"അയ്യോ , കല്യാണം ആയില്ലേ? വീട്ടുകാർക്ക് ആഗ്രഹങ്ങൾ ഒക്കെ കാണില്ലേ? വീട്ടുകാർക്ക് ആഗ്രഹം കാണും അതുപോലെ തന്നെ പ്രധാനമാണല്ലോ എന്റെ ആഗ്രഹങ്ങളും. കല്യാണം കഴിഞ്ഞിട്ട് ഒരു കൊല്ലമായി... കുഞ്ഞുങ്ങൾ ആയില്ലേ? ഒരു സ്ത്രീ എപ്പോൾ ഗർഭം ധരിക്കണമെന്നും പ്രസവിക്കണമെന്നും തീരുമാനിക്കുന്നത് നാട്ടുകാരല്ല, അവൾ തന്നെയാണ്."- വനിതാ ദിനത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകയായ ലക്ഷ്മി നാരായണൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.
ലക്ഷ്മി നാരായണൻ പങ്കുവച്ച കുറിപ്പ് വായിക്കാം;
പെണ്ണാണ് മറക്കണ്ട -
മറക്കുന്നില്ല, കൃത്യമായി ഓർക്കുന്നുണ്ട്.അതുകൊണ്ടാണല്ലോ ഇടക്കിടിടെ ഇത് കേൾക്കേണ്ടി വരുന്നത് !
*അയ്യോ , കല്യാണം ആയില്ലേ? വീട്ടുകാർക്ക് ആഗ്രഹങ്ങൾ ഒക്കെ കാണില്ലേ ?
വീട്ടുകാർക്ക് ആഗ്രഹം കാണും അതുപോലെ തന്നെ പ്രധാനമാണല്ലോ എന്റെ ആഗ്രഹങ്ങളും
*കല്യാണം കഴിഞ്ഞിട്ട് ഒരു കൊല്ലമായി...കുഞ്ഞുങ്ങൾ ആയില്ലേ?
ഒരു സ്ത്രീ എപ്പോൾ ഗർഭം ധരിക്കണമെന്നും പ്രസവിക്കണമെന്നും തീരുമാനിക്കുന്നത് നാട്ടുകാരല്ല, അവൾ തന്നെയാണ്
*കെട്ടിയവന് നല്ല ജോലി ഉണ്ടല്ലോ...പിന്നെ നിനക്ക് എന്തിനാ ജോലി?
എന്റെ കരിയർ എന്റെ ചോയ്സ് ആണ്...മറ്റാരും നൽകുന്ന ഔദാര്യമല്ല
*നല്ല പെൺപിള്ളേർ വീട്ടിലെ ആണുങ്ങളെ പേടിച്ച് വളരുന്നവരാ*
തെറ്റ് ചെയ്യാത്തത്ര കാലം ആരേം പേടിക്കണ്ടാന്നാ അച്ഛൻ പഠിപ്പിച്ചിരിക്കുന്നേ
*ആൺപിള്ളേരുമായുള്ള ഈ കൂട്ട് അത്ര ശരിയല്ല* -
അപ്പോൾ ആണുങ്ങൾ മൊത്തം ശരിയല്ലെന്നു നിങ്ങൾ തന്നെ സമ്മതിച്ചോ ! ഞാൻ ഇഗാലിറ്റേറിയൻ ആശയത്തിലാ വിശ്വസിക്കുന്നെ
*പെൺപിള്ളേർ ആയാൽ കുറച്ച് അടക്കോം ഒതുക്കോം ഒക്കെ വേണം* -
ആവാം , പക്ഷെ ഒരു തിരുത്ത്, ഈ പറയുന്ന അച്ചടക്കം ആൺപിള്ളേർക്കും നല്ലതാ..
*കുഞ്ഞമ്മേടെ മോളെ നോക്ക്, അമ്മായീടെ മോളെ കണ്ടു പഠിക്ക് *
സോറി, എനിക്ക് ഞാൻ ആവാനേ പറ്റൂ ( അവർ വേണമെങ്കിൽ എന്നെ കണ്ടു പഠിക്കട്ടെ, അതല്ലേ , ഹീറോയിസം 😛 😛 )
*മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാൻ , ജീൻസും പാന്റും ഇട്ടു നടന്നോ*
ആരാണീ മറ്റുള്ളർ ? അവരും ഞാനുമായി എന്താണ് ബന്ധം ? എനിക്കെന്താണോ കംഫർട്ടബിൾ ഞാൻ അത് ധരിക്കുന്നു
*വാ തുറന്നാൽ തർക്കുത്തരം , ഞങ്ങൾ ഒന്നും ഇങ്ങനെയല്ലാർന്നു*
യോജിക്കാൻ കഴിയാത്ത കാര്യങ്ങളോട് ഞാൻ പ്രതികരിക്കുന്നു , നിങ്ങൾ അതിനെ തർക്കുത്തരം എന്ന് വിളിക്കുന്നു
*ഇങ്ങനെ വലിയ വായിൽ സംസാരിക്കാതെ, നാളെ വേറൊരു വീട്ടിൽ പോകേണ്ട പെണ്ണാ*
മുൻവിധികളോടെ എങ്ങോട്ടും പോകാൻ ഞാനില്ല. ഞാൻ എങ്ങനെയാണോ , അങ്ങനെതന്നെ ആയിരിക്കും
*ഈ ഗതിക്ക് പോയാൽ കെട്ടിയോൻ ചവിട്ടി പുറത്താക്കും*
നല്ല കുട്ടി ഇമേജ് ഉണ്ടാക്കി , കെട്ടിയോൾ പോസ്റ്റിൽ തിളങ്ങാൻ തല്ക്കാലം ഉദ്ദേശിക്കുന്നില്ല. ഞാൻ എങ്ങനെയാണോ അങ്ങനെ ആയിരിക്കും
*രാത്രി സഞ്ചാരം , കയറൂരി വിട്ടേക്കുവാന്ന് നാട്ടുകാര് പറയും*
ഗോസിപ്പ് പറയാൻ മാത്രം വാ തുറക്കുന്ന നാട്ടുകാർ ആണേൽ പറഞ്ഞോട്ടെ , ഞാൻ എനിക്ക് ചില പരിധികളും പരിമിതികളും വച്ചിട്ടുണ്ട് . അത് മതി
*പെണ്ണല്ലേ , പുറത്ത് പോകുമ്പോൾ ഒരു കൂട്ടൊക്കെ വേണ്ടേ*
ആ വേണം വേണം ,പെണ്ണായതു കൊണ്ട് മാത്രം ഒരു കൂട്ട് വേണം എന്ന് ഇല്ല. അതിപ്പോൾ ആണായാലും ഒരു കൂട്ട് നല്ലതല്ലേ ?
*ആണിന്റെ മുന്നിൽ ഒന്ന് താഴ്ന്നു കൊടുത്തു എന്ന് വച്ച് ഒന്നും വരാനില്ല*
തീരെ സൗകര്യമില്ല...ആവശ്യമില്ലാത്ത കാര്യത്തിന് ആരുടെ മുന്നിലും താഴ്ന്നു കൊടുക്കുന്ന പ്രശ്‌നമില്ല.
*ബന്ധുവീട്ടിൽ ഒക്കെ ഇടക്ക് പോകണം , ഇല്ലേൽ അഹങ്കാരി ആണ് എന്ന് പറയും*
എന്നെ കാണാൻ എന്റെ വീട്ടിൽ വരുന്നവരുടെ കണക്ക് ഒന്ന് എടുത്ത് തീർന്നോട്ടെ , ഉടൻ പോകാം ,പിന്നെ മറ്റുള്ളവരുടെ 'തെറ്റിദ്ധാരണകൾ' മാറ്റാൻ കളയാൻ സമയമില്ല
*ഫെമിനിസ്റ്റ് തന്നെ* - അതേലോ.... അങ്ങനെ ആയിക്കോട്ടെ...അങ്ങനെ തന്നെ ആവണം.. അങ്ങനെ എങ്കിൽ അങ്ങനെതന്നെ !!
Girls, let's live for us...Only for us
Proud to be a women!
Proud to be a Feminist!