യുഎഇയിൽ ഫോർമുല 3 കാറ്റഗറി മത്സരങ്ങൾക്കു വേണ്ടിയുള്ള പരിശീലനത്തിലാണു സൽവ മർജാൻ. 97ാം നമ്പർ ഫോർമുല കാറിലേക്കു സൽവ മർജാൻ കയറി. റേസിങ് ട്രാക്കിലേക്കു കാർ ഇരമ്പിയിറങ്ങി. പിന്നെ, കേട്ടതു വ്റൂം.... വ്റൂം... മാത്രം.
ഉപ്പ സമ്മാനിച്ച മുച്ചക്ര സൈക്കിളിൽ മൂന്നാം വയസ്സിൽ വേഗത്തിന്റെ ആദ്യാക്ഷരം കുറിച്ചതാണു സൽവ. ഇന്ന് എഫ് 4 ഇന്ത്യൻ, യുഎഇ ചാംപ്യൻഷിപ്പുകളിൽ വിജയക്കുതിപ്പിലാണ് ഈ കോഴിക്കോടുകാരി. ഫോർമുല 1 അക്കാദമിയിൽ ക്വാളിഫൈ ചെയ്ത ആ ദ്യ മലയാളി വനിത എന്ന നേട്ടവും സൽവയ്ക്കു സ്വന്തം.
ആക്സിലേറ്ററിൽ കാലമരുമ്പോൾ തിരികെ കിട്ടുന്ന ആ വൈബ്രേഷനിൽ എല്ലാം മറക്കുമെന്നു പറഞ്ഞാണു സൽവ മർജാൻ സംസാരിക്കാനിരുന്നത്. കോഴിക്കോടു നിന്നു ഫോർമുല 1 അക്കാദമി വരെയെത്തിയ സൽവയുടെ റേസിങ് കഥ ചോദിച്ചറിയാം.
ഡ്രൈവിങ്ങിനോടു പ്രണയം തോന്നിയത് എന്നാണ് ?
കുട്ടിക്കാലത്തു സൈക്കിളിനോടു തോന്നിയ പ്രണയമാണു ഡ്രൈവിങ്ങിൽ എത്തിച്ചതെന്നു വേണമെങ്കിൽ പറയാം. വേഗത്തിൽ സൈക്കിളോടിക്കുന്നതായിരുന്നു പ്രധാന വിനോദം. ഒൻപതാം ക്ലാസ്സിൽ വച്ചു ബൈക്ക് ഓടിക്കാൻ പഠിച്ചു, പത്താം ക്ലാസ്സിൽ കാറും. 18ാം വയസ്സിൽ ലൈസൻസ് എടുത്തിട്ടേ റോഡിൽ വാഹനമിറക്കിയുള്ളൂ.
ചക്കിട്ടപ്പാറയ്ക്കടുത്തു ചെമ്പ്രയിലാണു വീട്. സ്കൂൾ പഠനം നാട്ടിലും ബഹ്റൈനിലുമായിട്ടായിരുന്നു. ഉപ്പ പനച്ചിങ്ങൽ കുഞ്ഞാമുവിനു ബഹ്റൈനിൽ ബിസിനസാണ്. ഉമ്മ സുബൈദയും ചേട്ടൻ സാബിത്തും ചേച്ചി സഹലയുമൊക്കെ എന്റെ ഇഷ്ടത്തിനു പൂർണ പിന്തുണ തന്നു. അ ഡ്വഞ്ചർ സ്പോർട്സിൽ ഒരു പിന്മുറക്കാരനുണ്ടു കേട്ടോ, അനിയൻ സിനാൻ. പ്ലസ്ടുവിനു പഠിക്കുന്ന അവനു ബോക്സിങ്ങിലും എംഎംഎയിലുമാണു താൽപര്യം.
ഡ്രൈവിങ് ഇഷ്ടമാണോ റേസിങ്ങിലെത്തിച്ചത് ?
പെൺകുട്ടികൾക്ക് എപ്പോഴും പാവകളും അടുക്കള സെറ്റുകളുമൊക്കെയാണ് സമ്മാനമായി കിട്ടാറ്. പക്ഷേ, എനിക്കു കളിപ്പാട്ട കാറുകളോട്, പ്രത്യേകിച്ചു റിമോട്ട് കൺട്രോൾ കാറുകളോടു ഭ്രമമായിരുന്നു. പ്രായം കൂടും തോറും കാറുകളോടുള്ള സ്നേഹവും വളർന്നു.
ഓൺലൈനിൽ കാർ വിഡിയോകൾ കാണാൻ വലിയ ഇഷ്ടമായിരുന്നു. അങ്ങനെയിരിക്കെ കെൻ ബ്ലോക്കിന്റെ ഒരു വിഡിയോ കണ്ടു. മോട്ടോർ സ്പോർട്സിന്റെ ആദ്യ സ്പാർക് മനസ്സിൽ വീണത് അന്നാണ്. പിന്നെ, പലതരം റേസിങ്ങുകളെ കുറിച്ചും കാറുകളെ കുറിച്ചുമൊക്കെ തിരയുന്നതായി ഹോബി.
സ്കൂളിൽ പഠിക്കുമ്പോൾ തന്നെ പ്രഫഷനൽ ഡ്രൈവർ ആകണമെന്നു മനസ്സിൽ തീരുമാനിച്ചിരുന്നു. എപ്പോ ൾ, എങ്ങനെ എന്നൊന്നും അറിയില്ല. ഒരുപാടു നാളൊന്നും ആ സ്വപ്നം ഒളിച്ചുവയ്ക്കാൻ കഴിഞ്ഞില്ല. വിദൂര പഠനമായി ബിബിഎ പൂർത്തിയാക്കിയ പിറകേ വീട്ടിൽ കാര്യം പറഞ്ഞു. കുറച്ചു എക്സ്പെൻസീവ് ആയ സ്പോർട്സ് ആ ണിത്. അതുകൊണ്ട് ആശങ്കകളുണ്ടായിരുന്നു.

പരിശീലനത്തിന് യുഎഇ തിരഞ്ഞെടുക്കാൻ കാരണം ?
മോട്ടോർ സ്പോർട്സ് ആഗോളതലത്തിൽ നിയന്ത്രിക്കുന്ന സംഘടനയാണ് FIA. ഇന്ത്യയിൽ FMSCIഉം. ഇന്ത്യൻ ഫെഡറേഷന് കീഴിൽ ഫോർമുല 4നായി നേരിട്ടു പരിശീലനം നേടാനാകില്ല. കാർട്ടിങ് പോലുള്ളവയിലൂടെ വേണം തുടങ്ങാൻ. വിദഗ്ധ പരിശീലനത്തിനു ശേഷം ലൈസൻസ് കിട്ടും. പിന്നെ, ചാംപ്യൻഷിപ്പുകളിൽ മത്സരിക്കാം. മികവ് അനുസരിച്ചു മറ്റു കാറ്റഗറികളിലേക്കു മാറാം.
എന്നാൽ ഇന്ത്യയിൽ കാട്ടിങ്ങിലും ഫോർമുല റേസിങ്ങിലും അവസരങ്ങൾ കുറവായതു കൊണ്ട് രാജ്യാന്തര തലത്തിലെത്താൻ വിദേശത്തേക്കു പോകാതെ വഴിയില്ല. അതു ചെലവേറിയതാണ്. ഫോർമുല 4 നുള്ള രണ്ടു ദിവസത്തെ പരിശീലനത്തിന് ഏകദേശം 10 ലക്ഷം രൂപ ചെലവാകും. ഇന്ത്യയിലെ ലോവർ ലെവൽ വിഭാഗങ്ങൾക്കു പോലും ഏകദേശം ഒന്ന് - രണ്ടു ലക്ഷം രൂപ ചെലവുണ്ട്. ഒരു ചാംപ്യൻഷിപ് പൂർത്തിയാകുമ്പോഴേക്കും ചെലവ് കോടിക്കു മുകളിലെത്തും.
ഇന്ത്യയിൽ സ്പോൺസറെ കണ്ടെത്തുന്നതു വലിയ വെല്ലുവിളിയായിരുന്നു. ഫുട്ബോൾ, ക്രിക്കറ്റ് പോലെ ജനപ്രിയമല്ലല്ലോ കാർ റേസിങ്. മിക്ക കമ്പനികൾക്കും ഇതിന്റെ മാർക്കറ്റിങ് മൂല്യത്തെക്കുറിച്ചും അത്ര ധാരണയുണ്ടാകില്ല. കൂടുതൽ മികച്ച പരിശീലനത്തിനും മത്സരത്തിനുള്ള അവസരങ്ങൾക്കുമായാണ് യുഎഇ തിരഞ്ഞെടുത്തത്. ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യം കൊണ്ടാണ് യുഎഇയിലേക്കു വന്നത്. ലോണും എടുത്തിരുന്നു. ഫോർമുല 1 അക്കാദമിയിൽ ക്വാളിഫൈ ആയതോടെ സ്പോൺസർഷിപ് ആശങ്ക മാറി. വനിതാ റേസർമാർക്കു പൂർണപിന്തുണയാണ് FIA നൽകുന്നത്. നെക്സ്റ്റ് ലെവൽ റേസിങ്ങി ൽ ബ്രാൻഡ് അംബാസഡർ പദവിയും വഹിക്കുന്നുണ്ട്.
ആദ്യത്തെ റേസിങ് ഓർമ ?
2018ൽ ഫോർമുല എൽജിബി മത്സരങ്ങൾക്കു വേണ്ടിയാണു മോട്ടോർ സ്പോർട്സിലെ പരിശീലനം തുടങ്ങിയത്. ഫോർമുല 4 ചാംപ്യൻഷിപ്പിനായി ആദ്യമായി ട്രാക്കിലിറങ്ങുമ്പോൾ ബാക്കിയുള്ള 11 മത്സരാർഥികളും ആൺകുട്ടികളായിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു അവസാന മത്സരം. എഫ്4 ഇന്ത്യൻ, യുഎഇ ചാംപ്യൻഷിപ്പുകളിൽ 150ൽ 119 ലാപ്പുകളിലും വിജയിച്ചു. ഇറ്റാലിയൻ, യുഎസ്, മിഡിൽ ഈസ്റ്റ് എന്നിങ്ങനെ കുറേയേറെ ചാംപ്യ ൻഷിപ്പുകൾ വരാനിരിക്കുന്നു. അതിനു വേണ്ടിയുള്ള പരിശീലനത്തിലാണ് ഇപ്പോൾ.
സ്ത്രീകൾ അത്ര കടന്നുവരാത്ത മേഖലയല്ലേ റേസിങ്. അത്തരം വെല്ലുവിളികളുണ്ടോ ?
ആൺ – പെൺ വ്യത്യാസമൊന്നും ട്രാക്കിലില്ല. ഓരോരുത്തരുടെയും മികച്ച ശ്രമം പുറത്തെടുക്കുക എന്നതാണു ലക്ഷ്യം. പക്ഷേ, ശാരീരികമായി വെല്ലുവിളികളുണ്ട്. പുരുഷന്മാരെപ്പോലെ ശാരീരിക കരുത്തു കിട്ടണമെങ്കിൽ ഇരട്ടി കഠിനാധ്വാനം ചെയ്യണം.
റേസിങ്ങിലേക്ക് എത്തുന്ന മിക്കവരും മോട്ടോർ സ്പോ ർട്ടിങ് പശ്ചാത്തലത്തിൽ നിന്നാകും. അവർക്കു മാർഗനി ർദേശം നൽകാനും മുന്നോട്ടു നയിക്കാനും ആളുകളുമുണ്ടാകും. എനിക്ക് അതൊന്നും ഉണ്ടായിരുന്നില്ല.

ഫോർമുല ഡ്രൈവറാകാൻ എന്താണു തയാറെടുപ്പുകൾ ?
വർഷം മുഴുവൻ ചാംപ്യൻഷിപ്പുകൾ ഇല്ലെങ്കിലും റേസിങ്ങിൽ സ്ഥിരത നിലനിർത്തുക പ്രധാനമാണ്. ഇതിനു കഠിന പരിശീലനം വേണം. എന്റെ തയാറെടുപ്പുകൾ പറയാം. രാവിലെ മൂന്നു മണിക്കൂർ വ്യായാമം ചെയ്യും.
ഫിറ്റ്നസ് പരിശീലനത്തിൽ കോർ സ്ട്രെങ്ത് ആണു ശ്രദ്ധിക്കുക. കർശന ഡയറ്റുണ്ട്. നല്ല മാനസികാരോഗ്യവും റിഫ്ലക്സും പ്രധാനമാണ്. അതിനായി ബോക്സിങ് പരിശീലനവും നടത്തുന്നു. റേസിങ്ങിൽ രാവിലെ നാല് – ആറു മണിക്കൂറും വൈകിട്ടു നാലു മണിക്കൂറും സിമുലേഷൻ പരിശീലനമുണ്ട്. റേസിനു തൊട്ടു മുൻപുള്ള ആഴ്ച റേസിങ് ട്രാക്കിലാകും പരിശീലനം.
റേസിങ്ങിനിടെ അപകടം ഉണ്ടായിട്ടുണ്ടോ ?
സ്പിന്നുകളും ക്രാഷുകളും ഒഴിവാക്കാൻ ഒരു ഫൈറ്റർ പൈലറ്റിനു സമാനമായ ശരീരഘടനയും വേഗത്തിലുള്ള റിഫ്ലെക്സുകളും ഡ്രൈവർക്ക് വേണം എന്നാണു റേസിങ്ങിലെ ആദ്യപാഠം. ഇതു പരമാവധി പാലിക്കുന്നുണ്ടെങ്കിലും എനിക്കു ക്രാഷുകൾ ഉണ്ടായിട്ടുണ്ട്.
റേസിങ് കാറിനുള്ളിലെ ഓരോ മില്ലി സെക്കൻഡും മാനസികമായും ശാരീരികമായും പ്രധാനമാണ്. ഉള്ളിലെ താപനില 40 ഡിഗ്രി സെൽഷ്യസിൽ അധികമായി ഉയരാം. ഗുരുത്വാകർഷണ ബലത്തിലും ഏറ്റക്കുറച്ചിലുണ്ടാകും. വളവുകളിലും മറ്റും ബ്രേക്കിങ് മർദം 100 കിലോഗ്രാം വരെയാണ്. ഒരു റേസിനിടെ ശരീരത്തിൽ നിന്നുള്ള ഫ്ലൂയിഡ് നഷ്ടം കൊണ്ടു ഡ്രൈവറുടെ ഭാരം നാലു കിലോഗ്രാമോളം കുറയുകയും ചെയ്യും. ഇത്തരം സമ്മർദങ്ങളെല്ലാം അ തിജീവിച്ചു വേണം മത്സരം പൂർത്തിയാക്കാൻ.

സമ്മർദങ്ങളെ അതിജീവിക്കുന്നതെങ്ങനെ ?
റേസിങ്ങിൽ എന്റെ ആരാധനാപാത്രം ലൂയിസ് ഹാമിൽട്ടണാണ്. പരിശീലനം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിയാലോ എന്നു ചിന്തിച്ച ഘട്ടത്തിൽ ഹാമിൽട്ടന്റെ ഒരു വിഡിയോ കണ്ടു. കുട്ടിക്കാലത്തു റേസർ ആകാൻ ആഗ്രഹിച്ച അദ്ദേഹം ആദ്യത്തെ ഗ്രാൻപ്രീ വിജയിച്ച ശേഷം പറഞ്ഞതിങ്ങനെ, ‘അസാധ്യമെന്നു തോന്നുന്ന സ്വപ്നം കാണുന്ന എല്ലാ കുട്ടികൾക്കും ഈ വിജയം സമർപ്പിക്കുന്നു.’
കറുത്ത വർഗക്കാരനായ ആദ്യ എഫ് 1 റേസറായ അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ ഉലച്ചു. ഈ കാലമത്രയും നടത്തിയ പരിശ്രമങ്ങൾ ഓർത്തു. സ്വപ്നം കൈ വിടരുതെന്ന തിരിച്ചറിവ് ഉണ്ടാകാൻ അതു മതിയായിരുന്നു.
അതിനു പിന്നാലെ മെഴ്സിഡസിന്റെ ‘ഹെർ ടേൺ’ ഇ വന്റിലേക്കുള്ള ക്ഷണം കിട്ടി. ലോകം മുഴുവനുമുള്ള വ നിതാ റേസർമാരിൽ നിന്നു സ്വന്തം അധ്വാനത്തിലൂടെ മികച്ച സ്ഥാനം നേടിയവരെയാണ് ‘ഹെർ ടേണി’ൽ ഉൾപ്പെടുത്തിയത്. അതിനു ശേഷം മെഴ്സിഡസിന്റെ ഡെവലപിങ് ഡ്രൈവർ പ്രോഗ്രാമിലൂടെയും സപ്പോർട് കിട്ടുന്നു.
‘അസാധ്യമായ സ്വപ്നങ്ങൾ’ കാണുന്നവരോട് എന്താണു പറയാനുള്ളത് ?
നമ്മുടെ കഴിവുകളെയും ശക്തിയെയും വിശ്വസിക്കുക. സ്വയം സംശയിക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ജീവിതത്തിൽ എന്താണു വേണ്ടതെന്നു നിശ്ചയമുണ്ടെങ്കിൽ, നിങ്ങൾ അവിടെ എത്തുക തന്നെ ചെയ്യും. ഫോർമുല 1 അക്കാദമിയിൽ എത്തിയ ആദ്യ മലയാളി വനിത എന്ന നേട്ടത്തേക്കാൾ ആവേശം കൊള്ളിക്കുന്നത് ഈ നേട്ടം ഒരാളെയെങ്കിലും സ്വാധീനിക്കും എന്ന സന്തോഷമാണ്. പെൺകുട്ടിയാണ്, അടങ്ങിയിരിക്കണം എന്ന നിയന്ത്രണം വയ്ക്കാതെ വളർത്തിയ ഉപ്പയോടും ഉമ്മയോടുമുള്ള ആദരമായി റേസിങ് ഹെൽമെറ്റിൽ അവരുടെ കയ്യൊപ്പു ഡിസൈൻ ചെയ്തു ചേർത്തിട്ടുണ്ട്.
എഫ് 3ലേക്കു കടക്കാനുള്ള ശ്രമത്തിലാണ്. എന്റെ ഡ്രിഫ്റ്റിങ് ടീമും ഈ വർഷം ഇറങ്ങും. ഫോർമുല കാറിൽ വൈകുന്നേരം ഡ്രൈവ് ചെയ്യുന്നതു പ്രത്യേക അനുഭവമാണ്. ആകാശത്തെ ഓറഞ്ചു നിറവും ലോ ഫ്ലോർ ഡ്രൈവിങ്ങും വേഗതയുമെല്ലാം കൂടി സ്വർഗത്തിലൂടെ പറക്കുന്ന അനുഭവം. ആ ത്രിൽ എന്നുമുണ്ടാകണേ എന്നാണു മോഹം.