ADVERTISEMENT

മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്തെന്നാരോപിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. കേസിൽ മംഗലപുരം ഷിബിനി കോട്ടേജിൽ എസ്. ഷംനാദ് (31), നെടുമങ്ങാട് പഴകുറ്റി അനിതാഭവനിൽ എസ്. അഖിൽ (31) എന്നിവരെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതര പരുക്കേറ്റ കൊല്ലം ചാത്തന്നൂർ  താഴംകല്ലുവിളവീട്ടിൽ ജി. അഖിൽ കൃഷ്ണൻ (30) കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.  കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 5.30 തോടെയായിരുന്നു സംഭവം.

പ്രതികൾ സഞ്ചരിച്ച കാർ നെടുമങ്ങാട് പഴകുറ്റി ഭാഗത്തു വച്ച് അപകടകരമായ രീതിയിൽ പിന്നിലേക്ക് എടുക്കുന്നതിനെ ചിലർ ചോദ്യം ചെയ്തു. ഇത്, തൊട്ടു പിന്നിലായി ബൈക്കിൽ വന്ന അഖിൽ കൃഷ്ണനാണെന്നു പ്രതികൾ തെറ്റിദ്ധരിച്ചെന്ന് പൊലീസ് പറയുന്നു. കാട്ടാക്കടയിൽ സ്വകാര്യ ബാങ്ക് ജീവനക്കാരനായ അഖിൽ കൃഷ്ണൻ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അഖിൽ കൃഷ്ണനെ പിന്തുടർന്ന പ്രതികൾ കാർ റോഡിന് കുറുകെയിട്ട്  തടഞ്ഞ് കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഭയന്ന അഖിൽ കൃഷ്ണൻ പെട്ടെന്ന് അവിടെ നിന്നും ബൈക്കെടുത്ത് രക്ഷപ്പെടുകയായിരുന്നു.

ADVERTISEMENT

‘ അവനെ കാറിടിച്ചു കൊല്ലെടാ ’എന്ന് ആക്രോശിച്ചുകൊണ്ട് പ്രതികൾ പിന്നാലെ പാഞ്ഞു.തുടർന്ന്  തേക്കട ജംക്‌ഷനു സമീപം വച്ച് ബൈക്ക് ഇടിച്ചു തെറിപ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ അഖിൽ കൃഷ്ണന്റെ വലതു കയ്യിലും വലതുകാലിലും പൊട്ടലുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഒളിപ്പിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.  വട്ടപ്പാറ എസ്എച്ച്ഒ എസ്. ശ്രീജിത്ത്, എസ്ഐ ശ്രീലാൽ ചന്ദ്രശേഖരൻ, സിപിഒമാരായ അജിത്ത്, ശ്രീജിത്ത്, ശ്രീകാന്ത് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

More

ADVERTISEMENT
ADVERTISEMENT
ADVERTISEMENT