Tuesday 28 September 2021 05:56 PM IST : By സ്വന്തം ലേഖകൻ

കിതപ്പും കഴുത്തിലും താടിയിലുമുള്ള വേദനയും: സ്ത്രീകളിലെ ഹൃദയാഘാതലക്ഷണങ്ങൾ അവഗണിക്കപ്പെടുന്നതിനു പിന്നിൽ

heart-1

സ്ത്രീകളുടെ കാര്യത്തിൽ ഒന്നാം നമ്പർ കൊലയാളി സ്തനാർബുദം അല്ല ഹൃദ്രോഗം ആണെന്നാണ് ഇന്ത്യയിൽ നടന്ന ഒരു സർവേ കണ്ടെത്തിയത്. ആഗോളതലത്തിലുള്ള കണക്കുനോക്കിയാൽ നാലു സ്ത്രീകളിൽ ഒരാൾ വീതം ഹൃദയപരാജയം മൂലം മരണപ്പെടുന്നുണ്ട്. വേൾഡ് ഹാർട്ട് ഫെഡറേഷൻ പറയുന്നത് ഹൃദ്രോഗം മൂലം 9.1 ദശലക്ഷം സ്ത്രീകൾ ഒാരോ വർഷവും മരണപ്പെടുന്നുണ്ടെന്നാണ്. ഏറ്റവും പുതുതായി വന്ന പഠനം പറയുന്നത് പ്രമേഹം മൂലമുള്ള ഹൃദയപരാജയം പുരുഷന്മാരിലും അധികം സ്ത്രീകളെയാണ് ബാധിക്കുക എന്നാണ്. സ്ത്രീകളിലെ ഹൃദ്രോഗത്തേക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ ഇത്രയൊക്കെ പോരേ?

ആർത്തവകാലത്ത് ഈസ്ട്രജൻ ഹോർമോണിന്റെ ഒരു ചെറിയ സംരക്ഷണം സ്ത്രീകൾക്ക് ലഭിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ പുരുഷന്മാരേക്കാൾ 10–15 വർഷം കഴിഞ്ഞേ സ്ത്രീകൾക്ക് ഹാർട്ട് അറ്റാക്ക് വരൂ എന്നാണ് സാധാരണ കണക്കുകൂട്ടൽ. പക്ഷേ, ഈ ആനുകൂല്യവും നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നു കരുതേണ്ടിയിരിക്കുന്നു. സ്ത്രീകളിൽ നാൽപതുകളിൽ തന്നെ ഹൃദ്രോഗം കണ്ടുതുടങ്ങിക്കഴിഞ്ഞു. കേരളത്തിൽ തിരുവനന്തപുരം മെഡി. കോളജ് കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിൽ സ്ത്രീകളിലെ ഹൃദയാഘാതത്തിന്റെ പ്രായം കുറഞ്ഞുവരികയാണെന്നാണ് കണ്ടത്. 2018ൽ നടത്തിയ ഈ പഠനത്തിൽ ഹൃദയാഘാതത്തിന്റെ കാര്യത്തിൽ പുരുഷന്മാരുടെ ശരാശരി പ്രായം 56 ഉം സ്ത്രീകളിലേത് 61.5 ഉം ആയിരുന്നു. അതായത് കേരളത്തിലെ സ്ത്രീകളിലെ ഹൃദയാഘാതപ്രായം ലോകത്താകെയുള്ള സ്ത്രീകളുടേതിനേക്കാൾ കുറഞ്ഞുവരികയാണ്.

എന്തുകൊണ്ടാണ് പ്രകൃത്യാലുള്ള സംരക്ഷണം പോലും സ്ത്രീകൾക്ക് തുണയാകാത്തത് എന്നു നോക്കാം. ഹൃദ്രോഗത്തിന്റെ പ്രധാന ആപത് ഘടകങ്ങൾ സ്ത്രീകളിലും പുരുഷന്മാരിലും ഒന്നു തന്നെയാണ്. പ്രായം, ജനിതകം, കൊളസ്ട്രോൾ, ബിപി, പ്രമേഹം പോലുള്ള ഹൃദ്രോഗത്തിലേക്കു നയിക്കാവുന്ന രോഗങ്ങൾ, പുകവലി, ഭക്ഷണരീതി, വ്യായാമക്കുറവ്, അമിതവണ്ണം എന്നിവയൊക്കെ തന്നെയാണ്.

ജീവിതരീതി മാറണം

ജീവിതരീതിയിൽ വന്ന മാറ്റം സ്ത്രീകളിലെ ഹൃദ്രോഗസാധ്യത വർധിക്കാൻ പ്രധാനകാരണമാണ്. ഏറ്റവും പ്രധാനം വ്യായാമം ഇല്ലാത്തതാണ്. ഹൃദ്രോഗികളായി എത്തുന്ന സ്ത്രീകൾ പോലും ദിവസവും നടക്കാൻ പറഞ്ഞാൽ അതു പാലിക്കാറില്ല. ഇക്കാര്യത്തിൽ വീട്ടിലെ മറ്റ് അംഗങ്ങളുടെ കാര്യത്തിൽ കാണിക്കുന്ന താൽപര്യം സ്വന്തം കാര്യത്തിൽ കാണിക്കാറില്ല. ഈ മോട്ടിവേഷൻ കുറവ് വലിയ പ്രശ്നമാണ്. നടക്കാനുള്ള സാഹചര്യങ്ങൾ കുറയുന്നതും സമയക്കുറവും ഒക്കെ പ്രതിബന്ധങ്ങളാകാം. അടുക്കളപ്പണി ചെയ്യുന്നുണ്ടല്ലോ അതുമതി എന്ന തെറ്റിധാരണയാകാം.

അടുക്കളപ്പണി കൊണ്ടു മാത്രം ദിവസവും വേണ്ടുന്ന കായികാധ്വാനമാകുന്നില്ല. ദിവസവും രാവിലെയും വൈകിട്ടും വാച്ചുനോക്കി തന്നെ അര മണിക്കൂർ നടന്നാൽ അത് കിടപ്പുമുറിക്കുള്ളിലായാലും കുഴപ്പമില്ല, ഹൃദ്രോഗസാധ്യതയെ വലിയൊരളവ് കുറയ്ക്കും. ഉദ്യോഗസ്ഥരാണെങ്കിൽ ഇറങ്ങേണ്ട സ്േറ്റാപ്പിന് 2,3 സ്േറ്റാപ് മുൻപ് ഇറങ്ങി നടക്കാം.

കേരളത്തിലെ ഗ്രാമങ്ങളെല്ലാം അതിവേഗം നഗരങ്ങളായിക്കൊണ്ടിരിക്കുകയാണ്. ഇത് നമ്മുടെ ഭക്ഷണരീതിയെ ഒരുപാട് മാറ്റിമറിച്ചിട്ടുണ്ട്. തികച്ചും ആരോഗ്യകരമായ, രാസവസ്തുക്കൾ കലരാത്ത ഭക്ഷണമെന്നത് ഗ്രാമങ്ങളിൽ പോലും അപൂർവതയാണ്. കൊഴുപ്പ് ഉപയോഗം പ്രത്യേകിച്ച് മാംസ ഉപഭോഗം വർധിക്കുന്നു. ബീഫിന്റെയും ചിക്കന്റെയും ഉപഭോഗം വർഷം തോറും വർധിച്ചുവരികയാണ്. ബജി, വട, സമൂസ പോലുള്ള എണ്ണയിൽ മുക്കിപ്പൊരിച്ച സ്നാക്കുകളാണ് ദിവസവും കഴിക്കുന്നത്. എണ്ണ അളവിൽ കൂടുതൽ അകത്തു ചെല്ലുമെന്നു മാത്രമല്ല ഒന്നിലധികം തവണ തിളച്ച് അപകടകരമായ രാസവ്യതിയാനങ്ങൾക്ക് ഇടയായ എണ്ണയാണ് ഉള്ളിലെത്തുന്നത്. ട്രാൻസ്ഫാറ്റ് എന്ന അപകടകരമായ കൊഴുപ്പ് ഇവയിലെല്ലാം ധാരാളമുണ്ട്. ട്രാൻസ്ഫാറ്റ് നമ്മുടെ ഭക്ഷണത്തിൽ ഉണ്ടാവാനേ പാടില്ലാത്ത ഘടകമാണ്. മറ്റൊരു പ്രധാന അപകടം ഹാഫ് കുക്ക്ഡ് അല്ലെങ്കിൽ റെഡി ടു കുക്ക് ഉൽപന്നങ്ങളാണ്. ഇവയിൽ മിക്കതിലും വിഭവങ്ങളുടെ മൃദുലതയും രുചിയും കൂട്ടാൻ വനസ്പതിയാണ് ചേർക്കുന്നത്. ഏതാനും ദിവസം കേടുകൂടാതിരിക്കാൻ വേണ്ടുന്ന രാസപദാർഥങ്ങളും ചേർക്കുന്നു. യു ട്യൂബിലും ടിവിയിലുമൊക്കെ പാചക പരീക്ഷണങ്ങൾക്ക് പ്രചാരമേറിയതോടെ റിച്ച് ഫൂഡ് അഥവാ കൊഴുപ്പും കാലറിയുമൊക്കെ കൂടിയ ഭക്ഷണങ്ങളും നമ്മൾ കഴിച്ചുതുടങ്ങി. ബിരിയാണി, ചിക്കൻ വറുത്തുംപൊരിച്ചുമുള്ള വിഭവങ്ങൾ എന്നിങ്ങനെ...അനാരോഗ്യകരവും അപകടകരവുമായ ഇത്തരം ഭക്ഷണശീലങ്ങൾ ചീത്ത കൊളസ്ട്രോൾ വർധിക്കുവാനും നല്ല കൊളസ്ട്രോൾ കുറയുവാനും ഇടയാക്കുന്നു.

കഴിവതും ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ശീലിക്കുന്നത് ഹൃദയത്തിനു വലിയ ഗുണം ചെയ്യും. പച്ചക്കറികൾ കൂടുതൽ കഴിക്കുക. മാംസം പ്രത്യേകിച്ച് ബീഫ് പോലുള്ള ചുവന്ന മാംസം മാസത്തിൽ രണ്ടോ മൂന്നോ തവണ മാത്രം കഴിക്കുക. വറുത്തും പൊരിച്ചുമുള്ള പാചകങ്ങൾ കുറച്ച് ഗ്രില്ല് ചെയ്തോ ആവിയിൽ വേവിച്ചോ കഴിക്കുക. കൊഴുപ്പും കാലറിയും ധാരാളമുള്ള സ്പെഷൽ വിഭവങ്ങൾ സ്പെഷൽ ദിവസങ്ങളിൽ കഴിച്ചാൽ മതിയെന്നു വയ്ക്കുക.

മാനസികപിരിമുറുക്കത്തേയും പരിഗണിക്കണം. ഒന്നിലധികം റോളുകൾ കൈകാര്യം ചെയ്യുന്ന സ്ത്രീകൾക്ക് സ്വാഭാവികമായും വളരെയധികം മാനസികസംഘർഷം നേരിടേണ്ടിവരാം. ഇവരിൽ അമിത രക്തസമ്മർദം നേരത്തേ വരാനും ഇടയുണ്ട്. ഒരു അവധി പോലുമെടുക്കാതെ ജോലി ചെയ്യുന്നതിൽ സ്ത്രീകൾ മുൻപിലാണ്. ഇടയ്ക്കിടയ്ക്ക് ജോലിയിൽ നിന്ന് നിർബന്ധിത അവധി എടുത്ത് മനസ്സിനെ ഉല്ലാസഭരിതമാക്കാനുള്ള ശ്രമം വേണം. ഉദ്യോഗസ്ഥരല്ലാത്തവരും അടുക്കള ജോലികൾക്ക് അവധി കൊടുത്ത് പുറത്തിറങ്ങാനും സന്തോഷിക്കാനുമുള്ള അവസരങ്ങൾ വേണം.

മറ്റു രോഗങ്ങൾ

ഹൃദ്രോഗത്തിലേക്കു നയിക്കാവുന്ന രോഗങ്ങളുടെ കാര്യത്തിലും സ്ത്രീകൾ അപകടമേഖലയിലാണ്. നേരത്തേ പറഞ്ഞ പഠനത്തിൽ പ്രമേഹം ഉള്ളവരിൽ 90 ശതമാനം പേരും ഒരു തവണ പോലും കൊളസ്ട്രോൾ നോക്കിയിരുന്നില്ലെന്നു കണ്ടു. 65 വയസ്സു കഴിഞ്ഞ സ്ത്രീകളിൽ 80 ശതമാനത്തിനും ബിപിയുണ്ട്. 65 വയസ്സു കഴിഞ്ഞ സ്ത്രീകളിൽ കൊളസ്ട്രോളിനുള്ള സാധ്യത കൂടുതലാണ്. കൊളസ്ട്രോൾ ഒരു ശതമാനം കൂടുമ്പോൾ ഹൃദ്രോഗം രണ്ടു ശതമാനം കൂടുന്നുവെന്ന് പഠനങ്ങൾ പറയുന്നു. വ്യായാമം ഇല്ലാത്തതിനാൽ നല്ല കൊളസ്ട്രോളിന്റെ അളവ് സ്ത്രീകളിൽ കുറയാം. പ്രമേഹമുള്ള സ്ത്രീകളിൽ അതുള്ള പുരുഷന്മാരെ അപേക്ഷിച്ച് 3–7 മടങ്ങ് ഹൃദ്രോഗസാധ്യതയുണ്ട്.

സ്ത്രീകളിൽ ശരീരഭാരം വേണ്ടതിലും 30 ശതമാനം കൂടുതലാണെങ്കിൽ ഹൃദയാഘാതം മൂലമുള്ള മരണസാധ്യത 3.3 മടങ്ങാണ്. സ്ത്രീകളിൽ അരവണ്ണം 90 സെ.മീറ്ററിലധികം കൂടുന്നത് ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്നു.

കേരളത്തിൽ പുകവലിക്കുന്ന സ്ത്രീകളുടെ എണ്ണം വിദേശരാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും പാസ്സീവ് സ്മോക്കിങ് വ്യാപകമാണ്. സത്യത്തിൽ പുകവലിക്കുന്ന അത്രതന്നെ അപകടകരമാണ് പുകയേൽക്കുന്നതും. പാസീവ് സ്മോക്കിങ് ഉള്ളവരിൽ ഹൃദ്രോഗം മൂലം മരണപ്പെടാനുള്ള സാധ്യത 15 ശതമാനമാണ്.

ലക്ഷണങ്ങളിൽ വ്യത്യാസം

ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തുന്നതിൽ സ്ത്രീകൾ പലപ്പോഴും ഡോക്ടർമാരെ പോലും കുഴപ്പിക്കാറുണ്ട്. സ്ത്രീകളിലെ ഹൃദ്രോഗലക്ഷണങ്ങൾ പുരുഷന്മാരുടേതു പോലല്ല എന്നതാണ് കാരണം. സ്ത്രീകൾക്ക് ഹൃദ്രോഗലക്ഷണമായി നെഞ്ചുവേദന അനുഭവപ്പെടാൻ സാധ്യത കുറവാണ്. ദഹനക്കേട്, കിതപ്പ്, കഴുത്ത്, താടിയെല്ല്, കൈകൾ എന്നിവിടങ്ങളിലെ വേദന , ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങളാണ് (atypical symptoms) സ്ത്രീകളിൽ ഹൃദ്രോഗബാധയുടേതായി കാണാറ്. യേൽ സ്കൂൾ ഒഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകർ ഇക്കാര്യം പഠനവിധേയമാക്കി തെളിയിച്ചിട്ടുണ്ട്. ഇത് മൂലം മെഡിക്കൽ അശ്രദ്ധ വന്നുകൂടായ്കയില്ല. ഡോക്ടർമാർ പോലും ഉത്കണ്ഠയോ ദഹനപ്രശ്നമോ ആയി തെറ്റിധരിച്ച് ചികിത്സിക്കാൻ ഇടയുണ്ട്. എന്നാൽ ഹൃദയാഘാതത്തിന്റെ കാര്യത്തിൽ സാധാരണ ലക്ഷണം തന്നെയാണ് കാണാറ്.

ഹൃദ്രോഗം മൂലം മരണപ്പെടാനും വൈകല്യങ്ങളുണ്ടാകാനും ഉള്ള സാധ്യത (mortality and morbidity rate) പുരുഷനെ അപേക്ഷിച്ച് സ്ത്രീയിൽ കൂടുതലാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ബൈപാസ് ശസ്ത്രക്രിയയെ തുടർന്നുള്ള മരണനിരക്ക് സ്ത്രീകളിൽ കൂടുതലാണ്. സ്ത്രീകളുടെ ഹൃദയ രക്തക്കുഴലുകൾ താരതമ്യേന ചെറുതാണെന്നതും ശരീരഭാരം കുറവാണെന്നതുമൊക്കെയാണ് ഇതിനു കാരണമായി പറയുന്നത്. പക്ഷേ, ഇതൊന്നും അസന്നിദ്ധമായി തെളിയിച്ചിട്ടില്ല.

പ്രായമേറിക്കഴിഞ്ഞാണ് സ്ത്രീകളിൽ സാധാരണ ഹൃദ്രോഗം വരാറുള്ളത് എന്നതും മരണനിരക്ക് കൂടാൻ കാരണമാണ്. പ്രമേഹം, ബിപി പോലെ ഒന്നിലധികം അപകട ഘടകങ്ങൾ ഉള്ളവരിലും മരണസാധ്യത കൂടുതലാണ്. ഹൃദ്രോഗം മൂലമുള്ള മണനിരക്ക് പ്രമേഹമുള്ള പുരുഷന്മാരെ അപേക്ഷിച്ച് അഞ്ചു മടങ്ങ് കൂടുതലാണ് പ്രമേഹമുള്ള സ്ത്രീകളിൽ.

മുപ്പതുകളുടെ മധ്യത്തിൽ എത്തുമ്പോഴെങ്കിലും സ്ത്രീകൾ സ്വന്തം ഹൃദയത്തെ കുറിച്ച് ചിന്തിക്കണം. കുടുംബത്തിലാർക്കെങ്കിലുമോ അടുത്ത ബന്ധുക്കൾക്കോ ഹൃദ്രോഗം വന്നിട്ടുള്ളവരും പ്രമേഹവും കൊളസ്ട്രോളും പോലെ മറ്റ് അപകട ഘടകങ്ങൾ ഉള്ളവരും രണ്ടു വർഷത്തിലൊരിക്കൽ പ്രിവന്റീവ് പരിശോധന നടത്തണം ഹൃദയത്തിനു സംരക്ഷണമേകുന്ന ഒമേഗ ഫാറ്റി ആസിഡുകൾ ഉള്ള മത്സ്യവും പച്ചക്കറികളും ധാരാളം കഴിക്കണം. അന്നജത്തെ രണ്ടാമത്തെ കൊളസ്ട്രോൾ ആയി കണ്ട് അളവു കുറയ്ക്കണം. പ്രത്യേകിച്ച്. ചോറും അരിയാഹാരവും അളവു കുറച്ച് കഴിക്കണം. പതിവായി വ്യായാമം ചെയ്യണം.

കടപ്പാട്: മനോരമ ആരോഗ്യം ആർകൈവ്

Tags:
  • Manorama Arogyam