Thursday 30 September 2021 10:22 AM IST : By സ്വന്തം ലേഖകൻ

മുറിവും വേദനയും ആശുപത്രിവാസവും കുറവ്: ഹൃദയശസ്ത്രക്രിയ താക്കോൽദ്വാര രീതിയിൽ ചെയ്യുമ്പോൾ

heart345 ഡോ. ബാബുരാജന്‍ എ.കെ, കാര്‍ഡിയോതൊറാസിക് ആന്റ് വാസ്‌കുലര്‍ സര്‍ജന്‍, മേയ്ത്ര ഹോസ്പിറ്റല്‍, കോഴിക്കോട്

പിറന്നുവീഴും മുമ്പേ മിടിച്ചു തുടങ്ങുകയും പ്രാണന്‍ പോയ ശേഷവും കുറച്ചു നിമിഷങ്ങള്‍ മിടിക്കുകയും ചെയ്യുന്ന ഹൃദയ സംരക്ഷണത്തിനു വേണ്ടി ലോകം തിരഞ്ഞെടുത്ത ദിനമാണ് സെപ്തംബര്‍ 29. ഹൃദ്രോഗങ്ങള്‍ വരാതെ തടയാനുള്ള ബോധവത്കരണം, അതോടൊപ്പം വന്നാല്‍ ലഭ്യമായ നൂതന സാങ്കേതികത്തികവോടെയുള്ള ചികിത്സയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ആഗോള തലത്തില്‍ ഹൃദയദിനം ആചരിക്കുന്നത്.

പ്രതിവര്‍ഷം 17 ദശലക്ഷം പേരാണ് ഹൃദ്രോഗങ്ങള്‍ മൂലം മരണപ്പെടുന്നത്.

നമ്മുടെ സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഹൃദ്രോഗികളായി മാറുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണുണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നതും ഇതിനൊരു കാരണമായി പറയാം. കാരണം ഏതാണ്ട് പത്തോ ഇരുപതോ വര്‍ഷമായി പ്രമേഹരോഗമുള്ളവര്‍ പിന്നീട് ഹൃദ്രോഗികളാകുന്നതാണ് അനുഭവം.

ഏതു ചികിത്സ വേണം?

ഹൃദ്രോഗം ബാധിച്ചവരെയും അവരുടെ വീട്ടുകാരെയുമെല്ലാം കുഴയ്ക്കുന്ന ചോദ്യങ്ങളിലൊന്നാണ് അതിനുള്ള ചികിത്സ ഏതു തിരഞ്ഞെടുക്കണമെന്നത്. ആന്‍ജിയോപ്ലാസ്റ്റി, ഓപണ്‍ ഹാര്‍ട്ട് സര്‍ജറി തുടങ്ങിയ രീതികളാണ് വ്യാപകമായി സ്വീകരിക്കപ്പെടുന്നത്. ഓപണ്‍ ഹാര്‍ട്ട് സര്‍ജറി എന്നോ ബൈപാസ് സര്‍ജറി എന്നോ കേള്‍ക്കുമ്പോള്‍ കഴുത്തിനു താഴേയ്ക്ക് നെഞ്ചിന്‍ കൂടു പിളര്‍ന്നുള്ള ശസ്ത്രക്രിയയും അതിനു ശേഷം ബാക്കിയാകുന്ന വലിയ മുറിപ്പാടുമാണ് ആളുകളുടെ മനസ്സില്‍ ആദ്യം തെളിയുക. കൂമ്പെല്ല് അഥവാ സ്റ്റര്‍ണം മുറിച്ചുകൊണ്ട് ചെയ്യുന്ന ബൈപാസ് സര്‍ജറി കഴിഞ്ഞാല്‍ കഠിനമായ ജോലികള്‍ ചെയ്യാന്‍ പാടില്ല, മൂന്നു മാസത്തോളം വിശ്രമം വേണം, മറ്റു ശാരീരിക അസ്വസ്ഥതകള്‍ക്കുള്ള സാധ്യത തുടങ്ങിയവയും ബൈപാസ് സര്‍ജറിയില്‍ നിന്ന് രോഗികളെയും കുടുംബത്തെയും പിന്നോട്ടടിപ്പിക്കുന്നു. കൂമ്പെല്ലു മുറിച്ചുകൊണ്ട് ചെയ്യുന്ന ശസ്ത്രക്രിയ ആയതുകൊണ്ടു തന്നെ തുടര്‍ന്നുണ്ടാവുന്ന എല്ലുസംബന്ധമായ അസ്വസ്ഥതകളും ഈ ആകുലതയ്ക്ക് കാരണമാണ്.

നെഞ്ചുതുറക്കാതെ ഹാര്‍ട്ട് സര്‍ജറി

ഈ പ്രശ്നങ്ങള്‍ക്കു പരിഹാരമാണ് മിനിമലി ഇന്‍വേസീവ് അഥവാ മിനിമല്‍ ആക്സസ് കാര്‍ഡിയാക് സര്‍ജറി. വാരിയെല്ലുകള്‍ക്കിടയിലൂടെ പ്രത്യേക ഉപകരണം കടത്തിവിട്ട്, നീളമുള്ള ഷാഫ്റ്റിംഗ് ഉപകരണം ഉപയോഗിച്ച്, ഹൈഡെഫിനിഷന്‍ ഫൈബര്‍ ഒപ്റ്റിക് വീഡിയോ കാമറ, കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള നാവിഗേഷന്‍ തുടങ്ങിയ നൂതന സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറി നടത്തുന്നത്. കൂമ്പെല്ല് മുറിച്ച് നെഞ്ചിന്‍കൂട് തുറന്ന് അവിടെയുള്ള ഞരമ്പുകളും മറ്റുമെല്ലാം വീണ്ടും ബന്ധിപ്പിച്ച് പുനസ്ഥാപിക്കുന്ന പ്രക്രിയ ഈ രീതിയില്‍ ആവശ്യമില്ലാതെ വരുന്നു.

ബൈപാസ് സര്‍ജറിക്കു ശേഷം മൂന്നു മാസത്തോളം വിശ്രമം ആവശ്യമാണെങ്കില്‍ കീ ഹോള്‍ സര്‍ജറി രൂപത്തില്‍ ചെയ്യുന്ന ശസ്ത്രക്രിയയില്‍ രണ്ടോ മൂന്നോ ആഴ്ച മാത്രം വിശ്രമം മതിയാകും. ആശുപത്രി വാസത്തിന്റെ കാര്യത്തിലും കുറഞ്ഞ ദിവസങ്ങള്‍ മതി.

ബൈപാസ് സര്‍ജറി, മൈട്രല്‍ ആന്റ് അയോര്‍ട്ടിക് വാല്‍വ് സര്‍ജറി, മൈട്രല്‍ വാല്‍വ് റിപെയര്‍ അല്ലെങ്കില്‍ അയോര്‍ട്ടിക് വാല്‍വ് മാറ്റിവയ്ക്കുക തുടങ്ങിയ ശസ്ത്രക്രിയകളെല്ലാം ഇപ്പോള്‍ മിനിമലി ഇന്‍വേസീവ് രീതിയില്‍ ചെയ്യുന്നുണ്ട്. ഹൃദയത്തിനുള്ളിലുള്ള ദ്വാരങ്ങള്‍ - ഏട്രിയല്‍ സെപ്റ്റല്‍ ഡിഫക്ട്, (എ എസ് ഡി), ഹൃദയഭിത്തിയിലുണ്ടാവുന്ന സുഷിരം തുടങ്ങിയ രോഗാവസ്ഥയ്ക്ക് നേരത്തെ ഓപണ്‍ ഹാര്‍ട്ട് സര്‍ജറി ആണ് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ കീ ഹോള്‍ സര്‍ജറിയിലൂടെ തന്നെ ആ ദ്വാരങ്ങള്‍ അടയ്ക്കാനുള്ള നൂതനസങ്കേതങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. മികച്ച പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാര്‍, അതിനൂതന സാങ്കേതിക സംവിധാനങ്ങള്‍, പ്രത്യേക പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധര്‍, നഴ്സിംഗ് ടീം എന്നിവയുടെ സഹായത്തോടെയാണ് ഈ ശസ്ത്രക്രിയകള്‍ നടത്തുക. കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലില്‍ എല്ലാ ദിവസവും ഇത്തരം ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ട്.

വലിയ ചിലവാകില്ലേ?

ആന്‍ജിയോ പ്ലാസ്റ്റിയെക്കുറിച്ചും ബൈപാസ് സര്‍ജറിയെക്കുറിച്ചും ആളുകള്‍ക്ക് ഏകദേശ ധാരണയുണ്ടെങ്കിലും മിനിമല്‍ ആക്സസ് കാര്‍ഡിയാക് സര്‍ജറിയെക്കുറിച്ച് ഇനിയും വേണ്ടത്ര അവബോധം സാധാരണക്കാരിലേക്ക് എത്തിയിട്ടില്ലെന്നത് വസ്തുതയാണ്. കുറച്ച് അറിയുന്നവര്‍ തന്നെ അത് വളരെ ചിലവേറിയതാണെന്ന് അനുമാനിക്കുന്നവരാണ്. എന്നാല്‍ ബൈപാസ് സര്‍ജറിയെ അപേക്ഷിച്ച് 30 മുതല്‍ 40 ശതമാനം വരെ മാത്രമാണ് ഇതിന് ചിലവ് അധികമായി വരുന്നത്.

മിനിമലി ഇന്‍വേസീവ് രീതിയില്‍ സര്‍ജറി ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ (ഒറ്റത്തവണ ഉപയോഗം), ഹാര്‍ട്ട് ലംഗ് മെഷീനില്‍ ഘടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം, പെരിഫെറല്‍, ആര്‍ട്ടീരിയര്‍, വീനസ് കാനുലകള്‍, ലോംഗ് ഷാഫ്റ്റ് ഇന്‍സ്ട്രുമെന്റ്, തൊറാകോസ്‌കോപ്, ഹൈ ഡെഫനിഷന്‍ വീഡിയോ കാമറ, നാവിഗേഷന്‍ തുടങ്ങിയവയൊക്കെ ആവശ്യമുള്ളതുകൊണ്ട് കൂടിയാണ് സാധാരണ ബൈപാസ് സര്‍ജറിയെക്കാള്‍ 30-40 ശതമാനം വരെ നിരക്ക് കൂടുന്നത്. ബൈപാസ് സര്‍ജറി ശരാശരി നാലു മണിക്കൂര്‍ വരെയാണെങ്കില്‍ മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറിക്ക് ഇതിനേക്കാള്‍ ഒരു മണിക്കൂര്‍ അധികമെടുക്കും. തുടര്‍ന്നുള്ള ആരോഗ്യപൂര്‍ണമായ ജീവിതത്തിന്റെ കാര്യത്തില്‍, ആന്തരികാവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലെല്ലാം വളരെ മികച്ച ഫലമാണ് കീ ഹോള്‍ രീതി നല്‍കുന്നത്.

ഹൃദ്രോഗത്തിന് വിദഗ്ധ ചികിത്സയ്ക്കായി മേയ്ത്ര ഹോസ്പിറ്റലില്‍ എത്തുന്ന രോഗികളും വീട്ടുകാരും ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് അറിയുന്നതോടെ തന്നെ ബൈപാസിനു പകരം മിനിമലി ഇന്‍വേസീവ് സര്‍ജറി മതി എന്ന തീരുമാനത്തിലെത്തുന്നുണ്ട്. നെഞ്ചിന്‍കൂട് മുറിക്കുന്നതോടെ ബലം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുക മാത്രമല്ല, ഈ രിതിയുടെ പ്രത്യേകത. രക്തനഷ്ടം ഇല്ല, വേദന കുറവ്, കൂമ്പെല്ല് മുറിക്കുന്നതുകൊണ്ട് പിന്നീട് കൈകാലുകള്‍ക്കുണ്ടാവാന്‍ സാധ്യതയുള്ള വേദന ഇല്ല, ഭാരമുള്ള ജോലികള്‍ ചെയ്യാന്‍ തടസ്സമില്ല, മറ്റേതെങ്കിലും വിധത്തില്‍ അണുബാധയ്ക്കുള്ള സാധ്യത കുറവ് തുടങ്ങിയ നേട്ടങ്ങളും ഈ രീതിക്കുണ്ട്. ബൈക്കും കാറും ഓടിക്കാനും നീന്താനും മുസ്ലിംകളാണെങ്കില്‍ സ്വാഭാവിക രീതിയില്‍ നമസ്‌കരിക്കാനും ഒന്നും മാസങ്ങള്‍ കാത്തു നില്‍ക്കേണ്ട കാര്യമില്ല.

എന്നാല്‍ ഈ ശസ്ത്രക്രിയാ രീതി എല്ലാ രോഗികള്‍ക്കും പ്രായോഗികമാകില്ല. രണ്ടോ മൂന്നോ തവണ ഹാര്‍ട്ട് അറ്റാക്ക് വന്ന് പമ്പിംഗ് റേറ്റ് വളരെ കുറഞ്ഞു പോയവര്‍, ഹൃദയസ്തംഭനം സംഭവിച്ചവര്‍, ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകള്‍ക്കു പുറമെ കാലുകളിലേക്കുള്ള കുഴലുകളിലും ബ്ലോക്ക് വന്നവര്‍, ജന്മനാ നെഞ്ചിന്‍ കൂടിന് വൈകല്യം നേരിടുന്നവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പെട്ട രോഗികള്‍ക്ക് മിനിമല്‍ രീതി പ്രായോഗികമല്ല.

പ്രതിരോധമാണ് പരിച:

ഹൃദ്രോഗം ബാധിക്കാതെ നോക്കുക എന്ന പ്രതിരോധമാണ് ഏറ്റവും വലിയ പരിച. ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുകയാണ് ഏറ്റവും പ്രധാനം. അതിനായി ഹൃദ്രോഗങ്ങള്‍ക്കു കാരണമാകുന്ന ജീവിത ശൈലികളില്‍ നിന്ന് പൂര്‍ണ്ണമായും മാറി നില്‍ക്കുക, രോഗം ബാധിച്ചവര്‍ അത് നിയന്ത്രണവിധേയമായി കൊണ്ടു പോകുന്നതിനാവശ്യമായ ജീവിത ശൈലി സ്വീകരിക്കുക തുടങ്ങിയവ സുപ്രധാനമാണ്.

ഹൃദയരോഗങ്ങള്‍ വരാനുള്ള പ്രധാന കാരണങ്ങള്‍ അമിതമായ രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്ട്രോള്‍, പുകവലി തുടങ്ങിയവയാണ്. ഈ നാലും നമുക്ക് നിയന്ത്രിക്കാവുന്നതുമാണ്. എന്നാല്‍ മറ്റുവിധത്തിലുള്ള പാരമ്പര്യം, ജനിതകം, സമ്മര്‍ദ്ദം നിറഞ്ഞ പെരുമാറ്റ രീതി, രാത്രി ഉറക്കമില്ലായ്മ, ആശങ്കാ രോഗം തുടങ്ങി സ്വന്തം നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളും ഈ രോഗത്തിനു കാരണമാകാം.

അമിതമായ ആഹാരമാണ് വില്ലന്‍മാരില്‍ ഒന്നാമന്‍. നാം കഴിക്കുന്ന അന്നജമായാലും കൊഴുപ്പായാലും അത് കൊളസ്‌ട്രോളാവും. കരളില്‍ വച്ച് ഫാറ്റും മറ്റുമായി മാറും.

45 മിനിറ്റെങ്കിലും വ്യായാമം ഉറപ്പാക്കുക. നടത്തമാണ് നല്ലത്. മരുന്നു കഴിക്കുന്നതു പോലെയാണ് ഭക്ഷണം കഴിക്കേണ്ടത്.

അല്ലെങ്കില്‍ ഭക്ഷണം കഴിക്കുന്നതുപോലെ മരുന്നു കഴിക്കേണ്ടി വരും എന്നു പറയാറില്ലേ. ഓരോ ഭക്ഷണത്തിനും അമ്ല ക്ഷാര, ഗുണങ്ങളുണ്ട്. ഓരോ രോഗത്തിനും ശരീരഘടനയ്ക്കും പ്രത്യേക ഭക്ഷണക്രമങ്ങളുമുണ്ട്. രുചിയുടെ പിന്നാലെ പോയി ഭക്ഷണ രീതികളാകെ നാം മാറ്റിക്കളഞ്ഞിട്ടുണ്ട്.

വളരെ പ്രധാനമായൊരു കാര്യം കൂടി പറയട്ടെ, ''വിശപ്പുള്ളപ്പോള്‍ മാത്രം കഴിക്കുക; ശീലത്തിനനുസരിച്ചല്ല.''

കുട്ടികളും ഇനി അങ്ങനെ മാത്രം കഴിക്കട്ടെ, വരും തലമുറയെ എങ്കിലും നമുക്ക് രോഗങ്ങളില്‍ നിന്ന് മുക്തരാക്കാം.

-ഡോ. ബാബുരാജന്‍ എ.കെ കാര്‍ഡിയോതൊറാസിക് ആന്റ് വാസ്‌കുലര്‍ സര്‍ജന്‍, മേയ്ത്ര ഹോസ്പിറ്റല്‍, കോഴിക്കോട്

Tags:
  • Manorama Arogyam
  • Health Tips