Saturday 03 June 2023 03:26 PM IST : By സ്വന്തം ലേഖകൻ

ഒന്നിച്ചു കണ്ട സ്വപ്നം ഒറ്റയ്ക്കു സഫലമാക്കി മോഹന, 15 ദിവസത്തെ ജപ്പാൻ-കൊറിയൻ യാത്ര!

mohana

കൊച്ചി ∙ ‘ഉദയസൂര്യന്റെ നാട്’ സ്വന്തം കണ്ണിൽ കണ്ടും ജീവിതസഹയാത്രികൻ വിജയന്റെ മനസ്സുകൊണ്ടു തൊട്ടറിഞ്ഞും മോഹന. ഗാന്ധിനഗർ ബാലാജി കോഫി ഹൗസിലെ വലിയ ഗ്ലോബിൽ കെ.ആർ. വിജയനും ഭാര്യ മോഹനയും ചേർന്ന് അടുത്ത യാത്രയ്ക്കു ചൂണ്ടിക്കാട്ടിയ സ്ഥലമാണ് ജപ്പാൻ. ഇതിനിടെ, 2021 നവംബറിലായിരുന്നു ഹൃദയാഘാതം മൂലം വിജയന്റെ നിര്യാണം. അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു ഇരുവരും ഒന്നിച്ചുള്ള ജപ്പാൻ യാത്ര. അതാണിപ്പോൾ മോഹനയിലൂടെ പൂർത്തിയായത്. വിജയനില്ലാതെ മോഹനയുടെ ആദ്യയാത്ര. ‘അദ്ദേഹമാണ് തളരാൻ വിടാതെ, കാഴ്ചകൾ കണ്ടും അറിഞ്ഞും എന്റെ ഒപ്പമുണ്ടായിരുന്നത്’. മോഹന പറയുന്നു.

മാർച്ച് 22നു പുറപ്പെട്ട് ഏപ്രിൽ 6നു തിരിച്ചെത്തിയ യാത്രയിൽ ജപ്പാനും ദക്ഷിണ കൊറിയയും കണ്ടു. ആകെ 15 ദിവസത്തെ യാത്ര. മകൾ ഉഷ വി.പ്രഭു, മരുമകൻ മുരളീധര പൈ, കൊച്ചുമക്കളായ അമൃത, മഞ്ജുനാഥ് എന്നിവരാണ് ഇത്തവണ യാത്രയിൽ മോഹനയ്ക്കൊപ്പം ഉണ്ടായിരുന്നത്. കൂടെ, വിജയന്റെ ലോകസഞ്ചാര മനസ്സും. ജപ്പാനിൽ ഏറെ പ്രസിദ്ധമായ ചെറി വസന്തമായിരുന്നു യാത്രയിലെ പ്രധാന ആകർഷണം. ആ യാത്ര നീണ്ട് ഉത്തര കൊറിയയുടെ അതിർത്തി വരെയെത്തി. ചായക്കടയിൽ നിന്നുള്ള വരുമാനം കൊണ്ട് 14 വർഷത്തിനകം 26 രാജ്യങ്ങളിലേക്കുള്ള യാത്ര ഇരുവരും ഒന്നിച്ചായിരുന്നു.

മോഹന ഇപ്പോൾ അത് 28 ആക്കി. റഷ്യയിലേക്കാണ് ഇരുവരും ചേർന്നു നടത്തിയ അവസാന യാത്ര. ജപ്പാൻ യാത്രയിൽ മോഹനയ്ക്ക് സ്പോൺസറെ കിട്ടിയെങ്കിലും കടമുണ്ട്. അതു വീട്ടണം. എന്നിട്ടു വേണം അടുത്ത യാത്രയ്ക്ക് ഒരുങ്ങാൻ. കൊച്ചുമകൾ അമൃത പഠനത്തിനായി യുകെയിലേക്ക് ഉടൻ പോകും. അതും വിജയന്റെ സ്വപ്നമായിരുന്നു. രണ്ടു വർഷത്തിനകമാകും അടുത്ത യാത്ര. 50 രാജ്യങ്ങളിലൂടെ യാത്രയെന്ന സ്വപ്നം കണ്ടതു വി‍ജയനും മോഹനയും ചേർന്നാണ്. ആ സ്വപ്നത്തിലേക്കു വിജയന്റെ മനസ്സുചേർന്നു മോഹന യാത്ര തുടരുകയാണ്.

Read more.....

Tags:
  • Pachakam