ബവിൻ ഭീഷണി മുഴക്കി ഫോൺ കട്ടു ചെയ്തു. പിന്നീടു ബവിനെ ഫോണിൽ കിട്ടാതായപ്പോൾ ബവിന്റെ ബന്ധുക്കളെയടക്കം അനീഷ ഫോണിൽ വിളിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.പുതുക്കാട് സ്റ്റേഷനിൽ ഹാജരായി ബവിൻ കുറ്റമേറ്റയുടൻ ചാലക്കുടി ഡിവൈഎസ്പി ബിജു കുമാർ, പുതുക്കാട് എസ്എച്ച്ഒ മഹേന്ദ്രസിംഹൻ എന്നിവരുടെ നേതൃത്വത്തിൽ രാത്രി തന്നെ പരിശോധന നടത്തി വിവരങ്ങൾ പരിശോധിച്ചുറപ്പിച്ചാണു രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.