Wednesday 13 September 2023 12:14 PM IST : By സ്വന്തം ലേഖകൻ

ചൂടുചോറിനൊപ്പം ഇതുമാത്രം മതി, പാത്രം കാലിയാകുന്നതറിയില്ല!

pickle

ചൂടുചോറിനൊപ്പം അൽപം അച്ചാറുണ്ടെങ്കൽ സൂപ്പറാണ്. അതു രുചിയൂറും ചെമ്മീൻ അച്ചാറാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇതാ ഈസി റെസിപ്പി...

ചെമ്മീൻ അച്ചാർ

1.ചെമ്മീൻ, തൊണ്ടു നാരും കളഞ്ഞത് – 350ഗ്രാം

2.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.എള്ളെണ്ണ – വറുക്കാൻ പാകത്തിന്

4.എള്ളെണ്ണ – കാൽ കപ്പ്

5.കടുക് – അര ചെറിയ സ്പൂൺ

6.ഇഞ്ചി, ചതച്ചത് – രണ്ടര വലിയ സ്പൂൺ

വെളുത്തുള്ളി, ചതച്ചത് – രണ്ടു വലിയ സ്പൂൺ

പച്ചമുളക് – മൂന്ന്, നീളത്തിൽ അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

‌7.കശ്മീരി മുളകുപൊടി – മൂന്നു വലിയ സ്പൂൺ

ഉലുവപ്പൊടി – കാൽ ചെറിയ സ്പൂൺ

കായംപൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

8.വിനാഗിരി – രണ്ടു വലിയ സ്പൂൺ

ചൂടുവെള്ളം – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ചെമ്മീനിൽ രണ്ടാമത്തെ ചേരുവ പുരട്ടി ചൂടായ എണ്ണയിൽ വറുത്തു കോരുക.

∙എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.

∙ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙പച്ചമണം മാറുമ്പോൾ ഏഴാമത്തെ ചേരുവ ചേർത്തു മൂപ്പിക്കണം.

∙വിനാഗിരിയും ചൂടുവെള്ളവും ചേർത്തു തിളച്ചു വരുമ്പോൾ വറുത്തു വച്ച ചെമ്മീനും ചേർത്തിളക്കി വാങ്ങാം.

∙വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes