ഒരു സ്പൂൺ ആത്മവിശ്വാസം, രണ്ടു തവി ആത്മാർഥത, ഒരു കൊട്ട നിറയെ സ്നേഹം, പിന്നെ കൈ നിറയെ കൈപ്പുണ്യവും.. ഇവയെല്ലാം കൈമുതലായി ഉണ്ടെങ്കിൽ സ്വന്തം വീട്ടിലെ അടുക്കളയിൽ നിന്നു തന്നെ വരുമാനമുണ്ടാക്കാം എന്നു തെളിയിച്ച വനിതകൾ. കാസർകോടു മുതൽ തിരുവനന്തപുരം വരെ 10 സ്ഥലങ്ങളിൽ നിന്നു തിരഞ്ഞെടുത്ത ഹോം ഷെഫുമാരുടെ രുചിവിഭവങ്ങളും വിജയരഹസ്യവും പങ്കുവയ്ക്കുന്നു വനിത.
മധുരം വിളമ്പി : നസിയ, തിരുവനന്തപുരം
അപ്രതീക്ഷിതമായാണ് പാചകത്തോടുള്ള നസിയ ആയിഷയുടെ ഇഷ്ടം ഒരു സംരംഭമായിത്തീരുന്നത്. ഖലീൽ ജിബ്രാന്റെയും റൂമിയുടെയും മിസ്റ്റിക് കവിതകളുടെ ആരാധികയായിരുന്ന നസിയ കേക്കുകളോടുള്ള തന്റെ ഇഷ്ടവും കൂട്ടിച്ചേര്‍ത്ത് കേക്ക് മിസ്റ്റ് എന്നു തന്റെ സംരംഭത്തിനു പേരുമിട്ടു.
‘‘2016 ൽ ജന്മദേശമായ കോഴിക്കോട്ടു നിന്നു തിരുവനന്തപുരത്തു വന്നു താമസമായി. ആ സമയത്തു വായിച്ച ഒരു ബിസിനസ് വാർത്തയാണ് വഴിത്തിരിവായത്. മുന്‍പ് ടെക്നോപാർക്ക് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഒരു ഫൂഡ് ഡെലിവറി ആപ്പ് ഉണ്ടായിരുന്നു. ഞാന്‍ വിൽക്കാൻ ഉദ്ദേശിക്കുന്ന വിഭവങ്ങള്‍ അവർ മാർക്കറ്റ് ചെയ്യുകയും ഡെലിവറി നടത്തുകയും ചെയ്തു. ദിവസങ്ങൾക്കുള്ളിൽ നന്നായി ഓർഡറുകൾ കിട്ടിത്തുടങ്ങി.’’ നസിയ പറയുന്നു.
സോഷ്യൽ മീഡിയയിൽ നസിയ തയാറാക്കുന്ന വിഭവങ്ങളുടെ ചിത്രങ്ങളും കുറിപ്പുകളും കണ്ടവര്‍ വ്യത്യസ്‌ത വിഭവങ്ങൾക്കായി നേരിട്ട് ഓർഡർ ചെയ്യാൻ തുടങ്ങി. പിന്നീട് കേക്കുകളുടെയും മധുരവിഭവങ്ങളുടെയും ഓർഡർ മാത്രം എടുത്തുചെയ്യാൻ നസിയ ആരംഭിച്ചു. ഓർഡറുകൾ സ്വിഗ്ഗി വഴിയാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഭര്‍ത്താവ് സിദ്ദിഖ് മുഹമ്മദും മക്കളായ മിസൊയും റെബ്സും റാബിഅയും ആണ് നസിയയ്ക്ക് പ്രോത്സാഹനം.
‘‘ഒരു ടർക്കിഷ് പേർഷ്യൻ സൂഫി എക്സോട്ടിക് കഫേ തിരുവനന്തപുരത്തു തുടങ്ങാന്‍ ആലോചനയുണ്ട്.’’ നസിയ സ്വപ്നം പങ്കുവയ്ക്കുന്നു.
അഷ്ത കുനാഫ
1. പഞ്ചസാര – ഒരു കപ്പ്
വെള്ളം – അരക്കപ്പ്
2. നാരങ്ങാനീര് – കാല്‍ ചെറിയ സ്പൂണ്‍
3. ഫ്രഷ് ക്രീം – മുക്കാല്‍ കപ്പ്
പാല്‍ – ഒരു കപ്പ്
കോണ്‍ഫ്ളോര്‍ – രണ്ടു വലിയ സ്പൂണ്‍
കണ്ടന്‍സ്ഡ് മില്‍ക്ക് – രണ്ടു വലിയ സ്പൂണ്‍
4. കുനാഫ മാവ് – 200 ഗ്രാം
വെണ്ണ – കാല്‍ കപ്പ്
5. പിസ്ത നുറുക്കിയത് – അലങ്കരിക്കാന്‍
പാകം ചെയ്യുന്ന വിധം
∙ ഷുഗര്‍ സിറപ്പ് തയാറാക്കാന്‍ പഞ്ചസാര വെള്ളം ചേര്‍ത്തു നന്നായി തിളപ്പിച്ച ശേഷം നാരങ്ങാനീരു ചേര്‍ക്കണം.
∙ ഇത് അടുപ്പില്‍ വച്ചു നന്നായിളക്കി സിറപ്പു പരുവത്തിലാക്കുക.
∙ മൂന്നാമത്തെ ചേരുവ കട്ടയില്ലാതെ യോജിപ്പിച്ച ശേ ഷം കുറുക്കിയെടുക്കുക. ഇതു ചൂടാറാനായി മാറ്റി വയ്ക്കണം.
∙ അവ്ന്‍ 1800Cൽ ചൂടാക്കിയിടുക.
∙ കുനാഫ മാവ് ഒരു പാത്രത്തില്‍ വെണ്ണ ചേര്‍ത്തു നന്നായി യോജിപ്പിക്കണം.
∙ ഒരു ബേക്കിങ് പാനില്‍ കുനാഫ മാവിന്റെ പകുതി വച്ച് മുകളില്‍ തയാറാക്കിയ ക്രീം ഒഴിക്കുക. ഇതിനു മുകളില്‍ ബാക്കി മാവു വച്ചു നന്നായി മൂടണം.
∙ ഇതു ചൂടാക്കിയിട്ടിരിക്കുന്ന അവ്നില്‍ വച്ച് 25–30 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.
∙ തയാറാക്കിയ ഷുഗര്‍ സിറപ്പ് മുകളില്‍ ഒഴിച്ച് പി സ്ത കൊണ്ടലങ്കരിച്ചു വിളമ്പാം.