Friday 07 August 2020 02:43 PM IST

‘നാലാമത്തെ കുഞ്ഞ് ജനിച്ചപ്പോൾ ജോലി വിട്ടു, ബോറടി മാറ്റാൻ പാചകം തുടങ്ങി’! യൂറോപ്പിലെ ആദ്യ മലയാളി വൺ മില്യൻ യൂട്യൂബറുടെ ‘രുചിക്കഥ’

V.G. Nakul

Sub- Editor

neethu-new-1

ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കും. ചിലതിനു വേണ്ടി ചിലതൊക്കെ ത്യജിക്കേണ്ടിയും വരും. പക്ഷേ, അപ്പോഴൊക്കെയും പ്രിയപ്പെട്ട പലതും ചെയ്യാനും അവയിൽ വിജയിക്കാനുമുള്ള സാധ്യത എല്ലാവർക്കുമുണ്ട്. അതിന്റെ ഉദാഹരണമാണ് നീതു എന്ന ലണ്ടൻ മലയാളിയായ വീട്ടമ്മയുടെയും ‘മംമ്സ് ഡെയ്‌ലി’ എന്ന പാചക വ്ളോഗിന്റെയും കഥ.

രണ്ടു വർഷത്തിനിടെ ഒരു മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കിയ നീതുവിന്റെ ‘രുചിച്ചാനല്‍’ ആണ് ‘മാംമ്സ് ഡെയ്‌ലി’. യൂറോപ്പിലെ ആദ്യ മലയാളി വൺ മില്യൻ യൂട്യൂബർ എന്ന വിശേഷണവും തൃശ്ശൂർ, പുതുക്കാട് സ്വദേശിനിയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ നീതുവിന് സ്വന്തം.

ഇതിനോടകം വേറിട്ട രുചികൾ പരിചയപ്പെടുത്തുന്ന നൂറു കണക്കിന് വിഡിയോകളാണ് ‘മംമ്സ് ഡെയ്‌ലി’ യിലൂടെ ഭക്ഷണപ്രേമികളെ തേടിയെത്തിയിരിക്കുന്നത്.

പാകം തെറ്റാതെ, രുചി കുറയാതെ, യുട്യൂബ് ചാനലും കുടുംബവും ജോലിയും ഒന്നിച്ച് കൊണ്ടു പോകുന്നതിന്റെ വിശേഷങ്ങൾ ‘വനിത ഓൺലൈനു’ വേണ്ടി പങ്കുവയ്ക്കുകയാണ് നീതു.

ജോലി വിട്ട് കുടുംബത്തിനൊപ്പം

പതിനാല് വർഷം മുൻപ് ഭർത്താവ് ജോൺസണൊപ്പം ലണ്ടനിൽ എത്തിയതാണ് നീതു. പൂഞ്ഞാർ പാതാമ്പുഴ സ്വദേശിയായ ജോൺസൺ ലണ്ടനിൽ നഴ്സാണ്.

ലണ്ടനിലെത്തി, 3ആൺമക്കൾക്കു ശേഷം ഒരു മകൾ കൂടി ജനിച്ചപ്പോൾ, കുടുംബ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ നീതു ജോലി ഉപേക്ഷിച്ചു. ആൺമക്കൾ സ്കൂളിലും ഭർത്താവ് ജോലിക്കും പോയിക്കഴിഞ്ഞാൽ മോളും നീതുവും തനിച്ചാകും വീട്ടിൽ. മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ ആകെ ബോറടി. അതോടെയാണ് പാചക പരീക്ഷണങ്ങൾ തുടങ്ങിയത്. നാട്ടിൽ നിന്നു കൊണ്ടു വന്ന പാചകക്കുറിപ്പുകൾ നോക്കി സ്വന്തം രീതിയിൽ ചില ശ്രമങ്ങൾ തുടങ്ങി. അത്തരം പരീക്ഷണങ്ങൾക്ക് ഭർത്താവും മക്കളും നൂറിൽ നുറ് മാർക്കും കൊടുത്തതോടെ, എങ്കിൽ പിന്നെ മറ്റുള്ളവരിലേക്കും ഈ റെസിപ്പികൾ എത്തിക്കണം എന്നു തോന്നി. ആ കൗതുക ചിന്തയാണ് ‘മംമ്സ് ഡെയ്‌ലി’ എന്ന ചാനലിന്റെ പിറവിയിലേക്കെത്തിച്ചത്. ‘മമ്മി എല്ലാ ദിവസവും കുക്ക് ചെയ്യില്ലേ അതു കൊണ്ട് ചാനലിന്റെ പേര് Mummy Daily എന്നായാലോ ?’ എന്ന മകന്റെ ചോദ്യമാണ് ‘Mums Daily’ എന്ന പേരിന് പിന്നിൽ.

തുടക്കം മടുപ്പെങ്കിലും ഇപ്പോൾ ഉഷാർ

ചാനൽ തുടങ്ങി. ആദ്യം 15 വിഡിയോ ഇട്ടു. വീട്ടിൽ വിജയിച്ച രുചി വിഡിയോകൾ മാത്രമാണ് ചാനലിൽ ഇട്ടത്. തുടക്കം മടുപ്പായിരുന്നു. 20 വിഡിയോസിനു ശേഷം ഇട്ട ലെമൺ ജ്യൂസ് വിഡിയോ ഹിറ്റായതോടെയാണ് കാര്യങ്ങൾ ഉഷാറായത്. ആദ്യമൊക്കെ വെറും പത്തും അറുപതും വ്യൂവേഴ്സ് മാത്രമായിരുന്നെങ്കിൽ പതിയെപ്പതിയെ അതിന്റെ എണ്ണം കൂടി. ‘മംമ്സ് ഡെയ്‌ലി’ യെ രുചിപ്രേമികൾ ഏറ്റെടുക്കാൻ തുടങ്ങി. ഇപ്പോൾ ആഴ്ചയിൽ 14 വിഡിയോകൾ വരെ ഇടാറുണ്ട്. എല്ലാത്തിനും നല്ല റീച്ചും കിട്ടുന്നു.

neethu-new-2

വീണ്ടും ജോലിക്ക്

ചാനൽ തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും ജോലിക്ക് കയറി. പലയിടത്തും അപ്ലൈ ചെയ്തതിൽ നിന്ന് അനുകൂലമായ ഒന്ന് തേടി വന്നപ്പോൾ മടിച്ചു നിന്നില്ല. അങ്ങനെ 5 വർഷത്തെ ഇടവേള അവസാനിച്ചു.

ഇപ്പോൾ ഭർത്താവും 4 മക്കളുമടങ്ങുന്ന കുടുംബത്തിന്റെയും ചാനലിന്റെയും ജോലിയുടെയും തിരക്കുകൾ പരസ്പരം ബാധിക്കാതെ ഒപ്പം കൊണ്ടുപോകാൻ തനിക്ക് വലിയ ബുദ്ധിമുട്ട് തോന്നുന്നില്ല എന്ന് നീതു പറയുന്നു. ചാനലിൽ നിന്നു തെറ്റില്ലാത്ത വരുമാനവും ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

ഒൻപതാം ക്ലാസുകാരൻ ലിയം, എട്ടാം ക്ലാസുകാരൻ ജെയ്ഡൻ, ആറാം ക്ലാസുകാരൻ നൈതൻ, ഒന്നാം ക്ലാസിൽ പഠിക്കുന്ന മെഗൻ എന്നിവരാണ് നീതു – ജോൺസൺ ദമ്പതികളുടെ മക്കൾ. ഭർത്താവിന്റെയും മക്കളുടെയും കട്ട സപ്പോർട്ട് ആണ് തന്റെയും ‘മാംമ്സ് ഡെയ്‌ലി’യുടെയും വിജയരഹസ്യങ്ങളിൽ ഒന്നെന്ന് നീതു നിറഞ്ഞ ചിരിയോടെ പറയുന്നു.