പഴങ്കഞ്ഞിക്കു തൊട്ടുകൂട്ടാൻ അടച്ചൂറ്റിപ്പലകയിൽ തയാറാക്കുന്ന കാന്താരിച്ചമ്മന്തി മുതൽ പനിക്കിടക്കയിൽ ആവി പൊന്തുന്ന കഞ്ഞിക്കൊപ്പം എത്തുന്ന ഇഞ്ചിച്ചമ്മന്തി വരെ നമ്മുടെ രുചിയോർമകൾക്ക് എരിവു പകരുന്ന എത്രയോ ചമ്മന്തികൾ. ചോറിനും കഞ്ഞിക്കും ഒപ്പം മാത്രമല്ല, ഇഡ്ഡലിക്കും ദോശയ്ക്കും വടയ്ക്കും കപ്പപ്പുഴുക്കിനും വരെ ഒന്നാന്തരം കൂട്ടുകാരനാണ് ചമ്മന്തി. ചമ്മന്തിക്കുള്ള തേങ്ങയ്ക്കും ഉണ്ട് കൃത്യമായ പാകം.
വിളഞ്ഞ തേങ്ങ കൊണ്ടുള്ള ചമ്മന്തിക്കാണ് രുചി കൂടുതൽ. എന്നു കരുതി ഉണങ്ങിയ തേങ്ങ കളയേണ്ട. ഉണക്കത്തേങ്ങ കഷണങ്ങളാക്കി ചുവന്നുള്ളിയ്ക്കും വറ്റൽമുളകിനും ഒപ്പം കനലിൽ ചുട്ടെടുത്ത് അരച്ചും ചമ്മന്തി തയാറാക്കാം. ചമ്മന്തി അധികം അരയാൻ പാടില്ല. എന്നാൽ ചതച്ച പരുവവും ആകരുത്. വായിലിട്ടാൽ അൽപം തരുതരുപ്പോടെ അലിഞ്ഞിറങ്ങുന്ന എരിവ്. അതാണ് ചമ്മന്തിയുടെ യഥാർഥ പാകം.
ഇരുമ്പൻപുളി ചമ്മന്തി
1. ഇരുമ്പൻപുളി – മൂന്ന്
2. വറ്റൽമുളക് – രണ്ട്
3. ചുവന്നുള്ളി – രണ്ട്
4. ഉപ്പ്, വെളിച്ചെണ്ണ – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ ഇരുമ്പൻപുളിയും വറ്റൽമുളകും ഈർക്കിലിയിൽ വെവ്വേറെ കോർത്തു കനലിലിട്ടു ചുട്ടെടുക്കുക.
∙ ഇവ രണ്ടും കൈകൊണ്ടു നന്നായി തിരുമ്മി യോജിപ്പിക്കണം.
∙ ചുവന്നുള്ളി കല്ലിൽ വച്ചു ചതയ്ക്കുക. വറ്റൽമുളകിനു പകരം കാന്താരിയാണ് ഉപയോഗിക്കുന്നതെങ്കിൽ ചുവന്നുള്ളിക്കൊപ്പം ചതച്ചെടുക്കണം.
∙ ഇത് ഇരുമ്പൻപുളി മിശ്രിതത്തിൽ ചേർത്തു യോജിപ്പിക്കുക.
∙ ഉപ്പും വെളിച്ചെണ്ണയും ചേർത്തു വിളമ്പാം.
(രണ്ടു വറ്റൽമുളകിനു പകരം മൂന്നു കാന്താരി ചേർക്കാം)

കൂട്ടുചമ്മന്തി
1. നെല്ലിക്ക – രണ്ട്, കുരു കളഞ്ഞത്
ലോലോലിക്ക – നാല്, കുരു കളഞ്ഞത്
അരിനെല്ലിക്ക – ആറ്, അരി കളഞ്ഞത്
വെള്ളക്കാന്താരി – ആറ്
ചുവന്നുള്ളി – നാല്
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – പാകത്തിന്
2. വെളിച്ചെണ്ണ – പാകത്തിന് (ആവശ്യമെങ്കിൽ)
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ മിക്സിയിലാക്കി നന്നായി അരച്ചെടുക്കുക.
∙ ഇതിലേക്കു വെളിച്ചെണ്ണ ചേർത്തു വിളമ്പാം.
