ADVERTISEMENT

മാതാപിതാക്കൾക്കൊപ്പം ബന്ധുവീട്ടിലെത്തിയ നാല് വയസ്സുകാരി കസിൻസിനൊപ്പം ആഘോഷത്തിമർപ്പിലായി. കുറച്ച് മണിക്കൂറുകൾ കഴിഞ്ഞ് മുഖത്ത് നഖം വരഞ്ഞ പാടുകളുമായെത്തിയ മകനെ കണ്ട് ആതിഥേയർ അമ്പരന്നു. കളിപ്പാട്ടത്തിന്റെ പേരിൽ വഴക്ക് കൂടിയപ്പോൾ കുസൃതിയായ പെൺകുഞ്ഞ് ദേഷ്യം തീർത്തതാണ്. പരുക്കേറ്റ കുട്ടിയുടെ കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച് നാല് വയസ്സുകാരിയെയും െകാണ്ട് മാതാപിതാക്കൾ വേഗം സ്ഥലം കാലിയാക്കി.

കുഞ്ഞുങ്ങളുടെ  ദേഷ്യം, അസ്വസ്ഥത, വാശി എന്നിവ അതിര് കടക്കാതെ നോക്കേണ്ടത് മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും ഉത്തരവാദിത്തമാണ്. ദേഷ്യത്തിന്റെ കാരണമറിഞ്ഞ് പരിഹരിച്ചും സമാധാനിപ്പിച്ചും സ്വയം നിയന്ത്രിക്കാൻ പഠിപ്പിച്ചും കുട്ടികളെ മിടുക്കരാക്കുകയാണ് വേണ്ടത്. ഒരു വയസ്സ്  മുതലാണ് കുഞ്ഞുങ്ങൾ ദേഷ്യം പ്രകടിപ്പിച്ചു തുടങ്ങുന്നത്.  പ്രായത്തിനനുസരിച്ച് കുട്ടികളുടെ ദേഷ്യത്തിന്റെ സ്വഭാവം മാറുമെന്നതിനാൽ ഓരോ പ്രായത്തിനും അനുസരിച്ചാകണം പരിഹാര മാർഗങ്ങൾ തേടുന്നതും.

ADVERTISEMENT

കാരണം അറിയണം

ഒരു വയസ്സിന് മുൻപ് കുഞ്ഞുങ്ങൾ ദേഷ്യം, അസ്വസ്ഥത, വിശപ്പ്, വേദന തുടങ്ങിയ വികാരങ്ങൾ പ്രകടിപ്പിക്കുന്നത് കരച്ചിലിലൂടെയാണ്. മിക്ക നവജാതശിശുക്കളും പകൽ ഉറങ്ങി രാത്രി ഉണർന്നിരിക്കുകയും അസ്വസ്ഥരാകുകയും കരയുകയും ചെയ്യാറുണ്ട്.  ഗർഭകാലത്ത് പകൽ അമ്മ നടന്ന് കാര്യങ്ങൾ ചെയ്യുമ്പോൾ ഗർഭപാത്രത്തിലെ അമ്നിയോട്ടിക് ഫ്ലൂയിഡ് കുഞ്ഞിന് കുഷൻ ഇഫക്റ്റ് നൽകുകയും തൊ ട്ടിൽ പോലെ അനങ്ങുകയും ചെയ്യും. കുഞ്ഞ് ഗർഭപാത്രത്തിൽ സുഖമായി ഉറങ്ങുകയും ചെയ്യും. രാത്രി ഈ കുലുക്കം ഇല്ലാത്തതിനാൽ ഗർഭപാത്രത്തിൽ കുഞ്ഞ് ഉണർന്നിരിക്കും. ജനിച്ച ശേഷവും ഈ ശീലം തുടരുന്നതിനാലാണ് രാത്രി കരച്ചിലും അസ്വസ്ഥതയും ഉണ്ടാകുന്നത്. സാവധാനം ഇത്  സാധാരണ നിലയിലാകും.  

ADVERTISEMENT

ആവശ്യങ്ങൾ അറിയിക്കാനുള്ള ഭാഷ കരച്ചിലായതിനാൽ കുഞ്ഞ് കരയുന്നതിന് പ്രത്യേക കാരണമുണ്ടോ എന്ന് ശ്രദ്ധിക്കണം. വിശപ്പ്, മൂത്രമൊഴിച്ചു നനയുക, വയറ്റിൽ നിന്നു പോയിക്കഴിഞ്ഞുള്ള അസ്വസ്ഥത, ചെവി വേദന, മൂക്കടപ്പ് തുടങ്ങിയ അസ്വസ്ഥതകൾ കൊണ്ടെല്ലാം കുഞ്ഞുങ്ങൾ കരയാം. കാരണം നിരീക്ഷിച്ച് അവ പരിഹരിച്ചാൽ സാധാരണ നിലയിൽ കുഞ്ഞ്  കരച്ചിൽ നിർത്തും.

കുഞ്ഞിന് സുഖകരമായ വിധം വസ്ത്രം ധരിപ്പിക്കുകയും ആഭരണങ്ങൾ കഴിവതും ഒഴിവാക്കുകയും ചെയ്യുക. ശരീരത്തിന്റെ മടക്കുകളിൽ എണ്ണയും നനവും ചേർന്ന് കുഞ്ഞിന് അസ്വസ്ഥതയുണ്ടാകാം. കുളി  കഴിഞ്ഞ് മൃദുവായ തുണിയാൽ വെള്ളം നന്നായി ഒപ്പിയെടുത്ത് ചർമം ഈർപ്പമില്ലാതെയാക്കണം. 

ADVERTISEMENT

ഒരു വയസ്സ് മുതലാണ് അമിതമായ ദേഷ്യം കുട്ടികൾ പ്രകടിപ്പിച്ചു തുടങ്ങുക. ര ണ്ട്‌വയസ്സാകുമ്പോൾ ദേഷ്യസ്വഭാവം പരമാവധി  കൂടുകയും  മൂന്നുവയസ്സോടെ ദേ ഷ്യം കുറയുകയും ചെയ്യും. ഈ പ്രായത്തിൽ ദേഷ്യക്കാരായ കുട്ടികൾ നിലത്ത് ഉരുളുക, വാവിട്ട് കരയുക, മുടി പിടിച്ച് വലിക്കുക,  സ്വയം കടിക്കുക, തല ചുവരിലിടിക്കുക, എന്നിവയെല്ലാം ചെയ്യാം.

പ്രായമനുസരിച്ചു വേണം പരിഹാരം

ഒരു വയസ്സിലാണ് കുഞ്ഞ് ലോകം അറിഞ്ഞു തുടങ്ങുന്നത്. രണ്ട് വയസ്സിലേക്ക് അടുക്കുംതോറും ലോകത്തെ പഠിക്കാനുള്ള ജിജ്ഞാസ കുട്ടിക്ക് ഇരട്ടിയാകും.  എല്ലാ കാര്യങ്ങളിലും  ഒരു കൈ നോക്കാൻ ശ്രമിക്കുന്ന കാലം. കുട്ടികളുടെ ആവശ്യങ്ങൾ സാധിക്കാതിരിക്കുന്നത് പിണക്കത്തിനും കരച്ചിലിനും കാരണമാകും.  സാധനങ്ങൾ എടുക്കുക, തുറക്കുക എന്നിവ സാധിക്കാതെ വരിക, കത്തി, കത്രിക പോലുള്ള കാര്യങ്ങൾ നൽകാതിരിക്കുക എന്നിവ അവരെ ദേഷ്യം പിടിപ്പിക്കും. സമാധാനം പറഞ്ഞാലും അത് മനസ്സിലാക്കാനുള്ള കഴിവ് കുട്ടികൾക്ക് ഉണ്ടാകില്ല. ജിജ്ഞാസയ്ക്ക് അനുസരിച്ച് കാര്യങ്ങൾ ചെയ്യാനുള്ള മാനസികവും  ശാരീരികവുമായ കഴിവില്ലായ്മ ദേഷ്യത്തിനു കാരണമാകും.

മനസ്സിലുള്ളതു  പ്രകടിപ്പിക്കാൻ വേണ്ടത്ര വാക്കുകൾ കുട്ടിക്ക് അറിവുണ്ടാകില്ല. മുതിർന്നവർ പറയുന്ന ആശ്വാസവാക്കുകളുടെ അർഥവും കുട്ടിക്ക് പിടികിട്ടില്ല. ഇത്തരം പരിമിതികൾ കുട്ടിയിൽ നിരാശയും ദേഷ്യവുമുണ്ടാക്കും. ഉള്ളിലെ വികാരങ്ങൾ മറച്ചു വയ്ക്കാൻ  ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾക്കു കഴിയില്ല. കരച്ചിലും ദേഷ്യവും കൂടുക, സ്വയം ഉപദ്രവിക്കുക, മറ്റുള്ളവരെ ഉപദ്രവിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് ഇടയാക്കും. വളരുന്നതിനനുസരിച്ച് ഇത് മാറി വരും. 

woman-holding-her-daughter

കുട്ടികളുടെ ദേഷ്യപ്രകടനങ്ങളെ സമചിത്തതയോടെ കൈകാര്യം ചെയ്യുകയാണ് വേണ്ടത്.  കുട്ടിക്ക് നിരാശ ഉണ്ടാകാതെ നോക്കുക, വാശിയെടുക്കുന്ന കുട്ടിയുടെ ശ്രദ്ധ  മാറ്റുക എന്നിവ ചെയ്യാം.  എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കേണ്ട കാര്യമില്ല. പ്രതിസന്ധികളെ നേരിട്ട് വളരുകയാണ് കുട്ടിക്കു നല്ലത്. കുട്ടിയുടെ വാശിക്ക് അമിത പരിഗണന നൽകേണ്ടതില്ല, എന്നാൽ കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കണം. കുട്ടിയെ അവഗണിക്കുന്നതായി തോന്നുകയും അരുത്. ക്ഷമകെടുമ്പോൾ നിയന്ത്രണം വിട്ട് ദേഷ്യപ്പെടരുത്. എന്നാൽ ക്ഷമയ്ക്ക് ഒരു പരിധിയുണ്ട് എന്നത് കുട്ടിയെ അറിയിക്കണം. മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുെടയും പെരുമാറ്റം കുട്ടിക്ക് മാതൃകാപരമാകുകയും വേണം. ദേഷ്യപ്പെടുന്ന കുട്ടിയെ തൊട്ടും തലോടിയും പുണർന്നും അനുനയിപ്പിക്കാൻ ശ്രമിക്കുക. കുട്ടി സാധാരണ നിലയിലാകുമ്പോൾ അഭിനന്ദിക്കുക. ചീത്തക്കുട്ടിയാണ് എന്ന മട്ടിൽ സംസാരിക്കരുത്. പൊതു ഇടങ്ങളിൽ വച്ച് ദേഷ്യപ്പെടുന്ന കുട്ടിയെ അവിടെ നിന്നു മാറ്റുകയാണു നല്ലത്.

സാഹചര്യത്തിനും പങ്കുണ്ട്

മൂന്നു വയസ്സോടെ കുട്ടികളിലെ സ്വാഭാവികമായ ദേഷ്യപ്രകൃതം  കുറയും. നാല് വയസ്സിന് ശേഷവും കുട്ടി സാധാരണ രീതിയിലും  കൂടുതൽ ദേഷ്യം പ്രകടിപ്പിച്ചാൽ   ശാരീരികമോ  മാനസികമോ  സാഹചര്യപരമോ ആയ കാരണങ്ങളുണ്ടോയെന്നു വിലയിരുത്തണം.  ദിവസം രണ്ട് മൂന്നു തവണ അമിതമായി ദേഷ്യപ്പെടുകയും ഈ  ദേഷ്യം പതിനഞ്ച് മിനിറ്റിൽ കൂടുതൽ തുടരുകയും ചെയ്താൽ പ്രശ്നം ഗൗരവമായി കണക്കാക്കി വിദഗ്ധ ചികിത്സ തേടണം. അപസ്മാരമോ തലച്ചോർ സംബന്ധമായ അസുഖമോ ഉള്ള കുട്ടികൾ പ്രത്യേക കാരണമില്ലാതെ ദേഷ്യം കാണിക്കാം. ദേഷ്യം  അധിക നേരം തുടർന്നാലും  ഇത്തരം കാരണങ്ങൾ സംശയിക്കണം.

മാതാപിതാക്കൾ തമ്മിലുള്ള ചേർച്ചക്കുറവ്, വഴക്കുകൾതുടങ്ങിയ അവസ്ഥ കുട്ടികളിൽ അമിത ദേഷ്യത്തിന് കാരണമാകാം. കുട്ടികളെ  സ്ഥിരതയില്ലാത്ത രീതിയിലും, കടുത്ത രീതിയിലും വളർത്തിക്കൊണ്ടു വരിക, എന്തും അനുവദിച്ചു കൊടുത്തു വളർത്തുക തുടങ്ങിയ സാഹചര്യങ്ങളിൽ വളരുന്ന കുട്ടികൾക്കും വികാരവിക്ഷോഭ പ്രശ്നങ്ങൾ ഉണ്ടാകാം. ഇത്തരം ഘട്ടങ്ങളിൽ കുട്ടിയുടെ സ്വഭാവത്തോടൊപ്പം സാഹചര്യവും മാറ്റിയെടുക്കേണ്ടതുണ്ട്.

ദേഷ്യമടക്കാൻ സൈക്കോ തെറപ്പി

അസാധാരണമായ വിധത്തിൽ അമിത ദേഷ്യം പ്രകടിപ്പിക്കുന്ന കുട്ടിയെ ഡോക്ടറെ കാണിച്ചു പരിശോധിപ്പിക്കണം. സ്വഭാവത്തിലെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കൊഗ്‌നിറ്റീവ് ബിഹേവിയർ തെറപ്പി, പ്ലേ തെറപ്പി തുടങ്ങിയ സൈക്കോ തെറപ്പികളിലൂടെ കഴിയും. സ്വയം നിയന്ത്രിക്കാൻ പ്രാപ്തരാക്കുകയാണ് ഈ തെറപ്പിയിലൂടെ ചെയ്യുക. മനസ്സിന്റെ പ്രശ്നങ്ങൾ ദേഷ്യമായോ സങ്കടമായോ കാണിക്കുന്നതിനു പകരം മറ്റ് മാർഗങ്ങളിലൂടെ പ്രകടിപ്പിക്കാൻ  പഠിപ്പിക്കുന്ന പൊസിറ്റീവ് റീ ഇൻഫോഴ്സ്മെന്റ് അഥവാ പ്രോത്സാഹനത്തിലൂടെ നല്ല പെരുമാറ്റം ഉറപ്പിച്ചെടുക്കാം. ഇതിന് വേണ്ട  നിർദേശങ്ങൾ മാതാപിതാക്കൾക്കും നൽകും. ചില  സാഹചര്യങ്ങളിൽ തെറപ്പിയോടൊപ്പം  മരുന്നുകളും വേണ്ടി വരാം. അമിതമായ ദേഷ്യം അകലാൻ ഈ വഴികൾ സഹായിക്കും.

രോഗങ്ങൾ കാരണമാകാം

മാനസിക കാരണങ്ങൾ കൊണ്ടും അമിത ദേഷ്യം ഉണ്ടാകാം. ഓട്ടിസം, എഡിഎച്ച്ഡി, ഒപ്പോസിസിഷനൽ ഡിഫിയന്റ് ഡിസോർഡർ (ODD), കണ്ടക്റ്റ് ഡിസോർഡർ, ഡിപ്രഷൻ, ബൈ പോളാർ ഡിസോർഡർ എന്നീ രോഗങ്ങളുള്ള കുട്ടികൾ അമിത ദേഷ്യം കാണിക്കാം.  ചില രോഗങ്ങൾ ചെറുപ്പത്തിലേ  പ്രത്യക്ഷമാകുമ്പോൾ ചിലത്  വൈകി പ്രത്യക്ഷമാകാം. രോഗങ്ങൾ വൈകി പ്രത്യക്ഷമാകുന്നവരിൽ കുട്ടിക്കാലത്ത് പ്രത്യേക സ്വഭാവ വ്യതിയാനങ്ങൾ കണ്ടു തുട ങ്ങും. ഡിഫിക്കൽറ്റ് ടെംപർമെന്റ് എന്ന ഈ അവസ്ഥയുടെ ഭാഗമായി അമിതമായ ദേഷ്യം, വാശി, സങ്കടം എന്നിവ പ്രകടിപ്പിക്കാം.

വിവരങ്ങൾക്കു കടപ്പാട്: ഡോ. എൽസി ഉമ്മൻ, കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി.

ADVERTISEMENT