മകളുടെ പിറന്നാൾ ദിനത്തിൽ ഒരമ്മയെഴുതിയ ഹൃദയഹാരിയായ കുറിപ്പാണ് ഏവരുടെയും ഹൃദയം നിറയ്ക്കുന്നത്. നിഫി ജോസഫെന്ന അമ്മ തന്റെ മകളെക്കുറിച്ച് എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. കാത്തിരിപ്പുകൾക്കും ഗർഭകാലത്തെ സങ്കീർണതകൾക്കുമൊടുവില്‍ നിലങ്ക ഹൃതി എന്ന കുഞ്ഞു മാലാഖ തങ്ങളുടെ ജീവിതത്തിലേക്ക് എത്തിയ നിമിഷത്തെ വികാരനിർഭരമായാണ് നിഫി അടയാളപ്പെടുത്തുന്നത്. ഡൗൺ സിൻഡ്രോമിന്റെ പരീക്ഷണങ്ങളിലും അവളുടെ മുഖത്ത് പുഞ്ചിരി നിറയ്ക്കുന്ന അമ്മയേയും അച്ഛനേയും സോഷ്യൽ മീഡിയ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. നിഫിയുടെയും രാഹുലിന്റെയും കുഞ്ഞുമാലാഖയ്ക്ക് മനസു നിറഞ്ഞ പിറന്നാൾ ആശംസയും സോഷ്യൽ മീഡിയ പങ്കുവച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പിറന്നാള്‍ വിഡിയോ റീൽ ഇതിനോടകം 50 ലക്ഷം പേർ കണ്ടു കഴിഞ്ഞു.
നിഫി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം:
ഉള്ളിൽ ഒരു തുടിപ്പ് ഉണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ എല്ലാ പാരന്റ്സിനേയും പോലെ തന്നെ സ്വർഗം കിട്ടിയ സന്തോഷം ആയിരുന്നു ഞങ്ങൾക്ക് രണ്ട് പേർക്കും. കുഞ്ഞുനാളിലെ തന്നെ ഒത്തിരി ഒരുക്കി നടത്തിയത് കൊണ്ട് ആവണം പണ്ട് മുതലേ അതായത് പ്രണയം ഒക്കെ ഉണ്ടാവുന്നത്തിന് മുന്നേ (ശെരിക്ക് പറഞ്ഞാൽ ഉമ്മ വെച്ചാൽ കൊച്ച് ഉണ്ടാകുമെന്ന് വീമ്പ് അടിക്കുന്ന, whisper വെക്കുന്നത് മൂത്രം ഒഴിക്കാണ്ട് ഇരിക്കാൻ ആണെന്ന് ഗവേഷണം നടത്തി കണ്ടു പിടിച്ച കാലം)തന്നെ വലുതാകുമ്പോൾ കല്യാണം കഴിച്ച് പെൺകുഞ്ഞ് വേണമെന്ന് ആയിരുന്നു മോഹം. കോളജിൽ വച്ച് പ്രണയം തുടങ്ങിയപ്പോൾ ആണ് അറിഞ്ഞത് പുള്ളിക്കും അതു തന്നെയാണ് ആഗ്രഹമെന്ന്.
ഗ്യാങ്ങിൽ ഉള്ളവർ പറയുന്ന പ്രസവ കഥകൾ എപ്പോളും കേൾക്കുന്ന കൊണ്ടും ജോലി ചെയ്യുന്നത് ഹോസ്പിറ്റലിൽ ആയ കൊണ്ടും പ്രെഗ്നൻസിയെ പറ്റി എല്ലാം അറിയാം എന്ന് വല്ലാത്ത ഒരു ഭാവം എനിക്ക് ഉണ്ടായിരുന്നു. എന്നാൽ കേട്ടതും കണ്ടതും ഒന്നുമല്ല സംഭവം ഭയങ്കരം ആണെന്ന് നേരിട്ട് അനുഭവിച്ചപ്പോൾ ആണ് വ്യക്തമായത് വർഷങ്ങൾ ആയുള്ള ഇഷ്ടങ്ങൾ എല്ലാം ഇഷ്ടക്കേടുകൾ ആവുന്നു ഇഷ്ടപ്പെടാത്തത് എല്ലാം ഇഷ്ടപെടു തുടങ്ങുന്നു. ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും ഛർദി കൂടപ്പിറപ്പ് ആവുന്നു ഉറക്കമില്ലാത്ത രാത്രികൾ, ഉറക്കം വരുമ്പോൾ ആവട്ടെ ജോലിക്ക് പോകാൻ സമയവും ആവും , നെഞ്ചിടിപ്പോടെ കാത്തിരുന്ന ടെസ്റ്റ് റിസൾട്ടുകൾ,ഉള്ളിൽ കിടന്നു തകർക്കുന്ന കുഞ്ഞു തുടിപ്പ് കാണാൻ ഉള്ള ആക്രാന്തത്തിൽ എല്ലാ ബുദ്ധിമുട്ടുകളും നമ്മൾ മറക്കുമല്ലോ.

വയറ് അത്ര വലുതല്ലാത്ത കൊണ്ടും ഉള്ള കോലം ഒന്നൂടെ കെട്ടു പോയ കൊണ്ടും നൂറിൽ 99 ശതമാനം പേരും ബോയ് ബേബി ആണെന്ന് ഉറപ്പ് പറഞ്ഞിരുന്നു. സംഭവം സത്യം ആയിരിക്കുമെന്ന് പ്രതീക്ഷിച്ച് ഞങ്ങളും അതു അക്സപ്റ്റ് ചെയ്തു. എന്നാലും ഇടക്ക് അങ്ങോട്ടും ഇങ്ങോട്ടും ചോദിക്കുമായിരുന്നു ഇനി ഗേൾ വാവ ആയിരിക്കൊന്ന്. കൂടിയും കുറഞ്ഞും വേദന വന്നുകൊണ്ടിരുന്നപോൾ എനിക് മനസ്സിലായി പിരീഡ്സിന്റെ വേദന ഒന്നും അല്ലെന്നു. നന്നായിട്ട് വേദന വരാൻ പ്രാർഥിച്ചോളൻ സിസ്റ്റർ പറഞ്ഞപ്പോൾ അവിടെ ഉള്ള മാതാവിന്റെ രൂപം നോക്കി ഞാൻ ഒന്നേ പറഞ്ഞുള്ളൂ എന്റെ കുഞ്ഞിനെ അധികം വൈകാതെ എനിക് തന്നേക്കണേയെന്ന്... വേദന കൂടി കൂടി അണ്ടകടാഹം തകർന്നു എന്ന് എനിക് തോന്നി.അപ്പോളാണ് മനസ്സിലായത് ഇത് തുടക്കം മാത്രം ആണെന്ന്.അവസാനം ഡോക്ടർ പച്ച മാംസം കീറിയെന്നു മനസ്സിലായപ്പോൾ എന്റെ അമ്മ ഉൾപെടുന്ന ഈ ലോകത്തെ സകല അമ്മമാരെയും അവിടെ കിടന്നു കൊണ്ട് ഞാൻ സാഷ്ടാംഗം പ്രണമിച്ചു.
പെൺകുട്ടി ആണ് എന്ന് ആരോ പറഞ്ഞു.അവ്യക്തമായി ഞാൻ എന്റെ കുഞ്ഞ് ജീവനെ കണ്ടൂ. ക്ഷീണം ഉണ്ടാവും ഉറങ്ങിക്കോളാൻ പറഞ്ഞെങ്കിലും ഒരു പോള കണ്ണ് അടക്കാൻ എനിക് പറ്റിയില്ല. പാളം അടുത്ത് ആയ കൊണ്ട് ട്രെയിൻ പോകുന്ന ശബ്ദം നന്നായി കേൾക്കാമായിരുന്നു. ഓരോ ട്രെയിനും എണ്ണികൊണ്ട് കയ്യിലെ പിങ്ക് ടാഗ് ഉം നോക്കി മണിക്കൂറുകൾ കിടന്ന ആ ദിവസം ആണു ഇന്ന്. നിലൂ നിനക്ക് വേണ്ടി കാത്തിരുന്നത് പോലെ ഞങ്ങൾ ആരെയും കാത്തിരുന്നിട്ടില്ല. നിന്നോളം ആരെയും ഞങ്ങൾ സ്നേഹിച്ചിട്ടില്ല.
Once again Happy birthday Nilumma