Friday 26 May 2023 04:37 PM IST : By Vanitha Pachakam

കപ്പയും കാച്ചിയ മോരും മീൻ വേവിച്ചതും, ഇതു പൊളിക്കും!

kappa

കപ്പയും കാച്ചിയ മോരും മീൻ വേവിച്ചതും

കപ്പയ്ക്ക്

1. കപ്പ – ഒരു കിലോ

2. ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

വെള്ളം – പാകത്തിന്

3. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

ചുവന്നുള്ളി – രണ്ട്

പച്ചമുളക് – രണ്ട്–മൂന്ന്

വെളുത്തുള്ളി – രണ്ട് അല്ലി

ജീരകം – ഒരു നുള്ള്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

4. കറിവേപ്പില – ഒരു തണ്ട്

5. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

6. കടുക് – അര ചെറിയ സ്പൂൺ

7. ചുവന്നുള്ളി – രണ്ട്, വട്ടത്തിലരിഞ്ഞത്

വറ്റൽമുളക് – രണ്ട്, മുറിച്ചത്

കറിവേപ്പില – ഒരു തണ്ട്

മീൻ വേവിച്ചതിന്

8. ദശക്കട്ടിയുള്ള മീൻ – മുക്കാൽ കിലോ, കഷണങ്ങളാക്കിയത്

9. മുളകുപൊടി – രണ്ടര വലിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ

ഉലുവാപ്പൊടി – കാൽ ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

10. വെളിച്ചെണ്ണ – പാകത്തിന്

11. കടുക് – അര ചെറിയ സ്പൂൺ

12. വറ്റൽമുളക് – ഒന്ന്, മുറിച്ചത്

13. ഇഞ്ചി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

വെളുത്തുള്ളി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

ചുവന്നുള്ളി – അഞ്ച്, നീളത്തിൽ അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

14. ചൂടുവെള്ളം – ഒന്നര–രണ്ടു കപ്പ്

ഉപ്പ് – പാകത്തിന്

കുടംപുളി – രണ്ട്–മൂന്നു കഷണം, ചൂടുവെള്ളത്തിൽ കുതിർത്തത്

കാച്ചിയ മോരിന്

15. തൈര് – അര ലീറ്റർ‌

16. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

വെളുത്തുള്ളി – രണ്ട് അല്ലി

ജീരകം – കാൽ ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

പച്ചമുളക് – രണ്ട്

ചുവന്നുള്ളി – രണ്ട്

17. കറിവേപ്പില – ഒരു തണ്ട്

ഉപ്പ് – പാകത്തിന്

18. വെളിച്ചെണ്ണ – ഒന്നര വലിയ സ്പൂൺ

19. കടുക് – കാൽ ചെറിയ സ്പൂൺ

20. ചുവന്നുള്ളി – രണ്ട്, വട്ടത്തിൽ അരിഞ്ഞത്

പച്ചമുളക് – ഒന്ന്, വട്ടത്തിൽ അരിഞ്ഞത്

ഇഞ്ചി പൊടിയായി അരിഞ്ഞത് – കാൽ ചെറിയ സ്പൂൺ

21. ഉലുവാപ്പൊടി – കാൽ ചെറിയ സ്പൂൺ

മുളകുപൊടി – ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

∙ കപ്പ തൊലി കളഞ്ഞു കഷണങ്ങളാക്കി ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു, നികക്കെ വെള്ളമൊഴിച്ചു വേവിക്കണം.

∙ കപ്പ വെന്ത ശേഷം വെള്ളം ഊറ്റിക്കളഞ്ഞ് തിരികെ അടുപ്പിൽ വയ്ക്കുക.

∙ വെന്ത കപ്പയ്ക്കു നടുവിൽ ഒരു കുഴിയുണ്ടാക്കി മൂന്നാമത്തെ ചേരുവ തരുതരുപ്പായി ചതച്ചതും കറിവേപ്പിലയും ചേർത്തു കപ്പ കൊണ്ടു മൂടിയ ശേഷം ഒരു മിനിറ്റ് മൂടി വ യ്ക്കുക. കപ്പ വരണ്ടു പോയാൽ ഒരു ചെറിയ സ്പൂൺ വെള്ളം ചേർത്തു കൊടുക്കാം.

∙ കപ്പ അധികം ഉടഞ്ഞു പോകാതെ കുഴച്ചു വയ്ക്കണം.

∙ ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേ ഷം ഏഴാമത്തെ ചേരുവ താളിച്ചു കപ്പയിൽ ചേർത്തിളക്കി ഉപയോഗിക്കാം.

∙ മീൻകറി തയാറാക്കാൻ മീൻ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.

∙ ഒൻപതാമത്തെ ചേരുവ അൽപം വെള്ളം ചേർത്തു കുഴച്ചു വയ്ക്കണം.

∙ ചട്ടിയിൽ രണ്ടര വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ക ടുകു പൊട്ടിച്ച് വറ്റൽമുളകു ചേർത്തിളക്കുക. ഇതിലേക്ക് 13ാമത്തെ ചേരുവയും ചേർത്തു ഗോൾഡൻ നിറമാകും വരെ വഴറ്റണം.

∙ തീ കുറച്ച ശേഷം പൊടികൾ കുഴച്ചതു ചേർത്തു വഴറ്റുക. എണ്ണ തെളിയുമ്പോൾ ചൂടുവെള്ളവും ഉപ്പും പുളിയും ചേ ർത്തു തിളപ്പിക്കുക.

∙ ഇതിലേക്കു മീൻ കഷണങ്ങൾ ചേർത്ത് ചട്ടിയൊന്നു ചുറ്റിച്ചു വയ്ക്കുക. തിളയ്ക്കുമ്പോൾ ചെറുതീയിൽ മൂടി വച്ചു വേവിക്കണം.

∙ മീൻ വെന്ത് ചാറു കുറുകി പാകമാകുമ്പോൾ അൽപം കറിവേപ്പിലയും വെളിച്ചെണ്ണയും തൂവി വാങ്ങാം.

∙ കാച്ചിയ മോരുണ്ടാക്കാൻ തൈര് പാകത്തിനു വെള്ളം ചേർത്തടിച്ച് മോരുണ്ടാക്കുക.

∙ 16ാമത്തെ ചേരുവ മയത്തിലരച്ചതും കറിവേപ്പിലയും ഉപ്പും മോരിൽ ചേർത്തിളക്കി ചെറുതീയിൽ വച്ച് ഇളക്കി ചൂടാക്കു ക. മോര് തിളയ്ക്കരുത്. മോരിൽ നിന്ന് തവി പുറത്തെടുക്കുമ്പോൾ തവിയിൽ നിന്ന് ആവി വരുന്നതാണു പാകം.

∙ വെളിച്ചെണ്ണയിൽ കടുകു പൊട്ടിച്ച് 20ാമത്തെ ചേരുവ ചേർക്കുക. ബ്രൗൺനിറമാകുമ്പോൾ ഉലുവാപ്പൊടിയും മുളകുപൊടിയും ചേർത്തിളക്കുക. ഇത് മോരു കാച്ചിയതിൽ ഒഴിച്ച് ഇളക്കുക.

∙ കപ്പ വേവിച്ചതിനു മുകളില്‍ കാച്ചിയ മോരൊഴിച്ച്, മീൻചാ റും കൂട്ടി കഴിക്കാം.