Saturday 13 February 2021 02:33 PM IST

പ്രണയദിനത്തിൽ കാണാൻ സംവിധായിക കാവ്യ പ്രകാശ് നിർദേശിക്കുന്ന അഞ്ച് സിനിമകൾ

Shyama

Sub Editor

lddvv3344

പ്രണയിക്കുന്നവരേ നോക്കൂ... അവർക്ക് അദൃശ്യമായ ചിറകുകളുണ്ട്. എല്ലാ മങ്ങലുകൾക്ക് മുകളിലേക്കും ഒരൽപം നിറം പകർന്ന് പറക്കാൻ പറ്റുന്നൊരു അദൃശ്യച്ചിറക് അവർക്കുണ്ട്. ലോകത്ത് ഇത്രയേറെ ആളുകളുള്ളപ്പോഴും മറ്റുള്ളവരുടെ വാക്കുകളേക്കാൾ എന്തോ ഒരു മാന്ത്രികശക്തി ചില സമയം നമ്മൾ പ്രണയിക്കുന്നവരുടെ വാക്കിനും പ്രവർത്തിക്കും കൽപ്പിച്ചു കൊടുക്കാറുണ്ട്... മറ്റാരൊക്കെ ‘പോട്ടേ സാരമില്ല’ എന്നു പറഞ്ഞാലും മാറാത്ത സങ്കടങ്ങൾ ചിലപ്പോൾ പ്രണയിക്കുന്നൊരാളുടെ നോട്ടം കൊണ്ടോ ഒരു വാക്കു കൊണ്ടോ ചേർത്തുപിടിക്കൽ കൊണ്ടോ ഉരുകി പോകും... അതേ പ്രണയം നമുക്ക് അദൃശ്യമായ ചിറകുകൾ നൽകും. അതുകൊണ്ടല്ലേ എഴുതിയിട്ടും എഴുതിയിട്ടും തീരാത്ത വരികളായി പ്രണയമിങ്ങനെ കൊഴിയാതെ പൂത്തുകൊണ്ടേയിരിക്കുന്നത്...

കോവിഡ് പാൻഡമിക്ക് കാരണം പുറത്ത് പോക്കും ആഘോഷങ്ങളും ഒക്കെ പലർക്കും മാറ്റി വയ്ക്കേണ്ടി വന്നിട്ടുണ്ടാകാം. എന്നാലും പ്രണയം തന്നെയൊരാഘോഷമാകുന്പോൾ  മെഴുകുതിരിവെട്ടത്തിന് ചുറ്റുമുള്ള അത്താഴവിരുന്നിന്റെ അഭാവമോ ഒരുമിച്ചുള്ള യാത്രപോക്ക് ഇല്ലെങ്കിലോ പോലും അതിന്റെ മാറ്റ് കുറയ്ക്കില്ല. ഒരു ലാപ്ടോപ്പിൽ ഇഷ്ടമുള്ള സിനിമകൾ അടുക്കി അവ ഒരുമിച്ച് കാണാം. ദൂരങ്ങളിൽ പെട്ട് പോയവർക്ക് ഒരേ സമയത്ത് രണ്ടിടങ്ങളിൽ ഇരുന്ന് ഒരേ സിനിമ കാണാം... ഒരുമിച്ച് ചിരിക്കാം, ഒരുമിച്ച് കരയാം, ഒരുമിച്ച് ആശ്വാസച്ചില്ലകളാകാം, ആന്ദത്തിന്റെ ഊഞ്ഞാലുകളാകാം...  

സിനികൾ പ്രണയദിനത്തിന്റെ ഭാഗമാക്കാനാഗ്രഹിക്കുന്നവർക്ക് തനിക്ക് ഏറെ പ്രിയപ്പെട്ട അഞ്ചു സിനിമകൾ പങ്കു വയ്ക്കുകയാണ് സംവിധായിക കാവ്യ പ്രകാശ്. വാങ്ക് എന്ന് സിനിമയിലൂടെ  സംവിധാനത്തിൽ അരങ്ങേറ്റം കുറിച്ച കാവ്യ വായനക്കാർക്കായി നൽകുന്ന പ്രണയ സമ്മാനം. ഐ.എഫ്.എഫ്.കെ.യിൽ ആദ്യമായി സംവിധാനം ചെയ്ത സ്വന്തം ചിത്രം പ്രദർശിപ്പിച്ചതിന്റേയും അതിനു കിട്ടിയ വളരെ പോസിറ്റീവായ പ്രതികരണത്തിന്റെയും ആവേശത്തിലാണ് കാവ്യ. ആ സന്തോഷത്തിരയിലിരുന്നുകൊണ്ട് തന്നെ കാവ്യ വായനക്കാർക്കുള്ള പ്രണയസിനിമകൾ ഓരോന്നായി സജ്ജസ്റ്റ് ചെയ്യുന്നു...  

1. ദി ഹോളിഡേ: 2006ൽ പുറത്തിറങ്ങിയ റോമാന്റിക് കോമഡിയാണ് ദി ഹോളിഡേ. നാൻസി മെയേഴിസ് സംവിധാനം ചെയ്ത് ചിത്രത്തിൽ കാമേറോണ്‍ ഡയസ്, ജ്യൂഡ് ലോ, കേയ്‌റ്റ് വിൻസ്‌ലെറ്റ്, ജാക് ബ്ലാക് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.  ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി രണ്ട് രാജ്യത്തുള്ള രണ്ട് സ്ത്രീകൾ തങ്ങളുടെ വീട് പരസ്പരം മാറുന്നതും, പിന്നീട് സംവഭിക്കുന്ന രസകരമായ കാര്യങ്ങളുമാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്.

2. ദി ടെർമിനൽ: കോമ‍ഡി–ഡ്രാമ ഇനത്തിൽ പെടുന്ന സിനിമയാണിത്. സിറ്റീവൻ സ്പീൽബേഗിന്റെ സംവിധാനത്തില്‍ 2004ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ടോം ഹാങ്ങ്സ്, കാതറീൻ സെറ്റജോൺസ്, സ്റ്റാൻലി ടുസി മുതലായവർ പ്രധാന വേഷത്തിലെത്തുന്നു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എയർപോർട്ടിൽ പെട്ടുപോകുന്നൊരാളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

3. ബിഗിൻ എഗെയ്ൻ: 2013ൽ ഇറങ്ങിയ റോമാൻസ്–ഡ്രാമ വിഭാഗത്തിൽ പെട്ട സിനിമ. ജോൺ കാർനെ സംവിധാനം ചെയ്ത സിനിമ ഒരു ബേയ്ക്ക്അപ്പ് കഴിഞ്ഞ് ഒറ്റപ്പെടുന്ന ഗ്രെറ്റ എന്ന പാട്ടെഴുത്തുകാരിയുടെ കഥ പറഞ്ഞാണ് തുടങ്ങുന്നത്. ഗ്രറ്റയുടെ യഥാർഥ കഴിവ് ഒരു റെക്കോർഡ് എക്‌സിക്യൂറ്റീവ് തിരിച്ചറിയുന്നതും അതിനു ശേഷമുള്ള സംഭവങ്ങളും രസകരമായി പറഞ്ഞു പോകുന്ന സിനിമയിൽ കെയ്‌ര നൈറ്റ്‌ലിയും മാർക്ക് റഫാലോയും ആദം ലെവൈനും ഒക്കെ പ്രധാന വേഷങ്ങൾ ചെയ്യുന്നു.

4. ദി ഫോൾട്ട് ഇൻ അവർ സ്റ്റാഴ്സ്: കാൻസർ ബാധിതരായ രണ്ടുപേർ ഒരു ക്യാൻസർ സ്പോർട്ട് ഗ്രൂപ്പിൽ വച്ച് പരിചയപ്പെട്ടുന്നതും അതുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. 2014 ഇറങ്ങിയ ജോഷ് ബൂൺ സംവിധാനം ചെയ്ത ചിത്രത്തിൽ ഷൈലീൻ വുഡ്‌ലീ, ആൻസൽ എൽഗോട്ട്, ജോൺ ഗ്രീൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. റൊമാൻസ്– ഡ്രാമ വിഭാഗത്തിൽ വരുന്ന ചിത്രമാണിത്.

5. പി.എസ്. ഐ ലവ് യൂ: 2007ൽ ഇറങ്ങിയ ഏറെ ശ്രദ്ധയാകർഷിച്ച് ചിത്രം. റോമാൻസ്–ഡ്രാമ ഇനത്തിലുള്ള ചിത്രം റിച്ചാർഡ് ലഗ്രാവനീസാണ് സംവിധാനം ചെയ്തത്. അകാലത്തിൽ മരിച്ചു പോയ ഭർത്താവിന്റെ കത്തുകൾ കിട്ടുന്ന ഭാര്യയുടെ കഥയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ജെറാഡ് ബട്ട്ലർ, ഹിലരി സ്വാങ്ക്, ജെഫ്രി ഡീൻ മോർഗൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി വരുന്നത്.

നിങ്ങൾക്കിഷ്ടമുള്ള പ്രണയ സിനിമകൾ കമന്റ് ബോക്സിൽ പറയൂ...   

Tags:
  • Spotlight
  • Relationship
  • Movies