കണ്ണൂരിൽ നിന്നു കശ്മീരിലേക്കു കാൽനട യാത്രയ്ക്ക് ഇറങ്ങിയ സുറയ്ഹിനു യാത്ര പകുതിക്കു വച്ച് അവസാനിപ്പിക്കേണ്ടി വന്നു. ആയിരം കിലോമീറ്റർ നടന്ന് മഹാരാഷ്ട്രയിൽ എത്തിയപ്പോഴേയ്ക്കും കോവിഡ് വ്യാപിച്ചതാണു ‘റെക്കോഡ് യാത്രയ്ക്കു’ തടസ്സമായത്. മഹാരാഷ്ട്ര കടന്നു മധ്യപ്രദേശിലേക്കു പ്രവേശിച്ചാൽ ലഡാക്ക് വരെ നടക്കാമെന്നായിരുന്നു സുറയ്ഹിന്റെ പ്ലാൻ. പക്ഷേ, വൈറസ് വ്യാപനം ശക്തമായതോടെ പ്രതീക്ഷ നഷ്ടപ്പെട്ടു. ലക്ഷ്യത്തിലേക്കുള്ള നടത്തം സങ്കടത്തോടെ തൽക്കാലം നിർത്തി വയ്ക്കേണ്ടി വന്നു.
കണ്ണൂരിൽ ഇരിട്ടിയിലെ കീഴ്പള്ളി സ്വദേശി അബ്ദുൾ റഹ്മാൻ – നജ്മുന്നീസ ദമ്പതികളുടെ ഏഴു മക്കളിൽ ഇളയ പുത്രനാണു മുഹമ്മദ് സുറയ്ഹ്. ഇരിക്കൂറിലെ സിബ്ഗ ഇൻസ്റ്റിറ്റ്യൂട്ട് ബിബിഎ രണ്ടാം വർഷ വിദ്യാർഥി. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കൂട്ടുകാരോടൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ സുറയ്ഹിന്റെ കാലിനു പരുക്കേറ്റു. ലിഗ്‌മെന്റിനു ക്ഷതം സംഭവിച്ച് വിശ്രമത്തിലിരിക്കെ സുറയ്ഹ് ബാല്യകാലം മുതൽ കൊണ്ടുനടക്കുന്ന യാത്രാ മോഹം പൊടിതട്ടിയെടുത്തു. കാലിന്റെ വേദന മാറി നടക്കാവുന്ന അവസ്ഥയിലെത്തിയപ്പോൾ കണ്ണൂരിൽ നിന്നു കശ്മീരിലേക്ക് യാത്ര നടത്താൻ തീരുമാനിച്ചു. ‘‘ബസ്സിലും സൈക്കിളിലും ട്രെയിനിലും വിമാനത്തിലുമില്ല; അത്രയും ദൂരം നടക്കുകയാണ് ’’ കൂട്ടുകാരെയും സഹോദരങ്ങളെയും അറിയിച്ചു. കിടന്നുറങ്ങാനുള്ള ടെന്റ്, വസ്ത്രങ്ങൾ എന്നിവയുമായി മാർച്ച് ഇരുപത്തിനാലാം തീയതി വീട്ടിൽ നിന്നു പുറപ്പെട്ടു. ആ നിമിഷം മുതൽ യാത്രയുടെ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ‘കേരള – കശ്മീർ കാൽനട യാത്ര’ എന്നെഴുതിയ നടന്നു നീങ്ങിയ സുറയ്ഹിന് കേരളത്തിലെ എല്ലാ ജില്ലകളിലും ആളുകൾ സ്വീകരണം നൽകി. വെറും 4777 രൂപയുമായി പത്തൊൻപതു വയസ്സുകാരൻ ഇന്ത്യയുടെ തെക്കേയറ്റത്തു നിന്നു വടക്കേയറ്റത്തേയ്ക്ക് നടക്കുന്ന വിവരം അറിഞ്ഞവർ സുറയ്ഹിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവനയായി പണം അയച്ചു.
‘‘നടത്തം തുടങ്ങിയ ആദ്യ ദിവസങ്ങളിൽ കാലിന്റെ ഞരമ്പിനു വേനയുണ്ടായിരുന്നു. ഓരോ സ്ഥലത്തും സ്വീകരണം ഏറ്റു വാങ്ങിയതോടെ വേദന സന്തോഷത്തിനു വഴിമാറി. ബെംഗളൂരു എത്തുന്നതുവരെ ഓരോ സ്ഥലങ്ങളിലും കൂട്ടുകാരും പരിചയക്കാരും താമസ സൗകര്യം ഏർപ്പാടാക്കി. സഹായത്തിന് ആളില്ലാത്ത സ്ഥലങ്ങളിൽ അമ്പലപ്പറമ്പിലും പെട്രോൾ പമ്പിലും അന്തിയുറങ്ങി. ആയിരം കിലോമീറ്റർ പിന്നിട്ട് മഹാരാഷ്ട്രയിൽ എത്തിയപ്പോഴേയ്ക്കും കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കർഫ്യൂ ശക്തമായി. എത്രയും പെട്ടെന്ന് സംസ്ഥാനത്തിന്റെ അതിർത്തി കടക്കാൻ വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ചു. 250 കിലോമീറ്റർ താണ്ടി മഹാരാഷ്ട്ര കടക്കാമെന്നു കരുതി. പിന്നീട് കശ്മീരിലെത്തിയ ശേഷം ലഡാക്കിലേക്ക് 600 കി.മീ അധികം നടന്ന് വാഹനത്തിൽ യാത്ര ചെയ്ത ദൂരം പരിഹരിക്കാമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, ആ പ്രതീക്ഷയെല്ലാം പാളി. മഹാരാഷ്ട്ര പൊലീസ് പരിശോധന കർശനമാക്കി. തുടർയാത്ര തടസ്സപ്പെട്ടു. നാട്ടിലേക്കു മടങ്ങുകയല്ലാതെ വേറെ മാർഗമില്ലാതായി.
ബംഗളൂരുവിലെ ഒരു ഹോട്ടലിലാണ് ഉപ്പ ജോലി ചെയ്യുന്നത്. കൂലിപ്പണിയാണ്. ഞാൻ അവിടേയ്ക്കു പോവുകയാണ്. കടകൾ അടയ്ക്കാൻ സർക്കാർ ഉത്തരവിട്ടാൽ ഞാനും വാപ്പയും ഒരുമിച്ച് ഇരിട്ടിയിലേക്കു മടങ്ങും. കോവിഡ് നിയന്ത്രണ വിധേയമായതിനു ശേഷം, യാത്ര എവിടെ വച്ചു നിർത്തിയോ അവിടെ നിന്നു വീണ്ടും നടന്നു ലക്ഷ്യം പൂർത്തിയാക്കും. – തികഞ്ഞ ആത്മവിശ്വാസത്തോടെ സുറയ്ഹ് പറഞ്ഞു.