Thursday 07 March 2024 04:26 PM IST : By സ്വന്തം ലേഖകൻ

‘നിധിപോലെ കാക്കുന്ന അരലക്ഷത്തോളം ചന്ദനമരങ്ങൾ! അവയിൽ ടിപ്പുവിന് പ്രിയപ്പെട്ട വിലായത്ത് ബുദ്ധ’: ചന്ദനം കാക്കും പുലികൾ പറയുന്നു

marayoor-women

ആനയും കാട്ടുപോത്തും കരടിയും മാനും പെരുമ്പാമ്പും വിഹരിക്കുന്ന മറയൂർ കാ ട്. ആ കാട്ടിൽ നിറയെ ചന്ദനമരങ്ങളാണ്. കാവലാളരുടെ ഇമയൊന്നു ചിമ്മിയാൽ ചന്ദനം കടത്താൻ തക്കം പാർത്തിരിക്കുന്ന കൊള്ളക്കാരും. ഇവർക്കെല്ലാമിടയിലാണ്, പേമാരിയും കോടമഞ്ഞും കാറ്റും കൂസാതെ, കുറച്ചു പെൺപുലികൾ രാത്രിയിലും ചന്ദനസുഗന്ധത്തിനു കാവലിരിക്കുന്നത്. തൊട്ടു മുൻപിൽ പതിയിരിക്കുന്നത് അപകടമോ മരണമോ എന്നറിയാതെ, കൂരിരുട്ടത്തു മൈലുകളോളം റോന്തുചുറ്റി അവർ ചന്ദനമരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നു. അവർക്കൊപ്പം ഒരു രാത്രി.

ചന്ദനലേപ സുഗന്ധം

ഉൾക്കാട്ടിലേക്കാണു യാത്ര. പല സ്റ്റേഷൻ പരിധികളിലായി ഡ്യൂട്ടി എടുത്തിരിക്കുന്ന സ്ത്രീ ഫോറസ്റ്റ് ജീവനക്കാരെ കാണണം. സെക്‌ഷൻ ഫോറസ്റ്റ് ഒാഫിസർമാരായ അനീഷ് ജോസഫ്, സന്തോഷ് പി. എന്നിവരാണു കാട്ടിലെത്തിക്കാൻ കൂട്ടുവന്നത്. ഒപ്പം മുരുകേശ്വരിയുമുണ്ട്. 22 വർഷം മുൻപാണ് ആദ്യമായി കാടു കാക്കാൻ പെൺവാച്ചർമാരെ നിയമിക്കുന്നത്. അന്നത്തെ നാൽവർ സംഘത്തിലെ ഒരാളാണു മുരുകേശ്വരി പൊൻരാജ്.

‘‘ഇന്നു വലിയ തണുപ്പില്ലല്ലോ...’’ ആരോ കുശലം പറഞ്ഞു.‘‘ശിവരാത്രി കഴിഞ്ഞില്ലേ, ഇനി തണുപ്പു കുറയും.’’ മുരുകേശ്വരി ജീപ്പിൽ കയറുന്നതിനിടയിൽ അതിനുത്തരം നൽകി. രാത്രിയുടെ വിജനതയിൽ ഭീതിയുണർത്തുന്ന കാട്. റോഡിലൂടെ സഞ്ചരിക്കുമ്പോൾ കാണാം, ടോർച്ചിന്റെ ഇത്തിരിവട്ട വെളിച്ചം ചലിക്കുന്നത്. ‘‘നമ്മുടെ വണ്ടിയുടെ ലൈറ്റ് കണ്ടു വാച്ചർമാർ സിഗ്‌നൽ തരുന്നതാണ്.’’ വണ്ടി എത്തുമ്പോഴേക്കും രണ്ടു പെൺമണികൾ ചുറുചുറുക്കോടെ വന്നു ഗേറ്റ് തുറന്നു.

10 pm : മറയൂർ

നാച്ചിവയൽ സ്േറ്റഷൻ പരിധിയിലുള്ള ചന്ദനക്കാടാണ്. ബീറ്റ് ഫോറസ്റ്റ് ഒാഫിസർ ദിവ്യ ആർ, ഫോറസ്റ്റ് വാച്ചർ ശാന്തി എസ്. എന്നിവരാണു ഡ്യൂട്ടിയിലുള്ളത്. ഇരുട്ടിനുള്ളിൽ പച്ചവെളിച്ചം പോലെ മിന്നാമിനുങ്ങുകൾ. കൗതുകത്തോടെ നോക്കുന്നതു കണ്ടു ദിവ്യയും ശാന്തിയും ചിരിച്ചു. ‘‘ഞങ്ങളിതു കാണാറേ ഇല്ല. അവയെ ശ്രദ്ധിക്കാനുള്ള സമയം കിട്ടാറില്ല എന്നതാണു സത്യം. അതിക്രമങ്ങൾ നടക്കുന്നുണ്ടോ, വന്യമൃഗങ്ങൾ ആക്രമിക്കാൻ വരുന്നുണ്ടോ എന്നൊക്കെയാണു മനസ്സിൽ. അതിനിടയിലെവിടെയാണു കാടിന്റെ ഭംഗി ശ്രദ്ധിക്കാൻ സമയം.’’

ദിവ്യ: ‘‘ഞാൻ ഇവിടെയായിട്ട് ഏഴു മാസമായി. ഇങ്ങോട്ടു റിക്വസ്റ്റ് ചെയ്തു വന്നതാണ്. എനിക്കിഷ്ടമാണ് ഇത്തരം സാഹസികതയുള്ള ജോലികൾ. സാധാരണ എല്ലാവരും പകൽ ജോലി ചെയ്യുകയും രാത്രി വിശ്രമിക്കുകയുമല്ലേ പതിവ്. ഇവിടെ നേരെ തിരിച്ചാണ്. മഞ്ഞായാലും മഴയാ യാലും ഞങ്ങൾ ഊരുചുറ്റിക്കൊണ്ടേയിരിക്കണം.’’ മഴ കനക്കുമ്പോൾ കയറിനിൽക്കാൻ പണിത ചെറിയ ഓലഷെഡിലേക്കു കയറി. മേൽക്കൂര മാത്രമുള്ള ഷെഡ്.

‘‘അഞ്ചു മണിക്കു ഡ്യൂട്ടി ഏറ്റെടുക്കുമ്പോൾ നമ്മുടെ പരിധിയിലുള്ള ചന്ദനമരങ്ങൾ അവിടെത്തന്നെയുണ്ടെന്ന് ഉറപ്പു വരുത്തണം. അതാണ് ആദ്യജോലി. അതു നമ്മൾ സ്േറ്റഷനിലേക്കു റിപ്പോർട്ട് ചെയ്യും. പിന്നീട്, ഓരോ അരമണിക്കൂർ കൂടുമ്പോഴും വാച്ചർമാരെ വിളിക്കണം. അവർക്ക് എന്തെങ്കിലും അപകടമുണ്ടായിട്ടുണ്ടോ, ഉറങ്ങിപ്പോയോ എന്നെല്ലാം അറിയാനാണ്. പ്രതികരണമില്ലെങ്കിൽ പോയി നോക്കുക തന്നെ വേണം.’’

ശാന്തി: പൂർണചന്ദ്രനെ കാണുന്ന ദിവസങ്ങളിൽ ഞങ്ങൾക്കു ടെൻഷനാണ്. നിലാവു പാലു തൂകിയ പോലെ ചിതറി വീണുകിടക്കുകയല്ലേ. ചന്ദനക്കള്ളൻമാർക്ക് ആവേശം കൂടും. അവർക്കു നമ്മെ എളുപ്പം കാണാൻ പറ്റുമല്ലോ. കൺവെട്ടത്തെത്തുമ്പോൾ ചെടികൾക്കുള്ളിൽ കയറിയിരിക്കും. കാറ്റും മഴയും വന്നാലും പേടിയാണ്. ഇവർ മരം മുറിക്കുന്ന ഒച്ച കേൾക്കാൻ പറ്റാതാകും. അത്തരം രാത്രികളിൽ അതീവ ജാഗ്രതയിലായിരിക്കും.

ശബ്ദമില്ലാതെ മുറിക്കാൻ അവർക്കു കുറുക്കുവഴികളുണ്ട്. മരം അറക്കുന്ന വാളിനു മീതെ തൈര് ഒഴിക്കും. അതുപോലെ, മരങ്ങൾ കയറു കൊണ്ടു കെട്ടിയിട്ടാണു മുറിച്ചു തുടങ്ങുക. എന്നിട്ടു കയർ രണ്ടു ഭാഗത്തേക്കും വലിച്ചു പിടിക്കും. മുറിച്ചിടുമ്പോൾ താഴെ വീഴാതിരിക്കാനാണ്. ‘ടക്’ എന്ന ശബ്ദം ഉയരുമെങ്കിലും മരം താഴെ വീഴുന്ന ഒച്ച കേൾക്കില്ലല്ലോ.

ദിവ്യ: ‘‘ശാരീരികമായി നല്ല ബുദ്ധിമുട്ടാണ് ഈ കാലാവസ്ഥ. മൂന്നാറിലെ തണുപ്പല്ലേ. മൈനസ് ഡിഗ്രി വരെ പോ കും. ഏതു കാലാവസ്ഥയായാലും നമ്മുടെ ജോലിക്കു വിശ്രമമില്ല. ആ സമയത്തു കാറ്റും തണുപ്പുമൊന്നും അറിയുകയേയില്ല എന്നതു വേറെ കാര്യം.’’ ടോർച്ചു വെട്ടത്തിൽ ദിവ്യ അടുത്ത ഷെഡിലേക്കു നടക്കാൻ തുടങ്ങി. തോക്കും കത്തിയും വടിയുമൊക്കെയുണ്ട് കയ്യിൽ.

marayoor-3

അറിഞ്ഞു ചെയ്യുന്ന ജോലി

ഓരോ സ്േറ്റഷനെയും എൻഎസ്‌‌ആർ 1, എൻഎസ്ആർ 2 എന്നിങ്ങനെ രണ്ടു സെഷനുകളാക്കിയിട്ടുണ്ട്. ഇവയെ വീണ്ടും വിവിധ യൂണിറ്റുകളാക്കും. ഇതിന്റെ ചുമതല ബീറ്റ് ഫോറസ്റ്റ് ഒാഫിസർക്കാണ്. 16 കിലോമീറ്റർ ചുറ്റളവിലുള്ള ഓരോ യൂണിറ്റിനു കീഴിലും അഞ്ചോ ആറോ ക്യാംപ് ഷെഡുകളുണ്ട്. ഇവിടെ നിരീക്ഷണത്തിനായി വാച്ചർമാരും ഉണ്ടാകും. സ്ത്രീകളാണെങ്കിൽ രണ്ടുപേരെയാണു ഡ്യൂട്ടിക്കു നിയമിക്കുക. ശാന്തി, ഷെഡിൽ കിടക്കുന്ന വിറകു കൂട്ടിയിട്ടു തീ കത്തിക്കാൻ തുടങ്ങി.

ശാന്തി : ‘‘പകൽനേരത്തു ജോലി ചെയ്യുന്ന വാച്ചർമാർ ശേഖരിച്ചു വയ്ക്കുന്നതാണ്. കുത്തിത്തുളയ്ക്കുന്ന തണുപ്പല്ലേ. ചെറിയൊരു ആശ്വാസം. ഞാൻ ട്രൈബൽ വിഭാഗത്തിലുള്‍പ്പെട്ടയാളാണ്. ഈ ജോലിയിൽ ഞങ്ങൾക്കു സംവംരണം ഉണ്ട്. കുട്ടിക്കാലം മുതലേ കാടു കണ്ടും അറിഞ്ഞുമല്ലേ വളർന്നു വന്നത്. അപകടം മുന്നിലെത്തുമ്പോൾ അതിനനുസരിച്ചു പ്രവർത്തിക്കും.

വന്യമൃഗങ്ങളെ കണ്ടാൽ പക്ഷികളും ചെറു മൃഗങ്ങളുമെല്ലാം ഒച്ച വയ്ക്കാൻ തുടങ്ങും. അതൊരു സൂചനയാണ്. പൊതുവേ മൃഗങ്ങൾ നമ്മെ കണ്ടു മാറിപോകുന്നവരാണ്. ആനയും കരടിയും പോലെ പേടിക്കേണ്ടവരുമുണ്ട്. നമ്മുടെ പത്തു ചുവട് ആനയക്ക് ഒരു ചുവടാണ്. ഒരിക്കൽ കാട്ടാന നേരെ വന്നിട്ടുണ്ട്. വഴിമുടക്കി നിൽക്കുന്നതു കണ്ട് എങ്ങോട്ടോടണം എന്നറിയാതെ പരിഭ്രമിച്ചു. മുകളിലേക്ക് ഓടിയാൽ ആന നമ്മളെ മുകളിലേക്കു തുരത്തും. താഴേക്കോടിയാൽ പിന്നാലെ വരില്ല. കാരണം, തുമ്പിക്കൈ അ വരുടെ തന്നെ കാലുകൊണ്ടു ചവിട്ടുമെന്ന ഭയമുണ്ട്. ആ അറിവുള്ളതു കൊണ്ടാണ് രക്ഷപ്പെട്ടത്.

വേറൊരിക്കൽ, മാനുകൾ ഉറക്കെ കരഞ്ഞുകൊണ്ടു ഓടി വരുന്നു. നോക്കുമ്പോൾ പുറകിലായി കറുത്ത് ഇരുണ്ടൊരു ഭീകരൻ ജീവി. ഞാന്‍ പേടിച്ചു വിറങ്ങലിച്ചു നിന്നു. ഒരു മാനിനെ പിടിച്ച് അടുത്തുള്ളൊരു പാറ മറവിൽ കൊണ്ടു വച്ചു. പിറ്റേന്ന് കാൽപാടുകൾ നോക്കിയവർ പറഞ്ഞു. പുലിയാണെന്ന്. മരണത്തെക്കുറിച്ച് ഭയമില്ല. ജീവിക്കണം എന്ന തോന്നലാണ് ഈ ഇരുട്ടിലും മനസ്സിനു വെളിച്ചം.’’ ശാന്തിയുടെ വാക്കുകൾ നിസംഗതയുടെ മൂടുപടമണിഞ്ഞു.

Marayoor-1

പുലർച്ചെ 1 am : കാന്തല്ലൂർ

അടുത്ത സ്േറ്റഷനായ കാന്തല്ലൂരിലേക്കുള്ള യാത്രയ്ക്കിടയില്‍ മുരുകേശ്വരി കാടു ജീവിതം പങ്കുവച്ചു.

മുരുകേശ്വരി : ‘‘ജോലിക്കു കയറുമ്പോൾ വയസ്സ് 18. ഫോറസ്റ്റ് ഒാഫിസറായിരുന്ന പ്രകൃതി ശ്രീവാസ്തവ ഒരിക്കൽ മറയൂർ ഗ്രാമത്തിൽ വന്നു. ‘ഞങ്ങളുടെ പെണ്ണുങ്ങൾക്ക് ജോലി കൊടുക്കുമോ?’ എന്നു നേതാക്കന്മാർ അവരോടു തിരക്കി. അങ്ങനെയാണു ഞങ്ങൾ നാലു പെൺകുട്ടികൾക്കു ജോലി നൽകുന്നത്. പത്താം ക്ലാസ്സു കഴിഞ്ഞു നിൽക്കുകയായിരുന്നു ഞാൻ. പണ്ട് രാത്രി ഡ്യൂട്ടി കഴിഞ്ഞാൽ പകൽ കള്ളന്മാരുമായി കോടതിയിൽ പോണം. മരം മുറിച്ചതിനു ശേഷം കള്ളന്മാർ അതു കാട്ടിൽ തന്നെ ഒളിപ്പിക്കും. അങ്ങനെ കണ്ടാൽ പിന്നെ, എങ്ങനെയും തൊണ്ടിമുതൽ കണ്ടെത്തണം. ഡ്യൂട്ടി സമയത്താണ് ചന്ദനമരം കളവു പോകുന്നതെങ്കിൽ ആ മാസത്തെ ശമ്പളം കിട്ടില്ല. മാസത്തിലെ 29 ദിവസവും കരുതലോടെ നീങ്ങിയിട്ട് ഒരു ദിവസത്തെ പ്രശ്നം കൊണ്ടാകും ഒരു മാസത്തെ ശമ്പളം പോകുന്നത്. അതുകൊണ്ടു പൊന്നു പോലെയാണ് നോക്കുന്നത്.’’

അഭിമാനകരം ഈ ജോലി

കാന്തല്ലൂരിലേക്കു റോഡിൽ നിന്നു ഇറങ്ങി കാട്ടിനുള്ളിലൂടെ കുറച്ചധികം നടക്കണം. കയറി പോകുന്തോറും ചവിട്ടടിപ്പാത ഇല്ലാതെയായി. ബീറ്റ് ഫോറസ്റ്റ് ഓഫിസർ എ.പി. നിഷ മോളും വാച്ചർ സീതയുമാണ് അവിടത്തെ ചുമതലക്കാർ.

നിഷ: ‘‘കാടിന്റെ പേടി കുറച്ചു ദിവസത്തേക്കേ ഉള്ളൂ. സ്ത്രീയെന്ന കാര്യം ഇവിടെ ചിന്തിക്കാൻ അവസരം കിട്ടാറേയില്ല എന്നതാണ് സത്യം. അങ്ങനെ മാറ്റി നിർത്തുന്നുമില്ല. അത് അഭിമാനകരമാണ്. നാടിനേക്കാൾ നല്ലതു കാടാണ്. നാട്ടിൽ രാത്രിയിൽ ഇത്രയും സുരക്ഷിതത്വത്തോടെ ജോലി ചെയ്യാൻ കഴിയുമോ?

ഉറക്കമിളപ്പെല്ലാം പാടായിരുന്നു. രണ്ടു മൂന്നു മാസം എ ടുക്കും ഇതു ശീലമാകാൻ. തുടക്കത്തിൽ പനിയും ചുമയും തൊണ്ടയടപ്പും എല്ലാം വരും. നല്ല തണുപ്പല്ലേ.’’ മഞ്ഞുകാറ്റിൽ വിറയ്ക്കുന്നതു കണ്ടു വാച്ചർ സീത ചൂടു കാപ്പി പകർന്നു തന്നു.

സീത: ‘‘കാടു ഞങ്ങൾക്കു വീടാണ്. അതുപോലെ തന്നെയാണ് ഈ ജോലിയും. ട്രൈബൽ വിഭാഗത്തിൽ നിന്ന് ആദ്യമായി ഈ ജോലിക്കു വന്ന സ്ത്രീ ഞാനായിരുന്നു. ഇപ്പോഴും കാട്ടിൽത്തന്നെയാണു ഞങ്ങളുടെ ജീവിതം. മൃഗങ്ങളുടെ വരവൊക്കെ ഗന്ധം കൊണ്ടറിയാം. കാട്ടുപോത്തിനു ചാണകത്തിന്റെ ഗന്ധമാണ്. കാട്ടുപന്നി, പെരുമ്പാമ്പ് എല്ലാത്തിനും ഓരോ മണമുണ്ട്. കരടിയെ മാത്രം മണം കൊണ്ടു തിരിച്ചറിയാൻ കഴിയില്ല.

കാടിനുള്ളിലെ ഈച്ചാംപെട്ടിക്കുടിയിലാണ് എന്റെ വീട്. തൈലപ്പുല്ല്, ഇഞ്ചി, പച്ചക്കറി കൃഷിയാണു ഞങ്ങളുടെ ആളുകൾ കൂടുതലും ചെയ്യുന്നത്. റാഗിയെ ഞങ്ങൾ ‘കേപ്പ ’എന്നാണ് പറയുക. മാവ് ഉരലിൽ ഇടിച്ചെടുത്ത് ആ പൊടി വെള്ളമൊഴിച്ചു കുറുക്കാക്കുന്നതാണു ഞങ്ങളുടെ കഞ്ഞി. അതു സാമ്പാർ പോലുള്ള കറികൾ കൂട്ടി കഴിക്കും. ഇപ്പോൾ അരിയെല്ലാം വാങ്ങിത്തുടങ്ങി.’’

നിഷ: മറയൂരിൽ ചന്ദനമരങ്ങളാണു കൂടുതലും. പിന്നെ, ബെക്കാലി മരങ്ങളും. കാറ്റത്തും മഴയത്തും ഒടിഞ്ഞു വീഴുന്ന ചന്ദനമരക്കഷണങ്ങൾ പെറുക്കിയെടുത്തു ഡിപാർട്മെന്റിൽ ഏൽപിക്കണം. അതും ജോലിയാണ്.

marayoor-2

 (ഇടത്തു നിന്നു വലത്തേയ്ക്ക്) മുരുകേശ്വരി, ശാന്തി, ദിവ്യ, നിഷ, അ‍ഞ്ജു, സീത, വനിതാമണി

പുലർച്ചെ 3 am: നാച്ചിവയൽ സ്റ്റേഷൻ

ഓഫിസർമാരുടെ കയ്യിലുള്ള വാക്കിടോക്കിയിലൂടെ ഇടയ്ക്കിടെ ഒരു പെൺശബ്ദം. അന്വേഷിച്ചപ്പോൾ അറിഞ്ഞു. വയർലെസ് സെക്‌ഷനിലുള്ള വനിതാമണിയാണ്.

വനിതാമണി:‘‘32 വാക്കിടോക്കിയുണ്ട്. ഒരു വാച്ചറെ ഓരോ അരമണിക്കൂർ കൂടുമ്പോൾ വിളിക്കണം. കിട്ടാതെ വന്നാൽ തൊട്ടടുത്ത ഫീൽഡിൽ അറിയിക്കും. കഴിഞ്ഞ ദിവസം ഒ രാളെ വിളിച്ചിട്ടു കിട്ടിയില്ല. ചെന്നു നോക്കിയപ്പോൾ രക്തസമ്മർദം കൂടി താഴെ വീണു കിടക്കുകയാണ്.

ജോലിയിലെ ടെൻഷനും നിരന്തര ഉറക്കമിളപ്പും കാരണം പലർക്കും ഇതു സംഭവിക്കാറുണ്ട്. രണ്ടു മൊബൈൽ വണ്ടികൾ ഇത്തരം ആവശ്യങ്ങൾക്കു വേണ്ടി എപ്പോഴും സജ്ജമാണ്. നമ്മളിവിടെ സുരക്ഷിതമായി ജോലി ചെയ്യുന്നതു മേലുദ്യോഗസ്ഥരുടെ പിന്തുണ കൊണ്ടു മാത്രമാണ്. പലപ്പോഴും ഭീഷണി ഒക്കെ വരാറുണ്ട്. കാടല്ലേ നമ്മൾക്കു കാവൽ. നമ്മൾ കാടിനും കാവൽ. അതുകൊണ്ട് കൊന്നുകളയും എന്ന ഭീഷണി കേട്ടിട്ടും പേടി തോന്നിയിട്ടില്ല.’’

പുലർകാല സുന്ദരസ്വപ്നം പോലെ

മെല്ലെ നേരം വെളുക്കുകയാണ്. പുലർകാല സുന്ദര സ്വപ്നം പോലെ തോന്നി കാട്ടിലെ പുലരി. പക്ഷേ, ആ ഭംഗിയൊന്നും കണ്ടു നിൽക്കാൻ അവർക്കു സമയമില്ല. ചന്ദനമരങ്ങളുടെ കണക്ക് ബോധ്യപ്പെടുത്തി ഡ്യൂട്ടി കൈമാറാനുള്ള തിരക്കിലാണ് എല്ലാവരും. ഗ്രൂപ്പ് ഫോട്ടോയ്ക്കു വേണ്ടി എല്ലാവരെയും കൂടി വിളിച്ചപ്പോഴാണു ബീറ്റ് ഫോറസ്റ്റ് ഓഫിസർ അഞ്ജുവിനെ കാണുന്നത്.

അഞ്ജു. ജെ: ‘‘ആരും തമ്മിൽ ഈഗോയില്ല. എല്ലാവരും ഒ രേ വീട്, ഒരേ കുടുംബം. അതുകൊണ്ടു മാത്രമാണു നമുക്ക് ഈ ജോലി ആസ്വദിച്ചു ചെയ്യാൻ പറ്റുന്നത്. കാട്ടിലും ഫോണിനു റേഞ്ചുണ്ടെന്നുള്ളത് ആശ്വാസമാണ്. വീട്ടിലേക്കു വിളിക്കാം. ഡ്യൂട്ടിക്ക് കയറിയാൽ അതൊന്നും ആലോചിക്കാൻ സമയം കിട്ടില്ല. ഭക്ഷണത്തിനു മെസ്സുണ്ട്. പത്തു ദിവസം കഴിയുമ്പോൾ ലീവ് കിട്ടും. അപ്പോൾ വീട്ടിൽ പോകും. പരസ്പര ധാരണയിലാണ് അവധികൾ എടുക്കുന്നത്.

ശീലമായതുകൊണ്ടാകാം ആരുടെയും മുഖത്ത് ഉറക്കമിളപ്പിന്റെ ക്ഷീണമൊന്നുമില്ല. ഒരു രാത്രിയിലെ നടപ്പും ഉ റക്കമില്ലായ്മയും കൊണ്ടു തളർന്ന കണ്ണുകളോടെ അവരെ നോക്കി. അപ്പോൾ ഉള്ളിലൊരു ഊർജം തോന്നി. ഫോട്ടോയെടുപ്പു കഴിഞ്ഞു വേണം ദിവ്യയ്ക്ക് സ്േറ്റഷൻ ഡ്യൂട്ടിയ്ക്കു പോകാൻ.‘‘എട്ടുമണി മുതലാണ് സ്േറ്റഷൻ ഡ്യൂട്ടി. ഇന്ന് ആ ഡ്യൂട്ടിയും കഴിഞ്ഞാലേ വിശ്രമിക്കാൻ പറ്റൂ.’’

‘മറയൂർ ചന്ദനമരക്കാട്ടിൽ ഡ്യൂട്ടി എടുത്താൽ എവിടെയും പോയി ജോലി ചെയ്യാനുള്ള ധൈര്യം കിട്ടും.’ കൂട്ടത്തിലാരോ പറഞ്ഞു. പിന്നീടുള്ള വാചകം എല്ലാവരുടേതുമായിരുന്നു.‘‘ജോലി ചെയ്യാൻ മാത്രമോ, ജീവിക്കാനും...’’

ആസ്വദിച്ചു ചെയ്യുന്ന ജോലി

2022 ൽ മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ നേടിയവരിൽ ഒരാൾ മറയൂർ ഡിവിഷനിലെ ബീറ്റ് ഫോറസ്റ്റ് ഒാഫിസറായ ജി.എസ്. പ്രശാന്തിയാണ്.

പ്രശാന്തി: ‘‘ജോലിക്കിടയിൽ പലപ്പോഴും വന്യമൃഗങ്ങളെ കാണാറുണ്ട്. ജോലിയുടെ തുടക്കകാലത്ത് ഒരിക്കൽ കാട്ടുപോത്തിന്റെ മുന്നിൽ പെട്ടു. കൂടെ വാച്ചറുമുണ്ടായിരുന്നു. മരണത്തിലേക്കാണോ എ ന്നറിയാതെ ജീവനും പിടിച്ച് ഓടി. വീടും കുഞ്ഞുങ്ങളുടെ മുഖവുമെല്ലാം ആ ഓട്ടത്തിനിടയിൽ തെളിഞ്ഞു വന്നു. കുറേദൂരം ഓടിച്ചതിനു ശേഷം പിന്നീടതു പിന്തിരിഞ്ഞു.

ഭയവും ഓടിയ ക്ഷീണവും കാരണം തളർന്നു വീണുപോയി. പിന്നീട്, സ്േറ്റഷനിൽ നിന്ന് ആളു വന്നാണ് കൊണ്ടുപോയത്. നടക്കാൻ പോലും ശ ക്തിയില്ലായിരുന്നു. ജോലി നിർത്താം എന്നു തീരുമാനിച്ച അവസരമുണ്ട്. വീട്ടുകാരും ഭർത്താവുമാണു ധൈര്യം തന്നത്. ഏതു ജോലിക്കും അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടല്ലോ. ഇപ്പോൾ, ഈ ജോലി ആസ്വദിച്ചാണ് ചെയ്യുന്നത്.’’

marayoor

പെൺകാവലിന്റെ തുടക്കം

‘‘2006 ലാണു മറയൂർ ഡിവിഷൻ ആരംഭിക്കുന്നത്. അതുവരെ റേഞ്ച് മാത്രമായിരുന്നു. അക്കാലത്ത് ചന്ദന മോഷണം വളരെ കൂടുതലായിരുന്നു. 2500 മരം വരെ മോഷണം പോയ വർഷങ്ങളുണ്ട്. ഈ സമ്പത്ത് ഇല്ലാതാകും എന്നായപ്പോഴാണു സർക്കാർ കർശന നടപടി സ്വീകരിക്കുന്നത്.’’ മറയൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എം. ജി. വിനോദ് കുമാർ പറ‍ഞ്ഞു.

‘‘ഇപ്പോൾ നിയമലംഘനങ്ങൾ വർഷത്തിൽ ര ണ്ടെണ്ണമായി കുറഞ്ഞു. ജീവനക്കാരുടെ നിതാന്തജാഗ്രതയുടെ ഫലമാണത്.

213 ദിവസ വേതനക്കാരുണ്ട്. അവർ ഇവിടെ തന്നെ ജനിച്ചു വളർന്നവരാണ്. 11 സ്ത്രീകളാണു ചന്ദനമര സംരക്ഷണ ഡ്യൂട്ടിയിലുള്ളത്. ചെക്പോസ്റ്റിൽ ചിത്ര എന്ന ജീവനക്കാരിയുമുണ്ട്. ’’.

വിലായത്ത് ബുദ്ധ

മറയൂരിൽ ഇപ്പോൾ അരലക്ഷത്തോളം ചന്ദനമരങ്ങളുണ്ട്. അതിൽ വിശേഷപ്പെട്ടതാണു വിലായത്ത് ബുദ്ധ. ഏറ്റവും നല്ല ക്വാളിറ്റിയാണത്. ഒരു മീറ്റർ നീളമുള്ള വളവോ പൊട്ടലോ ഒന്നുമില്ലാത്ത ഒരു സിലിണ്ടർ പോലുളള്ള തടി.

വിലായത്ത് ബുദ്ധ, ചീനബുദ്ധ എന്നീ പേരുകൾ 1768 ൽ ടിപ്പുസുൽത്താൻ നൽകിയവയാണ്. ലക്ഷണമൊത്ത ചന്ദനമരത്തടികൾ ഉപയോഗിച്ച് അക്കാലത്തു ബുദ്ധശിൽപങ്ങൾ കൂടുതലായി നിർമിച്ചിരുന്നുവത്രെ. മരങ്ങൾക്കു വണ്ണമനുസരിച്ചു രണ്ടു കാറ്റഗറിയേ ഉള്ളൂ. തടിയുടെ സ്വഭാവം, ആകൃതി ഇവ പരിഗണിച്ചു ചന്ദനമരങ്ങളെ 16 ആയാണ് തരംതിരിക്കുന്നത്.

ടെൻസി ജെയ്ക്കബ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

വനിത 2023ൽ പ്രസിദ്ധീകരിച്ച ലേഖനം

</p>

  </p>