ADVERTISEMENT

കുട്ടികളുടെ പഠനസംബന്ധമായ വെല്ലുവിളികൾ നേരിടാം. കൃത്യമായ പരിശീലനം നൽകി ഭാവി മികച്ചതാക്കാം...

പഠിക്കാൻ മണ്ടിയായ നിന്നോടു കൂട്ടു കൂടിയാൽ ഞാനും പരീക്ഷയ്ക്കു തോൽക്കുമെന്നു ടീച്ചർ പറഞ്ഞു.’  കൂട്ടുകാരിയുടെ വാക്കുകൾ കേട്ട് ആ കുഞ്ഞുമനസ്സു നൊന്തു. ബുദ്ധിശക്തി കുറവായതല്ല, പഠനപരമായ വെല്ലുവിളിയാണ് ആ പെൺകുട്ടിയുടെ പ്രശ്നമെന്ന് ഒരു അധ്യാപിക തിരിച്ചറിഞ്ഞതോടെ അവളുടെ ജീവിതം മാറി മറിഞ്ഞു. പ്രത്യേക പരിശീലനത്തിലൂെട പഠനത്തിൽ മുന്നേറിയ ആ പെൺകുട്ടി ഇന്നു കുട്ടികൾക്ക് അറിവു പകരുന്ന അധ്യാപികയാണ്.  

ADVERTISEMENT

കഴിയുന്നത്ര നേരത്തെ പഠനസംബന്ധിയായ വെല്ലുവിളി കണ്ടെത്തുകയും കൃത്യമായ പരിഹാരമാർഗങ്ങൾ പിന്തുടരുകയും ചെയ്താൽ പഠനത്തിൽ മികവു പുലർത്താൻ കുട്ടികൾക്കു കഴിയും.

സാധാരണയോ അതിൽ കൂടുതലോ ബുദ്ധിശക്തിയുണ്ടായിട്ടും പഠനത്തിൽ മുന്നേറാനാകാതെ കുട്ടി ബുദ്ധിമുട്ടുന്നുണ്ടോ?  പഠനസംബന്ധമായ വെല്ലുവിളിയാണോ കുട്ടിക്കുള്ളതെന്നു സംശയമുണ്ടോ? പഠനസംബന്ധമായ വെല്ലുവിളിയെക്കുറിച്ചു മാതാപിതാക്കളുടെ സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി.

ADVERTISEMENT

എന്താണ് പഠനസംബന്ധമായ വെല്ലുവിളി (ലേണിങ് ഡിസെബിലിറ്റി)?

ചില കുട്ടികൾ ചിത്രം വരയ്ക്കുന്നതിലും ഉപകരണങ്ങൾ അഴിച്ചു പണിയുന്നതിലും ചെറിയ പ്രായം മുതലേ മികവു പ്രകടിപ്പിക്കും. പഠനത്തിൽ മാത്രം പിന്നിലാകും.  പ രിശോധനകളിൽ ഈ കൂട്ടികളുടെ ബുദ്ധി നിലവാരം  സാധാരണയോ അതിനുമുകളിലോ ആകാം.  സമപ്രായക്കാരുമായി താരതമ്യം ചെയ്യുമ്പോൾ അക്കാദമിക നിലവാരം  ഒന്നോ രണ്ടോ ഗ്രേഡ് താഴെയാകും. ഈ അവസ്ഥയാണ് പഠനപരമായ വെല്ലുവിളി (ലേണിങ് ഡിസെബിലിറ്റി).

ADVERTISEMENT

തലച്ചോറിലെ ഏകോപനത്തിലുള്ള വ്യത്യസ്തത മൂലമാണ് ഇത്തരം അവസ്ഥയുണ്ടാകുന്നതെന്നാണ് ഇതുവരെയുള്ള പഠനങ്ങൾ വ്യക്തമാക്കുന്നത്. കാഴ്ച, കേൾവി തുടങ്ങിയവയിലൂടെ മനസ്സിലാക്കുന്ന കാര്യങ്ങൾ തലച്ചോറിലെ ചില സങ്കീർണമായ പ്രവർത്തനങ്ങളിലൂടെ ഏകോപിപ്പിക്കേണ്ടതുണ്ട്. മസ്തിഷത്തിലെ ഈ ഏകോപനത്തിലുണ്ടാകുന്ന വ്യത്യസ്തമായ അവസ്ഥയാണു പഠനസംബന്ധമായ വെല്ലുവിളിയിലേക്കു നയിക്കുന്നത്.

ഈ അവസ്ഥയുള്ളവർ  വായന, എഴുത്ത്, സംസാരം, സാമാന്യഗണിതം  ഇവ കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ട് നേരിടും. പഠിക്കുന്ന കാര്യത്തിൽ വളരെ പിന്നോട്ടാണെങ്കിലും കാര്യങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകണമെന്നില്ല. പഠനസംബന്ധമായ വെല്ലുവിളി രോഗമല്ല. അതുകൊണ്ടു തന്നെ ഈ അവസ്ഥയ്ക്കു മരുന്നുമില്ല.

പഠന വെല്ലുവിളിയുണ്ടോയെന്ന് എങ്ങനെ കണ്ടെത്താം?

പഠനസംബന്ധമായ വെല്ലുവിളി ഏതെങ്കിലും  ഒന്നു മാത്രമായോ (സ്പെസിഫിക് ലേണിങ് ഡിസോർഡർ) ഒന്നിലേറെ അവസ്ഥ ഒരുമിച്ചോ കാണപ്പെടാം. കൃത്യമായി നിരീക്ഷിച്ചാൽ ലക്ഷണങ്ങൾ തിരിച്ചറിയാനാകും.

വായനയിൽ നേരിടുന്ന വെല്ലുവിളി

(ഡിസ്‌ലെക്സിയ)

ഡിസ്‌ലെക്സിയ ഉള്ളവർക്ക് ഓരോ അക്ഷരമായി വായിക്കാൻ കഴിയുമെങ്കിലും കൂട്ടി വായിക്കാൻ  ബുദ്ധിമുട്ടു നേരിടും. വായിക്കാനുള്ള കഴിവ് ആർജിച്ചാലും വായിക്കുന്നതു മനസ്സിലാക്കാനും കൃത്യമായി ഓർത്തെടുക്കാനും കഴിയില്ല. സമാനമായ അക്ഷരങ്ങൾ തമ്മിൽ മാറിപ്പോകാം.  

അനാവശ്യമായി ചില അക്ഷരങ്ങൾ കൂട്ടിച്ചേർക്കുകയും ചില അക്ഷരങ്ങൾ വിട്ടു പോകുകയും ചെയ്യാം. കേട്ടും ക ണ്ടും കാര്യങ്ങൾ മനസ്സിലാക്കാൻ മിടുക്കുണ്ടാകും. എങ്കിലും ഓർത്തിരിക്കാൻ കഴിയാത്തതിനാൽ ഈ കുട്ടികൾക്കുപഠനം പ്രയാസകരമാകും.

shutterstock_1573343698

എഴുത്തുമായി ബന്ധപ്പെട്ട വെല്ലുവിളി

(ഡിസ്ഗ്രാഫിയ)

ഈ അവസ്ഥയുള്ളവർ എഴുതുന്നതു വായിക്കാൻ മറ്റുള്ളവർക്കു ബുദ്ധിമുട്ട് അനുഭവപ്പെടും. ഇംഗ്ലിഷിലെ വലിയ അക്ഷരങ്ങളും ചെറിയ അക്ഷരങ്ങളും ഇടകലർത്തിയാകും എഴുതുക. കുത്തും കോമയുമൊന്നും കൃത്യമായി പാലിക്കില്ല. നേർരേഖയിലെഴുതാൻ ഡിസ്ഗ്രാഫിയയുള്ള പല കുട്ടികൾക്കും കഴിയില്ല. ധാരാളം അക്ഷരത്തെറ്റ്  കാണും.

 ഇടത്തു നിന്നു വലത്തേക്ക് എഴുതുന്നതിനു പകരം വലത്തു നിന്ന് ഇടത്തേക്ക് എഴുതും.  ബി – ഡി , എം – ഡബ്ല്യു, സ – ഡ ഇവ തമ്മിൽ മാറിപ്പോകും.  അക്ഷരങ്ങൾക്കും വാക്കുകൾക്കുമിടയിൽ സാധാരണയിലേറെ  അകലം കാണാം. സമാനമായ വാക്കുകളും മാറിപ്പോകാനിടയുണ്ട്.  was എന്നതിനു പകരം  saw എന്നെഴുതും.

ഗണിതസംബന്ധമായ വെല്ലുവിളി

(ഡിസ്കാൽകുലിയ)

കൂട്ടുക, കുറയ്ക്കുക തുടങ്ങിയ അടിസ്ഥാന ഗണിതം പോ ലും ചെയ്യാൻ പ്രയാസം നേരിടാം. കണക്കിലെ വിവരങ്ങൾ അടുക്കോടെയും ചിട്ടയോടെയും രേഖപ്പെടുത്താൻ കഴിയാതെ വരും.

13 എന്നെഴുതുമ്പോൾ ‘13 എണ്ണം’ എന്നതു മനസ്സിലാക്കിയാകില്ല എഴുതുന്നത്. ചിത്രം വരയ്ക്കുന്നതു പോലെയാണു സംഖ്യകൾ എഴുതുക.  6 – 9 ഇവ തമ്മിൽ മാറിപ്പോകും. എണ്ണം, അളവ്, നീളം എന്നിവ കണക്കാക്കാൻ ഇവർക്കു കഴിയില്ല. വലത്, ഇടത് തുടങ്ങിയ വശങ്ങളും ദിക്കുകൾ തിരിച്ചറിയുന്നതിലും ആശയക്കുഴപ്പമുണ്ടാകാം.

ഏകോപനവുമായി ബന്ധപ്പെട്ട പ്രശ്നം

(ഡിസ്പ്രാക്സിയ)

കണ്ണുകളും കൈകളുമായുള്ള ഏകോപനത്തിൽ ബുദ്ധിമുട്ടു നേരിടാം. പെൻസിൽ പിടിക്കുന്ന രീതിയും എഴുത്തും വ്യത്യസ്തമാകും. കൂടുതൽ ശക്തി നൽകിയാലേ ഇവർക്ക് എഴുതാൻ പറ്റൂ.

മുഖത്തെ ഭാവം തിരിച്ചറിയുക, ഏകാഗ്രത വേണ്ട പ്രവൃത്തികൾ, അടുക്കുംചിട്ടയോടെയും കാര്യങ്ങൾ ചെയ്യുക തുടങ്ങിയവ ബുദ്ധിമുട്ടാകും. േകൾവി, കാഴ്ച ഇവയുടെ ഏകോപനത്തിലൂടെ കാര്യങ്ങൾ മനസ്സിലാകുന്നതിനു പ്രശ്നം നേരിടാം.

പഠന വെല്ലുവിളി തിരിച്ചറിഞ്ഞാൽ എന്തു ചെയ്യണം?

എഴുതിത്തുടങ്ങുന്ന പ്രായത്തിലാണു പഠനസംബന്ധമായ വെല്ലുവിളിയുണ്ടോയെന്നു മാതാപിതാക്കൾക്കും അധ്യാപകർക്കും തിരിച്ചറിയാനാകുക. പ്രശ്നങ്ങൾ കണ്ടാൽ അധ്യാപകരുടെയും ആവശ്യമെങ്കിൽ സ്പെഷൽ എജ്യുക്കേറ്ററുടെയും സഹായത്തോടെ മൂന്നു മാസം തുടർച്ചയായി പരിഹാര േബാധന പരിശീലനം (റെമെഡിയൽ ഇൻസ്ട്രക്‌ഷൻ) നൽകണം.

അക്ഷരങ്ങളാണു പ്രയാസമെങ്കിൽ അവ കൃത്യമായി മ നസ്സിലാകാനും മനസ്സിൽ പതിയാനും വേണ്ടിയുള്ള പരിശീലനം നൽകണം. ശ്രദ്ധ കുറവുള്ള കുട്ടിയാണെങ്കിൽ ശ്രദ്ധ കൂട്ടാനുള്ള ചെറിയ ആക്ടിവിറ്റീസ് വീട്ടിൽത്തന്നെ ചെയ്തു നോക്കാം.

 മൂന്നു മാസത്തെ പരിശീലനത്തിനു ശേഷവും കുട്ടിയുടെ അവസ്ഥയിൽ മാറ്റമില്ലെങ്കിൽ മാത്രമാണു പഠനവൈകല്യത്തിന്റെ ലക്ഷണമാണെന്ന് ഉറപ്പിക്കാനാകുക. തുടർന്നു കുട്ടിയുടെ െഎക്യു നില പരിശോധിക്കാൻ സൈക്കോളജിസ്റ്റിന്റെ സേവനം തേടാം.  

എന്താണു കുട്ടി നേരിടുന്ന വെല്ലുവിളി എന്നതിന് അനുസരിച്ചാണു പരിഹാര പരിശീലനം നൽകേണ്ടത്. സൈക്കോളജിസ്റ്റ്, സ്പെഷൽ എജ്യുക്കേറ്റർ, ഒക്യുപേഷന ൽ തെറപ്പിസ്റ്റ് എന്നിവരുടെ സേവനം പ്രയോജനപ്പെടുത്താം. സ്പീച്ച് തെറപ്പിസ്റ്റിന്റെ സേവനവും വേണ്ടി വന്നേക്കാം. കൃത്യമായ യോഗ്യതയും അനുഭവസമ്പത്തുമുളള വിദഗ്ധരുടെ സേവനം തേടാൻ ശ്രദ്ധിക്കണം.

ഡിസ്‌ലെക്സിയ ആണു പ്രശ്നമെങ്കിൽ വായിക്കാനുളള കഴിവു വളർത്തണം. വായന ഒരു ലിപിയും അതിന്റെ ശബ്ദവുമായുള്ള ബന്ധമാണ്. അക്ഷരത്തിന്റെ ആകൃതിയും അതിന്റെ ശബ്ദവുമായി ബന്ധപ്പെടുത്തുകയാണു വേണ്ടത്. മ, ഇംഗ്ലിഷിൽ എം എന്നീ അക്ഷരങ്ങൾക്ക് മ് എന്ന ശബ്ദമാണു വേണ്ടത്. ഇത്തരത്തിൽ ഫോണിക്സ് പഠിക്കുന്നതിലൂടെ കുട്ടികൾക്ക് അക്ഷരങ്ങളെ വായനയുമായി ബന്ധപ്പെടുത്താനാകും. കളികളിലൂടെ അക്ഷരങ്ങളും ഉച്ചാരണവുമായുള്ള ബന്ധം മനസ്സിലാക്കാനുള്ള പരിശീലനം നൽകാം.

ഡിസ്ഗ്രാഫിയ ആണു പ്രശ്നമെങ്കിൽ ഇന്ദ്രിയ സംയോജനത്തിന് (സെൻസറി പ്രോബ്ലം) വേണ്ടി ഒക്യുപേഷനൽ തെറപ്പി നൽകാം. എഴുതുമ്പോൾ കൃത്യമായി പെൻസിൽ പിടിക്കാതിരിക്കുക, എഴുതുമ്പോൾ തെളിയുന്നില്ല ഇതെല്ലാം ഇന്ദ്രിയ സംയോജനത്തിലെ പ്രശ്നങ്ങൾ മൂലമാകും.  

ആഴ്ചയിൽ മുക്കാൽ മണിക്കൂറാകും വിദഗ്ധർ പരിശീലനം നൽകുക. ഒപ്പം വീട്ടിൽ പരിശീലനം നൽകുന്നതിനുള്ള ആക്ടിവിറ്റികൾ മാതാപിതാക്കൾക്കു നൽകും. ഓേരാ കുട്ടിയുടെയും ആവശ്യമനുസരിച്ചാണു പരിശീലന രീതികളും മാറാം.

‘ബി’ ക്കു പകരം ‘ഡി’ എഴുതുന്നതു പഠന വെല്ലുവിളിയുടെ ലക്ഷണമാണ്.  ഈ ധാരണ വാസ്തവമാണോ?

ഒന്നോ രണ്ടോ തവണ അക്ഷരം മാറിപ്പോയതു കൊണ്ടു കുട്ടിക്കു പഠനപരമായ വെല്ലുവിളി ഉണ്ടെന്ന് ആശങ്കപ്പെേണ്ടതില്ല. പഠിക്കാൻ തുടങ്ങുന്ന പ്രായത്തിൽ കുട്ടികൾക്കു ബി, ഡി തുടങ്ങിയ അക്ഷരങ്ങൾ മാറിപ്പോകുകയും മിറർ ഇമേജ് േപാലെ എഴുതുകയും ചെയ്യാറുണ്ട്. മൂന്നു മുതൽ ഏഴ് വയസ്സു വരെയുള്ള പ്രായത്തിൽ ഇതു സാധാരണയാണ്.

ചെറിയപ്രായത്തിൽ കുഞ്ഞുങ്ങളുടെ മനസ്സിൽ അക്ഷരങ്ങളുടെ രൂപം കൃത്യമായി പതിയണമെന്നില്ല. അതുകൊണ്ടു സംയമനത്തോടെ പരിശീലനം നൽകണം.

ആദ്യം അക്ഷരത്തെക്കുറിച്ചു പറഞ്ഞു നൽകണം. ആ അക്ഷരം  മണ്ണിലോ സ്ലേറ്റിലോ എഴുതിക്കാം. െതറ്റിയാൽ മായ്ച്ചു ശരിയായി എഴുതാൻ സഹായിക്കുക. ഇങ്ങനെ തിരുത്താമെന്നതിനാൽ എഴുതിയതു തെറ്റി എന്ന വിഷമം കുഞ്ഞുങ്ങൾക്കുണ്ടാകില്ല. സാൻഡ് പേപ്പർ അക്ഷരത്തിന്റെ മാതൃകയിൽ വെട്ടി ഒട്ടിച്ച് അതിലൂടെ കൈ വിരൽ ഓടിച്ച് അക്ഷരമെഴുതി പഠിക്കാൻ സഹായിക്കാം. ഫ്ലാഷ് കാർഡ് കാണിച്ചു പഠിപ്പിക്കുന്നതു അക്ഷരങ്ങളും വാക്കുകളും പരിചിതമാകാൻ സഹായിക്കും.  

സ്െപഷൽ എജ്യുക്കേറ്ററുടെയും അധ്യാപകരുടെയും സഹായത്തോടെ മൂന്നുമാസം തുടർച്ചയായി പരിഹാര ബോധന പരിശീലനം നൽകിയ ശേഷവും അക്ഷരം, വാക്ക്, ഗണിതം ഇവയിൽ അപാകത പ്രകടമാകുന്നെങ്കിൽ പഠന വെല്ലുവിളിയുടെ ലക്ഷണമായി കരുതാം.

പഠനത്തിൽ പിന്നാക്കമാണെങ്കിൽ ആ കുട്ടിക്ക് ലേണിങ് ഡിസ്എബിലിറ്റിയുണ്ടെന്നാണോ അർഥം?

പഠനത്തിൽ പിന്നിലായ എല്ലാ കുട്ടികൾക്കും പഠനപരമായ വെല്ലുവിളിയുണ്ടാകണമെന്നില്ല. പഠനപ്രശ്നങ്ങളും പ ഠനവൈകല്യവും രണ്ടാണ്. പഠനവൈകല്യമുള്ള എല്ലാവർക്കും പഠനപ്രശ്നങ്ങളുണ്ടാകും. എന്നാൽ പഠനപ്രശ്നങ്ങളുള്ള എല്ലാവർക്കും പഠനവൈകല്യമുണ്ടാകണമെന്നില്ല.  കുടുംബപശ്ചാത്തലം, ശാരീരിക പ്രശ്നങ്ങൾ, അധ്യാപകരുടെ ഭാഗത്ത് നിന്നുള്ള പിന്തുണയില്ലായ്മ തുടങ്ങിയവ പഠനപ്രശ്നങ്ങൾക്ക് കാരണമാകാം.

മുതിരുമ്പോൾ ലേണിങ് ഡിസെബിലിറ്റി തനിയെ മാറുമോ?

മുതിരുംതോറും പഠനവെല്ലുവിളിയുടെ ആഴം കൂടും. ഡിസ്കാൽകുലിക് ആയ വൃക്തിക്കു ദിശ തിരിച്ചറിയാനാകാത്തതു വാഹനമോടിക്കുമ്പോൾ അപകടകാരണമായേക്കാം. എന്നാൽ ഈ പ്രശ്നങ്ങൾ കുട്ടിക്കാലത്തേ തിരിച്ചറിഞ്ഞു പരിഹാരം തേടിയാൽ ഇത്തരം സാഹചര്യങ്ങൾ നേരിടാൻ അവർക്കു കഴിയും.

 പഠനപരമായ വെല്ലുവിളിയുടെ ലക്ഷണങ്ങൾ പ്രത്യക്ഷത്തിൽ തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ നിയന്ത്രിക്കാനും അക്കാദമിക മികവ് പുലർത്താനും  പ്രശ്നപരിഹാര വിദ്യാഭ്യാസം സഹായിക്കും.

പഠന വെല്ലുവിളിയുള്ളവരിൽ സ്വഭാവത്തിലോ പെരുമാറ്റത്തിലോ പ്രശ്നങ്ങളുണ്ടാകുമെന്നത് ശരിയാണോ?

പഠന വെല്ലുവിളി തിരിച്ചറിയാതെ പോകുന്നതു മൂലം കുട്ടിക്ക് തങ്ങളുടെ മറ്റു കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം കിട്ടാതെ വരാം. ഇത്തരം കുട്ടികൾ തങ്ങളുടെ ബുദ്ധിശക്തി വേറെ ഏതെങ്കിലും മേഖലയിലേക്ക് വഴിതിരിച്ചു വിടാൻ സാധ്യതയേറെയാണ്.

പലപ്പോഴും അധ്യാപകർ, മാതാപിതാക്കൾ തുടങ്ങിയവരും വിദ്യാഭ്യാസ സംവിധാനവും പല കുട്ടികളുടെയും പ ഠന വെല്ലുവിളി കണ്ടെത്തുന്നതിൽ പരാജയപ്പെടുന്നു. മടി, പെരുമാറ്റപ്രശ്നം ഇത്തരം തെറ്റായ വിലയിരുത്തൽ കൊണ്ട് ഈ കുട്ടികളെ മുദ്ര കുത്തുകയും  ചെയ്യും.

 പഠനസംബന്ധമായ വെല്ലുവിളിയെ അതിജീവിക്കാൻ കുരുന്നുകൾക്ക് വേണ്ടത് പരിഗണനയും പരിശീലനവുമാണെന്നോർമിക്കുക. എല്ലാ കുഞ്ഞുങ്ങൾക്കും പഠിക്കാനും മെച്ചപ്പെട്ട ജീവിതം നയിക്കാനുമുള്ള അവകാശമുണ്ട്. പഠന വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് കൈത്താങ്ങ് നൽകാം. സ്വപ്നങ്ങളുടെ ചിറക് വാടാതെ എല്ലാ കുരുന്നുകളും പറന്നുയരട്ടെ.

വിവരങ്ങള്‍ക്ക് കടപ്പാട് - ഡോ. കെ. എം. മുസ്തഫ, ഓണററി ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് റിസർച്ച് ഇൻ ‌ലേണിങ് ഡിസെബിലിറ്റി, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, കോട്ടയം. ഡോ. എ. നിർമല, സൈക്കോളജിസ്റ്റ്, പ്രിൻസിപ്പൽ, ശാന്തിനികേതൻ, തിരുവനന്തപുരം. ഡോ. സൂസൻ മേരി സക്കറിയ, സീനിയർ സ്പെഷലിസ്റ്റ്, ഡെവലപ്മെന്റൽ പീഡിയാട്രിക്സ്, ആസ്റ്റർ മെഡ്സിറ്റി, കൊച്ചി. അന്ന ഡാനിയൽ, വൈസ് പ്രിൻസിപ്പൽ, ബാച്ചിലർ ഒഫ് ഒക്യുപേഷനൽ തെറപ്പി ‌പ്രോഗ്രാം, NIPMR, തൃശൂർ.

ADVERTISEMENT