Thursday 24 October 2019 06:21 PM IST

കുട്ടീടെ നാട്ടിൽ ‘കുട്ടി’ എന്ന പലഹാരമുണ്ടോ? പാലക്കാട്ടെ അഗ്രഹാരങ്ങളിലൂടെ രുചിയുടെ രഥയാത്ര!

Vijeesh Gopinath

Senior Sub Editor

kalppathi99 ഫോട്ടോ: ബേസിൽ പൗലോ

ഡിക്കോഷൻ കോഫിയുടെ ഹൃദയമാണ് പാലക്കാട്ടെ അഗ്രഹാരങ്ങളിൽ തുടിക്കുന്നതെന്ന് തോന്നി. തമിഴിന്റെ കടുപ്പം, മലയാളത്തിന്റെ മധുരം. ഭാഷയിലും രുചിയിലും കാഴ്ചയിലും അടിമുടിയുണ്ട് രണ്ടു നാടിന്റെയും ക‍ൃത്യമായ ചേരുവ. വെയിൽത്തീ ആളുന്ന കല്ലടുപ്പിനു മുകളിലാണ് പാലക്കാടിനെ എപ്പോഴും കണ്ടിരിക്കുന്നത്. പക്ഷേ, കല്പാത്തിയിലെ അഗ്രഹാരമുറ്റത്തെ അരിക്കോലങ്ങളിലെല്ലാം മഴ മറ്റൊരു കോലം വരച്ചിട്ടിട്ടുണ്ട്.

അഗ്രഹാരങ്ങളെന്നു കേൾക്കുമ്പോഴേ മനസ്സിന്റെ സെർച്ച് എൻജിനിൽ ആദ്യം തെളിയുന്നത് കല്പാത്തിയെന്നാണെങ്കിലും കുറച്ചു കൂടി പഴമ പിടിക്കണമെന്നു തോന്നി. അങ്ങനെയാണ് കല്പാത്തിയുടെ മറ്റൊരു വശമായ ലക്ഷ്മീനാരായണ പുരത്ത് എത്തിയത്. പല നിറങ്ങളിലുള്ള ഉടുപ്പുകളിട്ട് സ്കൂൾ അസംബ്ലിയിൽ അറ്റൻഷനായി നിൽക്കുന്ന കുട്ടികളെ പോലെ വീടുകൾ വരിവരിയായി നിരന്നു നിൽക്കുന്നു.

ജനാല തുറന്ന് ഇരുമ്പഴിക്കുള്ളിലൂടെ കാപ്പിമണം കാറ്റി ന്റെ കയ്യും പിടിച്ച് പുറത്തേക്കിറങ്ങിവന്നു. തൊട്ടുപിന്നാലെ, പട്ടുപാവാടയിട്ട  കീർത്തനം ഈണം പിന്നിയിട്ടു...

‘കുറൈ ഒൻട്രും ഇല്ലൈ, മറൈ മൂർത്തി കണ്ണാ

കുറൈ ഒൻട്രുമില്ലൈ കണ്ണാ...’

ആഹാ... മനസ്സിപ്പോൾ അടിമുടി വെജിറ്റേറിയനായി കഴിഞ്ഞു. വരട്ടെ തൈരു സാദം മുതൽ സേവ വരെ...

പക്ഷേ, വാതിൽ തുറന്നിറങ്ങിയ ലക്ഷ്മി നാരായണ പുരത്തെ  വിശാലം അമ്മൂമ്മ ഭക്ഷണം കഴിക്കാനുള്ള മോഹത്തിനുമേൽ ആകാംക്ഷയുടെ കടുകു വറത്തിട്ടു കളഞ്ഞു. ‘‘ഇത്രയും ദൂരെ നിന്നു വന്നിട്ട് തൈരു സാദമാ കേക്കിറായ്? കുട്ടീടെ നാട്ടിൽ കുട്ടി എന്ന പലഹാരമുണ്ടോ? കരികാളൻ, വെണ്ടയ്ക്കാപ്പുളി, ഉരുളക്കിഴങ്ങു പൊടിമാസ്സ്, ഇതെല്ലാം സാപ്പിട്ടിറ്ക്കാ? വേപ്പിലക്കട്ടിയും പച്ചക്കുരുമുളക് അച്ചാറും തൊട്ടു കൂട്ടിയിറ്ക്കാ?  മോരപ്പവും അമ്മിണിക്കൊഴുക്കട്ടയും സ്വാദു നോക്കിയിട്ടുണ്ടോ? മനോഹരം കഴിച്ച് മനോഹരമായിറ്ക്ക് എന്ന് സൊല്ലിയിറ്ക്കാ? ’’

വാശിക്ക് ‘വിശാലം പാട്ടി’ രുചിയുടെ രഥം തെളിക്കുകയാണ്.  ഒരു കുഞ്ഞു വയറിന് ഇതെല്ലാം ഒറ്റയടിക്ക് താങ്ങാൻ പറ്റുമെന്നു തോന്നുന്നില്ല. നമുക്ക് ചോയ്ച് ചോയ്ചു പോകാം...

രുചിയുടെ രഥയാത്ര

രാവിലെ പത്തു മണിയോടെ ബ്രേക്ക് ഫാസ്റ്റ്, ഉച്ചയ്ക്ക് രണ്ടു മണിക്കു മുൻപ് ഊണ്, വൈകുന്നേരം ചായ, രാത്രി എട്ടുമണി കഴിഞ്ഞ് രാത്രി ഭക്ഷണം.... ഇതാണല്ലോ  പതിവ് ഫൂഡടി ടൈംടേബിൾ. പക്ഷേ, നമ്മുടെ വയറും അഗ്രഹാരവും തമ്മിൽ ദുബായ്‌യും ഇന്ത്യയും തമ്മിലുള്ള സമയ വ്യത്യാസമുണ്ട്.

kalppathi9999

‘‘അഗ്രഹാരങ്ങളിലെ ആഹാരരീതിയിൽ മുന്നിൽ നിൽക്കുന്നത് ചില ശീലങ്ങളാണ്. അതിൽ പ്രധാനമാണ് സമയം.’’ പാട്ടി പറഞ്ഞു തുടങ്ങി. ‘‘ഉദാഹരണത്തിന് രാവിലെ കാപ്പിമണത്തോടെ തുടക്കം. അതിനൊപ്പം ഇഡ്ഡലിയോ ദോശയോ മറ്റു പ്രാതൽ പലഹാരങ്ങളോ ഉണ്ടാകില്ല. എന്നാൽ ഊണു സമയം വളരെ നേരത്തെയാണ്. പത്തരയോടെ തൂശനിലയിൽ പച്ചരിച്ചോറു പരന്നു വീണിട്ടുണ്ടാകും. പിന്നെ, മൂന്നു മണിക്ക് കാപ്പിയും ഉഴുന്നടയോ വെറുമരിശി അടയോ എത്തും. രാത്രിയിൽ മുതിർന്നവരെല്ലാം ഉപ്പുമാവോ സേവയോ  കഴിക്കും. കുട്ടികള‍്‍ ചോറുണ്ണും. ഇതാണ് പൊതുവേയുള്ള സമയം.  

പണ്ടൊക്കെ വെള്ളച്ചോറു കഴിച്ചാണ് ഒരു ദിവസം തുടങ്ങിയിരുന്നത്. വെള്ളച്ചോറെന്നാൽ തലേദിവസത്തെ ചോറു കൽച്ചട്ടിയിൽ വെള്ളത്തിലിട്ടു വച്ചതാണ്. അതു രാവിലെ എടുത്ത് വെള്ളം കളഞ്ഞ് കടുമാങ്ങാ അച്ചാറോ തൊകയലോ(ചമ്മന്തി)  മുളകൂട്ടലോ ഒക്കെ കൂട്ടി കഴിക്കും.

ഇവിടെ എരിവ് ഇത്തിരി കുറവാണെങ്കിലും പുളിയിലും മധുരത്തിലും ഒരു കോംപ്രമൈസും ഉണ്ടാകില്ല. അടുക്കളയിലേക്ക് വാ, ചില വിഭവങ്ങൾ രുചിച്ചു നോക്കാം...’’ ആ വിളിയിൽ മനസ്സിൽ രുചിയുടെ ലഡ്ഡുപൊട്ടി. വിശപ്പു പറഞ്ഞു–‘ അറ്റാക്ക്....’

രസവാങ്കിയും കരികാളനും....

കേൾക്കുമ്പോൾ കൊട്ടേഷൻ പോലെ തോന്നുമെങ്കിലും രസവാങ്കിയും കരികാളനും വത്തക്കുഴമ്പും മുളകൂട്ടലുമെല്ലാം നാവിൽ െഎറ്റംഡാൻസ് കളിക്കുന്ന താരങ്ങളാണ്. മുന്നിലിരിക്കുന്ന പാത്രത്തിൽ ഒന്നെത്തി നോക്കി.  ഒന്നും മനസ്സിലാകാതെ നിന്നപ്പോൾ പാട്ടി വന്ന് പരിചയപ്പെടുത്തി തുടങ്ങി. ഇതെല്ലാം ചോറിന്റെ കൂടെ ബെസ്റ്റാണ്.

മുളകൂട്ടൽ: സാമ്പാറിന്റെ വകയിലെ അനുജനാണ് മുളകൂട്ടൽ. ദോശയ്ക്കും ഊണിനും കട്ടയ്ക്ക് കൂട്ട്. സാമ്പാറിന്റെ പുളി മുളകൂട്ടിലിൽ ഇല്ല. അതാണ് പ്രധാന വ്യത്യാസം.

തുവരപ്പരിപ്പ് വേവിച്ച് വച്ചു കഴി‍ഞ്ഞ് കുമ്പളങ്ങ, അമരയ്ക്ക,കാരറ്റ്,ചേന,പച്ചക്കായ മഞ്ഞൾപ്പൊടിയിട്ട് വേവിച്ച് വയ്ക്കുക. അരമുറി തേങ്ങ ഒരു നുള്ളു ജീരകവും ഒരു ചുവന്ന മുളകും ചേർത്ത് അരച്ച് കലക്കിയെടുത്ത് വേവിച്ചതിലേക്ക് ഒഴിക്കുക. തുവരപ്പരിപ്പു േചർത്ത് ഇളക്കി കഴിഞ്ഞ് വെളിച്ചെണ്ണയിൽ കടുകും വെള്ള ഉഴുന്നും കറിവേപ്പിലയും വറത്ത് ഇടുക.  

കരികാളൻ: ‘മുളകൂട്ടലിന്റെ മേക്കപ്പിൽ ചില ചെറിയ മാറ്റങ്ങൾ വരുത്തിയാല്‍ അത് കരികാളൻ ആയിടും.’ മുളകൂട്ടലിലെ തുവരപ്പരിപ്പും തേങ്ങയും ഡിലീറ്റ് ചെയ്യുക. പകരം ചെറുപരിപ്പ് വേവിച്ചെടുക്കുക. തേങ്ങയ്ക്കു പകരം ഒരു സ്പൂൺ കു രുമുളക് പൊടിച്ചു ചേർക്കുക. ഉഴുന്നും കടുകും വേണ്ട, പകരും ഒരു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. കറിവേപ്പില ഇടുക.

വെണ്ടയ്ക്കാപ്പുളി: സവാളഗിരിഗിരിയെന്നു മനസ്സിൽ പറഞ്ഞ് നാലു വെണ്ടയ്ക്കയും രണ്ടു പച്ചമുളകും കുനു കുനേ കുനു കുനേ അരിഞ്ഞെടുത്ത് വറുത്തെടുക്കൂ. പിന്നെ, എണ്ണയി ൽ കടുക്, ഉലുവ,ചുവന്ന മുളക് എന്നിവയും വറുത്തെടുക്കുക. ഇതിലേക്ക് ഒരുണ്ട പുളി പിഴിഞ്ഞൊഴിക്കുക. നന്നായി കുറു കി വരുമ്പോൾ  ചെറിയ  കഷണം ശർക്കര ചേർത്തിളക്കുക,

ഉരുളക്കിഴങ്ങ് പൊടിമാസ്: ഉരുളക്കിഴങ്ങിന്റെ കൂമ്പിനിടിച്ചുണ്ടാക്കുന്ന ‘മാസ്സ്’ പടമാണിത്. ഉരുളക്കിഴങ്ങ് വേവിച്ച് തൊലികളഞ്ഞെടുക്കുക. ഇടിച്ചു പരിപ്പെടുക്കുക, അതായത് ചതച്ചെടുക്കുക. ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്, കടുക് വെളിച്ചെണ്ണയിൽ വറുത്തെടുത്തിടുക. ഇതിലേക്ക് പകുതി ചെറുനാരങ്ങാ പിഴിഞ്ഞൊഴിക്കുക. മല്ലിച്ചെപ്പും കറിവേപ്പിലയും കൊണ്ടൊന്ന് അലങ്കരിക്കുന്നതോടെ കാണാനൊരു ലുക്കുണ്ടാകും.

പിന്നെ രസം, പലതരം ഉപ്പേരികൾ, തൈര്, കടുമാങ്ങാ അച്ചാർ... ഊണ് പതിനൊന്നുമണിക്കേ കഴിഞ്ഞതു കൊണ്ട് ഉച്ചയ്ക്കു വിശക്കുമോ എന്ന ടെൻഷൻ വേണ്ട. ഇനി അടുത്ത ഫൂഡടിക്കാനുള്ള ടൈം ആകുംവരെ തൽക്കാലം  അഗ്രഹാരത്തെരുവിലൂടെ ഒന്നു നടക്കാം. നടന്നെത്തിയത് ഉറങ്ങിക്കിടക്കുന്ന ചരിത്രത്തിലേക്കാണ്.

kalppathi991

ചരിത്രമുറങ്ങുന്ന അകത്തളത്തിലേക്ക്...

ഇത് കൊടുന്തിരപ്പുള്ളി. ‘പെരുമഴക്കാലം’ ഉൾപ്പെടെ നിരവധി സിനിമകൾ പിറന്നു വീണത് ഇവിടെയാണ്. ടാറു ചെയ്യാത്ത റോഡിലെ മഴവെള്ളത്തിൽ അഗ്രഹാരങ്ങൾ മുഖം നോക്കി നിൽക്കുന്നു. നടുക്ക് പൊതു കിണറുകൾ. പല അഗ്രഹാരങ്ങൾക്കും രൂപമാറ്റം വന്നെങ്കിലും കൊടുന്തരപ്പിള്ളിയുടെ മുഖത്തിപ്പോഴും പഴമ, ഭസ്മം തൊട്ടു നിൽക്കുന്നുണ്ട്. ഗ്രാമത്തിന്റെ കഥ പറയാൻ കെ. ജി രാമമൂർത്തി എത്തി.

‘‘അറുനൂറു വർഷം മുൻപായിരിക്കാം തൃശ്നാപ്പള്ളിയിലെ അന്‍പിൽ എന്ന സ്ഥലത്തു നിന്ന് കൊടുന്തിരപ്പുള്ളിയിലേക്ക് പൂർവികരെത്തിയത് അവർ കണ്ണാടിപ്പുഴയ്ക്കരികിൽ താമസമാക്കി. ഇവിടെ ആദികേശവ പെരുമാൾ ക്ഷേത്രവും അയ്യപ്പക്ഷേത്രവും ഉണ്ട്. കൊടുന്തിരപ്പുള്ളിയിൽ  രഥോത്സവമല്ല, നവരാത്രിയാണ് കെങ്കേമം.’’

സംസാരത്തിനിടയിലേക്ക് വിവാഹം ക്ഷണിക്കാനായി ര ണ്ട് അതിഥികൾ എത്തി. ഭർത്താവിന്റെ കൈയിൽ അക്ഷഥയും ഭാര്യയുടെ കൈയിൽ കുങ്കുമവും. അക്ഷഥ എന്നാൽ ചെറിയ പാത്രത്തിൽ മഞ്ഞൾ ചേർത്ത അരിയാണ്. അതില്‍ നിന്ന് ഒരു നുള്ള് അരിമണികൾ ഗൃഹനാഥൻ എടുത്തു വയ്ക്കുന്നു. അത് വിവാഹം കഴിക്കാൻ പോകുന്ന വരന്റെയോ വധുവിന്റെയോ നെറുകയിലിട്ട് അനുഗ്രഹിക്കുന്നു എന്നാണ് സങ്കൽപം.കുങ്കുമം ഗ‍‍ൃഹനാഥയുടെ ശിരസ്സിലണിയിക്കുന്നു.

കൊടുന്തിരപ്പുള്ളിയിൽ നിന്നിറങ്ങിയെത്തിയത് കുമരപുരത്താണ്. കല്പാത്തിയോടു ചേർന്ന് പതിനെട്ടോളം അഗ്രഹാരങ്ങളുണ്ട്. മായപുരം, തഞ്ചാവൂർ, കുംഭകോണം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഇവിടേക്ക് ബ്രാഹ്മണർ എത്തിയത്. എന്നാൽ കുമരപുരത്തേക്ക് ആന്ധ്ര നെല്ലൂർ കഡപ്പ തിരുപ്പതി എന്നിവടങ്ങളിൽ നിന്നു വന്നവരാണ്. ഒാരോ അഗ്രഹാരത്തിലും ചുരുങ്ങിയത് ഒരു ക്ഷേത്രമെങ്കിലും ഉണ്ടാകും. അതുപോലെ ഒരു രഥമെങ്കിലും കാണും.  

ശീലങ്ങളിലുള്ള സമാനതകൾ വീടുകളിലുമുണ്ട്. പല വീടുകൾക്കും മുന്നൂറുവർഷത്തിലധികം പഴക്കമുണ്ട്. വീതിയേക്കാൾ നീളമാണു കൂടുതൽ. കയറിചെല്ലുമ്പോൾ കോലായ, പിന്നേ നേഴി, പൂജയും മറ്റും നടക്കുന്ന കൂടം,  തേവാരം, അതിനോടു ചേർന്നാണ് നടുമുറ്റം അതിനരികിൽ വിഭൂതിക്കൊട്ട, ചന്ദനക്കല്ല്, അടുക്കള...   

വിശപ്പിന്റെ മിസ്ഡ് കോൾ കിട്ടിത്തുടങ്ങിയിട്ടുണ്ട്. ഏതോ അഗ്രഹാരത്തിൽ നിന്നും നല്ല നെയ്യപ്പത്തിന്റെ ഗന്ധം പട്ടുപാവാടയിട്ട കാമുകിയുടെ കണ്ണിറുക്കൽ പോലെ മനസ്സു തകർത്തുകളഞ്ഞു. ഇനി കഴിക്കാനുള്ളത് നെയ്യപ്പവും അടയുമാണ്. പിന്നെ, മോരപ്പം അമ്മിണിക്കൊഴുക്കട്ട, ഉശിലിക്കൊഴുക്കട്ട, പൂർണക്കൊഴുക്കട്ട... നീണ്ട കഥപോലെ ലിസ്റ്റിങ്ങനെ നീണ്ടു നീണ്ടു പോകുന്നുണ്ട്.

നളപാചകം

എൽഎൻ പുരം നാരായണനികേതനത്തിലെ ഗണേഷ്‍ നാരായണൻ മുണ്ടും മടക്കിക്കുത്തി അടുക്കളയിലുണ്ട്. പച്ചക്കുരുമുളക് നാരങ്ങാ നീരൊഴിച്ച് അച്ചാറിടാനും നല്ല ലഡ്ഡു ഉണ്ടാക്കാനും പിന്നെ, ഉഴുന്നടയുണ്ടാക്കാനും എല്ലാ ഗണേശൻ പുലിയാണ്. ഗണേശന്റെ അച്ചാറും പലഹാരങ്ങളും വിമാനത്തിൽ കയറി പോകാറുണ്ട്.

‘‘ഇനി ഞങ്ങളുടെ ഉച്ചഭക്ഷണത്തെക്കുറിച്ചു പറ‍ഞ്ഞു ത രാം. അതായത് വൈകീട്ട് മൂന്നുമണി കഴിഞ്ഞുള്ള ആഹാരം. അടുക്കളയിലേക്ക് കയറിക്കോ,’’ ഗണേശൻ വിളിച്ചു.

ഉഴുന്നട: സോറി, അടയുമായി ഒരു ബന്ധവുമില്ല. മധുരക്കാരനല്ല. തുവരപ്പരിപ്പ്, കറുത്ത ഉഴുന്നു പരിപ്പ്, കടലപ്പരിപ്പ് ഇതു മൂന്നും കൂടി ഒന്നരഗ്ലാസ് വീതം എടുക്കുക. രണ്ടു ഗ്ലാസ് പുഴുക്കലരിയിലേക്ക് ഇതെല്ലാം ചേർത്ത് വെള്ളമൊഴിച്ച് കുതിരാൻ വയ്ക്കുക. ചുവന്ന മുളക് പച്ചമുളക് കറിവേപ്പില. എന്നിവ ചേർത്ത് അരയ്ക്കുക. ഒരു നുള്ളു കായം ചേർക്കുക. അൽപം കുറുകിയ രൂപത്തിലാണ് അരയ്ക്കേണ്ടത്. അരച്ച ശേഷം ദോശക്കല്ലിൽ കട്ടിയിലൊഴിച്ച് പരത്തുക. നല്ലെണ്ണ നന്നായി ചേർക്കുക. ഇതിന് കൂട്ട് വേപ്പിലക്കട്ടിയാണ്.

വേപ്പിലക്കട്ടി:  ഈ വേപ്പില കറിവേപ്പിലയല്ല. വലിയ നാരങ്ങയുടെ ഇല കഴുകി വെയിലത്തു വച്ച് ഉണക്കിയെടുക്കുക.  അത് പുളി കായം കല്ലുപ്പ് കറിവേപ്പില, ചുവന്ന മുളക് എന്നിവ ചേർത്ത് ചതച്ചെടുത്ത് ഉരുട്ടിയെടുക്കുക. ‘ഇത് മോരിൽക്കലക്കി കുടിച്ചാൽ....’ അത്രയും കേട്ടതും മോരെടുത്ത് വേപ്പിലക്കട്ടിയെടുത്തിട്ടു.  മൂന്നാമത്തെ പെഗ്ഗിൽ െഎസ് ക്യൂബ് വീഴും മുൻപ് ജഗന്നാഥൻ എത്തും എന്ന ഡയലോഗ് ഒാർത്ത് ഒറ്റ വ ലി. കുലുക്കി സർബത്തൊക്കെ നാണിച്ചു പോകുന്ന ഒരെരിവും പുളിയും നാവിൽ ഒാട്ടം തുടങ്ങി.

മോരപ്പം: പേരു കേട്ടപ്പോൾ അയ്യോ മോരിപ്പോ കുടിച്ചതല്ലേ ഉള്ളൂ എന്നാണ് പറഞ്ഞത്. സംഭവത്തിന് മോരുമായി ‘നോ റിലേഷൻ’. ഇഡ്ഡലി മാവിലേക്ക് അരിപ്പൊടി ചേർക്കുക. അ തിൽ ഇഞ്ചിയും പച്ചമുളകും  മല്ലിയിലയും കറിവേപ്പിലയും പൊടിയായര‍ിഞ്ഞ് ചേർക്കുക. തേങ്ങ പൊടിപൊടിയായി ചുരണ്ടിയിടുക. ഇതിലേക്ക് കടുക് വറത്തിടുക. അപ്പക്കുഴിയിൽ നല്ലെണ്ണയോ റിഫൈൻഡ് ഒായിലിലോ ഒഴിച്ച് ചൂടാകുമ്പോൾ ഉണ്ണിയപ്പം പോലെ ഉണ്ടാക്കിയെടുക്കുക.

‘‘അല്ല, മതിയാക്കിയോ. ഉശിലിക്കൊഴുക്കട്ട,പൂർണക്കൊഴുക്കട്ട... ഇതൊക്കെ ആരു കഴിക്കും.?’’

കഴിച്ച കിടിലൻ രുചി പോലെ പിന്നീടു കഴിക്കാൻ കരുതി വയ്ക്കുന്ന രുചിയും നമ്മളെ ഇങ്ങനെ കൊതിപ്പിക്കും എന്നാണല്ലോ. തൽക്കാലം പാലക്കാട്ടു നിന്നു വണ്ടി കയറാം. എങ്ങോട്ടേയ്ക്കാണ് ആദ്യ വണ്ടി? തമിഴ്നാട്ടിലേക്കോ അതോ തൃശൂരേക്കോ? രണ്ടാണെങ്കിലും ചോയ്ച്ചു ചോയ്ച്ച് കയറി ചെല്ലുന്നത് നോൺവിഭവങ്ങളുടെ മേശപ്പുറത്തേക്കാണ്.

kalppathi9988

കുട്ടിമാമാ ഞെട്ടിമാമാ

ഇടതുവശത്തെ ചിത്രത്തിലെ മത്താപ്പൂ കണ്ടോ? എന്നാലത് ദീപാവലിക്കും വിഷുവിനുമൊന്നും കത്തിക്കുന്ന മത്താപ്പൂവല്ല. ‘കുട്ടി’ ആണത്. ലഡ്ഡുകുഞ്ഞുങ്ങളെ കോൺ പോലുള്ള പാത്രത്തിൽ നിറയ്ക്കും. ഉറച്ചു കഴിയുമ്പോൾ പാത്രം മാറ്റിയാൽ ഈ രൂപത്തിലാകും. പിന്നെ, വർണക്കടലാസ് ഉടുപ്പ് ഇടീക്കും. വിവാഹം, വീടുതാമസം തുടങ്ങിയ വിശേഷാവസരത്തിൽ താംബൂലത്തിനരികിൽ രണ്ടു കുട്ടി കാണാം. അതിലൊന്നു വലുതും പിന്നെ, ചെറുതും.

അതിനപ്പുറം ‘അതിരസവും’ ‘മനോഹരവും’.   നെയ്യപ്പത്തെ പരത്തി വലുതാക്കിയാൽ അതിരസമായി. ഉണക്കലരിപ്പൊടിയും ചുക്കുപൊടിയും ജീരകപ്പൊടിയുമെല്ലാം ശർക്കരപ്പാവിലേക്കും പിന്നെ, വെളിച്ചെണ്ണയിലും മുങ്ങും. ഇതാണ് അതിരസം. മനോഹരം കുറച്ചു കറുമുറക്കാരനാണ്. അരിപ്പൊടിയും കടലമാവും സേവനാഴിയിൽ പിഴിഞ്ഞെടുത്ത് എണ്ണയില്‌‍ വറത്തെടുത്ത് ശർക്കരപ്പാവിൽ മുങ്ങി നിവരും. പിന്നെ, ചീടയും മുറുക്കും. പല്ലിന്റെ ബ ലമളക്കാൻ റെഡിയാണോ?

വറ്റൽ കഥകൾ

അഗ്രഹാരങ്ങളിലെ കഥകൾക്ക് ചെറിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും കൊണ്ടാട്ടവും അച്ചാറും എല്ലാ വീടുകളിലും കാണാനാകും. താമരത്തണ്ട്, കയ്പക്ക, പയർ, വെണ്ടയ്ക്ക, അരി, കപ്പ ഇങ്ങനെ എന്തും കൊണ്ടാട്ടമാകും. കർക്കടകമാസത്തിൽ കായ്കറികൾ കിട്ടാത്ത സമയത്ത് ഉപയോഗിക്കാനാണ് പണ്ടുള്ളവർ കൊണ്ടാട്ടം സൂക്ഷിച്ചിരുന്നത്.

പാലക്കാട്ടെ കത്തുന്ന വെയിൽ കൊണ്ടാട്ടമുണക്കാൻ അത്ര നല്ലതല്ല. പ്രത്യേകിച്ച് അരിക്കൊണ്ടാട്ടത്തിന്. ഏറ്റവും നല്ലത് നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലമാണ്. കല്പാത്തി തേരു നടക്കുന്ന കാലത്ത് തേർക്കാറ്റ് അടിക്കാനുണ്ട്. ആ സമയത്തുണ്ടാക്കിയാലേ അരിക്കൊണ്ടാട്ടം നന്നാവൂ എന്നാണ് വിശ്വാസം. അതുകൊണ്ടാണ് മറ്റേതു രാജ്യത്തു പോയി ഉണ്ടാക്കിയാലും പാലക്കാടൻ അരിക്കൊണ്ടാട്ടത്തിന്റെ അതേ രുചി കിട്ടാത്തത്.  

െഎശ്വര്യ രുചി

കല്പാത്തി രഥോത്സവ പാതയുടെ അരികിലാണ് രുചിയുടെ തേരോട്ടവുമായി െഎശ്വര്യമെസ്സ് നിൽക്കുന്നത്. അഗ്രഹാര രുചികളിൽ നിന്നു കീറിയെടുത്ത ഒരു പേജ് പോലെ വിഭവങ്ങളിങ്ങനെ നിരന്നിരിക്കുന്നു. ഉണ്ട മുളക് ബജി മുതൽ പൊട്ടുകടലയും അണ്ടിപ്പരിപ്പുമിട്ട ‘മാലഡു ’ വരെ. അച്ചാർ കൊണ്ടാട്ടങ്ങൾ വേറെ. ‍എപ്പോഴും ഒാടിച്ചെന്നു കഴിക്കാമെന്നു കരുതണ്ട. രണ്ടു മണിക്കേ തുറക്കൂ.

‘‘രണ്ടായിരത്തിലാണ് തുടങ്ങിയത്. ഇരുന്നു കഴിക്കാനുള്ള സ്ഥലമൊന്നും ഇല്ല.  എന്നിട്ടും ഒരുപാടു പേർ രുചിതേടി വരുന്നുണ്ട്. അത് ഈ നാടിന്റെ രുചിയായതു കൊണ്ടു കൂടിയാണ്.’’ ഉടമ എൽവി ഗുരുവായൂരപ്പൻ.

_BAP6704
Tags:
  • Vegetarian Recipes
  • Pachakam