Tuesday 14 July 2020 11:56 AM IST

ആത്മാർഥതയുള്ള അവൊക്കാഡോ ഷെയ്ക്ക് നുണയാം ; മട്ടാഞ്ചേരിയിലേക്ക് പോന്നോളൂ...

V N Rakhi

Sub Editor

avacado

വിഐപികൾ പോലും അവൊക്കാഡോ ഷെയ്ക്ക് തേടിയെത്തുന്ന മട്ടാഞ്ചേരിയിലെ റിനൂസ് കൂൾ ബാർ

അവൊക്കാഡോ പ്രേമം മട്ടാഞ്ചേരിക്കാരൻ നൗഷാദിന്റെ ജീവിതം മാറ്റി മറിച്ച കഥ കേൾക്കണോ? മട്ടാഞ്ചേരി ചെറളായിക്കടവ് പുല്ലുപാലം റോഡിൽ റിനൂസ് കൂൾബാറിൽ പോയി ഗ്ലാസിന്റെ അരികോളം കേറിവന്ന് എത്തിനോക്കുന്ന ഓരോ കൂൾ കൂൾ അവൊക്കാഡോ ഷെയ്ക്കും കുടിച്ച് ആ പ്രേമകഥയും കേട്ട് പോരാം.

മുമ്പേ തുടങ്ങിയ പ്രേമം

മലയാളികൾ അവൊക്കാഡോയെ സ്നേഹിച്ചു തുടങ്ങുന്നതിനു മുമ്പേ കയറിയതാണ് നൗഷാദിന് അവൊക്കാഡോ പ്രേമം. അതിന്റെ പോഷകഗുണങ്ങളെക്കുറിച്ച് മനസ്സിലാക്കിയതോടെയായിരുന്നു തുടക്കം. കൃത്യം പറഞ്ഞാൽ പന്ത്രണ്ട് വർഷം മുമ്പ്. നല്ല ഗുണമുള്ള അവൊക്കാഡോ വയനാട്ടിലും കോടൈക്കാനലിലും കിട്ടുമെന്നറിഞ്ഞ് നേരിട്ടു പോയി കൊണ്ടു വന്നു. ആത്മാർഥമായി ഷെയ്ക്ക് അടിച്ചു. ഷെയ്ക്ക് കുടിച്ചവർ വീണ്ടും വീണ്ടുമെത്തി. അങ്ങനെയെത്തിയവരിൽ സാധാരണക്കാരൻ മുതൽ കുടുംബത്തോടെയെത്തിയ സിനിമാനടൻമാരും നടിമാരും വരെയുണ്ട്.

റിനൂസിൽ അവൊക്കാഡോ ഷെയ്ക്ക് തുടങ്ങിയിട്ട് വർഷം കുറേ ആയെങ്കിലും സംഗതി ഇത്രയും പ്രശസ്തമായത് കഴിഞ്ഞ മൂന്നാല് കൊല്ലത്തിനിടെയാണ്. മലയാളികൾ അവൊക്കാഡോയുടെ ഗുണഗണങ്ങൾ അടുത്തറിഞ്ഞിട്ട് അധികമായിട്ടില്ലല്ലോ.

എന്നും കിട്ടും, ധൈര്യമായി പോകാം

ഏത് കാലാവസ്ഥയിലും ഏത് ദിവസവും റിനൂസിൽ കയറിച്ചെന്ന് ധൈര്യമായി അവൊക്കാഡോ ഷെയ്ക്ക് ഓർഡർ ചെയ്യാം. അയ്യോ, ഇന്ന് അവൊക്കാഡോ ഇല്ല എന്ന് കേൾക്കേണ്ടി വരില്ല. ശനിയോ ഞായറോ ആയിക്കോട്ടെ, 365 ദിവസവും അവൊക്കാഡോ ഷെയ്ക്ക് ഇവിടെ വേണ്ടോളം കൊടുക്കണമെന്ന് നൗഷാദിന് നിർബന്ധമുണ്ട്. വയനാട്ടിലും കോടൈകാനലിലുമൊന്നും അവൊക്കാഡോ കിട്ടാതെ വന്നപ്പോൾ ഒരിക്കൽ ഇംഫാലിലേക്കു വിട്ടു. അവിടെ നിന്ന് 200 കിലോമീറ്റർ അകലെയുള്ള മ്യാൻമറിൽ നിന്ന് അവൊക്കാഡോ വരുത്തിച്ച് നാട്ടിലേക്കു കൊണ്ടു വന്നു. ഇപ്പോഴും അവിടെ നിന്ന് ക്വാളിറ്റി അവൊക്കാഡോസ് വന്നു കൊണ്ടേയിരിക്കുന്നു.

ഒളിയില്ല, മറയില്ല, കത്തിയുമല്ല

ഒളിയും മറയും റിനൂസിൽ ശീലമില്ല. ഷെയ്ക്ക് കുടിക്കാനെത്തുന്നവരുടെ മുമ്പിൽ വച്ചു തന്നെയാണ് തയാറാക്കുന്നത്. വെള്ളം ചേർക്കുന്ന ഏർപ്പാടും നൗഷാദിന് തീരെ താൽപര്യമില്ല. മിൽമ പാൽ, പഞ്ചസാര, അവൊക്കാഡോ ഇതുമാത്രം ഉപയോഗിച്ചുള്ള നല്ല ശുദ്ധമായ ഷെയ്ക്കാണ് മുന്നിലെത്തുന്നത്. എന്നുവച്ച് കഴുത്തറപ്പന്‍ വിലയൊന്നുമില്ല. 60 രൂപ മാത്രം.

കൊറോണക്കാലത്തിന് തൊട്ടുമുമ്പ് വരെ രാവിലെ പതിനൊന്നിനു തുറന്നാൽ പിറ്റേന്ന് പുലർച്ചെ മൂന്ന് മൂന്നരയാകാതെ കടയടയ്ക്കാൻ പറ്റില്ല എന്നതായിരുന്നു അവസ്ഥ. ഇപ്പോൾ നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് 11 മുതൽ രാത്രി ഒമ്പതര വരെയേ കടയുണ്ടാകൂ.

വെള്ളം തൊടാത്ത ഷമാം, ചിക്കൂ, ഷാർജാ, മാംഗോ തുടങ്ങി എല്ലാത്തരം ഷെയ്ക്കുകളും റിനൂസിൽ കിട്ടും. എന്നാലും അവൊക്കാഡോയെ അന്വേഷിച്ച് വരുന്നവരാണ് ഏറെ.

Tags:
  • Spotlight