ചേർത്തു നിർത്തുന്ന സ്നേഹം. അതേ സ്നേഹം ചേർത്തു വിളമ്പുന്ന അസാധ്യരുചികൾ. മിസ്സിസ് കെ. എം. മാത്യുവിന്റെ മുഖമുദ്രയായിരുന്നു ഇതു രണ്ടും. സ്നേഹമുള്ളവർക്കും വീട്ടിൽ വരുന്ന അതിഥികൾക്കും എല്ലാം അന്നമ്മക്കൊച്ചമ്മയുടെ രുചിപ്പൊതികൾ കിട്ടിയിട്ടുണ്ട്.
തമിഴ്നാടൻ സ്പെഷൽ ബട്ടർ മുറുക്കും നാവിൽ അലിയുന്ന കറുത്ത ഹൽവയും അവൽ നനച്ചതും തുടങ്ങി കരുകരുപ്പുള്ള ചിറോട്ടയും കോട്ടയത്തിന്റെ തനതു രുചിയോടെ അവലോസുണ്ടയും വരെ അതീവ രുചികരമായ പലഹാരങ്ങൾ നിറച്ച പൊതികൾ. ഇവ ഓരോന്നും കവറുകളിലും കാർഡ്ബോർഡ് പെട്ടികളിലുമാക്കി കളർപേപ്പർ കൊണ്ടു പൊതിഞ്ഞു സമ്മാനപ്പൊതിയാക്കും.
അന്നമ്മക്കൊച്ചമ്മയുടെ സ്നേഹം പ കർന്ന രുചിയോർമയുമായി ഗാനഗന്ധര്‍വൻ യേശുദാസിന്റെ പത്നി പ്രഭ യേശുദാസ്...
പ്രഭ യേശുദാസ്
മധുരമാര്‍ന്ന പതിഞ്ഞ താളത്തില്‍ സംസാരിക്കുന്ന അന്നമ്മക്കൊച്ചമ്മയെ ഒരിക്കലും മറക്കാനാകില്ല. ഞാനും അന്നമ്മക്കൊച്ചമ്മയും ബന്ധുക്കളാണെന്ന് അധികം ആർക്കുമറിയില്ല. യുഎസിലേക്കു താമസം മാറിയപ്പോൾ കൊച്ചമ്മയുടെ പാചകപുസ്തകങ്ങളും ഞാൻ ഒപ്പം കൂട്ടിയിരുന്നു. നാലു വർഷം മുൻപ് ദാസേട്ടൻ വെജിറ്റേറിയൻ ആയപ്പോൾ അന്നമ്മക്കൊച്ചമ്മയുെട പുസ്തകത്തിലെ വെജിറ്റേറിയൻ പാചകക്കുറിപ്പുകളാണ് എന്നെ സഹായിച്ചത്. എന്റെ അമ്മയും നന്നായി പാചകം ചെയ്യുമായിരുന്നു. എന്റെ അമ്മയും അന്നമ്മക്കൊച്ചമ്മയും സ്വര്‍ഗത്തില്‍ കണ്ടുമുട്ടിയിട്ടുണ്ടാകും. പരസ്പരം രുചിയെക്കുറിച്ച് സംസാരിച്ചിട്ടുമുണ്ടാകും, ഉറപ്പ്.
>> കേക്ക് ബോള്‍സ്
1. ടീ കേക്ക്/ സ്പഞ്ച് കേക്ക് പൊടിച്ചത് – രണ്ടു കപ്പ്
ഗ്ലൂക്കോസ് ബിസ്ക്കറ്റ് പൊടിച്ചത് – അരക്കപ്പ്
2. വെണ്ണ – രണ്ടു ചെറിയ സ്പൂണ്‍
പഞ്ചസാര പൊടിച്ചത് – നാലു ചെറിയ സ്പൂണ്‍
ഇന്‍സ്റ്റന്റ് കാപ്പിപ്പൊടി – അര ചെറിയ സ്പൂണ്‍
നാരങ്ങാനീര് – അര ചെറിയ സ്പൂണ്‍
3. കശുവണ്ടിപ്പരിപ്പു ചെറുതായി നുറുക്കി നെയ്യില്‍ മൂപ്പിച്ചത് – കാല്‍ കപ്പ്
പാകം െചയ്യുന്ന വിധം
∙ വലിയ കണ്ണുള്ള അരിപ്പയില്‍ കേക്കു പൊടിച്ചതും ബിസ്ക്കറ്റ് പൊടിച്ചതും ഇടഞ്ഞു വയ്ക്കുക.
∙ ഇതില്‍ കാല്‍ കപ്പ് മാറ്റി വച്ച ശേഷം ബാക്കി പൊടിയും രണ്ടാമത്തെ ചേരുവയും ചേർത്തു മയപ്പെടുത്തി മെല്ലേ യോജിപ്പിക്കണം.
∙ ഇതില്‍ കശുവണ്ടിപ്പരിപ്പും ചേര്‍ത്തു ചെറിയ ഉരുളകളാക്കി മാറ്റി വച്ച പൊടിയില്‍ ഉരുട്ടിയെടുക്കാം.
>> കറുത്ത ഹൽവ
1. മൈദ – അരക്കിലോ
2. വെള്ളം – പാകത്തിന്
3. ശർക്കര – രണ്ടു കിലോ
4. തേങ്ങ – മൂന്ന്
5. നെയ്യ് – 350 ഗ്രാം
6. കശുവണ്ടിപ്പരിപ്പ് – 200 ഗ്രാം, നുറുക്കിയത്
7. ഏലയ്ക്കാപ്പൊടി – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ മൈദ ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ച് ഒരു മണിക്കൂർ വയ്ക്കുക. ഏകദേശം മൂന്നു ലീറ്റർ വെള്ളം അൽപാൽപം വീതം കുഴച്ച മാവിൽ ഒഴിച്ചു ഞെരടണം. പാലു പോലെയാക്കി അതു മാറ്റി വയ്ക്കുക. വീണ്ടും വെള്ളമൊഴിച്ചു കലക്കി പാൽ എടുക്കുക. ഇങ്ങനെ രണ്ടു–മൂന്നു തവണ ചെയ്ത് ഏറ്റവും ഒടുവിൽ വരുന്ന പിശിട് കളയണം. ഊറ്റിയ പാൽ ഒരു മണിക്കൂർ വച്ച് തെളി ഊറ്റിക്കളയുക. മട്ട് മാത്രം എടുത്തു വയ്ക്കുക.
∙ ശർക്കര ഒന്നര ലീറ്റർ വെള്ളത്തിൽ ഉരുക്കി അരിച്ചു വയ്ക്കണം. തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒന്നര ലീറ്റർ പാലെടുത്തു വയ്ക്കുക.
∙ തയാറാക്കിയ മൈദയിൽ ശർക്കരപ്പാനിയും തേങ്ങാപ്പാലും ചേർത്തു യോജിപ്പിച്ച് ചുവടുകട്ടിയുള്ള ഉരുളിയിൽ ഒഴിക്കണം. ഇതു നല്ല തീയിൽ തുടരെയിളക്കി കുറുക്കണം. അടിയിൽ പിടിക്കാതിരിക്കാൻ കുറേശ്ശെ നെയ്യൊഴിച്ചു കൊടുക്കാം. ഏകദേശം ഹൽവയുടെ പരുവമാകുമ്പോൾ കശുവണ്ടിപ്പരിപ്പ് ചേർത്തിളക്കണം.
∙ സ്പൂണിൽ എടുത്താൽ ഉരുളുന്ന പരുവത്തിൽ ഹൽവവ മുറുകുമ്പോൾ ഏലയ്ക്കാപ്പൊടി ചേർത്തിളക്കുക. നെയ്യ് പുരട്ടിയ പാത്രത്തിൽ ചൂടോടെ ഒഴിച്ചു നിരത്തി അൽപം കശുവണ്ടിപ്പരിപ്പ് മുകളിൽ വിതറണം. ചൂടാറിയ ശേഷം ഹൽവ കഷണങ്ങളാക്കി ഉപയോഗിക്കാം.
∙ ഹൽവയ്ക്കു കൂടുതൽ കറുപ്പുനിറം വേണമെങ്കിൽ 50 ഗ്രാം പഞ്ചസാര കറുപ്പുനിറത്തിൽ കാരമലാക്കി മൈദമിശ്രിതത്തിൽ ചേർക്കാം.