Monday 23 November 2020 11:24 AM IST : By സ്വന്തം ലേഖകൻ

കൊളസ്ട്രോൾ, പ്രമേഹം, ഡിസ്ക് തള്ളൽ; ഇരുന്നുള്ള പണി ‘പണിയാകും’; ശ്രദ്ധിക്കണം ഈ എട്ട് കാര്യങ്ങൾ

sitting

ശരീരത്തിനുണ്ടാകുന്ന ദോഷത്തിന്റെ കണക്കെടുത്താൽ പുകവലിയേക്കാൾ ഭീകരനാണ് തുടർച്ചയായ ഇരിപ്പ് എന്നാണു പഠനങ്ങൾ പറയുന്നത്. ഇരുന്നു ജോലി ചെയ്യുന്നവരിൽ കൊളസ്ട്രോൾ, പ്രമേഹം എന്നിവയ്ക്കു സാധ്യത കൂടുതലാണ്. ഒരേ ഇരിപ്പ് പേശികളെ ദുർബലമാക്കുന്നതിനാൽ എളുപ്പം ക്ഷതം പറ്റാം. 45 മിനിറ്റിലധികം ഒരേ ഇരിപ്പിരിക്കുന്നവരിൽ ഡിസ്ക് തള്ളലിനും സിയാറ്റിക്കയ്ക്കും സാധ്യത വളരെ കൂടുതലാണ്. ഇരുന്നുള്ള ജോലി എന്നു പറയുമ്പോൾ പൊതുവെ കംപ്യൂട്ടറുമായി ബന്ധപ്പെട്ട ജോലി എന്നാണ് ചിന്തിക്കാറ്. അത്തരം ജോലികളോടൊപ്പം ദൂരയാത്ര കൂടി ആയാലോ? ഇനി അതോടൊപ്പം വീട്ടുജോലികൾ കൂടി ആയാേലാ? ഇരുന്നു യാത്ര ചെയ്യുന്നതും ഇരുന്നുള്ള ഒരു ജോലി തന്നെയാണ്.

അര മണിക്കൂർ മാത്രമേ ഒരേ ഇരിപ്പിരിക്കാവൂ. അരമണിക്കൂർ കഴിയുമ്പോൾ എഴുന്നേറ്റ് നിൽക്കുകയോ അൽപദൂരം നടക്കുകയോ ചെയ്യുക. കാഷ്യർ, കസ്റ്റമർ കെയർ എന്നിങ്ങനെയുള്ള ജോലി ചെയ്യുന്നവർക്ക് ഇതു നല്ലതാണ്. അവർക്കുള്ള കസേരയ്ക്കു ഹെഡ് റെസ്റ്റ് വേണമെന്നില്ല. മേശയുടെ അടിയിലേക്ക് കയറ്റി വയ്ക്കാവുന്ന െെകയില്ലാത്ത കസേരകൾ ആവും നന്നാവുക.

എന്നാൽ ക്ലാർക്ക്, അക്കൗണ്ടന്റുമാർ എന്നിങ്ങനെ എഴുത്തും കംപ്യൂട്ടറും ഒന്നിച്ചുവരുന്ന ജോലികളിൽ ഹെഡ് റെസ്റ്റ്, െെററ്റിങ് ബോർഡ് എന്നിവ ഉപയോഗിച്ചു ശീലിക്കുക. ഹെഡ് റെസ്റ്റിൽ തല ചാരി വച്ചു കാൽ തറയിൽ നിന്നും ഉയർത്തി വയ്ക്കാൻ പാകത്തിനു മേശയ്ക്കു പടിയും കസേരയ്ക്ക് കയ്യും ഉണ്ടാകണം. അങ്ങനെ കാലും കയ്യും തലയും ചാരിവച്ചു നേരേ നോക്കുമ്പോൾ കാണുന്നിടത്തു കംപ്യൂട്ടർ സ്ക്രീൻ വരണം. തല ഹെഡ് റെസ്റ്റിൽ നിന്നെടുത്തു കഴുത്തു കുനിക്കാതെ എഴുതാൻ തക്ക ചെരിവ് െെററ്റിങ് ബോർഡിനു വേണം. ചെരിഞ്ഞിരുന്ന് എഴുതി ശീലിക്കാതിരിക്കുക. വിദ്യാർഥികളും ഇതു ശ്രദ്ധിക്കേണ്ടതാണ്. െഎ ടി ജോലിക്കാർക്കും മേൽപ്പറഞ്ഞ നില തന്നെയാണുത്തമം. എഴുത്തുകുത്തുകൾ കുറവായതിനാൽ െെററ്റിങ് ബോർഡ് ഒഴിവാക്കാം.

െെഡ്രവിങ്ങും ഇരുന്നു ചെയ്യുന്ന ഒരു സാധാരണ ജോലിയാണ്. ഏറെ നേരം വണ്ടി ഒാടിക്കുന്ന ഫോർ വീൽ െെഡ്രവർമാരുടെ കാലിലെ പേശികൾ ഇറുകി കട്ടിപിടിക്കുന്നതായി കാണാറുണ്ട്. അവർ കാലിനും കഴുത്തിനും വ്യായാമം ചെയ്യണം. ടൂ വീലർ ഒാടിക്കുമ്പോൾ ബാലൻസ് ഒാടിക്കുന്നയാളുടെ തോളിലാണ്. അവർ െെകകൾക്കും കഴുത്തിനും വ്യായാമം ചെയ്യണം.

വേദനയുള്ളവർക്ക് കോളർ ഇടേണ്ടി വന്നേക്കാം. അതു കുറച്ചുകാലം മതിയാവും. പലരും ഭംഗിയെക്കരുതി കോളർ ഇടാൻ മടിക്കാറുണ്ട്. അത്തരക്കാർക്ക് ഇന്നിപ്പോൾ ഭംഗിയുള്ള കോളർ ലഭ്യമാണ്. വിയർപ്പടിഞ്ഞു ചൊറിച്ചിൽ ഉണ്ടാവാത്ത സിൽവർ ചേർത്ത കോളറും കിട്ടും.

sittingz

ഇരുന്നു ജോലി ചെയ്യുന്നവരുടെ നടുവിനും കഴുത്തിനും ഉള്ള ആയാസം കുറയ്ക്കാനുള്ള ചില വ്യായാമങ്ങളാണ് താഴെ.

∙ബെഡ്ഡിൽ കുറുകെ കിടന്നു കഴുത്തും തലയും ഒരു മിനിറ്റിൽ താഴെ നേരം താഴോട്ട് തൂക്കിയിടാം.

∙ കമഴ്ന്നു കിടന്നു താടിയിൽ െെക ഊന്നി വായിക്കുകയോ ടിവി കാണുകയോ ചെയ്യാം.

∙ കാൽ നീട്ടിവച്ചിരുന്ന് കാൽമുട്ടു മടങ്ങാതെ കൈവിരൽ കൊണ്ട് കാൽ വിരലുകളിൽ തൊടാം.

∙ െനക്ക് െഎസോമെട്രിക് വ്യായാമങ്ങൾ ശീലിക്കാം. രണ്ടു കയ്യും നെറ്റിയിൽ വച്ച് മൃദുവായി തള്ളുക. കഴുത്തിലെ പേശികൾ ഇറുക്കുക. തല മുൻപോട്ടു നീക്കരുത്. എട്ടു സെക്കൻഡ് ഇങ്ങനെ തുടരുക.

∙ രണ്ടു കയ്യും കോർത്തു തലയുടെ താഴെയായി പിടിക്കുക. മുൻപോട്ടു ചെറിയ മർദ്ദം നൽകുക. ഈ സമയത്ത് തലകൊണ്ട് കൈയിലേക്ക് പിന്നാക്കം ചെറിയൊരു തള്ളു നൽകുക. എന്നാൽ തല പിന്നോട്ടു ചാഞ്ഞുപോവുകയുമരുത്. അഞ്ചു സെക്കൻഡ് തുടരുക. മൂന്നുമിനിറ്റ് വിശ്രമിക്കുക. വീണ്ടും ചെയ്യുക.

∙ ഇടതുകൈ കൊണ്ട് തലയുടെ ഇടതുവശത്തു പിടിച്ച് ചെറുതായി തള്ളുക. തല കൊണ്ട് കയ്യിലേക്കും സമ്മർദം നൽകുക. വലതുകൈ കൊണ്ട് തലയുടെ വലതുവശത്തു പിടിച്ചും ഇതേപോലെ ചെയ്യുക.

∙ ഇരുന്ന് ഉറങ്ങുന്നവർ സെർവിക്കൽ കോളർ/ബട്ടർ ഫ്ളൈ പില്ലോ/എയർ പില്ലോ പോലുള്ള നെക്ക് സപ്പോർട്ട് ഉപയോഗിക്കുക.

ഇങ്ങനെ ഇരിക്കാം

∙ ഉയരം കൂട്ടാനും കുറയ്ക്കാനും സൗകര്യമുള്ള കസേരകളാണ് ഇരുന്നുജോലി ചെയ്യുന്നവർക്ക് ഉത്തമം.

∙ ഇരിക്കുമ്പോൾ നടുവിനു താഴ്ഭാഗം കസേരയിൽ അമർന്നിരിക്കണം. നടുവേദനയുള്ളവർക്ക് ഒരു ചെറിയ കുഷ്യൻ കൂടി വച്ച് ചാരിയിരുന്നാൽ ഇരിപ്പു സുഖപ്രദമാകും.

∙ തോള് മുന്നോട്ടു കുനിച്ചോ പിന്നോട്ടു വളച്ചോ വയ്ക്കരുത്. നിവർന്നു നിൽക്കുമ്പോൾ തോളുകൾ എങ്ങനെയാണോ അങ്ങനെ തന്നെ വേണം ഇരിക്കുമ്പോഴും.

∙ പാദങ്ങൾ തറയിൽ അമർത്തിവയ്ക്കുക. ഉയരക്കുറവുണ്ടെങ്കിൽ അധികം ഉയരമില്ലാത്ത സ്റ്റൂളിട്ട് അതിൽ വയ്ക്കാം. കാലുകൾ ഉയർത്തിയോ തമ്മിൽ പിണച്ചോ വയ്ക്കുന്നത് നടുവിനു സുഖകരമാകില്ല.

∙ ഒരേ ഇരിപ്പിന് ഇടയ്ക്ക് വിശ്രമം കൊടുക്കണം. അര മണിക്കൂർ കൂടുമ്പോൾ ഒരു മിനിറ്റു നേരം എങ്കിലും എഴുന്നേറ്റു നിൽക്കുകയോ അൽപ ദൂരം നടക്കുകയോ ചെയ്യണം.

∙ കണ്ണട സ്ഥിരമായി വയ്ക്കേണ്ടവർ നിർബന്ധമായും അതു ശീലിക്കുക. അല്ലെങ്കിൽ കണ്ണിനു മാത്രമല്ല, കഴുത്തിനും ഉപദ്രവം ആകും.

∙ വാഹനങ്ങളോടിക്കുന്നവർ ക്ലച്ച്, ആക്സിലറേറ്റർ, സ്റ്റിയറിങ്ങ് എന്നിവ വല്ലാതെ മുറുകിപ്പോകാതെ നോക്കുക.

∙ ഗുണമേന്മയുള്ള െഹൽമറ്റ് ഉപയോഗിക്കുക. മങ്ങിത്തുടങ്ങിയാലുടൻ െെവസർ മാറുക.

വിവരങ്ങൾക്ക് കടപ്പാട്;

സുമേഷ് കുമാർ
സീനിയർ ഫിസിയോ തെറപ്പിസ്റ്റ്, റിലീഫ് ഫിസിയോതെറപ്പി സെന്റർ, തൊടുപുഴ