Thursday 09 April 2020 11:47 AM IST

അഞ്ചുപേർക്ക് വയർ നിറച്ച് കഴിക്കാൻ ‘കുക്കർ ബിരിയാണി’; മണിയൻപിള്ള രാജുവിന്റെ സൂപ്പർഹിറ്റ് റെസിപ്പി!

Sreerekha

Senior Sub Editor

maniyan-pillaraju886

ഉസ്താദ് ഹോട്ടലിലെ ചീഫ് ഷെഫിന്റെ വേഷം അടിപൊളിയാക്കിയ മണിയൻ പിള്ള രാജു, ജീവിതത്തിലും നല്ല ഭക്ഷണത്തെയും കുക്കിങ്ങിനെയും സ്നേഹിക്കുന്ന ആളാണ്.  സിനിമാലോകം മുഴുവൻ പ്രശസ്തമാണ് ഈ ഇഷ്ടം. വീട്ടിലെത്തുമ്പോൾ  ഫ്രീ ടൈം കിട്ടിയാൽ നേരേ അടുക്കളയിൽ കയറി പുതിയ റെസിപ്പികൾ പരീക്ഷിക്കാനും റെഡി. പക്ഷേ, അടുക്കളയിൽ കയറുന്നതിനെ സാധാരണഗതിയിൽ ഭാര്യ  ഇന്ദിര അത്ര പ്രോൽസാഹിപ്പിക്കാറില്ലെന്നു മാത്രം. എന്നാൽ, ഈ ലോക് ഡൗൺ സമയത്ത് വീട്ടിലിരിക്കുമ്പോൾ അടുക്കളയിൽ കയറാനുള്ള പാസ് ഭാര്യ തന്നതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. അങ്ങനെ ഇഷ്ടപ്പെട്ട പാചകപരീക്ഷണങ്ങൾക്കുള്ള അവസരമാക്കി ഈ സമയത്തെ ആസ്വദിക്കുകയാണ് താരവും നിർമാതാവും ആയ മണിയൻ പിള്ള രാജു.

'കുക്കിങ്ങിലെ താൽപര്യം പണ്ടേയുള്ളതാണ്. എന്റെ കുട്ടിക്കാലത്ത് വീട്ടിൽ  വിറകടുപ്പായിരുന്നു. അടുപ്പിൽ തീയൂതി അമ്മ കഷ്ടപ്പെടുമ്പോൾ ഞാൻ സഹായിക്കാൻ കൂടും. ആ സമയത്ത് അമ്മയോട് ചോദിച്ച് പാചകത്തിന്റെ പല കൂട്ടുകളും രഹസ്യങ്ങളും മനസ്സിലാക്കുമായിരുന്നു. അതായിരുന്നു തുടക്കം. പിന്നെ സിനിമയിൽ വന്ന ശേഷവും ഇഷ്ട ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കൊണ്ട് ഇടയ്ക്ക് പാചകം പതിവാക്കി... സുഹൃത്തുക്കൾക്കും ഉണ്ടാക്കി കൊടുക്കാറുണ്ട് വിഭവങ്ങൾ.

ഞാനുണ്ടാക്കിയ ഫൂഡ് കഴിച്ചിട്ടുളള ചങ്ങാതിമാരെല്ലാം തന്നെ ഉഗ്രൻ ടേസ്റ്റ് എന്ന അഭിപ്രായമാണു പറഞ്ഞിട്ടുള്ളത്‌. പിന്നെ, എവിടെ സദ്യ കഴിക്കാൻ പോയാലും ഞാൻ വിഭവങ്ങളുടെ രുചി പ്രത്യേകം ശ്രദ്ധിക്കും. ഒരു വിഭവത്തിന് പതിവിലും വളരെ സ്വാദ് തോന്നുകയാണെങ്കിൽ പാചകക്കാരനെ കണ്ട് അതിന്റെ രുചിക്കൂട്ട് എന്താണെന്ന് പ്രത്യേകം ചോദിച്ചു മനസ്സിലാക്കും. ചില്ലി ചിക്കൻ, നൂഡിൽസ്, നാലു മണി പലഹാരമായ ബജി ഇതൊക്കെ വീട്ടിൽ ഞാൻ ഉണ്ടാക്കി ഭാര്യയുടെയും മക്കളുടെയും കൈയ്യടി കിട്ടിയവയാണ്. എന്റെ സിനിമകളുടെ സെറ്റിലും ഇടയ്ക്ക് പരീക്ഷിക്കാറുണ്ട് ഈ റെസിപ്പികൾ. വീട്ടിൽ കുക്ക് ചെയ്തു ഹിറ്റായി മാറിയ കുക്കർ ബിരിയാണിയുടെ റെസിപ്പി വായനക്കാർക്കായി പങ്കിടുകയാണ് മണിയൻ പിള്ള രാജു. 

കുക്കർ ബിരിയാണി

ചേരുവകൾ

ബിരിയാണി അരി- രണ്ട് ഗ്ലാസ്

ചിക്കൻ- 16 പീസ് ചെറുതായി കട്ട് ചെയ്തത് (ഒരു കിലോ)

വലിയ സവോള - രണ്ട് വലുത് അരിഞ്ഞത്

പച്ചമുളക് - 12 എണ്ണം അരിഞ്ഞത്

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- 15 അല്ലി വെളുത്തുള്ളിയും രണ്ട് വലിയ കഷണം ഇഞ്ചിയും ചതച്ച് പേസ്റ്റാക്കിയത്

മല്ലിയില അരിഞ്ഞത് - കുറച്ച്

തക്കാളി - 4 എണ്ണം അരിഞ്ഞത് 

മല്ലിപ്പൊടി- ഒരു ടീ സ്പൂൺ

കുരുമുളകു പൊടി - അര സ്പൂൺ

മഞ്ഞൾ പൊടി, ഉപ്പ് ആവശ്യത്തിന്

നെയ്യ് - 5 ടീ സ്പൂൺ

വെള്ളം - നാലു ഗ്ലാസ്

പുളിയില്ലാത്ത കട്ടത്തൈര് - രണ്ട് ഗ്ലാസ്

തയാറാക്കുന്ന വിധം

അരി വൃത്തിയായി കഴുകി വെള്ളം നന്നായി ഊറ്റിക്കളഞ്ഞ് കുറച്ച് നേരം വയ്ക്കുക. ചീനച്ചട്ടി അടുപ്പത്തു വച്ച് ചൂടാക്കി 3 സ്പൂൺ നെയ്യ് ഒഴിച്ചിട്ട് അരി വഴറ്റിയെടുക്കുക. അരി വഴറ്റിയതു മാറ്റി വച്ച ശേഷം, ബാക്കിയുള്ള നെയ്യിൽ സവോള അരിഞ്ഞത്, തക്കാളി, പച്ചമുളക് അരിഞ്ഞത്, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ഇവ വഴറ്റിയെടുക്കണം. 

ചെറുതായി വഴറ്റിയ ശേഷം, കുക്കർ അടുപ്പത്തു വച്ച് ചൂടാക്കി, 2 സ്പൂൺ നെയ്യ് ഒഴിച്ച് ഈ വഴറ്റിയ ചേരുവകൾ കുക്കറിൽ ഇടുക. മഞ്ഞൾപൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ കൂടി ചേർക്കുക. ചിക്കനും  കൂടി ചേർത്ത് നന്നായി വഴറ്റി രണ്ട് ഗ്ലാസ് കട്ടത്തൈര് ചേർത്ത് നന്നായി ഇളക്കുക. ഇളക്കിയ ശേഷം നെയ്യിൽ വറുത്തു വച്ചിരിക്കുന്ന അരിയും കൂടി ഇതിലേക്ക് ചേ‍ർക്കുക. രണ്ടു ഗ്ലാസ് അരിക്ക് നാലു ഗ്ലാസ് വെള്ളം ചേർക്കണം. 

ഇത്രയും വെള്ളം കൂടി ചേർത്ത് വീണ്ടും നല്ലവണ്ണം ഇളക്കിയ ശേഷം മുകളിൽ മല്ലിയില നുറുക്കിയത് നന്നായി വിതറുക. ഇനി കുക്കർ അടച്ച് വച്ച്  വേവിക്കുക. ഒരു വിസിൽ വേവ് മതി. വേണമെങ്കിൽ രണ്ടാമത്തെ വിസിൽ വരും വരെ വേവിക്കാം. രണ്ടാം വിസിലടിക്കുമ്പോഴേക്കും കുക്കർ ഓഫ് ചെയ്ത് പത്തു മിനിറ്റ് ആറാൻ വയ്ക്കുക. തുറക്കുമ്പോൾ ചൂടോടെ സൂപ്പർ ടേസ്റ്റുള്ള കുക്കർ ബിരിയാണി തയാറായിരിക്കും. അഞ്ചു പേർക്ക് വയർ നിറയെ കഴിക്കാനുണ്ടാകും ഈ ബിരിയാണി.

Tags:
  • Lunch Recipes
  • Pachakam