Saturday 19 December 2020 03:29 PM IST : By സ്വന്തം ലേഖകൻ

ഓരോ കാഴ്ചയിലും ഉടക്കി വണ്ടി നിർത്തും; മൂടൽ മഞ്ഞിന്റെ കുട ചൂടി മോഹിപ്പിക്കുന്ന നന്ദി ഹിൽസ്

nandhi hill 5

ഉദയ സൂര്യനെ തന്റെ നെറുകയിലും അസ്തമയ സൂര്യനെ തന്റെ പാദത്തിലും അണിയുന്ന നന്ദി മലനിരകൾ. പ്രഭാതത്തിലും പ്രദോഷത്തിലും നന്ദി കൂടുതൽ സുന്ദരിയാകും. മലയെ മൂടും വിധം കെട്ടുപിണഞ്ഞു കിടക്കുന്ന മേഘക്കെട്ടുകൾ. ബാംഗ്ലൂരിലെ കോറമംഗളയിൽ നിന്നും 60 km ദൂരമുണ്ട് നന്ദിയുടെ സൗന്ദര്യത്തിലേക്ക്.അർകാവതി നദിയുടെ ഉത്ഭവ കേന്ദ്രം നന്ദിയാണെന്നാണ് വിശ്വാസം. പ്രകൃതിയെയും പ്രണയത്തെയും സ്നേഹിക്കുന്നവരെ വരവേൽക്കാൻ മൂടൽ മഞ്ഞിന്റെ കുടചൂടി നിൽക്കുന്ന നന്ദി ബെട്ട എന്ന നന്ദി ഹിൽസ് ഓരോ നിമിഷവും മോഹിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്.

നന്ദി എന്ന ചെറിയ ഗ്രാമത്തിലേക്കാണ് ആദ്യം എത്തിയത്. പൂക്കളും പൈൻ മരങ്ങളും കൊണ്ട് അതിമനോഹരം . ഇവിടെ നിന്നു നോക്കിയാൽ മഹാദേവന്റെ നെറുകയിലെ ജട പോലെ നന്ദി ബെട്ട കാണാം. ഫോറസ്റ്റ്കാരുടെ ചെക്പോസ്റ്റ് കടന്ന് വീണ്ടും ഒരു 10 കിലോമീറ്റർ മുകളിലേക്ക്... പോകുന്ന ഒരോ വഴിയിലും കാണാം, മഞ്ഞിൽ മൂടി കിടക്കുന്ന വലിയ കൊക്കകളും കാടുകളും. വലത് വശത്തു മേഘത്തെ തൊട്ട് നിൽകുന്ന കുത്തനെയുള്ള പാറകൾ. നന്ദി ഓരോ സഞ്ചാരികളെയും സ്വാഗതം ചെയ്യാനെന്നോണം നിൽക്കുകയാണ്.

നന്ദിയെ കാണാൻ...

ഓരോ കാഴ്ചയിലും ഉടക്കി വണ്ടി നിർത്തും. മൂടൽ മഞ്ഞിന്റെ സൗന്ദര്യത്തെ ആസ്വദിച്ചു നിൽക്കുമ്പോഴേക്ക് തണുപ്പ് ശരീരത്തെ വലിഞ്ഞ് മുറുക്കും. മഞ്ഞു തുള്ളികൾ മരങ്ങളിലും പുൽനാമ്പുകളിലും തിളങ്ങുന്നു. വയനാടൻ ചുരം പോലുള്ള റോഡ് വഴിയാണ് വാഹനം മുന്നോട്ട് പോകുന്നത്. റോഡ് മുഴുവൻ മഞ്ഞു മൂടി കിടക്കുകയാണ്. വഴികളിലെ ഒരോ വ്യൂ പോയിന്റിലും നിന്ന് സെൽഫിയെടുക്കുന്ന സഞ്ചാരികൾ.

40 വളവുകൾ താണ്ടി മുകളിലെ കവാടത്തിലേക്കെത്തി. കർണാടക ടൂറിസത്തിന്റെ മുന്നറിയിപ്പു ബോർഡുകൾ കണ്ടു. വണ്ടി പാർക്ക് ചെയ്ത് ടിക്കറ്റ് കൗണ്ടറിലേക്ക് നടന്നു. 10 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. തണുപ്പ് അസഹനീയമായപ്പോൾ ഒരു ചായ കുടിച്ച ശേഷം മുകളിലേക്കു കയറാൻ തീരുമാനിച്ചു. ഞായറാഴ്ച ആയതിനാലാകും സഞ്ചാരികളുടെ തിരക്ക്. സെക്യൂരിറ്റിയെ ടിക്കറ്റ് കാണിച്ച് അകത്തേക്ക് നടന്നു. കുറച്ചു ദൂരം നടന്നപ്പോഴാണ് ടിപ്പു ഡിപ്പ് എന്നെഴുതിയ ഒരു ബോർഡ് ശ്രദ്ധയിൽ പെട്ടത്.

ദൂരെ നിന്ന് നോക്കിയപ്പോൾ അതിമനോഹരമായി തോന്നി. എന്നാൽ അടുത്തെത്തിയപ്പോഴേക്കും മനസ്സിനെ പേടിപ്പെടുത്തുന്ന കാഴ്ചയായിരുന്നു അത്. സമുദ്രനിരപ്പിൽ നിന്നും 1479 അടി ഉയരത്തിൽ നിൽക്കുന്ന ഈ കുന്നിൽ നിന്നായിരുന്നത്രേ പണ്ട് ടിപ്പു സുൽത്താൻ തന്റെ തടവുപുള്ളികളെ എറിഞ്ഞു കൊലപ്പെടുത്തിയിരുന്നത്.

ഇതറിഞ്ഞതും ഇവിടുത്തെ കൂടുതൽ ചരിത്രമറിയാനായി താഴേക്കിറങ്ങി ഒരു സെക്യൂരിറ്റി ഗാർഡിനോട് സംസാരിച്ചു. ടിപ്പുവിന്റെ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ വേനൽക്കാല വസതി ആയിരുന്നു ഇവിടം. അതിനെ സാക്ഷ്യപ്പെടുത്താനെന്നോണമുള്ള ചുമർ ചിത്രങ്ങളും കൽപ്രതിമകളും കാണാം.

nandhi hill 1

സമയം വൈകിട്ട് ആറര കഴിഞ്ഞിരുന്നു. പതിയെ മുകളിലേക്കു നടന്നു. ഓരോ പടി മുകളിലേക്ക് നടക്കുന്തോറും ഒരു പുക പോലെ നേർത്ത മഞ്ഞ് തഴുകി തലോടിക്കൊണ്ടിരുന്നു. മഞ്ഞു മൂടി കിടക്കുന്നതുകൊണ്ട് ദൂരെയുള്ള കാഴ്ചകൾ കാണാൻ സാധിക്കുന്നില്ല. കുറച്ചു ദൂരം മുന്നോാട്ട് നടന്നപ്പോൾ കുറെ ആളുകൾ തിങ്ങിനിക്കുന്നത് ശ്രദ്ധയിൽ പെട്ടു.

കാര്യം തിരക്കിയപ്പോഴാണ് മനസ്സിലായത്, അവിടെ നിന്നാണത്രെ നന്ദി ബെട്ടയുടെ സൗന്ദര്യ പൂർണ്ണമായ സൂര്യോദയം കാണാൻ സാധിക്കുന്നത്. ഇരുമ്പു കമ്പികളാൽ നിർമിച്ച ഒരു വലിയ കൂടാരം പോലെ നിൽക്കുന്ന വ്യൂ പോയിന്റ്. ക്ഷമയോടെ എല്ലാവരും ആ ഒരു കാഴ്ചയ്ക്കായ് കാത്തു നിൽക്കുന്നു. പെട്ടെന്നായിരുന്നു ചെറു നേർത്ത കിരണങ്ങൾ കണ്ണുകളിലേക്കു പതിഞ്ഞത്. എത്ര വർണിച്ചാലും മതിവരാത്ത ഒരു കാഴ്ചയായിരുന്നു അത്, നന്ദിയ്ക്കു മുകളിലെ സൂര്യോദയം.

പെട്ടെന്ന് എവിടെനിന്നോ ഒരു ഓംകാര നാദം കാതുകളിലേക്ക് ഒഴുകിവന്നു. ആ ഓംകാര നാദത്തിന്റെ ഉറവിടത്തിലേക്കായിരുന്നു പിന്നീടുള്ള യാത്ര. കുറച്ചു ദൂരം പിന്നിട്ടേയുള്ളൂ, ചെറിയൊരു ക്ഷേത്രം കാണാനിടയായി. യോഗ നന്ദീശ്വര ക്ഷേത്രം (ബുൾ ടെംപിൾ).

കഥനിറയും ക്ഷേത്രമുറ്റത്ത്

പുറമെ നിന്ന് നോക്കുമ്പോൾ ചെറിയൊരു ക്ഷേത്രമാണ് യോഗ നന്ദീശ്വര ക്ഷേത്രം. ക്ഷേത്ര കവാടത്തിനു മുകളിലെ കരിങ്കല്ല് കൊത്തുപണികൾ കൊണ്ട് മനോഹരമാണ്. സാക്ഷാൽ വിശ്വനാഥനാണ് ഇവിടുത്തെ പ്രതിഷ്ഠ. ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചാൽ കൊടിമരത്തിന് തൊട്ടുമുമ്പിലായി ഒറ്റ ഗ്രാനൈറ്റ് കല്ലിൽ തീർത്ത 4.6 അടി ഉയരത്തിലുള്ള മഹാദേവന്റെ വാഹനമായ നന്ദിയുടെ രൂപം കാണാൻ സാധിക്കും.

സുന്ദരമായ ഈ ശില, ചരിത്രത്തിന്റെ ഒരു സവിശേഷത തന്നെയാണ്. 1537 ൽ ഭരിച്ചിരുന്ന നാട പ്രഭു ഹിരിയ കെംപെ ഗൗഡയാണ് തനി ദ്രാവിഡ സംസ്കാരത്തിൽ ഈ ക്ഷേത്രം നിർമ്മിച്ചത്. വിശ്വ ഭാരതീ നദി നന്തീ ശിൽപത്തിന്റെ പാദത്തിൽ നിന്ന് ഉൽഭവിച്ചു എന്നാണു വിശ്വാസം. എല്ലാ വർഷവും നവംബർ - ഡിസംബർ മാസത്തിലെ കൃഷി വിളവെടുപ്പ് കഴിഞ്ഞാൽ ആദ്യം വിളവെടുത്തു കിട്ടുന്ന ധാന്യങ്ങൾ നന്ദി ശില്‍പത്തിന്റെ പാദത്തിലാണ് ഇവിടുത്തെ കർഷകർ സമർപ്പിക്കുക. ഇങ്ങനെ ചെയ്‌താൽ ആ വർഷം മുഴുവൻ നല്ല വിളവ് കിട്ടും എന്നാണ് കർഷകരുടെ വിശ്വാസം. വിശ്വനാഥനെ വണങ്ങി കൊണ്ട് ക്ഷേത്രത്തിനു പുറത്തേക്കിറങ്ങി.

കുറച്ചു ദൂരം പിന്നിട്ടപ്പോൾ ചൂടുചോളം വിൽക്കുന്ന ഗ്രാമീണരെ കണ്ടു. വില ചോദിച്ചപ്പോൾ 50 രൂപ. നല്ല തണുപ്പായതിനാൽ ഒന്നു വാങ്ങി. ചോളം കയ്യിലെടുത്തതും എവിടെ നിന്നോ കുറെ കുരങ്ങന്മാർ വന്ന് തൊട്ടടുത്ത് സ്ഥാനമുറപ്പിച്ചു. വികൃതി നിറഞ്ഞ അവരെ കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു കൗതുകം തോന്നി. പക്ഷേ ആ കൗതുകം അധികനേരം നീണ്ടുനിന്നില്ല.

ഒരു കുട്ടിക്കുരങ്ങൻ ഓടി വന്ന് എന്റെ നേർക്ക് കൈ നീട്ടി ശബ്ദങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. കുരങ്ങനെ ഓടിക്കാൻ നോക്കിയെങ്കിലും അത് പോകാൻ കൂട്ടാക്കിയില്ല. അപകടം മണത്തപ്പോൾ കൈയ്യിലിരുന്ന ചോളം ആ വികൃതി കുരങ്ങന് കൊടുത്ത് രക്ഷപ്പെടേണ്ടി വന്നു. നന്ദിയിലെ സൂര്യോദയം ഒരിക്കലും മാറ്റി നിർത്താൻ കഴിയാത്ത കാഴ്ചയായതുകൊണ്ടാണ് തിരക്കിട്ട് മലകയറിയത്. താഴെയുള്ള കാഴ്ചകൾ കാണാനായി മലയിറങ്ങുകയാണ്.

nandhi hill 2

കാഴ്ചകൾ നിറയും താഴ്‌വാരം

ആദ്യം പോയത് നെഹ്‌റു നിലയത്തിലേക്കാണ്. മൈസൂർ കമ്മീഷണർ ആയിരുന്ന മാർക് കബ്ബണിന്റെ വേനൽക്കാല വസതിയായിരുന്നു ഇവിടം. പിന്നീടത് ഗവൺമെന്റ് ഗസ്റ്റ് ഹൗസ് ആക്കി മാറ്റി. ബ്രിട്ടീഷ് രീതിയിലാണ് കെട്ടിടം നിർമിച്ചിട്ടുള്ളത്. ദൂരെ നിന്ന് വരുന്ന സഞ്ചാരികൾക്ക് ഇവിടെ താമസിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അവിടെ നിന്ന് താഴേക്ക് ഇറങ്ങിയപ്പോൾ നാലുചുറ്റും വലിയ പടികളുള്ള ഒരു കുളം കാണാനിടയായി, അമൃതസരോവർ. പണ്ട് കാലത്ത് ഇവിടുത്തെ ജല സ്രോതസ്സായിരുന്നത്രെ ഈ കുളം. കുറച്ചു സമയം അവിടെ വിശ്രമിച്ചു. മടങ്ങുമ്പോഴാണ് ഒരു സെക്യൂരിറ്റി ഗാർഡിൽ നിന്നും അറിയാൻ സാധിച്ചത്, ഈ കുളത്തിന്റെ പൂർണമായ മറ്റൊരു കുളമുണ്ടെന്നും അത് ഇവിടെ നിന്നും 18 കിലോമീറ്റർ ദൂരെയുള്ള ഭോകനന്ദീശ്വര ക്ഷേത്രത്തിലാണെന്നതും. ആ ക്ഷേത്രത്തെക്കുറിച്ച് അറിഞ്ഞപ്പോൾ അവിടേക്ക് പോകാൻ തീരുമാനിച്ചുകൊണ്ട് പതിയെ നന്ദിഹിൽസിന്റെ പുറത്തേക്കുള്ള കവാടത്തിലേക്ക് നടന്നപ്പോഴാണ് ചരിത്രത്തിന്റെ അവശിഷ്ടം പോലെ ഒരു ബോർഡ് കണ്ടത്.

ടിപ്പു ലോഡ്ജ്- മുഴുവൻ പായൽ പിടിച്ചു കിടക്കുന്ന കെട്ടിടമാണെങ്കിലും ഇപ്പോഴും തലയുയർത്തി നിൽക്കുന്നു. ഇഷ്ടികകൾ കൊണ്ട് നിർമിച്ച സമചതുരത്തിലുള്ള കെട്ടിടം. ആ കെട്ടിടത്തിന്റെ അകത്തേക്കു പ്രവേശിച്ചതും ഒരു നിമിഷം സ്തംഭിച്ചു നിന്നു പോയി. ചുമരുകൾ നിറയെ കൊത്തുപണികളും ഛായാചിത്രങ്ങളും കൊണ്ട് മനോഹരമായിരിക്കുന്നു. ചരിത്രത്തിന് ഇത്രയും ഭംഗി ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

ടിപ്പു സുൽത്താൻ നന്ദിയിലേക്ക് വരുമ്പോഴൊക്കെ ഇവിടെയായിരുന്നുവത്രേ താമസിച്ചിരുന്നത്. ഈ കെട്ടിടത്തിന് തൊട്ടു മുന്നിലായി നല്ല പഴക്കമുള്ള നാഗ വിഗ്രഹങ്ങൾ കണ്ടു. നന്ദിയുടെ കവാടം കടന്ന് പുറത്തിറങ്ങിയപ്പോൾ ഇത്രയും മനോഹരമായ സ്ഥലം ഭൂമിയിലുണ്ടെന്ന് വിശ്വസിക്കാൻ പറ്റാത്തൊരു അനുഭൂതിയിലായിരുന്നു. തിരിച്ചു വണ്ടിയിൽ കേറി യോഗ നന്ദീശ്വരന്റെ പാദത്തിൽ വസിക്കുന്ന സാക്ഷാൽ ഭോഗനന്ദീശ്വരന്റെ സന്നിധിയിലേക്ക് യാത്ര തിരിച്ചു.

nandhi hill 3

ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം...

ഭോഗ നന്ദീശ്വര ക്ഷേത്രം, ഒരു കൊച്ചു ഗ്രാമത്തിലൂടെയാണ് യാത്ര മുഴുവൻ. ഇരു വശങ്ങളിലും മുന്തിരിപ്പാടങ്ങൾ പൂത്തുലഞ്ഞു കിടക്കുന്നു. ഗ്രാമത്തിന്റെ എല്ലാ വിധ നിഷ്കളങ്കതയും നിറഞ്ഞു നിൽക്കുന്ന ഇടം. കൂടുതലും കർഷക കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. വഴിയോരങ്ങളിലെ കാഴ്ചകൾ കണ്ട് നന്ദീശ്വരന്റെ കവാടത്തിലേക്കെത്തി.

കണ്ണുകളെ വിശ്വസിക്കാൻ പറ്റാത്തതായിരുന്നു കവാടത്തിലെ കാഴ്ചകൾ. നന്തി ഹിൽസിലെ സെക്യൂരിറ്റിയിൽ നിന്നും

ഭോഗ നന്ദീശ്വര ക്ഷേത്രത്തെ കുറിച്ച് അറിഞ്ഞ വിവരങ്ങളെക്കാൾ സുന്ദരമായിരുന്നു അവിടുത്തെ കാഴ്ച.

പച്ചപ്പുല്ലുകൾ പരവതാനി തീർത്ത കൊത്തുപണികൾ കൊണ്ട് സമ്പൂർണ്ണമായ നന്ദീശ്വരന്റെ കവാടം. കവാടം കടന്ന് അകത്തേക്ക് നടന്നു. വലതു വശത്ത് ചരിത്രത്തെ സൂചിപ്പിച്ച പോലെ തകർന്നു കിടക്കുന്ന കരിങ്കല്ലിൽ തീർത്ത കുറേ ശിലകൾ. പുറത്തു നിന്ന് ക്ഷേത്രത്തെ കാണുമ്പോൾ മനസ്സിലേക്ക് ഹംപിയിലെ ക്ഷേത്രങ്ങൾ തെളിഞ്ഞു വന്നു.

ക്ഷേത്രത്തിന്റെ അകത്ത് ഇരു വശങ്ങളിലുമായി നിറയെ കൊത്തുപണികൾ ചെയ്ത രണ്ടു വലിയ തൂണുകൾ കാണാം.

ഇവിടെയും മഹാദേവനാണ് പ്രതിഷ്ഠ. ദക്ഷിണ ദിക്കിൽ ശിവൻ നടനം ചെയ്തു നിൽക്കുന്ന രൂപവും വടക്കു വശത്ത് ദുർഗാദേവി കാളയുടെ തലയിൽ നിൽക്കുന്ന രൂപവും അതിമനോഹരമായി കല്ലുകളിൽ കൊത്തിവച്ചിരിക്കുന്നു.

nandhi hill

മൂന്ന് രീതിയിലുള്ള പ്രതിഷ്ഠയാണ് മറ്റു അമ്പലങ്ങളിൽ നിന്നും ഭോഗനന്ദീശ്വര ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്. ഒന്നാമത്തെ പ്രതിഷ്ഠ ബാല്യത്തിലുള്ള ശിവരൂപമാണെങ്കിൽ രണ്ടാമത്തെ പ്രതിഷ്ഠ യൗവനത്തിലുള്ള ശിവരൂപമാണ്. എന്നാൽ മൂന്നാമത്തേത് തികച്ചും വ്യത്യസ്തമായി ഉമാമഹേശ്വരി പ്രതിഷ്ഠയാണ്.

നവ വധൂവരന്മാർ ഇവിടെ വന്ന് പ്രാർത്ഥിച്ചാൽ സകല ഐശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം. ഈ ക്ഷേത്രം പൂർണ്ണമായും ദ്രാവിഡ സംസ്കാരത്തിൽ നിർമിച്ചതിനാൽ ചുറ്റും അവിശ്വസനീയമായ ശിലാരൂപങ്ങൾ ഇവിടെ കാണാം.

നന്ദി ബെട്ടയിൽ കണ്ടത് നാല് വശങ്ങളിലുമായി പടിക്കെട്ടുകൾ കൊണ്ട് തീർത്ത കുളമായിരുന്നു. എന്നാലിവിടെ നാല് വശങ്ങളിലും തൂണുകൾ കൊണ്ടും കൽ ശിലകൾ കൊണ്ടും മനോഹരമായി പണിതെടുത്ത ഒരു സരോവരത്തെയാണ് കണ്ടത്. സമയം നാല് മണി കഴിഞ്ഞതിനാൽ മടങ്ങാമെന്ന് തീരുമാനിച്ച് മഹാദേവനെ ഒരിക്കൽ കൂടി വണങ്ങി യാത്ര തിരിച്ചു.

പിന്നെയും പിന്തുടരുന്ന കാഴ്ചകൾ

ഏകദേശം 16 കിലോമീറ്റർ പിന്നിട്ട് ദേവനഹള്ളി എയർപോർട്ട് എത്താറായപ്പോഴേക്കും ഇടതുവശത്തു അതിമനോഹരമായ ഒരു കാഴ്ച കാണാനിടയായി. ഒറ്റ നോട്ടത്തിൽ കാസർഗോഡ് ജില്ലയിലെ ബേക്കല്‍ കോട്ട പോലെയുള്ള ഒരു വലിയ കോട്ട. സമയം വൈകിയെങ്കിലും ആ കോട്ട എന്താണെന്നറിയാനുള്ള ആകാംക്ഷ കൊണ്ട് അങ്ങോട്ട് വണ്ടി തിരിച്ചു. ഒരു കിലോമീറ്റർ പിന്നിട്ട് കഴിഞ്ഞപ്പോഴേക്കും ഒരു കുഞ്ഞു ബോർഡിൽ ടിപ്പുവിന്റെ ജന്മസ്ഥലം എന്നെഴുതിയിരിക്കുന്നു.

സാക്ഷാൽ ടിപ്പു സുൽത്താൻ ജനിച്ച മണ്ണിലേക്കാണ് യാത്ര എന്നറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി.

കോട്ടയ്ക്കുള്ളിലെ ഗ്രാമം, കോട്ടയുടെ മുമ്പിൽ ഒരു നിമിഷം വണ്ടി നിർത്തി. സമയം വൈകിയതുകൊണ്ട് കോട്ടയ്ക്കുള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കുമോ എന്നറിയില്ല. വഴിയിൽ നിന്ന ഒരു യാത്രക്കാരനിൽ നിന്നും കോട്ടയെ പറ്റി അറിഞ്ഞു. ദേവനഹള്ളി ഫോർട്ട് എന്നാണ് ഈ കോട്ടയുടെ പേര്. ഇതിനുള്ളിൽ പ്രവേശിക്കാൻ സമയപരിധി ഇല്ല.

കോട്ടയ്ക്കകത്തു പ്രവേശിച്ചു. കണ്ട കാഴ്ച വളരെ അത്ഭുതകരമായിരുന്നു. മനസ്സിലുണ്ടായിരുന്ന ചിത്രം ബേക്കൽ ഫോർട്ടുപോലെ പടുകൂറ്റനായൊരു കോട്ടയായിരുന്നു. എന്നാൽ കോട്ടയ്ക്കകത്ത് നിറയെ വീടുകളും ഇരുവശങ്ങളിലും അമ്പലങ്ങൾ കൊണ്ട് നിറഞ്ഞതുമായ ഒരു കൊച്ചു ഗ്രാമമാണ് കാണാൻ സാധിച്ചത്.

വഴി മാറിപ്പോയോ എന്നായിരുന്നു ആദ്യം ചിന്തിച്ചത്. എന്നാൽ വ്യത്യസ്തമായ ഒരു കാഴ്ച തന്നെയായിരുന്നു അത്. ഒരു വശത്ത് ചരിത്രത്തെ സൂചിപ്പിക്കുന്ന അതിഭയാനകമായ കോട്ടയും എന്നാൽ അതിനുള്ളിൽ ഒരു കൊച്ചു ഗ്രാമവും. 20 ഏക്കറിൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ കോട്ടയും ഗ്രാമവും പച്ചപ്പുകൊണ്ടും ഐശ്വര്യം കൊണ്ടും നിറഞ്ഞിരിക്കുന്നു. ടിപ്പു സുൽത്താൻ ജനിച്ചുവളർന്ന ആ കോട്ടയ്ക്കു ചുറ്റും അൽപസമയം നടന്നു. കോട്ടയ്ക്കു മുകളിലെത്തി അസ്തമയസൂര്യനെ കണ്ടു. ഒരു നിമിഷം കണ്ണടച്ച് നിന്നു. ചരിത്രവും യാത്രകളും ഒരിക്കലും അവസാനിക്കില്ലെന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അവിടെ നിന്നും യാത്ര തിരിച്ചു.

nandhi hill 4
Tags:
  • Manorama Traveller