Saturday 15 February 2020 02:21 PM IST : By Text: Ammu Andrews

‘നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാൻ...’; വാലന്റൈൻ ചരിത്രമുറങ്ങുന്ന തെര്‍നിയിലെ മണ്ണിലൂടെ...

11022018-SAM_3918 Photo : Fr. Samuel Paickattethu

"നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാൻ ഞാൻ കാത്തിരുന്ന ദിനം പ്രണയം ചൊല്ലിടാൻ വയ്യാതെ ഞാൻ നിന്നെ പ്രണയിക്കുമീ സുദിനം..."- പ്രണയം തുറന്ന് പറയാൻ ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യമുണ്ടോ എന്ന, കാലകാലങ്ങളായുള്ള ധാരണ പൊളിച്ചെഴുതിയത് 'തെർനി' എന്ന കൊച്ചുപട്ടണം സന്ദർശിച്ചതോടെയാണ്. പ്രണയിതാക്കളുടെ ദിനമായി ലോകം ആഘോഷിക്കുന്ന വാലന്റൈന്‍ ദിനത്തിന്റെ ചരിത്രം ഉറങ്ങുന്ന മണ്ണാണ് തെര്‍നി. പ്രണയത്തിന്റെ അപ്പസ്തോലനായി മൂന്നാം നൂറ്റാണ്ടില്‍ രക്തസാക്ഷിത്വം വരിച്ച വാലന്റൈന്റെ ഓര്‍മയ്ക്കായിട്ടാണ് വാലന്റൈന്‍ ദിനം ആഘോഷിക്കുന്നത്. റോമിൽ നിന്ന് 110 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു സിറ്റി ഓഫ് ലവേഴ്‌സ് എന്ന പേരിൽ പ്രശസ്തമായ തെർനി പട്ടണം.

റോമില്‍ നിന്നു തെര്‍നിയിലേക്ക് ഒന്നര മണിക്കൂർ യാത്ര. നിത്യഹരിതപ്രണയ ഗാനങ്ങള്‍ ആസ്വദിച്ച്, കാഴ്ചയിലെ മനോഹാരിത നുകർന്ന് യാത്രയിലുടനീളം മനസ്സില്‍ പ്രണയം നിറഞ്ഞു നിന്നു.  ഇറ്റലിയിലെ ഉംബ്രിയ പ്രവിശ്യയിലാണ് ‘തെര്‍നി’. നൂറ്റാണ്ടുകള്‍ക്കു മുന്‍പ്, ‘നേരോ’ നദിയുടെ താഴ്‌വാരങ്ങളില്‍ പടുത്തുയര്‍ത്തിയ റോമാ സാമ്രാജ്യത്തിന്റെ ഭാഗമാണ് ഈ പട്ടണം. (റോമിൽ നിന്ന് ബസ്, ട്രെയിൻ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങൾ ലഭ്യമാണ്)

10022018-SAM_3899

പ്രണയം നിറഞ്ഞ തെര്‍നിയിലേക്ക്...

മധ്യ ഇറ്റലിയിലെ സമ്പന്നമായ വ്യവസായമേഖല. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന സുന്ദര ഭൂമി, തെർനി. ഇവിടേക്ക് ഞങ്ങള്‍ എത്തിച്ചേർന്നത് ഒരു ശരത്കാല പുലരിയിലാണ്. നനുത്ത മഞ്ഞിന്‍ കണങ്ങള്‍ പൊതിഞ്ഞ മരച്ചില്ലകളില്‍ ഇണക്കുരുവികളുടെ മര്‍മരം. പുഷ്പങ്ങള്‍ ചന്തം ചാര്‍ത്തുന്ന വഴിയോരങ്ങളും സംഗീത സാന്ദ്രമായ അന്തരീക്ഷവും ‘പ്രണയത്തിന്റെ താഴ്‌വാരത്തിലാണ് നിങ്ങൾ നില്‍ക്കുന്നത്’ എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. ശാന്തവും സുന്ദരവുമായ ആ പട്ടണത്തിലൂടെ നടക്കുമ്പോൾ ഏതു കഠിനഹൃദയവും പ്രണയാര്‍ദ്രമാകും. ഇല പൊഴിഞ്ഞ മരങ്ങള്‍ക്കിടയില്‍, വെളുത്ത മാര്‍ബിളില്‍ വാലന്റൈന്‍ പുണ്യവാളന്റെ പൂര്‍ണകായപ്രതിമ മൂടല്‍മഞ്ഞിന്റെ പശ്ചാത്തലത്തില്‍ തലയെടുപ്പോടെ നിൽക്കുന്നു. ബഹുനില മന്ദിരങ്ങൾക്കിടയിലൂടെ, ചെറു മരങ്ങളും വഴിവിളക്കുകളും നിറഞ്ഞ, കല്ലുകൾ പാകി മനോഹരമാക്കിയ പാത ചെന്നവസാനിച്ചത് പ്രണയത്തിന്റെ അപ്പസ്തോലനായ വാലന്റൈൻ പുണ്യവാളന്റെ തിരുശേഷിപ്പുകൾ അടക്കം ചെയ്ത സെന്റ് വാലന്റൈൻ പള്ളിയുടെ മുൻപിലാണ്.

shutterstock_1023448009

നഗരത്തിന്റെ തിരക്കുകളിൽ നിന്നു മാറി സെന്റ് വാലന്റൈന്‍ പാതയുടെ (Via San Valentino) ഒടുവിലായി നില്‍ക്കുകയാണ് ലാളിത്യത്തിന്റെ പ്രതീകമായ സെന്റ്  വാലന്റൈന്‍ ബസിലിക്ക. പാതയോരങ്ങളിലെ കടകളിലെ സ്ഫടിക ജാലകങ്ങള്‍ക്കിടയിലൂടെ പൂക്കളും കാര്‍ഡുകളും ടെഡി ബിയറുകളുമുള്‍പ്പടെയുള്ള പലവിധത്തിലുള്ള പ്രണയ സമ്മാനങ്ങള്‍ സഞ്ചാരികളെ നോക്കി പുഞ്ചിരി തൂകി. കമിതാക്കളുടെ പേരുകള്‍ തുന്നി വസ്ത്രങ്ങളും ഫലകങ്ങളും തയാറാക്കുന്ന കടകളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആ വീഥിയെ നിത്യയൗവന ശോഭയിലാക്കി. വിവിധ വർണങ്ങളിലുള്ള പൂക്കളും ബൊക്കെകളുമേന്തിയ പൂക്കച്ചവടക്കാര്‍ മനോഹരമായ പ്രണയസൂക്തങ്ങള്‍ ഏറ്റുപറയുന്നതു പോലെ...

“ചൂടാതെ പോയ് നീ നിനക്കായ് ഞാന്‍

ചോരചാറിചുവപ്പിച്ചൊരെന്‍ പനിനീര്‍ പൂവുകള്‍”

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വരികള്‍ അറിയാതെ മൂളി... മനുഷ്യ ജന്മത്തിൽ അനുഭവിക്കാൻ കഴിയുന്ന ഏറ്റവും സുഖകരമായ ഒരു അനുഭൂതിയാണ് പ്രണയമെന്ന് ആ വഴികളിലൂടെ ചുവടുവച്ച ഓരോ നിമിഷവും മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.

11022018-SAM_4049

വിശുദ്ധ വാലന്റൈൻ ചരിത്രപുരുഷനേക്കാൾ ഒരു മിത്തിക്കൽ സ്വഭാവമുള്ള വ്യക്തിയാണ്. വിവാഹം നിഷിദ്ധമായ റോമൻ പടയാളിയുടെ പ്രണയ സാഫല്യത്തിന് കൂട്ടുനിന്നതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട വൈദികനാണ് വാലന്റൈൻ എന്നാണ് ഇതു സംബന്ധിച്ചുള്ള ഒരു കഥ. തെര്‍നിയില്‍ ക്രൈസ്തവ സഭയുടെ വളര്‍ച്ചയ്ക്കു ചുക്കാന്‍ പിടിച്ച്, നന്നേ ചെറുപ്രായത്തില്‍ തെര്‍നിയുടെ ആദ്യബിഷപ് ആയ വ്യക്തിയാണ് വിശുദ്ധ വാലന്റൈന്‍ എന്ന് സഭാചരിത്രം. ബിഷപ്പിന്റെ ജനസമ്മിതിയിലും ദൈവവിശ്വാസ പ്രവർത്തനങ്ങളിലും അപകടം മണത്ത റോമൻ ചക്രവര്‍ത്തി ഔറെലിയന്‍ അദ്ദേഹത്തെ കാരാഗൃഹത്തിലടച്ച് പീഡിപ്പിച്ച് വധിക്കുകയായിരുന്നു. AD 273ല്‍ റോമന്‍ പടയാളികളാല്‍ കൊല ചെയ്യപ്പെട്ട വാലന്റൈന്‍ പുണ്യാളന്റെ സ്മാരകമാണ് തെര്‍നിയിലെ സെന്റ് വാലന്റൈൻ ബസിലിക്ക. പച്ചപ്പട്ടുടുത്ത ഈ പട്ടണത്തിന്റെ പേട്രണ്‍ കൂടിയാണ് വിശുദ്ധ വാലന്റൈന്‍.

14022018-SAM_4154

പ്രണയ സ്മാരകമായി സെന്റ് വാലന്റൈൻ ബസിലിക്ക

വിവാഹ കര്‍മങ്ങള്‍ക്ക് ലോകപ്രശസ്തമാണ് സെന്റ് വാലന്റൈൻ ബസിലിക്ക. റോമിലെയും വത്തിക്കാനിലെയും മറ്റു തീർഥാടന കേന്ദ്രങ്ങളിലെയും അംബരചുംബികളായ, ശിൽപഭംഗിയുടെ ആഢ്യത്വം വിളിച്ചോതുന്ന, വലുതും പ്രൗഢ സുന്ദരവുമായ ദേവാലയങ്ങൾ പോലല്ല സെന്റ് വാലന്റൈൻ ബസിലിക്ക.  ലോകമെമ്പാടുമുള്ള പ്രണയിതാക്കൾ എത്തിച്ചേരുന്ന വാലന്റൈൻ പള്ളി, ലാളിത്യത്തിന്റെ പ്രഭാവലയത്തിൽ തിളങ്ങി നിൽക്കുന്നു.

നൂറു പേരെ ഉള്‍ക്കൊള്ളാന്‍ മാത്രം വലുപ്പമുള്ള തീരെ ചെറിയതും ലളിതവുമായ പള്ളിയാണ് സെന്റ് വാലന്റൈന്‍ ബസിലിക്ക. വാലന്റൈന്‍ പുണ്യാളന്റെ ശവമഞ്ചത്തിനു മുകളിലായി ഒരുക്കിയിരിക്കുന്ന അള്‍ത്താരയും മാതാവിന്റെയും ഉണ്ണിയേശുവിന്റെയും എണ്ണച്ഛായാ ചിത്രവുമാണ് പള്ളിക്കുള്ളിലെ കാഴ്ചകൾ. ശാന്തമായി ഇരുന്നു പ്രാര്‍ഥിക്കാന്‍ ഉതകുന്ന, ആശ്രമസമാനമായ അന്തരീക്ഷമാണ് പള്ളിക്കുള്ളിൽ... തൊട്ടടുത്ത മണിക്കൂറില്‍ നടക്കാന്‍ പോകുന്ന വിവാഹത്തിനു മുന്നോടിയായുള്ള വയലിന്‍ സംഗീതം അവിടമാകെ പ്രണയം നിറച്ചു.

shutterstock_1272550285

വിവാഹകര്‍മത്തിനുള്ള ആളുകള്‍ ഓരോരുത്തരായി എത്തി തുടങ്ങിയപ്പോള്‍ ഞങ്ങള്‍ പതിയെ പുറത്തേക്കിറങ്ങി. തൂവെള്ള വസ്ത്രങ്ങള്‍ ധരിച്ച് അതീവ സുന്ദരിയായി പിതാവിന്റെ കൈ പിടിച്ച് പള്ളിയിലേക്ക് പ്രവേശിക്കുന്ന ആ അമേരിക്കന്‍ യുവതിയെ നോക്കി, സെന്റ് വാലന്റൈൻ വീഥികളിലെ കല്ലുകള്‍ സോളമന്റെ ഉത്തമഗീതങ്ങള്‍ പാടുന്നതു പോലെ...

“നീ സുന്ദരിയാണ്. മൂടുപടത്തിനുള്ളില്‍ നിന്റെ കണ്ണുകള്‍ ഇണപ്രാവുകളെ പോലെയാണ്. നിന്റെ മൊഴികള്‍ മധു ഊറുന്നവയാണ്. നിന്റെ കവിള്‍ത്തടങ്ങള്‍ മാതളപ്പഴപ്പകുതികള്‍ പോലെയാണ്. പാദുകമണിഞ്ഞ നിന്റെ പാദങ്ങള്‍ എത്ര മനോഹരം...”

14022018-SAM_4165

വെഡ്ഡിങ് ഫെബ്രുവരി ടൂറിസം

പ്രണയത്തിന്റെ ഈ അനുഗൃഹീത മണ്ണില്‍ വിവാഹിതരാകാനായി ആഗ്രഹിച്ച് ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്ന് വിവാഹദിന ബുക്കിങ്ങിനായി വര്‍ഷങ്ങളോളം കാത്തിരിക്കുന്ന കമിതാക്കള്‍ ഉണ്ടത്രേ. ഫെബ്രുവരി മാസം തെര്‍നിയിലെ വീഥികള്‍ ജനസാഗരമാകും. വാലന്റൈന്‍ ദിനം ആഘോഷിക്കുന്നതിനും പുണ്യാളന്റെ അനുഗ്രഹങ്ങള്‍ നേടുന്നതിനും ‘എന്‍ഗേജ്മെന്റ് സെറെമണി’ എന്ന ചടങ്ങില്‍ പങ്കെടുക്കാനുമായി വര്‍ഷം തോറും ലക്ഷക്കണക്കിനു വിനോദസഞ്ചാരികളാണ് ഇവിടെ എത്തിച്ചേരാറുള്ളത്. (ആ വര്‍ഷം വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുന്ന കമിതാക്കള്‍ ഫെബ്രുവരി 14 നോട് അനുബന്ധിച്ചുള്ള ഞായറാഴ്ച തെര്‍നിയിലെത്തുകയും പ്രത്യേകമായ പ്രാര്‍ഥനകളില്‍ പങ്കെടുത്തു പ്രണയം ഏറ്റുപറഞ്ഞ് അനുഗ്രഹം വാങ്ങുകയും ചെയ്യുന്ന ചടങ്ങാണ് എന്‍ഗേജ്മെന്റ് സെറെമണി)

11022018-SAM_4004

ഫെബ്രുവരി 14ന് ഓരോ മണിക്കൂറിലും ഇടവിട്ട് കുര്‍ബാനയും പ്രത്യേക ചടങ്ങുകളും ഉണ്ടാകും. ഫെബ്രുവരിയില്‍ ഈ  പള്ളിയുടെ മുന്‍പിലുള്ള പാത കടകളും പൂക്കച്ചവടക്കാരും വിവിധ കലാപരിപാടികളുമൊക്കെയായി ഉത്സവപ്രതീതിയിലായിരിക്കും.

bccafbhy

ദി സ്റ്റീൽ സിറ്റി

തെർനി പട്ടണത്തിന് ചുറ്റുമുള്ള വന്‍ വ്യാവസായിക ശാലകള്‍ മധ്യഇറ്റലിയിലെ സ്റ്റീല്‍ വ്യവസായ വിപ്ലവത്തിന്റെ കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു. പതിനാറാം നൂറ്റാണ്ട് മുതല്‍ സ്റ്റീല്‍
 വ്യവസായത്തില്‍ പേരെടുത്ത നഗരമാണ് തെര്‍നി. ‘ദി സ്റ്റീല്‍
സിറ്റി’ എന്ന പേരില്‍ പ്രശസ്തമായ ഈ നഗരം ഇറ്റലിയുടെ വ്യാവസായിക വിപ്ലവത്തിന് അടിത്തറയിട്ട നഗരം കൂടിയാണ്. ഇക്കാരണത്താൽ, രണ്ടാം ലോകമഹായുദ്ധകാലത്ത് ഏറ്റവുമധികം ബോംബാക്രമണം നേരിടേണ്ടി വന്നതും തെര്‍നിക്കാണ്. അന്ന് പാടേ തകര്‍ന്നു പോയ ഈ നഗരത്തിലെ വ്യാവസായിക സംരംഭങ്ങള്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പുനഃസ്ഥാപിച്ച്, ഫീനിക്സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റ കഥയും പുറം കാഴ്ചകളിലൂടെ സഞ്ചാരികളോട് പറയുന്നു. റോമാ സാമ്രാജ്യത്തിന്റെ ചരിത്രാവശേഷിപ്പുകളും വ്യാവസായിക സംരംഭങ്ങൾ നിറഞ്ഞ പ്രാന്ത പ്രദേശങ്ങളും ‘ഇറ്റാലിയന്‍ മാഞ്ചെസ്റ്റര്‍ എന്ന പേരില്‍ തെര്‍നിയെ പ്രശസ്തമാക്കുന്നുണ്ടെങ്കിലും, ആ സിറ്റി ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമാകുന്നത് ‘സിറ്റി ഓഫ് ലവേഴ്സ്’ എന്ന പേരിലാണ്.

14022018-SAM_4143

മാർമൊറെ വെള്ളച്ചാട്ടം

തെർനിയിൽ നിന്നും മാർമൊറെ വെള്ളച്ചാട്ടം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. സന്റ് വാലന്റൈന്‍ പള്ളിയില്‍ നിന്നും ഏഴു കിലോമീറ്റര്‍ അകലെയുള്ള വിനോദ സഞ്ചാരകേന്ദ്രമാണ് മാർമൊറെ വെള്ളച്ചാട്ടവും അതിനോടനുബന്ധിച്ചുള്ള ബയോ പാര്‍ക്കും. രണ്ടായിരം വർഷം പഴക്കമുള്ള, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമിത വെള്ളച്ചാട്ടം എന്നതാണ് മാർമൊറെയെ വ്യത്യസ്തമാക്കുന്ന ഘടകം. പ്രകൃതിയോടിണങ്ങി പണികഴിപ്പിച്ച ജലവൈദ്യുത പദ്ധതി കൂടിയാണിത്. 165 മീറ്റർ ഉയരമുള്ള ഈ വെള്ളച്ചാട്ടം മൂന്നു തട്ടുകളിലായാണ് താഴേയ്ക്ക് ഒഴുകിയെത്തുന്നത്.

SAM_6908

ദൂരക്കാഴ്ചയില്‍, ആകാശത്ത്‌ നിന്നും ഭൂമിയിലേക്ക് ഒഴുകിയിറങ്ങുന്ന പാലരുവി പോലെയാണ് തോന്നിയത്. ഒട്ടേറെ കവികള്‍ക്കും കഥാകാരന്മാര്‍ക്കും പ്രചോദനമായ മാർമൊറെ വെള്ളച്ചാട്ടത്തിന്റെ ചുറ്റിലുമുള്ള മരങ്ങളാല്‍ നിബിഡമായ, കുന്നുകളും മലകളും പാറക്കെട്ടുകള്‍ക്കിടയിലൂടെ കൂലംകുത്തിയൊഴുകുന്ന പുഴയും സാഹസികത ആഗ്രഹിക്കുന്നവരുടെ പറുദീസയാണ്. ഗുഹകള്‍ നിറഞ്ഞ മലനിരകളില്‍ ട്രെക്കിങ് നടത്താനും, ഗവേഷണങ്ങള്‍ക്കുമായി ഒട്ടേറെ ആളുകള്‍ എത്തിച്ചേരാറുണ്ട്. വാട്ടര്‍ സ്പോര്‍ട്സിന് (റാഫ്റ്റിങ്, കയാക്കിങ്, ഹൈഡ്രോ സ്പീഡ്...) ഏറ്റവും അനുയോജ്യമായ സൗകര്യങ്ങളും സൈക്കിള്‍ സവാരിയും മാര്‍മൊറെ ഒരുക്കുന്നുണ്ട്.

SDR_0128

പാസ് ലഭിക്കുന്ന പ്രവേശന കവാടത്തിനരികെ, മാർമൊറെയുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത സുവനീറുകളും വസ്ത്രങ്ങളും  കരകൗശല വസ്തുക്കളും വില്‍ക്കുന്ന വിവിധ കച്ചവട കേന്ദങ്ങളുമുണ്ട്. പാസ് എടുത്ത്, ധരിച്ചിരുന്ന വസ്ത്രങ്ങള്‍ക്കു മീതെ പ്ലാസ്റ്റിക്ക് കോട്ട് ധരിച്ച്, മലനിരകള്‍ക്കിടയില്‍ വെള്ളിയരഞ്ഞാണം പോലൊഴുകുന്ന മലമുകളിലെ ‘ബെല്‍ വെദേരേ’ ലക്ഷ്യമാക്കി നടന്നു. ഗുഹകളിലൂടെ, കാടിന്റെ സ്പന്ദനങ്ങളും വെള്ളച്ചാട്ടത്തിന്റെ ആരവങ്ങളും തൊട്ടറിഞ്ഞുള്ള മലകയറ്റം എത്ര വര്‍ണിച്ചാലാണ് മതിയാവുക...

SAM_6662

10 യൂറോയാണ് പ്രവേശന ഫീസ്. വെള്ളം തുറന്നു വിടുന്നതിനായി കൃത്യമായ സമയക്രമമുണ്ട്. സാധാരണ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ ഒരു മണി വരെയും, ഉച്ചതിരിഞ്ഞ് 4 മണി മുതൽ 6 മണി വരെയും. ഞായറാഴ്ചകളിലും പൊതുഅവധി ദിനങ്ങളിലും പ്രത്യേക സമയക്രമമുണ്ട്. സന്ദര്‍ശകരുടെ ബഹുല്യം അനുഭവപ്പെടുന്ന വസന്ത—വേനല്‍ക്കാലങ്ങളില്‍ മലമുകളിലേക്ക് (മലകയറ്റം ബുദ്ധിമുട്ടുള്ളവര്‍ക്കായി) ഷട്ടിൽ ബസ് സർവീസ് ലഭിക്കും.

shutterstock_1268002084
Tags:
  • World Escapes
  • Manorama Traveller