ഒന്നര വർഷത്തെ പരിശ്രമത്തിനൊടുവിൽ ഏറ്റവും വിലയേറിയ ഐസ്ക്രീം എന്ന ഗിന്നസ് വേള്‍ഡ് റെക്കോർഡ് സ്വന്തമാക്കി ജാപ്പനീസ് ഐസ്ക്രീം ബ്രാൻഡായ സെല്ലറ്റോ! ഈയിടെ ജപ്പാനില്‍ വിറ്റ ഐസ്ക്രീമിന്‍റെ വില 5.2 ലക്ഷമായിരുന്നു!
ബൈകുയ എന്ന് പേരിട്ട ഈ ഐസ്ക്രീമില്‍, ഇറ്റലിയിലെ ആൽബയിൽ നിന്നുള്ള വൈറ്റ് ട്രഫിള്‍ ആണ് പ്രധാന ചേരുവ. ഇതിനുതന്നെ, കിലോയ്ക്ക് ഏകദേശം 11,99,382 രൂപ വില വരും. പാർമിജിയാനോ-റെഗ്ഗിയാനോ, ഭക്ഷ്യയോഗ്യമായ സ്വർണ ഇലകൾ, സേക്ക് ലീസ് എന്നിവയും ഐസ്ക്രീമിനായി ഉപയോഗിച്ചെന്ന് സെല്ലറ്റോയുടെ വെബ്‌സൈറ്റിൽ പറയുന്നു. വിലയില്‍ മാത്രമല്ല, രുചിയിലും ഈ ഐസ്ക്രീം കെങ്കേമന്‍ ആണെന്നാണ് കഴിച്ചവരുടെ അഭിപ്രായം. വായില്‍ വയ്ക്കുമ്പോള്‍ത്തന്നെ വൈറ്റ് ട്രഫിളിന്‍റെ സുഗന്ധം അറിയാം, തുടർന്ന് പാർമിജിയാനോ റെജിയാനോയുടെ പഴരുചിയും നാവിലേക്കെത്തും.

ഈ റെക്കോര്‍ഡ് നേട്ടത്തോടെ, വൈവിധ്യമാര്‍ന്ന കൂടുതല്‍ രുചികള്‍ പരീക്ഷിക്കാനുള്ള ആവേശത്തിലാണ് കമ്പനി. ഭാവിയിൽ വ്യത്യസ്തമായ രീതിയില്‍ ഷാംപെയ്ൻ, കാവിയർ തുടങ്ങിയ കൂടുതൽ ഉൽപന്നങ്ങൾ പുറത്തിറക്കാൻ സെല്ലാറ്റോ പദ്ധതിയിടുന്നുണ്ട്.

ദുബായിലെ സ്‌കൂപ്പി കഫേ ആണ് 'ബ്ലാക്ക് ഡയമണ്ട്' എന്ന പേരില്‍ ലോകത്തിലെ ഏറ്റവും വിലകൂടിയ ഐസ്‌ക്രീം ഇതിനു മുൻപ് ഉണ്ടാക്കിയിരുന്നത്. 67578 രൂപ വിലയുള്ള വാനില ഐസ്‌ക്രീമിൽ ഇറ്റാലിയൻ ട്രഫിൾസ്, അംബ്രോസിയൽ ഇറാനിയൻ കുങ്കുമപ്പൂവ്, ഭക്ഷ്യയോഗ്യമായ 23 കാരറ്റ് ഗോൾഡ് ഫ്ലേക്കുകൾ എന്നിവയും ഉണ്ടായിരുന്നു.