Friday 07 June 2024 12:53 PM IST : By സ്വന്തം ലേഖകൻ

ചോറിനു കറി ഇതെങ്കിൽ പാത്രം കാലിയാകും തീർച്ച, തയാറാക്കാം ഉരുളക്കിഴങ്ങ് അച്ചിങ്ങ മസാല ഫ്രൈ!

beanspotatoooo

ഉരുളക്കിഴങ്ങ് അച്ചിങ്ങ മസാല ഫ്രൈ

1.നിലകടല – ഒരു വലിയ സ്പൂൺ

മല്ലി – ഒരു വലിയ സ്പൂൺ

വറ്റൽമുളക് – രണ്ട്

ജീരകം – ഒരു ചെറിയ സ്പൂൺ

എള്ള് – ഒരു ചെറിയ സ്പൂൺ

കുരുമുളക് – അര ചെറിയ സ്പൂൺ

വെളുത്തുള്ളി – നാല് അല്ലി

തേങ്ങ ചുരണ്ടിയത് – ഒരു വലിയ സ്പൂൺ

2.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

3.കടുക് – അര ചെറിയ സ്പൂൺ

ഉഴുന്നുപരിപ്പ് – ഒരു ചെറിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

4.ഉരുളക്കിഴങ്ങ് – കാൽ കിലോ

5.അച്ചിങ്ങ നീളത്തിൽ അരിഞ്ഞത് – 200 ഗ്രാം

6.ഉപ്പ് – പാകത്തിന്

മഞ്ഞൾ‌പ്പൊടി – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙പാൻ ചൂടാക്കി ഒന്നാമത്തെ ചേരുവ എണ്ണ ചേർക്കാതെ വറുക്കുക.

∙തേങ്ങ ഗോൾഡൻ നിറമാകുമ്പോൾ വാങ്ങി തണുക്കാനായി മാറ്റി വയ്ക്കുക. ശേഷം തരുതരുപ്പായി പൊടിച്ചു വയ്ക്കണം.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റുക.

∙ഇതിലേക്ക് ഉരുളക്കിഴങ്ങ് തൊലികളഞ്ഞു നീളത്തിൽ അരിഞ്ഞതു ചേർത്തു വഴറ്റി മൂടി വച്ചു അഞ്ചു മിനിറ്റു വേവിക്കുക.

∙അച്ചിങ്ങയും ആറാമത്തെ ചേരുവയും ചേർത്തു വഴറ്റി മൂടി വച്ചു വേവിക്കണം.

∙മുക്കാൽ വേവാകുമ്പോൾ മൂടി തുറന്നു പൊടിച്ചു വച്ച മസാല ചേർത്തിളക്കി പത്തു മിനിറ്റു നന്നായി വരട്ടിയെടുക്കുക.