Tuesday 29 September 2020 03:09 PM IST

അമിത വ്യായാമം ഹൃദയാഘാതത്തിന് വഴിയൊരുക്കും; ലക്ഷണങ്ങളെ ഗ്യാസിന്റെ പ്രശ്നമായും നീരിറക്കമായും കരുതി അവഗണിക്കരുത്

Tency Jacob

Sub Editor

heart-attack221555

കൃത്യമായി വ്യായാമം ചെയ്തു ശാരീരികമായി ഫിറ്റാണ് എന്നു കരുതുന്നവരാണ് ഇരുപത്തിയഞ്ചിനും നാൽപ്പത്തഞ്ചു വയസ്സിനും മധ്യേയുള്ള ഒട്ടുമിക്ക ചെറുപ്പക്കാരും. പക്ഷേ, ഇതേ പ്രായക്കാർ ഹൃദയാഘാതം മൂലം പെട്ടെന്നു മരണത്തിനു കീഴ്പ്പെടുന്ന വാർത്തകൾ പരിഭ്രാന്തിയുണ്ടാക്കുന്നുണ്ട്.

കന്നഡ നായകൻ ചിരഞ്ജീവി സർജ, ലോക്ഡൗൺ കാലത്ത് പ്രവാസികളായ ഗർഭിണികളെ നാട്ടിലെത്തിക്കുന്നതിനു കോടതിവിധി നേടിയെടുത്ത നിധിൻ എന്നിവർ ഹൃദയാഘാതം വന്നു മരിച്ചത് നമ്മളെ ഞെട്ടിച്ചു. ആരോഗ്യം സംരക്ഷിക്കാൻ ശ്രമിക്കുന്നതിനൊപ്പം രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തലും അത്യാവശ്യമെന്നു ഈ സംഭവങ്ങളെല്ലാം ഓർമിപ്പിക്കുന്നു. ഗ്യാസിന്റെ പ്രശ്നമായും നീരിറക്കം ആണെന്ന് കരുതിയും ലക്ഷണങ്ങളെ നിസ്സാരമായി അവഗണിച്ചു കളയരുത്. ഏതു രോഗവും കീഴടക്കും മുൻപ് സൂചനകളും ലക്ഷണങ്ങളും തരാറുണ്ട് എന്നു മനസ്സിലാക്കുക. അതു ഗൗരവത്തിലെടുത്ത് ഉടനെ വൈദ്യസഹായം തേടാനുള്ള ജാഗ്രതയാണ് കാണിക്കേണ്ടത്.    

എന്താണ് പെട്ടെന്നുള്ള ഹൃദയാഘാതത്തിനു കാരണം?

പുകവലിയും മദ്യപാനവും പ്രമേഹവും രക്താതിസമ്മർദവും അമിതവണ്ണവും ഹൃദ്രോഗം ഉണ്ടാക്കുന്നു എന്ന് അറിയാത്ത വരായി ആരുമുണ്ടാവില്ല. ഹൃദ്രോഗം മൂലം ഹൃദയധമനികളിൽ കൊഴുപ്പടിഞ്ഞ് പെട്ടെന്നുണ്ടാകുന്ന തടസ്സങ്ങളാണ് ഹൃദയാഘാതത്തിനു കാരണം. ഹൃദ്രോഗം തുടങ്ങി വർഷങ്ങൾക്ക് ശേഷമാണ് പലർക്കും ഹൃദയാഘാതം ഉണ്ടാകുന്നത്.

ഹൃദയാഘാതം മൂന്നു രീതിയിൽ സംഭവിക്കാം 1. നടക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ വിമ്മിഷ്ടം. ഏതാനും ദിവസങ്ങൾ ഇത് അനുഭവിച്ച ശേഷം ഹൃദയാഘാതം സംഭവിക്കുന്നു. 2. യാതൊരു രോഗലക്ഷണങ്ങളും ഇല്ലാതെ പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതം. നെഞ്ചുവേദനയും വിയർപ്പും മൂലം ആശുപത്രിയിലെത്തിക്കുകയും ചികിത്സ ലഭിക്കുകയും ചെയ്യുമെങ്കിലും ചിലപ്പോൾ മരണകാരണമാകാം. 3. മാരകമായ ഹൃദയാഘാതം മൂലം ഹൃദയം പെട്ടെന്നു നിന്നുപോകുന്നു. മറ്റ് യാതൊരു രോഗലക്ഷണങ്ങളും ഉണ്ടായി എന്നു വരില്ല. പകൽ സമയത്താണെങ്കിൽ കുഴഞ്ഞുവീണുള്ള മരണം ആയിരിക്കും. ഉറ ക്കത്തിലോ രാത്രിയിലോ ആണ് സംഭവിക്കുന്നതെങ്കിൽ രാവിലെ മരിച്ച നിലയിൽ ആയിരിക്കും കണ്ടെത്തുക.

കുഴഞ്ഞുവീണു മരിക്കുന്നതിന്റെ 80 ശതമാനം കാരണം ഹൃദ്രോഗമാണ് (coronary artery disease). എന്നാൽ 20 ശതമാനം  രോഗികളിൽ ഹൃദയത്തിന്റെ പേശികൾക്കുണ്ടാകുന്ന തകരാറുകൾ (cardiomyopathy) മൂലമോ ഹൃദയത്തിനുള്ളിലെ വൈദ്യുതപ്രവാഹത്തിൽ ഉണ്ടാകുന്ന വ്യതിയാനമോ കാരണമാകാം (channelopathies).

ഈ രോഗങ്ങളൊന്നും ചിലപ്പോൾ യാതൊരു ലക്ഷണങ്ങളും ഉണ്ടാക്കി എന്നുവരില്ല. അങ്ങനെയുള്ള സന്ദർഭത്തിൽ അമിത വ്യായാമം ചെയ്യുമ്പോൾ കാർഡിയാക് അറസ്റ്റ് സംഭവിക്കാനുള്ള സാധ്യതയുണ്ട്. വർഷത്തിലൊരിക്കൽ ഹെൽത് ചെക്കപ്പും കായികവിനോദങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള സ്പെഷൽ ചെക്കപ്പും ചെയ്യുകയാണെങ്കിൽ പ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ കണ്ടുപിടിക്കാൻ സാധിക്കും.

എന്താണ് ഹൃദയാഘാതവും ഹൃദയസ്തംഭനവും?

ഹൃദയധമനികളിലെ കുഴലുകൾ പെട്ടെന്ന് അടഞ്ഞു പോകുമ്പോൾ ഹൃദയാഘാതം സംഭവിക്കുന്നതാണ് ഹാർട്ട് അറ്റാക്ക്. പറഞ്ഞറിയിക്കാനാകാത്ത വിമ്മിഷ്ടമോ ശ്വാസം മുട്ടലോ നെഞ്ചുവേദനയോ ക്ഷീണമോ ആണ് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ. വേദന വന്നാൽ എഴുന്നേറ്റു നിൽക്കുകയോ നടക്കുകയോ ചെയ്യാതെ തല ഉയർത്തി ചാരിയിരിക്കുന്നതാണ് രോഗിക്ക് കൂടുതൽ ആശ്വാസം കൊടുക്കുക. സ്വയം ഡ്രൈവ് ചെയ്ത് ആശുപത്രിയിൽ പോകാൻ ശ്രമിക്കരുത്. കാർഡിയാക് കെയർ സൗകര്യമുള്ള ആംബുലൻസ് വരുത്തി പോകുന്നതാണ് ഏറ്റവും സുരക്ഷിതം.

ഹൃദയധമനികളിലെ ബ്ലോക്കുകൾ അലിയിച്ചു കളയാനുള്ള മരുന്നു കൊടുക്കുകയോ ആൻജിയോപ്ലാസ്റ്റി ചെയ്യുമ്പോഴോ ആണ് രോഗിയുടെ ജീവൻ രക്ഷിക്കാനാവുക. ആൻജിയോഗ്രാം പരിശോധനയിലൂടെ ബ്ലോക്കുകൾ എത്രത്തോളമുണ്ടെന്നു കൃത്യമായി അറിയാൻ സാധിക്കും. 70 ശതമാനം വ രെയുണ്ടെങ്കിൽ ആൻജിയോപ്ലാസ്റ്റി ചെയ്യണം. മൂന്നു കൊറോണറി ധമനികളിലും ബ്ലോക്ക് ഉണ്ടെങ്കിലും ഹൃദയത്തിനു ഏറ്റവും റിസ്ക്ക് ഉള്ള അവസ്ഥകളിലും ബൈപാസ് സർജറി വേണ്ടിവരും.

തീവ്രമായ ഹൃദയാഘാതം ഉണ്ടാകുമ്പോൾ ഹൃദയം പെട്ടെന്ന് നിന്നു പോകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം അല്ലെങ്കിൽ കാർഡിയാക് അറസ്റ്റ്. ഈ സന്ദർഭങ്ങളിൽ മൗത്ത് ടു മൗത്ത് ബ്രീത്ത്, ചെസ്റ്റ് കംപ്രഷൻ എന്നിവ ചെയ്താൽ ചിലപ്പോൾ രോഗിയെ രക്ഷപ്പെടുത്താം.

ഹൃദയ ധമനികളിൽ കൊഴുപ്പടിഞ്ഞിട്ടുണ്ടെന്ന് എങ്ങനെ മനസ്സിലാക്കാം?

ഹൃദയ ധമനികളിൽ ബ്ലോക്ക് ഉണ്ടോ എന്ന് അറിയാൻ ടെസ്റ്റുകൾ ഉണ്ട്. ധമനികളിലെ തടസ്സങ്ങൾ 70 ശതമാനത്തിൽ കൂടുതൽ ആകുമ്പോഴാണ് ടിഎംടി (treadmill testing) പൊസിറ്റീവ് ആകുന്നത്. തടസ്സങ്ങൾ തുടക്കത്തിൽ തന്നെ കണ്ടുപിടിക്കാൻ സിടി സ്കാൻ, ആൻജിയോഗ്രാം, കത്തീറ്റർ ആൻജി യോഗ്രാം (coronary angiogram) എന്നിവ സഹായകമാകും.

കോവിഡ് 19 ബാധിച്ചാൽ ശരീരത്തിൽ അതിനെതിരായ ആന്റിബോഡി കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നത് സൈലന്റ് അറ്റാക്ക് ഉണ്ടാക്കും എന്നതിൽ എത്ര മാത്രം യാഥാർഥ്യം ഉണ്ട്?

കോവിഡ്19 ബാധിച്ച വ്യക്തികളിൽ ശരീരത്തിന്റെ പ്രതിരോധപ്രവർത്തനങ്ങൾ ത്വരിതപ്പെടുകയും സൈറ്റോകിനിൻ പോലെയുള്ള പദാർഥങ്ങൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഈ പദാർഥങ്ങൾ വൈറസിനെ മാത്രമല്ല, ശരീരത്തിലെ അവയവങ്ങളെ കൂടി ചില സന്ദർഭങ്ങളിൽ അപകടപ്പെടുത്താറുണ്ട്. മാത്രമല്ല കൊറോണ വൈറസ് ഹൃദയത്തിൽ ഉള്ള എയ്സ് റെസിപ്റ്റേഴ്സുമായി ഒട്ടിചേരുകയും ഹൃദയാഘാതത്തിനു വഴിവയ്ക്കുകയും ചെയ്യും. രോഗം ബാധിച്ച ചില വ്യക്തികളിൽ ഹൃദയധമനികളിൽ തടസ്സങ്ങളില്ലാതെ തന്നെ ഹൃദയാഘാതമോ ഹൃദയസ്തംഭനമോ ഉണ്ടാകുന്നതായി കാണപ്പെട്ടിട്ടുണ്ട്. അതേക്കുറിച്ചുളള കൂടുതൽ പഠനങ്ങൾ നടന്നു കൊണ്ടിരിക്കുന്നതേയുള്ളൂ.

heart-attack221

അമിത വ്യായാമം ഹൃദയാഘാതത്തിനു കാരണമാണോ?

വ്യായാമക്കുറവ് ഹൃദ്രോഗത്തിനും പ്രമേഹത്തിനും അമിതവണ്ണത്തിനും കാരണമാകുന്നു എന്ന് എല്ലാവരും മനസ്സിലാക്കി യിട്ടുണ്ട്. എന്നാൽ അമിതവ്യായാമം ഹൃദയാഘാതത്തിന് കാരണമാണെന്നു പലർക്കും അറിയില്ല.

ശാരീരികക്ഷമതയ്ക്കും പ്രായത്തിനുമനുസരിച്ചു ഏതു വ്യായാമം എന്നതും എത്ര സമയം ചെയ്യണമെന്നും തീരുമാനിക്കാം. ഏതു വ്യായാമം ചെയ്യുമ്പോഴും സംസാരിക്കാനോ മൂളിപ്പാട്ടു പാടാനോ സാധിക്കുന്ന അവസ്ഥയിൽ നിന്നു കുറച്ചു ബുദ്ധിമുട്ടുവരുന്ന നിലയിലേക്കെത്തി വ്യായാമം തുടരണം. ദിവസവും 30  മിനിറ്റു മുതൽ 45 മിനിറ്റു വരെ വ്യായമം ചെയ്യുന്നതാണ് നല്ലത്.  

വ്യായാമം ഒന്നുമില്ലാത്തവർ പെട്ടെന്നു കഠിനാധ്വാനം നടത്തുകയോ ഭാരം എടുക്കുകയോ ചെയ്യുന്നത് ഹൃദയാഘാതത്തിനു കാരണമാകാം. ജലദോഷം, പനി ഇവ വന്നതിനുശേഷം ഏകദേശം10 ദിവസം വരെ ആരോഗ്യമുള്ള ആളുകളിൽപോലും ഹൃദയാഘാത സാധ്യത ഏകദേശം അഞ്ചു ശതമാനം മുതൽ പത്തു ശതമാനം വരെ കൂടുതലാണ്. ഈ സമയം ശാരീരിക അധ്വാനം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

സ്ട്രെസ്സ് റിസ്ക് ഫാക്ടർ ആണോ?

തീവ്രമായ മാനസികസമ്മർദം പെട്ടെന്ന് ഉണ്ടാകുന്നത് ഹൃദയാഘാതത്തിനും ഹൃദയസ്തംഭനത്തിനും കാരണമാകാം. സാമൂഹിക ഒറ്റപ്പെടൽ മാനസികസമ്മർദത്തിന് പ്രധാന കാരണമാണ്. മനസ്സ് തുറന്നു സംസാരിക്കാൻ പറ്റുന്ന സുഹൃത്തുക്കൾ ഉണ്ടാകുക ഹൃദയാഘാതത്തിനു എതിരെയുള്ള ഒരു കവചമാണ്. ഭൂമികുലുക്കം, വെള്ളപ്പൊക്കം പോലെയുള്ള പ്രകൃതിദുരന്തങ്ങളും മഹാമാരികളും മാനസിക പിരിമുറുക്കം കൂട്ടാനും  ഹൃദയാഘാതത്തിനു വഴിവയ്ക്കാനും സാധ്യതയുണ്ട്.ഇതിനൊരു മറുവശം പോലെ പെട്ടെന്ന് ഉണ്ടാകുന്ന അമിതമായ ആഹ്ലാദവും വളരെ അപൂർവമായി ഹൃദയസ്തംഭനത്തിൽ കലാശിക്കാറുണ്ട്.

സ്ത്രീകളുടെ ഹൃദയാഘാത സാധ്യത?

സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ ഹൃദയാഘാത സാധ്യത കുറവാണ്. എന്നാൽ 65 വയസ്സിനുശേഷം രണ്ടു കൂട്ടർക്കും ഒരേ സാധ്യതയാണ്. സ്ത്രീകളുടെ ഹൃദ്രോഗ ലക്ഷണങ്ങൾ വ്യത്യസ്തമായതുകൊണ്ട് അസുഖം പെട്ടെന്നു കണ്ടുപിടിക്കാൻ കഴിയില്ല. നെഞ്ചുവേദന, കഴുത്തു വേദന, കൈകാൽ കഴപ്പ് എന്നിങ്ങനെ മറ്റു അസുഖങ്ങളായി തെറ്റിധരിച്ച് രോഗനിർണയം നടത്താൻ കാലതാമസം നേരിടും. അതുപോലെ പ്രമേഹമുള്ള സ്തീകളിൽ രോഗലക്ഷണമുണ്ടായെന്നും വരില്ല.

ഏതെല്ലാം അസുഖങ്ങൾ സൈലൻറ് അറ്റാക്ക് എന്ന ഗുരുതര അവസ്ഥയിലേക്ക് നയിക്കാം?

സൈലൻറ് അറ്റാക്കിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം പ്രമേഹമാണ്. ഹൃദ്രോഗം മൂലമുള്ള നെഞ്ചുവേദനയുടെ സിഗ്‌നലുകൾ തലച്ചോറിൽ എത്തുന്നത് ഞരമ്പുകൾ വഴിയാണ്. പ്രമേഹം മൂലം ഞരമ്പുകൾക്ക് തകരാർ സംഭവിക്കുകയും രോഗിക്ക് നെഞ്ചുവേദന അനുഭവപ്പെടാതിരിക്കുകയും ചെയ്യാം. വേദന എന്നുള്ളത് നമ്മുടെ ശരീരത്തിനു അപകടങ്ങൾ സംഭവിക്കാതിരിക്കാനുള്ള കവർ ആണ്. അതുകൊണ്ട് വേദന ഇ ല്ലാതിരിക്കുക എന്നുള്ള അവസ്ഥ നല്ലതല്ല. ഇങ്ങനെയുള്ള  രോഗികളിൽ കുഴഞ്ഞു വീണുള്ള മരണമോ, ബോധക്ഷയമോ ആയിരിക്കും ഹൃദയാഘാതത്തിന്റെ ആദ്യത്തെ ലക്ഷണം.

തൈറോയ്ഡ് ഹൃദ്രോഗത്തിനു കാരണമാണോ?

തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും അത് ഹൃദയത്തെ ബാധിക്കും. ഈ സന്ദർഭത്തിൽ ശരീരത്തിലെ കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവ കൂടാൻ സാധ്യതയുണ്ട്. തൈറോയ്ഡ് ഹോർമോൺ അളവ് കൂടുന്ന സന്ദർഭത്തിലാണ് ഹൈപ്പർതൈറോയ്ഡിസം ഉണ്ടാകുന്നത്. ഇത് ഹൃദയമിടിപ്പ് കൂട്ടുകയും രോഗികൾക്ക് ഹൃദ്രോഗവും നെഞ്ചുവേദനയും ഉണ്ടാകാനും സാധ്യതയുണ്ട്. കൃത്യമായി കണ്ടുപിടിച്ച് മരുന്നുകൾ കൊണ്ട് ഇവ രണ്ടും നിയന്ത്രിച്ചു നി ർത്താൻ സാധിക്കും. അതുകൊണ്ട് ഇടയ്ക്ക് തൈറോയ്ഡ് പരിശോധന നടത്തുന്നത് നല്ലതാണ്.

കോവിഡ് കാലത്തെ സമ്മർദം

ലോക്ഡൗണിന്റെ ആദ്യദിവസങ്ങൾ അവധിക്കാല പ്രതീതി ജനിപ്പിച്ചെങ്കിലും, ആഴ്ചകളോളം നീണ്ടുനിന്നപ്പോൾ സാമ്പത്തികനഷ്ടവും ജോലിനഷ്ടവും അനിശ്ചിതത്വവും പലരേയും കടുത്ത മാനസികസമ്മർദത്തിലാക്കി. മാനസിക സമ്മർദം ഹൃദ്രോഗത്തിനും രക്തസമ്മർദത്തിനും മറ്റു പല രോഗങ്ങൾക്കും കാരണമാകും.

കോവിഡ് 19 പോലെ ലോകം മുഴുവൻ ഒരുപോലെ ബാധിച്ച മഹാമാരി ഇതുവരെ ഉണ്ടായിട്ടില്ല. ആശുപത്രിയിൽ പോകാനും മെഡിക്കൽ സഹായം തേടാനും മടിക്കുന്നതു മൂലം മറ്റു പല രോഗങ്ങളും മൂർച്ഛിക്കാൻ ഇടവന്നിട്ടുണ്ട്. ഹൃദ്രോഗികളിലും പ്രമേഹരോഗികളിലും ശ്വാസകോശസംബന്ധമായ രോഗങ്ങൾ ഉള്ളവരിലും ഗുരുതരാവസ്ഥയുണ്ടായി മരണനിരക്ക് കൂടുന്നുണ്ട്. എന്നാൽ, പൂർണ ആ രോഗ്യത്തോടെ ഇരിക്കുന്ന ചെറുപ്പക്കാരിൽകൂടി കോവിഡ് 19 ആകസ്മിക ഹൃദയസ്തംഭനത്തിന് കാരണമാണ്. പുതിയ രോഗമായതുകൊണ്ട് ഇതിനെക്കുറിച്ചുള്ള അറിവും വളരെ പരിമിതമാണ്.

കോവിഡ് ബാധിക്കുന്ന രോഗികളിൽ സാധാരണ പനിയോടുകൂടിയാണ് തുടക്കം. രണ്ടോ മൂന്നോ ദിവസങ്ങൾക്കുശേഷം കുത്തികുത്തിയുള്ള ചുമയും ഉണ്ടാകാം. ഒരാഴ്ച കഴിയുമ്പോൾ ആണ് ഇതു ശ്വാസകോശത്തെ ബാധിക്കുക. ഈ സമയത്ത് ഓക്സിജന്റെ അളവ് കുറയുന്നതുമൂലം ശ്വാസംമുട്ടൽ അനുഭവപ്പെടും.

പനി തുടങ്ങി ഒരാഴ്ചയ്ക്കുശേഷമാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇത് ഹൃദയത്തിന്റെ പേശികൾക്ക് നീർക്കെട്ട് വരുന്ന രീതിയിലോ ഹൃദയസ്തംഭനം ആയിട്ടോ ഉണ്ടാകാം. ഈ സമയം ഏറ്റവും കൂടുതൽ ആവശ്യം ഉള്ളത് ശരീരത്തിനും മനസ്സിനും പൂർണവിശ്രമമാണ്. ചില രോഗികൾക്ക് വെൻറിലേറ്റർ അല്ലെങ്കിൽ ഡയാലിസിസ് ആവശ്യമായി വരാം. 70 ശതമാനം രോഗികളിലും യാതൊരു രീതിയിലുള്ള രോഗലക്ഷണങ്ങളും ഉണ്ടാകുന്നില്ല എന്നതിനാല്‍ പ്രത്യേക ശ്രദ്ധയാണ് ഫലപ്രദമായ മരുന്ന്.

shutterstock_530201506

ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

പറഞ്ഞറിയിക്കാനാകാത്ത വിമ്മിഷ്ടം രോഗിക്ക് അനുഭവപ്പെടുക, അകാരണമായി വിയർക്കുക എന്നത് ഹൃദയാഘാത ലക്ഷണമാണ്. ഹൃദ്രോഗത്തിന്റെ നെഞ്ചുവേദനയ്ക്ക് ചില പ്രത്യേകതകളുണ്ട്. തുടക്കത്തിൽ, ആയാസമുള്ള ജോലി ചെയ്യുമ്പോൾ മാത്രമായിരിക്കും വേദന ഉണ്ടാകുക. നടക്കുന്ന സമയത്ത് നെഞ്ചിൽ കഴപ്പോ വിമ്മിഷ്ടമോ ഉണ്ടാകാം. ഇത് ചിലപ്പോൾ കഴുത്തിലേക്കും താടിയെല്ലിലേക്കും രണ്ട് കയ്യുകളിലേക്കും വ്യാപിക്കുന്നതായി തോന്നാം. ആയാസപ്പെടുമ്പോൾ മാത്രം നെഞ്ചിൽ വിമ്മിഷ്ടം ഉണ്ടാകുകയും വിശ്രമിക്കുമ്പോൾ അ തു പൂർണമായും മാറുകയും ചെയ്യുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്നു തന്നെ ഡോക്ടറെ കാണുക. കാരണം, ഇതു ഹൃദയധമനികളിൽ തടസ്സങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്നതിന്റെ ലക്ഷണമാണ്.

ചിലർക്ക് ആഹാരത്തിനുശേഷം നടക്കുമ്പോൾ മാത്രമായിരിക്കും ബുദ്ധിമുട്ട് അനുഭവപ്പെടുക. അതോടൊപ്പം വിയർപ്പ്, തലകറക്കം, അപൂർവമായി ബോധക്ഷയവും ഉണ്ടാകാം. മറ്റു സമയങ്ങളിൽ രോഗലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ് മേൽപറഞ്ഞത്. ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വ്യായാമം പൂർണമായി ഒഴിവാക്കി എത്രയും പെട്ടെന്നു ഡോക്ടറെ കാണേണ്ടതാണ്.

അസുഖത്തിന്റെ തീവ്രത കൂടുന്നതനുസരിച്ച് ആയാസം കൂടാതെ തന്നെ നെഞ്ചിൽ വിമ്മിഷ്ടം അനുഭവപ്പെടാം. ചില സന്ദർഭങ്ങളിൽ ഹൃദ്രോഗം അല്ലാത്ത കാരണങ്ങളായ അസിഡിറ്റി, പിത്തസഞ്ചി രോഗങ്ങൾ (fibrositis) തുടങ്ങിയ രോഗങ്ങളും നെഞ്ചുവേദന ഉണ്ടാക്കാം.

വിവരങ്ങൾക്കു കടപ്പാട്: ഡോ. സജി കുരുട്ടുകുളം, ഹെഡ് ഓഫ് ദ ഡിപ്പാർട്മെന്റ്, കാർഡിയോളജി. മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം.

Tags:
  • Spotlight