ഇന്ത്യയിലെ ഏറ്റവും വലിയ പാരാഗ്ലൈഡിങ് കേന്ദ്രമായി മാറാൻ ഒരുങ്ങുകയാണ് ഹരിയാനയിലെ മോണി മലനിര. ഹരിയാനയിലെ ഒരേയൊരു മലനിരയാണ് ഹിമാലയത്തിന്റെ താഴ്‌വരയെന്ന് അറിയപ്പെടുന്ന പാഞ്ച്കുല ജില്ലയിലെ മോണി. തട്ടുകളായി തിരിച്ച മലഞ്ചെരിവും മൊട്ടക്കുന്നുകളും തടാകവുമാണു മോണി മലനിരയുടെ ഭംഗി. ഈ സ്ഥലത്തിന്റെ ടൂറിസം സാധ്യത ഉപയോഗിക്കപ്പെടുത്താൻ തീരുമാനിച്ചതു ഷിവാലിക് ഡെവലപ്മെന്റ് ബോർഡാണ്.
ഹിമാലയത്തിന്റെ താഴ്‌വരയിലുള്ള പ്രദേശങ്ങളുടെ സംരക്ഷണ ചുമതലയുള്ള സ്ഥാപനമാണു ഷിവാലിക് ഡെവലപ്മെന്റ് ബോർഡ്. ഡെറാഡൂണിലെ അഡ്വഞ്ചർ സ്കൂളിൽ നിന്നുള്ള ബോർഡർ സെക്യൂരിറ്റി ഫോഴ്സ് അംഗങ്ങൾ കഴിഞ്ഞ ദിവസം പാഞ്ച്കുലയിലെത്തി. നാലു ദിവസങ്ങളിലായി മോണി താഴ്‌വരയിലൂടെ പാരാഗ്ലൈഡിങ് നടത്തി. കാറ്റും കാലാവസ്ഥയും അനുകൂലമെന്നാണു സംഘത്തിന്റെ പ്രാഥമിക നിഗമനം. കാലാവസ്ഥ മാറ്റമില്ലാതെ നിൽക്കുമെന്നു വിദഗ്ധ സംഘത്തിനു ബോധ്യപ്പെട്ടാൽ മോണി മലനിര ഇന്ത്യയിലെ ഏറ്റവും വലിയ പാരാഗ്ലൈഡിങ് കേന്ദ്രമായി മാറും.
ഹിമാചൽ പ്രദേശിലെ മണാലി, ഉത്തരാഖണ്ഡിലെ ഋഷികേശ് എന്നിവിടങ്ങളാണ് ഇന്ത്യയിലെ പ്രശസ്തമായ രണ്ടു പാരാഗ്ലൈഡിങ് കേന്ദ്രങ്ങൾ. അനുകൂലമായ കാറ്റും മലഞ്ചെരിവുമാണു ഈ രണ്ടു സംസ്ഥാനങ്ങളിലും പാരാഗ്ലൈഡിങ് വിജയകരമാക്കുന്നത്. സാഹസിക വിനോദത്തിനു മാത്രമായി ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നു ആളുകൾ അവിടെയെത്തുന്നു. ഇതേ മാതൃകയിൽ സാഹസിക ടൂറിസം പദ്ധതി ആവിഷ്കരിക്കാനാണ് ഹരിയാന സർക്കാരിന്റെ ശ്രമം. ഹിമാചൽ പ്രദേശിന്റെ അതിർത്തിയിൽ സിർമോർ പ്രദേശിനോടു ചേർന്നാണു മോണി മലനിര. ഹരിയാനയിലെ അംബാല, യമുന നഗർ, പാഞ്ച്കുല എന്നീ ജില്ലകളാണു സമീപ സ്ഥലങ്ങൾ. ഛണ്ഡിഗഡിൽ നിന്നു 45 കി.മീ.
ഹിമാലയത്തിന്റെ താഴ്‌വരയിൽ തടാകങ്ങളും ഹരിതാഭയുമുള്ള പ്രദേശമെന്നാണ് മോണി അറിയപ്പെടുന്നത്. സമുദ്ര നിരപ്പിൽ നിന്നു 4157 അടി ഉയരമുള്ള മോണി മലനിരയുടെ പ്രകൃതി ഭംഗി പാരാഗ്ലൈഡിങ്ങിന് അനുയോജ്യമെങ്കിൽ ഇവിടം വലിയൊരു ടൂറിസ്റ്റ് കേന്ദ്രമായി മാറും. അതു കണ്ടെത്താനാണു ഇൻസ്പെക്ടർ അജയ് സിങ് അഥാനയുടെ നേതൃത്വത്തിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സിലെ പ്രഫഷനൽ ഗ്ലൈഡർമാർ പാഞ്ച്കുലയിലെത്തിയത്. മോണി മലനിരയിൽ അവർ കന്നിപറക്കൽ വിജയകരമായി പൂർത്തിയാക്കി. ബോരി ഗ്രാമത്തിൽ നിന്നു പറന്നുയർന്ന സംഘം നാലു ലൊക്കേഷനുകൾ ഗ്ലൈഡിങ്ങിന് അനുയോജ്യമെന്നു വിലയിരുത്തി. കാറ്റിന്റെ ഗതിയും ശക്തിയും നിരീക്ഷിച്ച ശേഷം റിപ്പോർട്ട് സമർപ്പിക്കാനാണ് വിദഗ്ധ സംഘത്തിന്റെ തീരുമാനം.
അതേസമയം, ഹരിയാനയിൽ സാഹസിക ടൂറിസത്തിന്റെ പുതിയ കേന്ദ്രം തുറക്കാനുള്ള സാധ്യത തെളിഞ്ഞതായി ഷിവാലിക് ഡെവലപ്മെന്റ് ബോർഡ് എക്സിക്യൂട്ടിവ് വൈസ് ചെയർമാൻ മഹേഷ് കുമാർ സിങ്‌ല പറഞ്ഞു. പാഞ്ച്കുല ജില്ല വികസിക്കും. ടൂറിസം അനുബന്ധ തൊഴിലുകൾ സൃഷ്ടിക്കപ്പെടും. മഹേഷ് കുമാർ പറഞ്ഞു.
ഹരിയാന സന്ദർശകരുടെ ഡെസ്റ്റിനേഷൻ ലിസ്റ്റിൽ ഒന്നാംസ്ഥാനത്തുള്ള സ്ഥലമാണു പാഞ്ച്കുല. മോണി ഫോർട് മ്യൂസിയം, ഗാർഹി കൊത്താഹ ഫോർട്, മസൂംപുർ ഫോർട്, പ്രശസ്ത തടാകങ്ങളായ ടിക്കർ താൽ – ബീം താൽ – ദ്രൗപതി താൽ, മോണി ഹിൽ വെള്ളച്ചാട്ടം, മോണി കാർഷിക വിഭവ കേന്ദ്രം, പുരാതന ക്ഷേത്രം, ഹെർബൽ ഫോറസ്റ്റ് എന്നിവയാണ് മോണി മലനിരയിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മറ്റു സ്ഥലങ്ങൾ.