Thursday 14 September 2023 03:16 PM IST : By സ്വന്തം ലേഖകൻ

പുതുരുചിയായി ശാർക്കര അമ്മക്കൂട്ടത്തിന്റെ അച്ചാറുകൾ; നാടിന്റെ നാവിൽ തൂശനിലയിൽ കാർഷികസദ്യ

ammakoottam-pickle-chirayankeezhu-food-news-cover ശാർക്കരയിലെ അമ്മക്കൂട്ടം: വത്സലപുതുക്കരി, സുബൈദ, സുജാത,സുകുമാരിയമ്മ, ജയ്ൻജസ്റ്റിൻ എന്നിവരോടൊപ്പം കൃഷിഭവൻ വനിത അസിസ്റ്റന്റുമാരായ വി.സിന്ധുവും എസ്.ജെ.കാർത്തികയും | Photo: Manorama Online

ചിറയിൻകീഴ് കൃഷിഭവന്റെ മുറ്റത്ത് തൂശനിലയിൽ അഞ്ച് അമ്മമാർ ഒരു സദ്യ വിളമ്പി. സ്വന്തം പറമ്പുകളിൽ കൃഷിചെയ്തെടുത്ത ഇഞ്ചി, നാരങ്ങ, മാങ്ങ, നെല്ലിക്ക, ബീറ്റ്റൂട്ട്, കോവയ്ക്ക, മുന്തിരി ഉൾപ്പെടെ പച്ചക്കറി–പഴ ഇനങ്ങൾ സഹിതം അൻപതോളം അച്ചാറുകൾ ഉൾപ്പെടുത്തിയാണ് തൂശനിലയിൽ അവർ കാർഷികസദ്യ വിളമ്പിയത്. അങ്ങനെ ഓണക്കാലത്തു അധികം വന്ന പഴം പച്ചക്കറി വിഭവങ്ങൾ അച്ചാറുകളാക്കി അഞ്ചംഗ അമ്മമാരുടെ കൃഷിക്കൂട്ടായ്മ സംഘം നാടിന്റെ തിളക്കമായി.

വത്സല പുതുക്കരി, സുബൈദ, സുജാത, സുകുമാരിയമ്മ, ജയ്ൻ ജസ്റ്റിൻ എന്നിവരാണ് ഈ അച്ചാർ പാചകവിദഗ്ധർ. ശാർക്കരയിലെ കൃഷിക്കൂട്ടത്തിൽ അംഗങ്ങളായ ഇവരുടെ പാചകനൈപുണ്യം ഇക്കഴിഞ്ഞ ഓണത്തിനു കൃഷിഓഫിസർ എസ്.ജയകുമാർ രുചിച്ചറിഞ്ഞതോടെയാണ് അമ്മക്കൂട്ടത്തിന്റെ അച്ചാറുകൾ പ്രദേശിക തലത്തിൽ ജനങ്ങൾക്കിടയിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിത്.

സ്വന്തം അച്ചാർ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണു ശാർക്കര കേന്ദ്രീകരിച്ചുള്ള അമ്മമാരുടെ കൂട്ടായ്മയിപ്പോൾ. ചിറയിൻകീഴ് കൃഷിഭവൻ ഓഫിസർ എസ്.ജയകുമാറിന്റെ മാർഗനിർദേശങ്ങളാണ് അച്ചാർ വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങൾക്കു തുണയായത്.

ആഘോഷാവസരങ്ങളിൽ വീടുകളിൽ തയാറാക്കുന്ന അച്ചാറുകൾക്കു മുൻകൂർ ബുക്കിങ് ഉണ്ടാവും. ലാഭം കുറവാണെങ്കിലും അടുപ്പക്കാർക്കും അയൽപക്കത്തുള്ളവർക്കും ബന്ധുജനങ്ങൾക്കും അച്ചാറുകൾ നൽകി തങ്ങളുടെ പ്രോഡക്റ്റിനു ഗുഡ് സർട്ടിഫിക്കറ്റ് നേടുകയെന്ന ദൗത്യമായിരുന്നു നാളിതുവരെ ചെയ്തുവന്നിരുന്നത്. പാചകവൈദഗ്ധ്യം നാട്ടിൽ പാട്ടായതോടെ ആവശ്യക്കാർ കൂടി. അമ്മമാരുടെ കൈപ്പുണ്യം വരും നാളുകളിൽ നാടിനു മുതൽക്കൂട്ടാവുമെന്നാണു കൃഷി ഓഫിസർ എസ്.ജയകുമാറും കൃഷി അസിസ്റ്റന്റുമാരായ വി.സിന്ധു, എസ്. ജെ. കാർത്തിക, പെസ്റ്റ്സ്കൗട്ട് ബി. ഗുരുദത്ത് എന്നിവരും പ്രതീക്ഷിക്കുന്നത്.