Wednesday 29 August 2018 03:42 PM IST

നന്നായി പാചകം ചെയ്യാനറിയാമോ? എങ്കിൽ ഇഷ്ടത്തിനൊപ്പം ഫൂഡ് ബ്ലോഗിങ്ങിലൂടെ വരുമാനം നേടാം...

Ammu Joas

Sub Editor

Maria-2
‘കൈകൾ കൊണ്ടല്ല, ഹൃദയം കൊണ്ടു വേണം പാചകം ചെയ്യാൻ.’- മരിയ ജോസ്, മരിയാസ് മെനു (തുടക്കം 2006)

നീന്തലറിയാത്തവരെ വെള്ളത്തിലേക്കു തള്ളിയിടുന്നതു പോലെയാണ് കല്യാണം കഴിഞ്ഞ് ആദ്യമായി അടുക്കളയിലെത്തുന്ന പെൺകുട്ടികളുടെ അവസ്ഥ. പാചകത്തിന്റെ ‘തറ, പറ’ പഠിച്ചു കഴിഞ്ഞാൽ പിന്നെ, പരീക്ഷണങ്ങളുടെ ടൈം ആയി. രുചിയൂറും വിഭവങ്ങൾ വീട്ടിൽ വിളമ്പിയാൽ മാത്രം പോരല്ലോ, പാചകത്തിലെ ‘തൽപര കക്ഷി’കൾക്കു പകർന്നു കൊടുക്കുകയും വേണമല്ലോ. രുചിക്കുറിപ്പുകൾ മാത്രമായി ബ്ലോഗിൽ അവതരിപ്പിക്കാം. വിഭവമൊരുക്കുന്നതിന്റെ വിഡിയോ കൂടി ചേർത്തവതരിപ്പിച്ച്  ‘വ്ലോഗു ’ മാക്കാം.  പാചകം നന്നായാൽ കാണാനും ലൈക്കടിക്കാനും ആളു കൂടും. അതനുസരിച്ച് അക്കൗണ്ടിൽ കാശും വീഴും. ഫൂഡ് ബ്ലോഗിങ് പാഷനാക്കിയ നാലു മലയാളി വനിതകളെയാണ്  ‘വനിത’ അവതരിപ്പിക്കുന്നത്.

ഒരു മീൻകറിയുണ്ടാക്കിയ കഥ

കല്യാണം കഴിഞ്ഞ് ഭർത്താവിനൊപ്പം ബഹ്റൈനിലെത്തിയ മരിയയ്ക്ക് ആദ്യ ആഴ്ച തന്നെ അടുക്കളയിൽ വലിയ അബദ്ധം പറ്റി. കുടംപുളിയിട്ടു വച്ച നല്ല  മീൻകറിയുണ്ടാക്കി ഒരു ‘മാസ് എൻട്രി’ ആയിരുന്നു ലക്ഷ്യം. അതിനായി ആന്റിയുടെ സ്പെഷൽ റെസിപ്പിയൊക്കെ പഠിച്ചാണ് ഈ കൊച്ചിക്കാരി നാട്ടിൽ നിന്നു പുറപ്പെട്ടത്. മുളകുപൊടി നന്നായി മൂത്തശേഷം കുറച്ചു കുടംപുളി ചേർക്കണമെന്ന് ആന്റി പറഞ്ഞതുപ്രകാരം ഒട്ടും കുറയേണ്ട എന്നു കരുതി രണ്ടു പിടി കുടംപുളിയിട്ടു മരിയ. കുറ്റമൊന്നും പറയാതെ അസലായി മീൻകറി കൂട്ടി ചോറുണ്ട് ഭർത്താവ് ജോസ് പോയ പുറകേയാണ് മരിയയ്ക്കു കാര്യം മനസ്സിലായത്. പുളി മാത്രമല്ല കറിക്ക് എരിവും കൂടുതലാണെന്ന്. അന്ന് മനസ്സിൽ കുറിച്ചതാണ് റെസിപ്പിയെന്നാൽ ചേരുവ മാത്രം പോരാ. അളവുകളും കൃത്യമായിരിക്കണം. കൈത്തഴക്കം വന്നിട്ട് മതി മനോധർമം.

മരിയാസ് മെനു എന്ന ഫൂഡ് ബ്ലോഗിലേക്ക് എത്തിയപ്പോഴും മരിയ കണിശത പുലർത്തുന്നത് ഈ രുചികണക്കുകളിലാണ്. പാചകക്കുറിപ്പുകൾ 500 കടന്നപ്പോൾ വ്യൂവേഴ്സ് ഏഴു ലക്ഷം കവിഞ്ഞു. 12 വർഷം നീണ്ട ഫൂഡ് ബ്ലോഗിങ്ങിലെ രുചിപാഠങ്ങൾ സ്വാദോടെ വിളമ്പുന്ന കഥ  പറയുന്നു, മരിയ ജോസ്.

ഒാർമയുടെ തളികയിൽ

‘ബ്ലോഗെഴുത്ത് തുടങ്ങിയ കാലത്ത് റെസിപ്പി മാത്രമായിരുന്നു എഴുതിയിരുന്നത്. പിന്നീട് കൂടുതൽ ആസ്വാദ്യകരമാക്കാൻ ആ വിഭവത്തെ പഴയകാല അനുഭവങ്ങളുമായി ബന്ധപ്പെടുത്താൻ തുടങ്ങി. പെസഹാനാളിലെ ഇണ്ട്രിയപ്പവും പാലും കുട്ടിക്കാലത്തേക്കുള്ള ടിക്കറ്റാണ്. അമ്മയുടെ തറവാട്ടിലെ അടുക്കളയിൽ ഞങ്ങൾ അഞ്ചു തലമുറ ഓരോ ക്യൂവായി നിന്നാണ് അപ്പം വാങ്ങുക. ഇങ്ങനെ മിക്ക രുചികൾക്കു പിന്നിലും സുഖമുള്ള ഓർമകളുണ്ടാകും. അതുണ്ടാക്കി നമ്മളെ വിസ്മയിപ്പിച്ചവരുണ്ടാകും. ഇതൊക്കെ എഴുതിത്തുടങ്ങി. പിന്നെ, സ്റ്റെപ് ബൈ സ്റ്റെപ് ഫോട്ടോകൾ ഇട്ടു. എപ്പോഴും അപ്ഡേഷനുകൾ വരുത്താറുണ്ട്.’

വായനക്കാരുടെ താൽപര്യങ്ങളിലും വ്യത്യാസമുണ്ടായിട്ടുണ്ടെന്നു മരിയ. ‘ഇപ്പോൾ പ്രയാസമേറിയ പാചകക്കുറിപ്പുകളിടുമ്പോൾ പരിഭവമാണ്. ‘തിരക്കല്ലേ, സമയമില്ല... എന്നും വീട്ടിൽ തയാറേക്കേണ്ട വിഭവങ്ങൾ മതി’യെന്നു പറയും. മറ്റൊരു പ്രധാന മാറ്റം  ഡയബെറ്റിക്ക് ഫ്രണ്ട്‌ലി പോലുള്ള പ്രത്യേക വിഭാഗം റെസിപ്പികൾ ചോദിക്കുന്നവരേറെയുണ്ടെന്നതാണ്.എല്ലാ ആഴ്ചയും ഒരു വിഭവം വായനക്കാരുടെ മുന്നിലെത്തിക്കും. ‘റെസിപ്പിയുടെ കാര്യത്തിലായാലും റൈറ്റ് അപ്പിന്റെ കാര്യത്തിലായാലും കഥ മെനയാറില്ല. കുക്കിങ് വിഡിയോ  ചെയ്യാൻ പലരും പറയാറുണ്ടെങ്കിലും ഞാൻ അത്ര കംഫർട്ടബിളല്ല. പക്ഷേ, കൂടുതൽ പേർ ചോദിക്കുന്നതു കൊണ്ട് വ്ലോഗിങ് തുടങ്ങിയാലോ എന്ന ആലോചനയുമുണ്ട്. ഇഷ്ടമുള്ള കാര്യം വീട്ടിലിരുന്ന് ചെയ്യാൻ കഴിയുന്ന സന്തോഷമുണ്ട്. വരുമാനം ലക്ഷ്യമല്ലെങ്കിലും അതും അംഗീകാരം തന്നെയല്ലേ...’

4-cookbook
‘പരീക്ഷിച്ചു വിജയിച്ച റെസിപ്പികള‍്‍ മാത്രമേ നൽകാറുള്ളൂ’- വീണ ജാൻ, വീണാസ് കറി വേൾഡ് (തുടക്കം 2008)

ചിക്കൻ ഇല്ലാതെയും ചിക്കൻ കറി

‘ഹായ്... നമസ്കാരം... എന്തുണ്ട് വിശേഷം? എല്ലാവർക്കും സുഖല്ലേ. ഞാനിവിടെ സുഖായി ഇരിക്കുന്നു... നമുക്കിന്ന് ഈസിയായി ചിക്കനില്ലാത്ത ചിക്കൻകറിയുണ്ടാക്കിയാലോ’ ഈ ചോദ്യം കേട്ടാൽ ആരായാലും ഒന്നു അടുക്കളയിൽ കയറിപ്പോകും. ഇതുതന്നെയാണ് വീണയുടെ യൂട്യൂബ് ചാനലിന് നാലു ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്‍സിനെ കിട്ടാനും കാരണം. ‘വീണാസ് കറി വേൾഡിൽ’ വിഡിയോ കാണാനെത്തുന്നവർ അതിലുമേറെ. ഈ ജനപ്രീതിയുടെ രുചിക്കൂട്ടാണ് വീണ ആദ്യം പറഞ്ഞത്.

‘പ്രിയപ്പെട്ടവരോടു സംസാരിക്കുന്ന അതേ ഫീലാണ് വ്യൂവേഴ്സിനോടു സംസാരിക്കുമ്പോൾ. പാചകരീതി മാത്രം കാണിക്കുന്ന വിഡിയോ മതിയെന്നായിരുന്നു ആദ്യ തീരുമാനം. എന്റെ ‘കത്തി വയ്ക്കൽ’ അറിയാവുന്ന ഭർത്താവ് ജാൻ ജോഷിയുടെ ഏക നിബന്ധന അതായിരുന്നു. പക്ഷേ, ഒരു വിഡിയോയിൽ സംസാരം അൽപം കൂടിപ്പോയി. എങ്കിലും വിഡിയോ അപ്‌ലോഡ് ചെയ്തു. അപ്പോൾ മനസ്സിലായി കറിക്കൊപ്പം ഇത്തിരി ‘കത്തി’യും ചേർന്നാൽ അതൊരു ഹിറ്റ് മസാലയാകുമെന്ന്.’

2008 ൽ ബ്ലോഗിങ്ങിലൂടെയായിരുന്നു തുടക്കമെങ്കിലും മൂന്നു വർഷം മുൻപ് വ്ലോഗിങ് തുടങ്ങിയപ്പോൾ വീണയുടെ  കൈപുണ്യത്തിന് ആരാധകരേറി. ‘ദുബായിലെത്തി രണ്ടു വർഷം കഴിഞ്ഞാണ് ബ്ലോഗ് തുടങ്ങുന്നത്. ഏഴു വർഷം ബ്ലോഗെഴുത്തുണ്ടായിരുന്നു. വിഡിയോ കൂടി ഉണ്ടെങ്കിൽ നന്നായി എന്നു പലരും പറഞ്ഞു. അങ്ങനെ 2015 നവംബർ മൂന്നിന്, വീണാസ് കറി വേൾഡിന്റെ യൂട്യൂബ് ചാനലിൽ  എന്റെ നാടിന്റെ സ്പെഷൽ ‘തൃശൂർ മീൻകറി’യെത്തി. ആദ്യദിനം വലിയ ചലനമൊന്നും ഉണ്ടായില്ല. പക്ഷേ, പിന്നീടിന്നു വരെ വ്യൂസിനെക്കുറിച്ച് ടെൻഷൻ ഉണ്ടായിട്ടില്ല..

അമ്മ പകർന്ന രുചിക്കൂട്ട്

എന്റെ അമ്മ ടീച്ചറായിരുന്നു. അതുകൊണ്ട് രാവിലത്തെ തിരക്കിനിടയിൽ എളുപ്പത്തിൽ തയാറാക്കാവുന്ന നാടൻ വിഭവങ്ങളാണ് അമ്മയുണ്ടാക്കിയിരുന്നത്. എന്റെ വ്ലോഗിലും ഇത്തരം വിഭവങ്ങളാണ് കൂടുതലും. എപ്പോഴും ആളുകൾ ഇഷ്ടപ്പെടുന്ന വിഭവമാണ് എന്റെ അമ്മാമ്മയുടെ സവാളയും തക്കാളിയും ചേർക്കാതെ തയാറാക്കുന്ന ചെമ്മീൻ റോസ്റ്റ്. ഈയടുത്ത് അവതരിപ്പിച്ച ഈസി പാലട പ്രഥമനും നല്ല റീച്ച് കിട്ടി.’

വീണാസ് കറി വേൾഡ് ഫാൻസ് ക്ലബ് എന്ന പേരിൽ ഫെയ്സ്ബുക് പേജുള്ള സ്റ്റാറാണ് വീണ. സിനിമാ താരങ്ങളുടെ പേജിൽ കയറി ആരാധകർ വാക്പയറ്റു നടത്തുന്ന പോലെ വ്ലോഗേഴ്സിന്റെ പേജും യൂട്യൂബ് ചാനലും  ഇടയ്ക്ക് യുദ്ധ ക്കളമായി മാറാറുണ്ട്. ‘അത്തരം പ്രവണതകളോട് എനിക്ക് യോജിപ്പില്ല. ആരെക്കുറിച്ചായാലും മോശം അത് ഒഴിവാക്കണം എന്ന് പറയാറുമുണ്ട്.’

തയാറാക്കിയ വിഭവം മക്കളായ ഒൻപതാം ക്ലാസുകാരൻ അവ്നീതിനും മൂന്നാംക്ലാസുകാരനായ ആയുഷിനും കൂടി പങ്കുവയ്ക്കുന്നിടത്താണ് വീണയുടെ ഓരോ വിഡിയോയും അവസാനിക്കുന്നത്. വിഭവത്തിന്റെ രുചിക്കൊപ്പം നല്ല കുടുംബചിത്രം കണ്ട സന്തോഷത്തോടെ വിഡിയോ കണ്ടു മടങ്ങാം.

Salu-Kitchen
‘ ക്രമമായി ചെയ്താൽ ഏതു വിഭവവും സിംപിൾ...’- സമീറ നിസാറുദ്ദീൻ, സലു കിച്ചൻ (തുടക്കം 2015)

അമ്പതു ലക്ഷം കടന്ന പൊറോട്ട

ഒരു ദിവസം സമീറയുടെ ‘സലു കിച്ചനി’ലേക്ക് കുവൈത്തിൽ നിന്നൊരു കോൾ വന്നു. ജോലി കഴിഞ്ഞു താൻ വീട്ടിലെത്തുമ്പോൾ ഭാര്യയുണ്ടാക്കുന്ന വ്യത്യസ്തമായ രുചിവിഭവങ്ങളെ പുകഴ്ത്തിയാണ് അയാൾ സംസാരിച്ചു തുടങ്ങിയത്. നാളുകൾ കഴിഞ്ഞ് ആ രുചിയുടെ രഹസ്യം മക്കളാണത്രേ വെളിപ്പെടുത്തിയത്. സമീറയുടെ വിഡിയോ ബ്ലോഗുകൾ കണ്ടിട്ടാണ് ഭാര്യ തനിക്ക് പുതുവിഭവങ്ങൾ ഉണ്ടാക്കിത്തന്നതെന്നറിഞ്ഞ ഭർത്താവ് നന്ദി പറയാനായി വിളിച്ചതാണ്. അത്ര സിംപിളും പവർഫുളുമാണ് സമീറയുടെ പാചകക്കുറിപ്പുകൾ.

‘പാചകത്തിനായി അധികനേരം അടുക്കളയിൽ ചെലവഴിക്കാനാഗ്രഹിക്കാത്ത ആളാണ് ഞാൻ. ക്രമമായി ചെയ്താൽ ഏതു വിഭവവും ലളിതമായി തയാറാക്കാം. എന്റെ കുക്കിങ് കാണുന്നവരും അങ്ങനെയാകണമെന്നാണ് ആഗ്രഹം.’ സമീറ പറഞ്ഞു തുടങ്ങി. ‘രണ്ടാമത്തെ മകനാണ് ഞാൻ കുക്ക് ചെയ്യുന്ന വിഡിയോ എടുത്ത് ആദ്യമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. ആ കൗതുകമായിരുന്നു തുടക്കം. പിന്നെയാണ് വ്ലോഗിങ്ങിലേക്കു വരുന്നത്.’ മൂന്നു വർഷം മുൻപ് തുടങ്ങിയ യൂട്യൂബ് ചാനലിന് മൂന്നു ലക്ഷമെത്തി നിൽക്കുന്നു സബ്സ്ക്രൈബേഴ്സ്. ‘ഫിലിപീൻസിൽ ഉദ്യോഗസ്ഥനായ ഭർത്താവ് നിസാറുദ്ദീനാണ് ഏറ്റവും വലിയ പിന്തുണ. പുതിയ പാചകപരീക്ഷണമൊന്നുമില്ലേയെന്ന് അദ്ദേഹം ഇടയ്ക്കിടെ ചോദിക്കും. അപ്പോൾ ഞാൻ വിഭവത്തിനുള്ള തയാറെടുപ്പുമായി അടുക്കളയിൽ കയറും. മൂത്ത മകൻ  എംടെക്കുകാരന്‍ സൽമാനും പത്താംക്ലാസുകാരനായ ഇളയ മകൻ റിസ്‌വാനും ഐഡിയ നൽകാറുണ്ട്’

താരമാക്കിയ പൊറോട്ട

‘ആഴ്ചയിൽ കുറഞ്ഞത് മൂന്നു പോസ്റ്റ് ഇടും. ഇന്നു തയാറാക്കുന്ന വിഭവം എഡിറ്റിങ് ഒക്കെ കഴിഞ്ഞ് അടുത്ത ദിവസം 11.30യ്ക്ക് യൂട്യൂബ് ചാനലിലെത്തും.’ സമീറയ്ക്ക് ഏറ്റവും കൂടുതൽ വ്യൂ കിട്ടിയത് നമ്മുടെ പൊറോട്ടയ്ക്കാണ്. ഒരു വർഷം മുൻപിട്ട പോസ്റ്റ് ഇതുവരെ 50 ലക്ഷത്തിലേറെ പേർ കണ്ടു.

നാടൻ, അറബിക്, ഇറ്റാലിയൻ വിഭവങ്ങളെല്ലാം വ്ലോഗിലുണ്ടെങ്കിലും ബേക്കിങ് റെസിപ്പികളോടും അറബിക് ഫൂഡിനോടും പ്രത്യേക ഇഷ്ടമാണ് സമീറയ്ക്ക്. ‘ബേക്കിങ് ഏറെയിഷ്ടമാണെങ്കിലും അവ്നില്ലാത്തവർ എന്തു ചെയ്യുമെന്ന ചിന്തയാണ് കുക്കറിലും പാനിലും കേക്കുണ്ടാക്കിയതിനു പിന്നിൽ. അവ്നും ബീറ്ററുമൊന്നുപയോഗിക്കാതെ കേക്കുണ്ടാക്കി കാണിച്ചപ്പോൾ എല്ലാവർക്കും അതൊരുപാടിഷ്ടമായി.’

സംസാരം നീളവേ തിരുവനന്തപുരത്തെ സമീറയുടെ വീട്ടിലെ അടുക്കളയിൽ നിന്ന് അസൽ ബേക്കിങ് മണമെത്തി. താനല്ലാതെ ഇവിടിപ്പോൾ ആരാണ് പാചകം ചെയ്യുന്നതെന്ന സംശയത്തിൽ നോക്കുമ്പോൾ അതാ, ഒരു പ്ലേറ്റിൽ തന്റെ പാചകപരീക്ഷണവുമായി മകൻ സുൽത്താൻ വരുന്നു. ‘ആദ്യമായാണ് ഇവൻ പാചകം ചെയ്യുന്നത്. ഫസ്റ്റ് ക്ലാസായിട്ടുണ്ട്...’ സമീറ രുചിയുടെ പിറകേ പാഞ്ഞു... ഉമ്മയുടെ അഭിനന്ദനത്തിൽ സുൽത്താനും ഹാപ്പി.

mia-copy
‘എളുപ്പത്തിൽ വെറൈറ്റിയായി കുക്ക് ചെയ്യാൻ കഴിയണം’- ജോയ്സി പോൾസൺ, മിയ കിച്ചൻ (തുടക്കം 2014)

ന്യൂയോർക്കിൽ നല്ല നാടൻ മത്തി കിട്ടിയാൽ

അരക്കിലോ നാടൻ മത്തി കൈയിൽ കിട്ടിയാൽ നിങ്ങളെന്തു ചെയ്യും? തേങ്ങ അരച്ച് മാങ്ങായിട്ടു വച്ച മീൻകറിയുണ്ടാക്കും. അല്ലെങ്കിൽ പച്ച കുരുമുളകരച്ച് പുരട്ടി വാഴയിലയിൽ പൊള്ളിച്ചെടുക്കും. എന്നാൽ ജോയ്സിയുടെ കൈയിൽ അരക്കിലോ മത്തി കിട്ടിയാൽ നല്ല കിടിലൻ ബിരിയാണിയുണ്ടാക്കി പ്ലേറ്റിൽ വയ്ക്കും. ‘ മലയാളിയുടെ മീൻരുചിയിലെ പോപ്പുലർ ഹീറോ അല്ലേ മത്തി. എന്തേലും ഒരു ട്വിസ്റ്റ് ഉണ്ടാക്കാൻ പറ്റുമോയെന്ന് നോക്കാനാണ് മത്തി ബിരിയാണി പരീക്ഷിച്ചത്. പുതുമുഖം സൂപ്പർസ്റ്റാർ ആയി. ബിരിയാണിയിൽ മട്ടൻ, ചിക്കൻ ഒക്കെയല്ലേ പതിവ് താരങ്ങൾ... ഇതെന്റെ  നാലു വർഷത്തെ വ്ലോഗിങ് ജീവിതത്തിലെ അനുഭവങ്ങളിൽ നിന്നു പറയുന്നതാ കേട്ടോ.’

വിവാഹത്തിനു മുൻപ് പാചകവും അടുക്കളയുമൊന്നും അത്ര പ്രിയമുള്ള കാര്യമൊന്നുമായിരുന്നില്ല ന്യൂയോർക്കിൽ താമസമാക്കിയ ജോയ്സിക്ക്. അവിടെ നിന്ന് ഫൂഡ് വ്ലോഗിങ് വരെയെത്തിയ കഥ ജോയ്സി പറയട്ടെ. ‘പാചകം പഠിച്ചു കഴിഞ്ഞപ്പോഴാണ് ഇതൊരു കല ആ   ണെന്നൊക്കെ തോന്നിയത്. അതുവരെ ചുമ്മാ കഷ്ടപ്പാട് എന്നേ കരുതിയിട്ടുള്ളൂ. ഒാൺലൈനിൽ ഒരു അരങ്ങേറ്റമാകാമെന്ന് വിചാരിച്ച് നേരംപോക്കിനാണ് ‘മിയ കിച്ചൻ’ എന്ന വ്ലോഗ് തുടങ്ങിയത്.’

രുചിയുടെ അങ്കമാലി ഡയറീസ്

ജോയ്സിയുടെ അങ്കമാലി ഭാഷയിലുള്ള രുചി വിശേഷങ്ങൾ ഒറ്റയടിക്കങ്ങ് സ്റ്റാറായി. സൂപ്പർ ഹിറ്റ് തുടക്കം കണ്ട് ജോയ്സി പോലും ഞെട്ടി. ‘പുതു വിഭവങ്ങൾ ഏതു ട്രൈ ചെയ്യാമെന്നാണ് എപ്പോഴും ആലോചന. വെറൈറ്റി, വേണ്ടേ, വെറൈറ്റി.’ ചിരിയോടെ ജോയ്സി ഇതു പറയുന്നതിലും കാര്യമുണ്ട്. നാലര ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുമായി കുതിക്കുകയാണ് രുചിയുടെ ഈ അങ്കമാലി ഡയറീസ്.

‘ജോയ്സിയെന്ന പേരു വിളിച്ചു കേട്ടിട്ട് നാളുകളായി. എല്ലാവരും മിയ എന്നു തന്നെയാ വിളിക്കുക. മിക്ക റെസിപ്പികളും ഞാൻ തനിയെ ഡവലപ് ചെയ്യുന്നതാണ്. അതിൽ ഏറ്റവും പ്രിയപ്പെട്ടത് പപ്പടം ഉണ്ടാക്കിയതാണ്. ഇങ്ങനെ വെറൈറ്റിയായി എന്തുണ്ടാക്കാമെന്ന ആലോചനയാണ് കോൺഫ്ലേക്സ് ലഡുവിനും ബിസ്കറ്റ് ഐസ്ക്രീമിനും ഹോെമെയ്ഡ് സോസേജിനുമൊക്കെ പിന്നിൽ.’

ഇപ്പോൾ കൂളായി തോന്നുമെങ്കിലും ആദ്യനാളുകളിൽ നന്നേ ബുദ്ധിമുട്ടിയിരുന്നുവെന്ന് ജോയ്സി. ‘ക്യാമറ ട്രൈപോഡിൽ വച്ചാണ് ഷൂട്ട് ചെയ്യുക. മുന്നിൽ മറ്റാരുമില്ലല്ലോ. അ പ്പോൾ ചിരിയൊന്നും വരില്ല. പിന്നെ, ആളുകൾ ചോദിച്ചു തുടങ്ങിയപ്പോഴാണ് ചിരിച്ചു സംസാരിച്ചു തുടങ്ങിയത്. വീക്ക്‌ലി അഞ്ച് റെസിപ്പിയെങ്കിലും ഇടാറുണ്ട്. മിക്കവരും ആവശ്യപ്പെടുന്നത് കുട്ടികൾക്ക് തയാറാക്കി കൊടുക്കാവുന്ന വിഭവങ്ങളാണ്. റെസിപ്പി പരീക്ഷിക്കുന്ന സ്ത്രീകൾ എപ്പോഴും പറയുക മക്കൾക്കിഷ്ടായി എന്നാണ്. അമ്മമാർ അങ്ങനെയാണല്ലോ...’ സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവ് പോൾസണും, കോളജുകാരി നിയയും ഒൻപതാം ക്ലാസിൽ പഠിക്കുന്ന അലീനയും അഞ്ചാം ക്ലാസുകാരി നീനയുമെല്ലാം അമ്മയ്ക്കു സപ്പോര്‍ട്ടായുണ്ട്.