Thursday 07 March 2024 04:41 PM IST

പഴയ ഓട്ടുപാത്രത്തിൽ ഒളിഞ്ഞിരുന്ന ബിസിനസ് ഐഡിയ, പണമൊഴുക്കിന്റെ ഗതിയറിഞ്ഞ മിടുക്ക്: രണ്ടു ‘കാവ്യമാർ’: അവരുടെ വിജയഗാഥ

Rakhy Raz

Sub Editor

kavya-business-story

ഒരേ പേരിൽ തുടങ്ങുന്ന രണ്ടു സന്തോഷങ്ങളാണ് കാവ്യ നായരും കാവ്യ ചെറിയാനും. ഫോബ്സ് 30 അണ്ടർ 30 ഏഷ്യ പട്ടികയിൽ ഇടം പിടിച്ച രണ്ടു മലയാളികൾ. വിവിധ മേഖലകളിലെ പ്രതിഭകളെ തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന പട്ടികയാണിത്.

അമേരിക്കൻ ബിസിനസ് മാഗസിനായ ഫോബ്സിന്റെ തിരഞ്ഞെടുപ്പു ലോകം ഉറ്റുനോക്കുന്നതാണ്. ഏഷ്യയിൽ മുപ്പതിനു താഴെ പ്രായമുള്ള 30 പേരുടെ പട്ടികയിലാണു നമ്മുടെ കാവ്യമാർ ഇടം നേടിയത്. പാലക്കാട്ടെ കാവ്യ നായരും കൊച്ചിയിലെ കാവ്യ ചെറിയാനും

പണമൊഴുക്കിന്റെ ഗതിയറിഞ്ഞ്

ഏഷ്യൻ സമ്പദ് വ്യവസ്ഥയിലേക്കുള്ള പണമൊഴുക്കിൽ വലിയ സ്വാധീനം ചെലുത്തി എന്നതാണു കാവ്യ നായർ എന്ന മിടുക്കിക്കു ഫിനാൻസ് ആൻഡ് വെൻച്വർ കാപ്പിറ്റ ൽ  എന്ന വിഭാഗത്തിൽ ഫോബ്സ് ലിസ്റ്റിൽ ഇടം നേടിക്കൊടുത്തത്. ഇന്ത്യയിലെ ഹെൽത് കെയർ, കൺസ്യൂമർ മേഖലയിൽ ഏറ്റവും വലിയ ഇടപാടുകളിൽ ഏർപ്പെട്ടിരിക്കുന്ന ചെന്നൈ ആസ്ഥാനമായുള്ള അഡ്വേയ് ക്യാപിറ്റൽ അഡ്വൈസേഴ്സ് എന്ന ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെ സ്ഥാപക ടീമംഗവും ഡയറക്ടറുമാണു കാവ്യ നായർ.
‘‘അച്ഛനും അമ്മയും പാലക്കാട്ടുകാരാണെങ്കിലും 35 വർഷത്തിലേറെയായി കുവൈത്തിലാണ്. ഞാൻ ജനിച്ചു വളർന്നതും അവിടെ തന്നെ. അതുകൊണ്ടു തന്നെ ഇഷ്ടമാണെങ്കിലും മലയാള ഭാഷ അത്ര വഴങ്ങില്ല.

കുവൈത്തിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ചാർട്ടേഡ് അക്കൗണ്ടൻസി ചെയ്യുന്നതിനായി ഇന്ത്യയിലേക്കു വന്നു. വിദൂരവിദ്യാഭ്യാസം വഴി ബികോം പാസായി. ഡിലോയിറ്റ് എന്ന കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് യോഗ്യത നേടി.


ഫിനാൻസ് രംഗത്തു കരിയർ വേണമെന്ന ആഗ്രഹം ഉ ണ്ടായിരുന്നു. സംരംഭകത്വവുമായുള്ള എന്റെ യാത്ര തുടങ്ങുന്നത് 2017 ലാണ്. സഹപ്രവർത്തകരായ വിനോദ് കുമാർ, വിപിൻ ഭാസ്ക്കർ എന്നിവരോടൊപ്പം ജോലി ചെയ്തിരുന്ന ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ നിന്നു രാജി വയ്ക്കുകയായിരുന്നു ആദ്യ പടി. സ്വന്തം സംരംഭം ആയിരുന്നു മനസ്സിലുള്ള ലക്ഷ്യം.
അങ്ങനെ ഞങ്ങൾ അഡ്വേയ് കാപ്പിറ്റൽസ് അഡ്വൈസേഴ്സ് എന്ന സംരംഭം തുടങ്ങി. സുശക്തമായ ടീമിനെ കെട്ടിപ്പടുത്തു.  ഇന്ത്യയിലുടനീളം  മികച്ച രീതിയിൽ ഇടപാടുകൾ പൂർത്തീകരിക്കുകയും ചെയ്തു. അതിലൂടെ കമ്പനി വിപുലീകരിച്ചു.

ആരോഗ്യരക്ഷ, ഉപഭോക്തൃ മേഖല എന്നിവിടങ്ങളിലാണ് അഡ്വേയ് കാപ്പിറ്റൽസ് അഡ്വൈസേഴ്സ് പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. സംരംഭങ്ങളുടെ വളർച്ചാ തന്ത്രങ്ങൾ, മൂല്യ വർധന, ലയന തീരുമാനങ്ങൾ, ഓഹരികൈമാറ്റം, പിന്തുടർച്ച, ആസൂത്രണം തുടങ്ങിയ കാര്യങ്ങളിൽ ശരിയായ തീരുമാനമെടുക്കുന്നതിനായി സഹായിക്കുകയാണു ചെയ്യുന്നത്.
പ്രവർത്തന മികവിലൂടെ ഇന്ത്യയിലെ മുൻനിര ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് സംരംഭമായി മാറി. ആഗോളകമ്പനികൾ ഉൾപ്പെടുന്ന അതിസങ്കീർണമായ ക്രോസ്-ബോർഡർ ഇടപാടുകളും ഞങ്ങൾ ചെയ്യുന്നു. അതാണ് ഫോബ്സ് അംഗീകാരത്തിലേക്ക് എത്തിച്ചത്.

ഫോബ്സ് പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ റഫറൻസുകൾ ഉൾപ്പെടെ നിങ്ങൾ ചെയ്ത പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളടക്കം നോമിനേഷൻ ഫോം പൂരിപ്പിച്ചു പോസ്ററ് ചെയ്യണം. അതിനു ശേഷം നമ്മളോട് തന്നെ ചോദ്യങ്ങൾ ചോദിക്കുകയും റഫറൻസുകളിലേക്ക് വിളിക്കുകയും ചെയ്യും.  
ഫോബ്സ് പട്ടികയിൽ എത്തിപ്പെടുന്നു എന്നത് നമ്മുടെ കമ്പനിയെക്കുറിച്ച് കൂടുതൽ പേർ അറിയാനും വിശ്വാസ്യത നേടാനും വളരാനുമുള്ള നല്ല വഴിയാണ്. വ്യക്തിപരമായ നേട്ടത്തേക്കാളധികം സന്തോഷം തരുന്നതും അതു തന്നെയാണ്.’’

പഴമയുടെ നന്മ കണ്ടെത്തി

കാവ്യ ചെറിയാൻ തുടങ്ങിയ ‘ഗ്രീൻ ഹയെർ ലൂംസ് ’ എന്ന സ്ഥാപനം റീട്ടെയിൽ ആൻഡ് ഇ കൊമേഴ്സ് വിഭാഗത്തിലാണ് ഫോബ്സ് പട്ടികയിൽ ഇടം നേടിയത്.  പഴയ ഓട്ടു പാത്രങ്ങൾ പുതിയ ഡിസൈനിൽ ചെറിയ വലുപ്പത്തിൽ ഓൺലൈൻ വഴി വിപണിയിലെത്തിക്കുകയാണ് ഗ്രീൻ ഹയെർ ലൂംസ് ചെയ്യുന്നത്.
ബെംഗളൂരു ക്രൈസ്റ്റ് കോളജിൽ നിന്നു ബികോം ബിരുദം നേടിയ ശേഷം ഇൻഷുറൻസിലെ നഷ്ട സാധ്യതകൾ വിലയിരുത്തുന്ന ആക്ചൂറിയൽ സയൻസിലാണ് കാവ്യ ചെറിയാൻ ബിരുദാനന്തര ബിരുദം നേടിയത്.

അതിനു ശേഷം ഒന്നര വർഷത്തോളം ഇൻഷുറൻസ് രംഗത്ത് ജോലി ചെയ്തു. ‘‘താമസിയാതെ എനിക്ക് ആ മേഖലയിൽ താൽപര്യം നഷ്ടപ്പെട്ടു. അതിൽ കണക്കുകളായിരുന്നു കൂടുതൽ. സമൂഹത്തിൽ ആർക്കെങ്കിലും പ്രയോജനമുള്ള മറ്റേതെങ്കിലും മേഖലയിൽ ജോലി ചെയ്യണം എന്നു തോന്നി.        
ഇൻഷുറൻസ് ജോലി വിട്ട് ഒന്നര വർഷത്തെ ഇടവേള എടുത്ത സമയത്ത് തിരുവല്ലയിലെ അമ്മ വീട്ടിൽ മുത്തശ്ശൻ കെസി തോമസിനെയും മുത്തശ്ശി അന്ന തോമസിനെയും കാണാൻ പോയപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്.

മുത്തശ്ശിക്ക് പാചകം ചെയ്യാൻ വളരെ കുറച്ചു പാത്രങ്ങളേയുള്ളു. വർഷങ്ങളായി ഉപയോഗിക്കുന്ന കുറച്ചു ഓട്ടു പാത്രങ്ങൾ. അവ ഇന്നും യാതൊരു കേടും കൂടാതെയിരിക്കുന്നു.  എന്റെ അമ്മയ്ക്കാണെങ്കിലോ ധാരാളം പാത്രങ്ങളുണ്ട്. മിക്കതും നോൺ സ്റ്റിക്ക് പാത്രങ്ങളാണ്.  അമ്മയെന്താ മുത്തശ്ശിയുടെ പോലുള്ള പാത്രങ്ങൾ ഉപയോഗിക്കാത്തത് എന്നു ചിന്തിച്ചപ്പോൾ കിട്ടിയ മറുപടി ഇതാണ്. ഇവയുടെ ഡിസൈനിങ് മൂന്നോ നാലോ പേരടങ്ങുന്ന അണുകുടുംബത്തിനു പറ്റിയതല്ല. ഇപ്പോഴത്തെ ഗ്യാസ് അടുപ്പിൽ വയ്ക്കാൻ കഴിയുന്ന വിധത്തിലല്ല. വിറകടുപ്പിനു പാകത്തിനു വലിയ ആകൃതിയിലാണ് ആ പാത്രങ്ങളുടെ നിർമിതി. മുത്തശ്ശിയെപ്പോലുള്ളവർ പ്രയാസം സഹിച്ചും ആ പാത്രങ്ങൾ ഉപയോഗിക്കുന്നു എന്നു മാത്രം.
പുതിയ കാലത്തിന്റെ ആവശ്യത്തിനനുസരിച്ച് അവ ഡിസൈൻ ചെയ്തു നിർമിച്ചാൽ നന്നാകും എന്ന  ആലോചനയായിരുന്നു ഗ്രീൻ ഹയെർ ലൂമിന്റെ തുടക്കം.  എന്റെ അച്ഛൻ ജേക്കബ് ചെറിയാൻ കൊച്ചിയിൽ ടൂറക്കിൾ എ ന്ന ബിസിനസ് സംരംഭം നടത്തുകയാണ്. അമ്മ സാറാ ചെറിയാൻ വീട്ടമ്മയാണ്. അവര്‍ക്കൊപ്പം സഹോദരൻ ജേക്കബ് ചെറിയാനും പ്രോത്സാഹിപ്പിച്ചതോടെ ആവേശമായി.

kavya-1 സാറ ചെറിയാൻ, ജേക്കബ് ചെറിയാൻ, കാവ്യ ചെറിയാൻ, ജേക്കബ് ചെറിയാൻ, കെസി തോമസ്, അന്ന തോമസ്


ഇന്നത്തെ ട്രെൻഡ് നോൺ സ്റ്റിക്ക് പാത്രങ്ങളാണല്ലോ. അവ മൂന്നു വർഷം കഴിഞ്ഞാൽ മാറ്റേണ്ടതാണ്. എ ന്നാൽ നമ്മൾ ആരെങ്കിലും അതു മാറ്റുമോ? അതിന്റെ ടെഫ്ലോൺ കോട്ടിങ് പോയാലും നമ്മൾ ചിലപ്പോൾ ഉപയോഗിക്കും. അത് ആരോഗ്യത്തിന് ഒട്ടും നന്നല്ല എന്നറിയാമെങ്കിലും പണം ലാഭിക്കാനായി മാറ്റാൻ മടിക്കും.
മൂന്നു വർഷം കൂടുമ്പോൾ പാത്രങ്ങൾ മാറ്റുന്നുണ്ടെങ്കിലോ അതു വരുത്തുന്ന സാമ്പത്തിക നഷ്ടം വളരെ വലുതായിരിക്കും. നല്ല വില കൊടുത്ത് ആരോഗ്യത്തിനു ഗുണകരമായ ഓട്ടു പാത്രങ്ങൾ വാങ്ങാം എന്ന് ആരെങ്കിലും തീരുമാനിച്ചാൽ അവർക്ക് ആവശ്യമായ ആകൃതിയിലും സൗകര്യത്തിലും പാത്രം ലഭിക്കില്ല.

ഓട്ടു പാത്രങ്ങൾ നിർമിക്കുന്നവർ പുതിയ രീതിയിൽ ആകൃതി മാറ്റി നിർമിക്കാറില്ല. അവരുടെ ഇടങ്ങളിൽ പോ യി കണ്ടു സംസാരിച്ചു പ്രത്യേകമായി പറ‍ഞ്ഞു പാത്രങ്ങൾ നിർമിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഉരുളികൾ, കെറ്റിൽ, പാൻ, തവ, തവികൾ, പുട്ടുകുടം, ചീനച്ചട്ടി, എല്ലാം ചെറിയ വലുപ്പത്തിൽ നിർമിച്ചു വിപണിയിലെത്തിക്കുന്നു. സ്റ്റീൽ പാത്രങ്ങളെ അപേക്ഷിച്ചു വില കൂടുതലാണ് ഇവയ്ക്ക്. എ ന്നാൽ ഈടും അതുപോലെ കൂടുതലാണ്.

പാത്രങ്ങളായാലും അതൊരു നിക്ഷേപം ആയി കണ്ടു വാങ്ങുകയാണെങ്കിൽ അത് അടുത്ത തലമുറയ്ക്കു നൽകാനാകും. പ്രകൃതിക്കു ഹാനികരമായ വേസ്റ്റ് പരമാവധി ഒഴിവാക്കാം. സാമ്പത്തിക നഷ്ടം ഓരോ കുടുംബത്തിനും കുറയ്ക്കാം. ഈ ചിന്ത ആളുകളിലേക്ക് എത്തിക്കാൻ എനിക്ക് കഴിയുന്നുണ്ട്.
  എന്റെ സംരംഭം തികച്ചും വ്യത്യസ്തമായ ഒന്നാണ് എന്നു തോന്നിയതിനാൽ പപ്പയാണ് ഫോബ്സ് പട്ടികയിലേക്കുള്ള അപേക്ഷ അയയ്ക്കുന്നത്. ഓൺലൈനായാണ് എല്ലാ പ്രോസസും നടന്നത്. തിരഞ്ഞെടുക്കപ്പെട്ടു എന്നതു തികച്ചും സന്തോഷം പകരുന്ന ഒന്നാണ്. നമ്മുടെ സാംസ്കാരിക തനിമയ്ക്കും പ്രകൃതിയോടിണങ്ങി ജീവി ക്കുക എന്ന സമീപനത്തിനും കിട്ടിയ അംഗീകാരം കൂടിയാണിത്.’’

ഫോബ്സിന്റെ റാങ്കിങ്

അമേരിക്കയിൽ നിന്നിറങ്ങുന്ന ബിസിനസ് മാഗസിനായ ഫോബ്സ് റാങ്കിങ്ങിന്റെയും പട്ടികകളുടെയും പേരിൽ പ്രശസ്തമാണ്. ലോകത്തെ ഏറ്റവും ശക്തരായ വ്യക്തിത്വങ്ങൾ, സമ്പന്നരായ സംരംഭകർ,  കരുത്തരായ വനിതകൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ ഫോബ്സ് മാഗസിൻ പട്ടികകൾ പ്രസിദ്ധീകരിക്കാറുണ്ട്.
  ഫോബ്സ് ഗ്ലോബൽ  2023 എന്ന ആഗോള കോടീശ്വരന്മാടെ പട്ടികയിൽ ഇടം പിടിച്ചവരിൽ അംബാനിക്കും  അദാനിക്കുമൊപ്പം  യൂസഫലി അടക്കം ഒൻപതു മലയാളികളും ഉണ്ട്. ലോകത്തിന് ഏതെങ്കിലും വിധത്തിൽ മികച്ച സംഭാവനകൾ നൽകുന്ന യുവതീയുവാക്കളെ കണ്ടെത്തി അവതരിപ്പിക്കുന്ന പട്ടികയാണ്, ഫോബ്സ് 30 അണ്ടർ 30 ഇന്ത്യ ഫോബ്സ് 30 അണ്ടർ 30 ഏഷ്യ എന്നിവ.

രാഖി റാസ്