ചില രുചികള്‍ നാവില്‍ നിന്നും മനസ്സില്‍ നിന്നും പോവില്ല... ഒരു തവണ കഴിച്ച് പിന്നീട് ഓര്‍ക്കുമ്പോള്‍ വീണ്ടും അത് കഴിക്കാന്‍ കിട്ടിയിരുന്നെങ്കിലോ എന്ന് കൊതിച്ചു പോകും. അമ്പലപ്പുഴ പാല്‍പ്പായസം, കൊട്ടാരക്കര ഉണ്ണിയപ്പം, ഗുരുവായൂര്‍ കണ്ണന്റെ വെണ്ണയും പഴവും പഞ്ചസാരയും, വാഴപ്പള്ളി ഒറ്റയപ്പം, തൂണിയരി പായസം എന്നിവയെല്ലാം അക്കൂട്ടത്തില്‍ പെടുന്നു. ക്ഷേത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിശിഷ്ടമായ പ്രസാദങ്ങളാണ് ഭക്തരുടെയും സാധാരണക്കാരുടെയും വയറും മനസ്സും നിറയ്ക്കുന്നത്. കേരളത്തിലെ പ്രശസ്തമായ ചില ക്ഷേത്രങ്ങളും അവിടുത്തെ പ്രധാന പ്രസാദങ്ങളും പരിചയപ്പെടാം...
അമ്പലപ്പുഴ പാല്‍പ്പായസം

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ പ്രസിദ്ധമായ നിവേദ്യമാണ് അമ്പലപ്പുഴ പാൽപ്പായസം. ഇത് ഏർപ്പെടുത്തിയത് ചെമ്പകശ്ശേരി രാജാവാണ്. വെള്ളവും പാലും അരിയും പഞ്ചസാരയും മാത്രമാണ് അമ്പലപ്പുഴ പാൽപ്പായസത്തിന്റെ ചേരുവകൾ.
കഷായത്തിലെന്ന പോലെ ധാരാളം വെള്ളത്തിൽ പാല്‍ വേവിച്ചെടുക്കുന്നതു കൊണ്ട് 'ഗോപാല കഷായം' എന്നും വിളിപ്പേരുണ്ട്. സ്വര്‍ണ്ണനിറവും പ്രത്യേകമായ സുഗന്ധവും സ്വാദും കൊണ്ട് ഭക്തരുടെ ഇഷ്ട പ്രസാദമാണ് അമ്പലപ്പുഴ പാല്‍പ്പായസം.
കൊട്ടാരക്കര ഉണ്ണിയപ്പം
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പ്രശസ്തമായ വഴിപാടാണ് കൊട്ടാരക്കര ഉണ്ണിയപ്പം. വിഗ്രഹം കൊത്തി കൊട്ടാരക്കരയിൽ ഗണപതിയെ പ്രതിഷ്ഠിച്ച ശില്‍പിയായ പെരുന്തച്ചന്റെ ആദ്യ വഴിപാട് കൂടിയാണിത്. ആറോ, ഏഴോ ഉണ്ണിയപ്പങ്ങള്‍ നൂലില്‍ കോര്‍ത്താണ് വഴിപാടായി സമർപ്പിച്ചത്, ഇതിനെ കൂട്ടപ്പം എന്നും വിളിക്കുന്നു.

ഗണപതിക്ക് പ്രിയപ്പെട്ട നിവേദ്യം ആയ ഉണ്ണിയപ്പം അദ്ദേഹത്തിന്റെ മുന്നിൽ തന്നെ പാകം ചെയ്യണം. അതിനാൽ, ഗണപതിയുടെ ശ്രീകോവിലിന് മുന്നിലാണ് ഉണ്ണിയപ്പം തയാറാക്കാൻ തീ കത്തിക്കുന്നത്. മാത്രമല്ല, ശ്രീകോവിൽ തുറന്നതിനുശേഷം മാത്രമേ ഉണ്ണിയപ്പം ഉണ്ടാക്കൂ.
പച്ച അരി, ശർക്കര, കടലി - ഒരു തരം വാഴപ്പഴം, നെയ്യ്, പഞ്ചസാര എന്നിവയാണ് ഉണ്ണിയപ്പം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചേരുവകൾ. പുലർച്ചെ മുതൽ സന്ധ്യ വരെ ഉണ്ണിയപ്പം ഉണ്ടാക്കി സന്ധ്യാസമയത്ത് ഭഗവാന് സമർപ്പിക്കുന്നു. പിന്നീട് ഇത് ഭക്തർക്ക് സൗജന്യമായി വിതരണം ചെയ്യുന്നു. ഈ വഴിപാട് ഉദയാസ്തമന പൂജ എന്നറിയപ്പെടുന്നു.
മഞ്ച് ചോക്ലേറ്റ് പ്രസാദം
ആലപ്പുഴയിലെ തലവടി ബാലമുരുക ക്ഷേത്രത്തിലാണ് മഞ്ച് ചോക്ലേറ്റ് പ്രസാദമായി ലഭിക്കുന്നത്. തെക്കൻ പഴനി എന്നറിയപ്പെടുന്ന കേരളത്തിലെ മുരുകക്ഷേത്രമാണ് തലവടിയിലേത്. മുരുകൻ കുട്ടിയായി ദര്‍ശനം നല്‍കുന്നു എന്ന സങ്കൽപ്പത്തിലാണ് ഇവിടുത്തെ പൂജ. അതുകൊണ്ടുതന്നെ കുട്ടികൾ ധാരാളമായി ഇവിടെയെത്തുകയും അവരുടെ ആഗ്രഹങ്ങൾ പറയുകയും ചെയ്യുന്നു.

അങ്ങനെ ഒരു ദിവസമാണ് ഒരു കുട്ടി മഞ്ച് ചോക്ലേറ്റ് വഴിപാടായി സമർപ്പിച്ചത്. പരീക്ഷയ്ക്ക് നല്ല മാർക്ക് നേടാൻ വേണ്ടി നടത്തിയ മഞ്ച് വഴിപാട് വിജയിച്ചതോടെ മറ്റു കുട്ടികളും ഇതേ ആവശ്യത്തിന് മഞ്ച് വഴിപാടായി നല്‍കി. ഇതോടെ മുതിർന്നവരും ഈ വഴിപാട് ഏറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ വലിയ പെട്ടികളിലാണ് പലരും മഞ്ച് വാങ്ങി സമർപ്പിക്കുന്നത്.
ഗുരുവായൂര്‍ വെണ്ണയും പഴവും പഞ്ചസാരയും
ഗുരുവായൂര്‍ കണ്ണന്റെ ഏറ്റവും പ്രധാന പ്രസാദമാണ് വെണ്ണയും പഞ്ചസാരയും പഴവും. ഇവിടുത്തെ പഞ്ചസാര എന്ന് പറഞ്ഞാൽ സാധാരണ പഞ്ചസാരയല്ല, നല്ല പൊടിച്ചെടുത്ത പ്രത്യേക രുചിയുള്ള പഞ്ചസാരയാണ് ഭക്തര്‍ക്ക് നല്‍കുന്നത്. ഒപ്പം കണ്ണനു ഏറ്റവും ഇഷ്ടപ്പെട്ട വെണ്ണയും... വെണ്ണയും പഞ്ചസാരയും പഴവും കൂട്ടി കഴിക്കുമ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത രുചിയാണ്.
ശബരിമല അരവണപ്പായസം
ശബരിമല ക്ഷേത്രത്തിലെ അരവണപ്പായസം പ്രസിദ്ധമാണ്. നിവേദ്യത്തിന് വേണ്ടിയുണ്ടാക്കുന്ന കട്ടിപ്പായസമാണ് അരവണ. മറ്റു പായസങ്ങളെ അപേക്ഷിച്ച് ഏറേനാൾ കേടാവാതെ ഇരിക്കും എന്നതാണ് അരവണ പായസത്തിന്റെ പ്രത്യേകത. നെയ്യും ശർക്കരയും സാധാരണ പായസത്തേക്കാൾ കൂടുതൽ അളവിൽ ചേർക്കുന്നതിനാൽ വളരെ കുറച്ച് അളവിൽ മാത്രമേ ഇത് കഴിക്കാന്‍ സാധിക്കാറുള്ളൂ..

വാഴപ്പള്ളി ഒറ്റയപ്പം
വാഴപ്പള്ളി മഹാശിവക്ഷേത്രത്തിലെ ഗണപതിക്ഷേത്രത്തിൽ നിത്യവുമുള്ള നിവേദ്യമാണ് വാഴപ്പള്ളി ഗണപതിയപ്പം. വാഴപ്പള്ളി ഒറ്റയപ്പം എന്നും അറിയപ്പെടുന്നു. പഴയ തിരുവിതാംകൂർ നാണയമായിരുന്ന പണം എന്ന നാണയമാണ് ഇതിന്റെ അളവായി ഇന്നും കണക്കാക്കുന്നത്.
സ്വയംഭൂവായ ഗണപതി പ്രതിഷ്ഠയ്ക്കു മുൻപിൽ ആദ്യമായി നേദിച്ചത് ഈ ഒറ്റയപ്പം ആയിരുന്നു എന്നാണ് വിശ്വാസം. വിഘ്ന നിവാരണത്തിന് വാഴപ്പള്ളി ഗണപതിയപ്പനു ഒറ്റയപ്പം നിവേദ്യം വഴിപാടായി കഴിപ്പിച്ചാൽ മതിയാകുമെന്നാണ് ഭക്തര്‍ പറയുന്നത്.
തൂണിയരി പായസം
പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് മലയാലപ്പുഴ ശ്രീഭഗവതി ക്ഷേത്രം. ഇവിടുത്തെ പ്രധാന വഴിപാടാണ് തൂണിയരിപ്പായസം. കളവ് മുതല്‍ തിരിച്ച് കിട്ടാനും ജോലി നേടാനും ദാമ്പത്യ സൗഖ്യത്തിനും മലയാലപ്പുഴയില്‍ ശർക്കര തൂണിയരിപ്പായസം വഴിപാട് കഴിക്കണം എന്നാണ് വിശ്വാസം.
കോഴിയിറച്ചി പ്രസാദം
കോഴിയിറച്ചി പ്രസാദമായി വിളമ്പുന്ന ക്ഷേത്രമാണ് കണ്ണൂര്‍ മാടായിക്കാവ് ക്ഷേത്രം. കോഴിയിറച്ചി നിവേദ്യമായി ദേവിക്ക് അര്‍പ്പിച്ചതിന് ശേഷമാണ് പ്രസാദമായി ഭക്തര്‍ക്ക് നല്‍കുക. ഈ ക്ഷേത്രത്തിലെ പൂജാരിമാർ മാംസം കഴിക്കുന്നവരാണ്. പിടാരർ എന്ന് അറിയപ്പെടുന്ന ഇവർ ഒറിയ ബ്രാഹ്മിണ സമുദായത്തിൽപ്പെട്ടവരാണ്.
പഴയനാളുകളിൽ പല ദേവാലയങ്ങളിലും ബലിദാനവും മാംസത്തിന്റെ സമർപ്പണവും വളരെ സാധാരണമായിരുന്നു. എന്നാല്‍ കാലക്രമേണ ക്ഷേത്രങ്ങളില്‍ ഇത് നിർത്തിയിട്ടുണ്ടെങ്കിലും, മാടായിക്കാവിൽ ഈ ആചാരം ഇപ്പോഴും പിന്തുടരുന്നു.