വനിതാദിനത്തിനു മുന്നോടിയായി ഗോവയിലേക്കൊരു ട്രിപ്പ് പോയിരിക്കുകയാണു കേരളത്തില്‍ നിന്നുള്ള 14 പെണ്ണുങ്ങള്‍. വെറും ട്രിപ്പല്ല, ബൈക്ക് റൈഡാണ്. ഒപ്പം കര്‍ണാടകയില്‍ നിന്നുള്ള 3 പേര്‍ കൂടി ഒപ്പം കൂടും. ഗോവയില്‍ അവരെ കാത്ത് 22 പേരുടെ മറ്റൊരു സംഘമുണ്ടാകും. സിആര്‍എഫ് വിമന്‍ ഓണ്‍ വീല്‍സ് എന്ന വനിതാ കൂട്ടായ്മയാണു യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
വനിതാദിനത്തിന്റെ ഭാഗമായി കൂട്ടായ്മയുടെ ഗോവയില്‍ നടക്കുന്ന സംഗമത്തിനായാണ് ഈ വനിതാ കൂട്ടായ്മയുടെ യാത്ര. ഇന്നലെ രാവിലെ കണ്ണൂരില്‍ നിന്നു യാത്ര ആരംഭിച്ച സംഘം ആദ്യം ഉഡുപ്പിയില്‍ യാത്ര അവസാനിപ്പിച്ചു. പിന്നീട് ഗോവയിലേക്കു തിരിക്ച്ചു. 5 സംസ്ഥാനങ്ങളിലായി 400 അംഗങ്ങളാണു സിആര്‍എഫ് വിമന്‍ ഓണ്‍ വീല്‍സ് കൂട്ടായ്മയ്ക്കുള്ളത്. 19 മുതല്‍ 35 വയസ്സു വരെ പ്രായമുള്ളവര്‍ ഗോവയിലേക്കുള്ള യാത്രാ സംഘത്തിലുണ്ട്. തുടക്കത്തില്‍ 3 പേര്‍ മാത്രമാണു യാത്രയ്ക്കു തയാറായി മുന്‍പോട്ടു വന്നതെന്നു സിആര്‍എഫ് വിമന്‍ ഓണ്‍ വീല്‍സ് സ്ഥാപകന്‍ ഫായിസ് പറയുന്നു. വിദേശത്തു ജോലി ചെയ്യുകയായിരുന്ന അസ്മ എന്ന യുവതി ഈ യാത്രയ്ക്കായി മാത്രമാണു നാട്ടിലെത്തിയത്. ഇതോടെ കൂടുതല്‍ പേര്‍ യാത്രയ്ക്കു തയാറായി മുന്‍പോട്ടു വന്നു. ഗോവയിലെത്തുന്ന സിആര്‍എഫ് വിമന്‍ ഓണ്‍ വീല്‍സ് സംഘത്തിന്റെ സംഗമവും നടന്നു. 8നു രാവിലെ ഇവര്‍ തിരിച്ചു നാട്ടിലേക്കു മടങ്ങും.