Monday 23 November 2020 03:49 PM IST

മേത്തി തേപ്‌ല, ആലൂ ഗോബി മട്ടർ ഡ്രൈ സബ്‌ജി, വൻപയർ ഖാട്ടി മീട്ടി സബ്ജി; ഈ കോംബോ പൊളിക്കും

Ammu Joas

Sub Editor

Ammu_1

വെജിറ്റേറിയനിൽ എന്തു വെറൈറ്റി എന്നാണോ? ഇനി ആ സംശയം വേണ്ടേ വേണ്ട. ബ്രേക്ഫാസ്റ്റായും ലഞ്ചായും ഡിന്നറായും തിരഞ്ഞെടുക്കാവുന്ന കിടിലൻ മീൽ കോംബോ ആണിത്. മേത്തി തേപ്‌ല, ആലൂ ഗോബി മട്ടർ ഡ്രൈ സബ്‌ജി, വൻപയർ ഖാട്ടി മീട്ടി സബ്ജി ഒപ്പം ഇത്തിരി വൈറ്റ് റൈസും മോരും. ആഹാ, എന്താ സ്വാദ്... പാലക്കാടു നിന്ന് കാവേരി വെങ്കടേഷാണ് ഈ മീൽ കോംബോ ഒരുക്കിയിരിക്കുന്നത്.

മേത്തി തേപ്‌ല

1. ഗോതമ്പുപൊടി - രണ്ടു കപ്പ്

2. മഞ്ഞൾപൊടി -അര ചെറിയ സ്പൂൺ

മുളകുപൊടി -ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി- രണ്ടു ചെറിയ സ്പൂൺ

കായംപൊടി - കാൽ ചെറിയ സ്പൂൺ

എള്ള് - ഒരു ചെറിയ സ്പൂൺ

പഞ്ചസാര - രണ്ടു ചെറിയ സ്പൂൺ

ഉപ്പ് -പാകത്തിന്

3. എണ്ണ - മൂന്നു വലിയ സ്പൂൺ

4. ഉലുവയില, അരിഞ്ഞത്- ഒരു കപ്പ്

5. കട്ടത്തൈര് - രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ഒരു ബൗളിൽ ഗോതമ്പുപൊടി, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, കായംപൊടി, എള്ള്, പഞ്ചസാര, ഉപ്പ് എന്നിവ യോജിപ്പിക്കുക.

∙ ഇതിലേക്ക് ഒരു വലിയ സ്പൂൺ എണ്ണ ചേർത്ത് യോജിപ്പിക്കുക.

∙ ഉലുവയില കൂടി ചേർത്ത് നന്നായി ഞെരടി യോജിപ്പിച്ചശേഷം കട്ടത്തൈര് ചേർത്തു വീണ്ടും കുഴയ്ക്കുക.

∙ ഇതിലേക്ക് അൽപാൽപം വീതം വെള്ളം ചേർത്ത് കുഴച്ച് മയമുള്ള മാവ് തയാറാക്കുക. 20Ð30 മിനിറ്റ് മൂടി മാറ്റി വയ്ക്കുക.

∙ പിന്നീട് മാവ് ചെറുനാരങ്ങാ വലുപ്പത്തിലുള്ള എട്ട് ഉരുളകളാക്കി, ഓരോ ഉരുളയും വൃത്താകൃതിയിൽ പരത്തുക.

∙ തവ ചൂടാക്കി ഓരോ തേപ്‌ലയും അൽപം വീതം എണ്ണ ത ടവി തിരിച്ചും മറിച്ചുമിട്ട് മൊരിയിച്ചെടുക്കുക. ഈ അളവിൽ നിന്ന് എട്ട് തേപ്‌ല തയാറാക്കാം.

ആലൂ ഗോബി മട്ടർ ഡ്രൈ സബ്‌ജി

1. എണ്ണ - മൂന്നു- നാലു വലിയ സ്പൂൺ

2. ജീരകം -ഒരു ചെറിയ സ്പൂൺ

3. സവാള - രണ്ട്, പൊടിയായി അരിഞ്ഞത്

4. വെളുത്തുള്ളി - നാല്- അഞ്ച് അല്ലി, ചതച്ചത്

ഇഞ്ചി Ð ഒരിഞ്ച് കഷണം, ചതച്ചത്

5. മഞ്ഞൾപൊടി - കാൽ ചെറിയ സ്പൂൺ

മുളകുപൊടി - രണ്ടു ചെറിയ സ്പൂൺ

മല്ലിപ്പൊടി - ഒരു വലിയ സ്പൂൺ

6. കോളിഫ്‌ളവർ - ഒരു ചെറുത്, അടർത്തിയത്

ഉരുളക്കിഴങ്ങ് - രണ്ട് ഇടത്തരം, ചതുരക്കഷണങ്ങളാക്കിയത്

ഗ്രീൻ പീസ് -അരക്കപ്പ്

ഉപ്പ് - പാകത്തിന്

7. ഗരംമസാല -അര ചെറിയ സ്പൂൺ

ചാട്ട് മസാല -ഒരു ചെറിയ സ്പൂൺ

അമ്‌ചൂർ പൗഡർ - രണ്ടു ചെറിയ സ്പൂൺ

ഉണങ്ങിയ ഉലുവയില (കസൂരി മേത്തി) - ഒരു ചെറിയ സ്പൂൺ

Ammu_2

പാകം ചെയ്യുന്ന വിധം

∙ ഒരു കഡായിയിൽ എണ്ണ ചൂടാക്കി ജീരകം മൂപ്പിച്ചശേഷം സവാള ചേർത്ത് വഴറ്റുക.

∙ സവാള ഇളം ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് രണ്ടു മിനിറ്റ് വഴറ്റുക.

∙ ഇതിലേക്ക് മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് ഇടത്തരം തീയിൽ മൂപ്പിക്കുക.

∙ കോളിഫ്‌ളവറും ഉരുളക്കിഴങ്ങും ഗ്രീൻപീസും ഉപ്പും ചേർത്ത് മൂടി വച്ച് വേവിക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കണം. ആവശ്യമെങ്കിൽ അൽപം വെള്ളം ചേർക്കാം.

∙ പച്ചക്കറികൾ നന്നായി വെന്തശേഷം ഗരംമസാല, ചാട്ട് മസാല, അമ്‌ചൂർ പൗഡർ, കസൂരി മേത്തി എന്നിവ ചേർത്ത് യോജിപ്പിച്ച് രണ്ടു മിനിറ്റ് മൂടി വയ്ക്കുക.

∙ മൂടി തുറന്ന് നന്നായി ഇളക്കിയോജിപ്പിച്ച ശേഷം അടുപ്പിൽ നിന്നു വാങ്ങാം.

വൻപയർ ഖാട്ടീ മീട്ടി സബ്‌ജി

1. വൻപയർ - അരക്കപ്പ്

2. എണ്ണ -ഒരു വലിയ സ്പൂൺ

3. ജീരകം- ഒരു ചെറിയ സ്പൂൺ

4. സവാള -രണ്ട്, പൊടിയായി അരിഞ്ഞത്

5. ഇഞ്ചി - ഒരിഞ്ച് കഷണം, ഗ്രേറ്റ് ചെയ്തത്

വെളുത്തുള്ളി Ð അഞ്ച് Ð ആറ് അല്ലി, ചതച്ചത്

6. മഞ്ഞൾപൊടി Ð അര ചെറിയ സ്പൂൺ

മല്ലിപ്പൊടി - ഒരു വലിയ സ്പൂൺ

മുളകുപൊടി - രണ്ടു ചെറിയ സ്പൂൺ

7. ഈന്തപ്പഴം പുളി ചട്നി - രണ്ടു - മൂന്നു ചെറിയ സ്പൂൺ

8. മല്ലിയില - പാകത്തിന്

പാകം ചെയ്യേണ്ട വിധം

∙ വൻപയർ ഒരു മണിക്കൂർ ചൂടുവെള്ളത്തിൽ കുതിർത്ത ശേഷം പ്രഷർ കുക്കറിലാക്കി മൂന്നു Ð നാലു വിസിൽ വരുന്നതു വരെ വേവിക്കുക.

∙ ഒരു കഡായിയിൽ എണ്ണ ചൂടാക്കി ജീരകം മൂപ്പിച്ചശേഷം സവാള ചേർത്ത് കണ്ണാടിപ്പരുവമാകും വരെ വഴറ്റുക.

∙ ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് ഒരു മിനിറ്റ് വഴറ്റുക.

∙ മഞ്ഞൾപൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് ചെറുതീയിൽ മൂപ്പിക്കുക.

∙ ഇതിലേക്ക് വേവിച്ച വൻപയർ ഒന്ന് ഉടച്ച് ചേർക്കുക.

∙ ഉപ്പും ഈന്തപ്പഴം പുളി ചട്നിയും ചേർത്തിളക്കുക.

∙ ഗ്രേവിക്കു വേണ്ട അളവിൽ വെള്ളം ചേർത്ത് അഞ്ച്Ð ആറു മിനിറ്റ് മൂടി വച്ചു വേവിക്കുക.

∙ അടുപ്പിൽ നിന്നു വാങ്ങി മല്ലിയില ചേർത്തു വിളമ്പാം.

∙ ഈന്തപ്പഴം പുളി ചട്നി (സ്വീറ്റ് ചട്‌നി) തയാറാക്കാൻ ചെറുനാരങ്ങാ വലുപ്പത്തിലുള്ള വാളൻപുളിയും കുരു കളഞ്ഞ 10 ഈന്തപ്പഴവും പ്രഷർ കുക്കറിൽ വെവ്വേറെ വേവിക്കുക. ചൂടാറിയശേഷം ഇവ രണ്ടും മിക്സിയിലാക്കി അരയ്ക്കുക. ഒരു പാത്രത്തിൽ ഇവ ചൂടാക്കി പാകത്തിന് ശർക്കര, അര ചെറിയ സ്പൂൺ മുളകുപൊടി, ഒരു ചെറിയ സ്പൂൺ വറുത്തു പൊടിച്ച ജീരകം, ഉപ്പ് എന്നിവ ചേർത്ത് കുറുകിവരും വരെ തിളപ്പിക്കുക. റഫ്രിജറേറ്റിൽ വച്ചാൽ 10 ദിവസം വരെ കേടുകൂടാതെ ഇരിക്കും.