കുക്ക് ബുക്ക് രചയിതാവും ഫൂഡ് ബ്ലോഗറും ക്യൂലിനറി ഡെമണ്‍സ്‌ട്രേറ്ററും ഫോട്ടോഗ്രഫറുമായ നിമി സുനില്‍കുമാര്‍ വനിത ഓണ്‍ലൈനിനു വേണ്ടി തയാറാക്കിയ സ്‌പെഷല്‍ ഈദ് റെസിപീസ്.
സുഗന്ധവ്യഞ്ജനങ്ങളും നെയ്യും കുറച്ചേറെ ചേര്‍ത്ത് തയാറാക്കുന്ന പ്രത്യേകതരം സ്‌പൈസി റൈസ് ആണ് സൗത്ത് ഏഷ്യന്‍ വിഭവമായ കുസ്‌ക. ഖുഷ്‌ക എന്നും ചിലയിടങ്ങളില്‍ ഇതിനു പേരുണ്ട്. വെജിറ്റേരിയന്‍, നോണ്‍ വെജിറ്റേരിയന്‍ വെറൈറ്റികളില്‍ കുസ്‌ക തയാറാക്കാം. നോണ്‍ വെജിറ്റേരിയന് സ്വാദേറും. കുറുമ എന്നു പൊതുവില്‍ പറയാറുള്ള കുര്‍മ അഥവാ കൊര്‍മയാണ് കുസ്‌കയുടെ കൂടെ ബെസ്റ്റ് കോമ്പിനേഷന്‍. കുസ്‌കയ്ക്ക് കൂടുതല്‍ ആരാധകരുള്ളത് ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് തമിഴ്‌നാട്ടിലാണ്. മൂന്നാര്‍ ഭാഗത്തുള്ള തമിഴ് മുസ്ലിം വിഭാഗക്കാരുണ്ടാക്കുന്ന കുസ്‌കയ്ക്ക് പറഞ്ഞറിയിക്കാനാകാത്ത രുചിയാണ്.
നോണ്‍ വെജിറ്റേരിയന്‍ കുസ്‌കളില്‍ ഏറ്റവും സ്വാദിഷ്ടമായ മൂന്നാറിലെ ആ സ്‌പെഷല്‍ കുസ്‌കയും, കുര്‍മയ്ക്കു പകരം ശ്രീലങ്കന്‍ സ്‌പൈസി സോയ ചിക്കനും റെയര്‍ കോമ്പോയാക്കി ഇത്തവണത്തെ ഈദിന് ഒരു സര്‍പ്രൈസ് വിരുന്ന് നല്‍കിക്കോളൂ. കുസ്‌കയും ശ്രീലങ്കന്‍ ചിക്കനും കഴിച്ച് 'ഹോട്ട്' ആയിരിക്കുമ്പോള്‍ ആസ്വദിച്ചു നുണഞ്ഞ് ഉള്ളു തണുപ്പിക്കാന്‍ ബദാം ഖീറും കൂടി മേശപ്പുറത്തെത്തിയാല്‍ പുയ്യാപ്ല അറിയാതെ പറഞ്ഞു പോകും 'ഈദ് വിരുന്ന് ഡബിള്‍ ഉസാറായല്ലോ ചങ്ങായിയേ!!!!'
മട്ടണ്‍ കുസ്‌ക

മട്ടണ്‍ പീസസ് - 1/2 കിലോഗ്രാം
ബസ്മതി അരി - 2 കപ്പ്
മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
കശ്മീരി മുളകുപൊടി- 2 ടേബിള്‍ സ്പൂണ്‍
സവാള അരിഞ്ഞത് - 4 (വലുത്)
പച്ചമുളക്-3
തക്കാളി അരിഞ്ഞത്-1
ഇഞ്ചി- 1 കഷണം
വെളുത്തുള്ളി- 7-8 അല്ലികള്‍
കുരുമുളക്-1/2 ടീസ്പൂണ്‍
പെരുംജീരകം -1/2 ടീസ്പൂണ്‍
ഏലക്ക -3
ഗ്രാമ്പൂ-3
കറുവാപട്ട- ഒരു കഷണം
കറിവേപ്പില- ആവശ്യത്തിന്
പുതിയില അരിഞ്ഞത്-1/4 കപ്പ്
മല്ലിയില അരിഞ്ഞത്-3/4 കപ്പ്
ചിരകിയ തേങ്ങ- 1
നെയ്യ്
പാചകഎണ്ണ
ഉപ്പ്
ബസ്മതി അരി കഴുകി വെള്ളം വാറ്റി വയ്ക്കുക. 1/2 ടീസ്പൂണ്‍ മഞ്ഞള്‍പൊടിയും 1 ടേബിള്‍ സ്പൂണ്‍ കശ്മീരി മുളകുപൊടിയും ഉപ്പും വെള്ളവും ചേര്‍ത്ത് മട്ടണ്‍ കഷണങ്ങള്‍ പ്രഷര്‍ കുക്കറില്‍ വേവിക്കുക. മട്ടണ്‍ വേവിച്ച വെള്ളം മാറ്റിവയ്ക്കുക. ചുവടു കട്ടിയുള്ള അല്‍പം വലിയ പാത്രം അടുപ്പില്‍ വ്ച്ച് 2 ടേബിള്‍ സ്പൂണ്‍ നെയ്യ് ഒഴിക്കുക. വെള്ളം വാറ്റിയെടുത്ത അരി ഇതില്‍ വഴറ്റി മാറ്റി വയ്ക്കുക. ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റ് ആക്കുക. ചുരണ്ടിയ തേങ്ങയില്‍ നിന്ന് തേങ്ങാപ്പാലെടുത്ത് മട്ടണ്‍ വേവിച്ച വെള്ളവുമായി മിക്‌സ് ചെയ്യുക. ഇതേ പാത്രത്തില്‍ 1 ടേ.സ്പൂണ്‍ നെയ്യും 2 ടേ. സ്പൂണ്‍ പാചകഎണ്ണയും ഒഴിച്ച് കറുവാപട്ടയും ഗ്രാമ്പൂവും ഏലക്കയും വറുക്കുക. സവാള, വെളുത്തുള്ളി -ഇഞ്ചി പേസ്റ്റ്, മുറിക്കാത്ത പച്ചമുളക് എന്നിവ നല്ലപോലെ വഴറ്റുക.തക്കാളി, കറിവേപ്പില, പുതിനയില, മല്ലിയില എന്നിവ ചേര്‍ത്ത് നല്ല മണം വരുന്നതു വരെ ഇളക്കിക്കൊടുക്കുക.
1/2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 2 ടീസ്പൂണ്‍ മുളകുപൊടി, 2 ടീസ്പൂണ്‍ ഇറച്ചിമസാലപ്പൊടി എന്നിവ ചേര്‍ക്കുക. മട്ടണ്‍ കഷണങ്ങളും ബസ്മതി അരിയും ചേര്‍ത്തിളക്കുക. 4 കപ്പ് തേങ്ങാപ്പാല്‍- മട്ടണ്‍സ്റ്റോക്ക് മിശ്രിതം ഇതിലേക്ക് ഒഴിക്കുക. തിളയ്ക്കുമ്പോള്‍ ഉപ്പ് ചേര്‍ക്കുക. മൂടി കൊണ്ട് അടച്ച് മിതമായ ഫ്‌ളെയിമില്‍ വേവിക്കുക. വെന്തുകഴിയുമ്പോള്‍ വെള്ളം വറ്റി, ചോറിന് പ്രത്യേക സ്വാദ് വന്നിരിക്കും.
ശ്രീലങ്കന്‍ സ്‌പൈസി സോയ ചിക്കന്‍

ചിക്കന്‍ -2 കിലോ
വെളിച്ചെണ്ണ- 3 ടേ. സ്പൂണ്‍
ഏലക്ക-5
കറുവാപട്ട- 2 ചെറിയ കഷണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- 3 ടേ. സ്പൂണ്‍
കശ്മീരി മുളകുപൊടി- 3 ടേ. സ്പൂണ്‍
സവാള- കനം കുറച്ച് അരിഞ്ഞത്(2 എണ്ണം)
ലെമണ്‍ ഗ്രാസ്- 2 സെ.മീ നീളത്തില്‍ (വേണമെങ്കില്‍ മാത്രം)
സോയാസോസ് - 2 ടേ. സ്പൂണ്‍
തേങ്ങാപ്പാല്‍- അരക്കപ്പ്
ഗരംമസാല- 1 ടീസ്പൂണ്‍(വേണമെങ്കില്‍ മാത്രം)
ചുവന്നമുളക് ചതച്ചത്- 1 ടീസ്പൂണ്‍
കറിവേപ്പില
ഉപ്പ്
പാന്‍ ചൂടാക്കി എണ്ണയൊഴിച്ച് ഏലക്കയും പട്ടയും ഇടുക. ഇത് പൊട്ടുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് മൂപ്പിക്കുക. സവാളയിട്ട് വാടുമ്പോള്‍ ചതച്ച മുളക് ചേര്‍ത്ത് വാട്ടുക. മുളകുപൊടി, ഗരം മസാല, സോയ സോസ്, ചിക്കന്‍ എന്നിവ ചേര്‍ത്ത്, ആ ഗ്രേവി ചിക്കനില്‍ നല്ലതുപോലെ പുരട്ടിയെടുക്കുക. 2 ടേബിള്‍ സ്പൂണ്‍ വെള്ളമൊഴിച്ച് അടച്ചുവച്ച് വേവിക്കുക. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം. വെന്തുവരുമ്പോള്‍ തേങ്ങാപ്പാലും ലെമണ്‍ ഗ്രാസും ചേര്‍ത്ത് ഒന്നുകൂടി ഇളക്കി വേവിക്കുക. തേങ്ങാപ്പാല്‍ കുറുകി വരുമ്പോള്‍ തീ ഓഫ് ചെയ്ത് കറിവേപ്പില ചേര്‍ത്ത് ഇറക്കി വയ്ക്കാം. (കടുത്ത ചുവന്നനിറത്തില്‍ ചിക്കന്‍ പിരളന്‍ പോലെ ഗ്രേവി കുറഞ്ഞിരിക്കുന്നതാണ് ശ്രീലങ്കന്‍ സ്‌പൈസി സോയ ചിക്കന്‍)
ബദാം ഖീര്‍

(മൂന്ന് ഗ്ലാസിന്)
ബദാം- 30 ഗ്രാം
പഞ്ചസാര-100ഗ്രാം(കൂടുതല്‍ മധുരം ഇഷ്ടമുള്ളവര്‍ക്ക് കൂടുതല്‍ ചേര്‍ക്കാം)
പാല്‍-700ml
റവ- 6 ടേ.സ്പൂണ്‍
വനില എസ്സന്‍സ്(വേണമെങ്കില്‍ മാത്രം)
അലങ്കരിക്കാന്‍:
പിസ്ത (ചെറുതായി അരിഞ്ഞത്) - 6
ചെറി (ചെറുതായി അരിഞ്ഞത്)- 4
ബദാം വെള്ളത്തിലിട്ട് 5-10 മിനിറ്റ് തിളപ്പിക്കുക. തൊലി അടര്‍ത്തിയെടുത്ത ശേഷം ബദാം മിക്‌സിയിലിട്ട് 2-3 ടേ. സ്പൂണ്‍ വെള്ളമൊഴിച്ച് സ്മൂത് ആകുന്നതു വരെ അരയ്ക്കുക. പാന്‍ വച്ച് പാലൊഴിക്കുക(വാനില എസ്സന്‍സ് വേണ്ടവര്‍ക്ക് പാലിനൊപ്പം എസ്സന്‍സ് ചേര്‍ക്കാം). ചൂടാകുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കുക. ബദാം പേസ്റ്റും ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിക്കുക. 5 മിനിറ്റിനു ശേഷം റവ ചേര്‍ക്കുമ്പോള്‍ മിശ്രിതം കുറുകിത്തുടങ്ങും. 10 മിനിറ്റിനകം മിശ്രിതത്തിന് കട്ടി കൂടിവരുന്നതു കാണാം. കട്ടിയായി വന്നു തുടങ്ങുമ്പോള്‍ തന്നെ തീ ഓഫ് ചെയ്യാം. സെര്‍വിങ് ഗ്ലാസില്‍ പകുതിയോളം ഇതൊഴിച്ച് മുറിച്ച പിസ്തയും ചെറിയും വിതറാം. അതിനുശേഷം ഗ്ലാസിന്റെ ബാക്കി കൂടി മിക്‌സ് നിറയ്ക്കാം. മുകളില്‍ വീണ്ടും പിസ്തയും ചെറിയും വിതറി അലങ്കരിക്കാം.
(പാചകരംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ഗോര്‍മോണ്ട് വേള്‍ഡ് കുക്ക് ബുക്ക് അവാര്‍ഡ് നേടിയ 'ഫോര്‍ ഒ ക്ലോക് ടെംപ്‌റ്റേഷന്‍സ് ഓഫ് കേരള' , ഗോര്‍മണ്ട് വേള്‍ഡ് കുക്ക് ബുക്ക് മത്സരത്തില്‍ മികച്ച പ്രാദേശിക പാചകപുസ്തകത്തിനുള്ള മൂന്നാം സ്ഥാനം നേടിയ 'ലിപ് സ്മാക്കിങ് ഡിഷസ് ഓഫ് കേരള' എന്നീ പുസ്തകങ്ങളുടെ രചയിതാവാണ് നിമി. ഗോര്‍മണ്ട് ഇന്റര്‍നാഷണല്‍ ബെസ്റ്റ് ഷോ കിച്ചന്‍ പുരസ്‌കാരവും നിമിക്കു കിട്ടിയിട്ടുണ്ട്.)