തൃശൂരിൽ രണ്ട് നവജാത ശിശുക്കളെ കൊന്ന കേസിലെ പ്രതി അനീഷ പ്രസവിച്ചത് യുട്യൂബ് നോക്കി. ലാബ് ടെക്നീഷ്യന്‍ കോഴ്സ് പഠിച്ച അനീഷ ഈ പരിചയം ഉപയോഗിച്ചാണ് ശുചിമുറിയിൽ പ്രസവിച്ചത്. ഗർഭിണിയായിരുന്ന കാലത്ത് അനീഷ വീട്ടുകാരെ പറ്റിക്കാന്‍ വയറിൽ തുണിക്കെട്ടി ഗര്‍ഭാവസ്ഥ മറച്ചുവയ്ക്കുകയായിരുന്നു. രണ്ടു പ്രസവക്കാലവും മറച്ചു പിടിക്കാൻ ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കിയതായും പൊലീസ് വ്യക്തമാക്കി.
മകള്‍ ഗര്‍ഭിണിയായിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് നേരത്തെ അനീഷയുടെ അമ്മ പറഞ്ഞിരുന്നു. മകള്‍ക്ക് പിസിഒഡി ഉള്ളതാണ്. ഇടയ്ക്കിടെ വണ്ണം കൂടുകയും കുറയും ചെയ്യും. ഗര്‍ഭിണിയാണെന്നതിനെ പറ്റി സൂചനയുണ്ടായിരുന്നില്ല. ഒരു സമയത്തും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും അനീഷയുടെ അമ്മ പറഞ്ഞു.
ബവിനുമായുള്ള പ്രണയം അറിയമായിരുന്നുവെന്നും കല്യാണം നടത്താന്‍ താല്‍പര്യമില്ലായിരുന്നതായും അമ്മ പറഞ്ഞു. 'വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിവിന്‍ പലതവണ വീട്ടിലെത്തി ശല്യപ്പെടുത്തിയിരുന്നു. നാലു കൊല്ലമായി ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് അറിഞ്ഞത്. ഈയിടെയാണ് പ്രണയകാര്യം ഞാനറിഞ്ഞത്' എന്നും അമ്മ വ്യക്തമാക്കി.
അതേസമയം, രണ്ട് നവജാത ശിശുക്കളെ കുഴിച്ചിട്ട സ്ഥലം ഇന്ന് ഫൊറൻസിക് വിദഗ്ധർ പരിശോധിക്കും. വെള്ളിക്കുളങ്ങര സ്വദേശിനി അനീഷയുടെ വീട്ടിലും സുഹൃത്ത് ആമ്പല്ലൂർ സ്വദേശി ബവിന്‍റെ വീട്ടിലുമാണ് പരിശോധന. 2021 നവംബർ ആറിനും 2024 ഓഗസ്റ്റ് 29 നുമാണ് നവജാത ശിശുക്കളെ ശ്വാസംമുട്ടിച്ച് കൊന്നത്. അനീഷയുമായി ഇന്നലെ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ബവിനേയും അനീഷയേയും ഇന്ന് കോടതിയിൽ ഹാജരാക്കും.