വിദേശത്തു നിന്നും കപ്പൽ കയറി ഇന്ത്യയിലെത്തിയതാണ് കപ്പ എന്ന വിഭവം. കേരളത്തിൽ കപ്പ ആദ്യമായി വന്നത് രണ്ടാം ലോകമാഹായുദ്ധ കാലത്താണ്. അന്നു പട്ടിണിയിൽ ആണ്ടുപോയ ജനതയെ രക്ഷപെടുത്താൻ വിശാഖം തിരുനാൾ രാമ വർമ്മ മഹാരാജാവാണ് അരിക്കു പകരം കപ്പ എന്ന വിഭവം പരിചയപ്പെടുത്തുന്നത്. പിന്നീട് കേരളീയരുടെ പ്രിയപ്പെട്ട വിഭവമായി മാറി എന്നു മാത്രമല്ല പഞ്ചനക്ഷത്ര ഹോട്ടലുകളിലെ മെനു പട്ടികയിൽ വരെ ഇടം നേടിയിരിക്കുകയാണ് ഇപ്പോൾ കപ്പ. ചെണ്ടമുറിയൻ കപ്പ, കപ്പ പുഴുങ്ങിയത്, കപ്പ ബിരിയാണി, കപ്പ വറുത്തത് തുടങ്ങി ഇപ്പോൾ ട്രെൻഡിങ് ആയ പാൽ കപ്പ വരെ എത്തിനിൽക്കുന്നു കപ്പ വിഭവങ്ങൾ.
ഇതാ കപ്പ കൊണ്ടു തയാറാക്കാൻ ഒരു പിടി വിഭവങ്ങൾ..
പാല് കപ്പ്
1.കപ്പ – ഒരു കിലോ
2.വെള്ളം – പാകത്തിന്
ഉപ്പ് – പാകത്തിന്
3.ചുവന്നുള്ളി – പത്ത്
വെളുത്തുള്ളി – ആറ് അല്ലി
ജീരകം – അര ചെറിയ സ്പൂൺ
പച്ചമുളക് – നാല്
കറിവേപ്പില – ഒരു തണ്ട്
4.തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത രണ്ടാം പാൽ – ഒരു കപ്പ്
5.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
കടുക് – അര ചെറിയ സ്പൂൺ
വറ്റൽമുളക് – രണ്ട്
കറിവേപ്പില – ഒരു തണ്ട്
6.തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാംപാൽ – ഒരു കപ്പ്
പാകം ചെയ്യുന്ന വിധം
∙കപ്പ നന്നായി കഴുകി ചെറിയ കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചേർത്ത് ഉടഞ്ഞു വരുന്ന പരുവത്തിൽ വേവിച്ച് ഊറ്റി വയ്ക്കുക.
∙മൂന്നാമത്തെ ചേരുവ ചതച്ച് കപ്പയിൽ ചേർത്ത് നന്നായി ഉടയ്ക്കുക.
∙ഇതിലേക്കു തേങ്ങാപ്പാൽ ചേർത്തു നന്നായി തിളപ്പിച്ചെടുക്കാം.
∙പാനിൽ അഞ്ചാമത്തെ ചേരുവ താളിച്ച് ഇതിലേക്കു കപ്പ് ചേർക്കുക.
∙തേങ്ങയുടെ ഒന്നാംപാലും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് കുറുകി വരുമ്പോൾ വാങ്ങാം.

കപ്പ കോഴിക്കാൽ
കാൽ കിലോ കപ്പ തൊലി കളഞ്ഞു ഈർക്കിലി കനത്തിൽ രണ്ടിഞ്ചു നീളത്തിൽ അരിയണം. അര സ്പൂൺ പെരുംജീരകം തരുതരുപ്പായി പൊടിച്ചത്, നാല് അല്ലി വെളുത്തുള്ളി ചതച്ചത്, അര ചെറിയ സ്പൂൺ മുളകുപൊടി, ഒരു ചെറിയ കഷണം ഇഞ്ചി അരിഞ്ഞത്, രണ്ടു പച്ചമുളക് അരിഞ്ഞത് എന്നിവ പാകത്തിനുപ്പും അരക്കപ്പ് മൈദയും ഒരു കപ്പ് കടലമാവും ചേർത്തു പാകത്തിനു വെള്ളമൊഴിച്ചു കട്ടിയായി കലക്കണം. ഇതിൽ കപ്പ അരിഞ്ഞതിട്ടു കുഴച്ച്, അഞ്ചെണ്ണം വീതം വിരൽത്തുമ്പു കൊണ്ടു കൂട്ടിപ്പിടിച്ചെടുത്ത് ഒന്നമർത്തി ചൂടായ എണ്ണയിലിട്ടു വറുത്തു കോരുക.

കപ്പ പപ്പടം
250 ഗ്രാം കപ്പ അരിഞ്ഞ് മിക്സിയിൽ അരച്ചെടുക്കുക. 50 ഗ്രാം ചൗവ്വരി എട്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുണം. രണ്ടു ലിറ്റർ വെള്ളം തിളപ്പിച്ച് പാകത്തിന് ഉപ്പും 10 കാന്താരി ചതച്ചതും അരച്ചു വച്ച കപ്പയും കുതിർത്ത ചൗവ്വരിയും ചേർത്തു കുറുക്കുക. വാങ്ങി വച്ച ശേഷം രണ്ടു വലിയ സ്പൂൺ എള്ളു ചേർത്തിളക്കണം. ചൂടാറിയ ശേഷം വലിയ നെല്ലിക്ക വലുപ്പത്തിൽ എടുത്ത് ബട്ടർ പേപ്പറിൽ കൈ കൊണ്ടു പരത്തണം. മൂന്നു–നാലു ദിവസം വെയിലത്തു വച്ച് ഉണക്കുക. കുപ്പിയിലാക്കി സൂക്ഷിച്ച്, ആവശ്യാനുസരണം എണ്ണയിൽ വറുത്ത് ഉപയോഗിക്കാം.

കപ്പ ദോശ

ഒരു കപ്പ് പച്ചരി കുതിർത്തു വയ്ക്കുക. അരക്കിലോ കപ്പ അരിഞ്ഞ് രണ്ടു മണിക്കൂർ വെള്ളത്തിലിട്ടു വയ്ക്കണം. പിന്നീട് കപ്പയും പച്ചരിയും തേങ്ങ ചുരണ്ടിയത് ഒരു കപ്പും ഒരു ചെറിയ സ്പൂൺ ജീരകവും പാകത്തിനുപ്പും ഒരു തണ്ടു കറിവേപ്പിലയും ചേര്ത്തു ദോശമാവിന്റെ അയവിൽ അരയ്ക്കുക. അധികം പുളിക്കും മുൻപ് ദോശപോലെ ചുട്ടെടുക്കാം.