Thursday 02 June 2022 12:36 PM IST : By സ്വന്തം ലേഖകൻ

പ്രോട്ടീന്‍ പൗഡറുകൾ, ചില ലൂബ്രിക്കന്റുകൾ, പൊണ്ണത്തടി... വന്ധ്യതയിലേക്ക് നയിക്കും ഈ ശീലങ്ങൾ

infertility-life-style

ആർക്കാണു പ്രശ്നം? വിവാഹം കഴിഞ്ഞു വർഷങ്ങളായിട്ടും കുട്ടികളില്ലാതിരിക്കുന്നവർ നേരിടേണ്ടി വരുന്ന ചോദ്യമാണിത്. പലപ്പോഴും പ്രശ്നം സ്ത്രീക്കാണെന്ന മട്ടിലാകും ഉത്തരങ്ങൾ. കാരണം, പുരുഷവന്ധ്യത, അതു യാഥാർഥ്യമാണെങ്കിൽക്കൂടി സ്വയം അംഗീകരിക്കാൻ, അല്ലെങ്കിൽ മറ്റുള്ളവർക്കു മുന്നിൽ തുറന്നുപറയാൻ പൊതുവെ മടികാണിക്കുന്നവരാണു മലയാളി പുരുഷന്മാർ. കൂട്ടുകാർക്കിടയിൽ, സഹപ്രവർത്തകർക്കിടയിൽ പരിഹാസപാത്രമാകുമെന്ന ഭീതിയിൽ പലരും തുറന്നുപറയുകയുമില്ല.

മേൽപറഞ്ഞ കാര്യങ്ങളൊക്കെ ആരുടെയും ശ്രദ്ധക്കുറവുകൊണ്ടു സംഭവിക്കുന്നതല്ല. ഡോക്ടറെ കണ്ടു പരിശോധന നടത്തി ചികിത്സിക്കേണ്ട കാര്യങ്ങൾ തന്നെയാണ്. എന്നാൽ തിരക്കുപിടിച്ച ജീവിതവും അനാരോഗ്യകരമായ ജീവിതരീതികളും മൂലം ഉണ്ടാകുന്ന ചില കാര്യങ്ങളുണ്ട്. ഇതും പുരുഷവന്ധ്യതയ്ക്കു കാരണമാകാവുന്നവയാണ്.

പലവിധ കാരണങ്ങളാൽ ഇന്നു വന്ധ്യതാപ്രശ്നങ്ങൾക്കു ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. സ്ത്രീകളിലെ വന്ധ്യതാപ്രശ്നങ്ങളും കാരണങ്ങളും കണ്ടെത്തുന്നതുപോലെ, അത്ര എളുപ്പമല്ല പുരുഷവന്ധ്യതയുടെ കാരണങ്ങൾ കണ്ടെത്തുക എന്നത്. ഡോക്ടറോടുപോലും തുറന്നുപറയുന്നതിനുള്ള മടി കാരണം പലരും ചികിത്സ െെവകിപ്പിക്കും എന്നതാണു വാസ്തവം. വന്ധ്യതാചികിത്സയ്ക്കു മാത്രമായുള്ള ആശുപത്രികളും ഫെർട്ടിലിറ്റി സെന്ററുകളും കേരളത്തിലുണ്ട്. ജനനേന്ദ്രിയ പരിശോധന, വൃഷണപരിശോധന, ശുക്ലപരിശോധന മുതലായവ വഴി പുരുഷവന്ധ്യതയുടെ കാരണങ്ങൾ തിരിച്ചറിയാം.

മദ്യപാനവും പുകവലിയും

മദ്യപാനവും പുകവലിയും. ഇതു രണ്ടുമില്ലാത്ത യുവജനങ്ങളെ കണ്ടുകിട്ടാൻ തന്നെ വലിയ ബുദ്ധിമുട്ടാണ്. ഇന്നത്തോടെ ഇവയൊക്കെ നിർത്തി എന്നു നേരമ്പോക്കു പറയുമെങ്കിലും പലർക്കും ഇത് അത്ര എളുപ്പമല്ല. എന്നാൽ കേട്ടോളൂ, ദീർഘകാല മദ്യപാനവും പുകവലിയും വന്ധ്യതയ്ക്കു കാരണമാകാം.

മരുന്നുകളും പ്രോട്ടീനുകളും

ബോഡി ബിൽഡിങ്ങിന് ഉപയോഗിക്കുന്ന പ്രോട്ടീനുകൾ വന്ധ്യതയ്ക്കു കാരണമായേക്കാം. ബിപിക്ക് ഉപയോഗിക്കുന്ന ചില മരുന്നുകൾ, ആന്റി െെസക്യാട്രിക് മരുന്നുകൾ തുടങ്ങിയവയും വന്ധ്യതയ്ക്കു കാരണമാകാറുണ്ട്. പ്രോട്ടീനുകൾ അല്ലെങ്കിൽ സ്റ്റിറോയ്ഡുകൾ ഉപയോഗിക്കുമ്പോൾ ഹോർമോണിനെ ബാധിക്കുമെന്നതാണു കാര്യം. തുടർന്നു ബീേജാൽപാദനം കുറയും.

ലൂബ്രിക്കന്റുകൾ ഉപയോഗിച്ചാൽ

െെലംഗികബന്ധത്തിനുപയോഗിക്കുന്ന ചിലതരം ലൂബ്രിക്കന്റുകൾ പല പുരുഷൻമാരിലും അലർജി പോലുള്ള പ്രശ്നങ്ങളുണ്ടാക്കാറുണ്ട്.

െെലംഗികബന്ധത്തിനുപയോഗിക്കുന്ന രാസവസ്തുക്കൾ അടങ്ങിയ ചില തരം ലൂബ്രിക്കന്റുകളിൽ ബീജത്തെ നശിപ്പിക്കാനുതകുന്ന തരം ഘടകങ്ങൾ (ഇൻഗ്രീഡിയൻസ്) ഉള്ളതും ഉണ്ടാകും. ഇതു വന്ധ്യതയ്ക്കു കാരണമായേക്കും. ശ്രദ്ധിച്ചേ ഉപയോഗിക്കാവൂ.

ചൂടുവെള്ളത്തിലെ കുളി, ചൂടു കൂടിയ സ്ഥലങ്ങൾ

പുരുഷശരീരം പൊതുവെ ചൂട് കൂടിയ പ്രകൃതമാണ്. അതുകൊണ്ടാണു പുരുഷ െെലംഗികാവയവം (വൃഷണം) ശരീരത്തിനു പുറത്തായി കാണപ്പെടുന്നത്. ചൂടു കൂടുമ്പോൾ വൃഷണങ്ങളുടെ താപനില കൂടുകയും ബീജോൽപാദനം കുറയുകയും ചെയ്യും. ഇതു ചിലപ്പോൾ ബീജങ്ങളുടെ ആരോഗ്യത്തെ ബാധിക്കാനും ചിലരിൽ വന്ധ്യതയ്ക്ക് ഇടയാക്കുകയും ചെയ്യും. ശുക്ലത്തിൽ ബീജാണുക്കളുടെ എണ്ണം കുറഞ്ഞവർ തണുത്ത വെള്ളത്തിൽ കുളിക്കുന്നതാണ് ഉത്തമം. അധികനേരം ചൂടുവെള്ളത്തിൽ കുളിച്ചാൽ ബീജങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകാൻ സാധ്യതയുണ്ട്.

പൊണ്ണത്തടി കുറയ്ക്കാതെ രക്ഷയില്ല

പൊണ്ണത്തടിയുള്ളവർ അവരുടെ ഭാരം കുറയ്ക്കുകയാണ് ഏക മാർഗം. കൃത്യമായ വ്യായാമം, ആഹാരക്രമീകരണം എന്നിവ കൊണ്ടു പൊണ്ണത്തടി തീർച്ചയായും കുറയ്ക്കാം. െഎ വി എഫ് ചികിത്സ സ്വീകരിക്കുന്ന ദമ്പതികൾ തങ്ങളുടെ ശരീരഭാരം അമിതമാകാതെ സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. ശരീരഭാരം തീരെ കുറയുന്നതും അഭികാമ്യമല്ല.