സർപ്രൈസുകൾ കൊടുക്കാനിഷ്ടപ്പെടുന്നയാളാണ് നടനും അവതാരകനുമായ ആദിൽ ഇബ്രാഹിം. സ്വന്തം മാതാപിതാക്കളെയാണ് സർപ്രൈസ് കൊടുത്ത് അടുത്തിടെ ആദിൽ ഞെട്ടിച്ചത്. അത്രമേൽ ഇഷ്ടപ്പെട്ട് ഒരുക്കിയ വീടിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഒരു ഓർമത്തുണ്ട് ആദിൽ പങ്കുവയ്ക്കുന്നു.

വീടിന്റെ ഒരുക്കങ്ങളെക്കുറിച്ച് ഒരു സൂചന പോലും വീട്ടുകാർക്ക് നൽകിയിരുന്നില്ല. ‘‘ഉപ്പയും ഉമ്മയും ദുബായിലാണ്. വീടുപണിയെക്കുറിച്ച് ഞാൻ അവരോട് ഒന്നും വിട്ടുപറഞ്ഞിരുന്നില്ല. അവനിഷ്ടമുള്ളതു ചെയ്യട്ടെ എന്ന ലൈനിലായിരുന്നു ഉപ്പ. എന്നാൽ ഞാൻ ഒന്നിനും അടുപ്പിക്കുന്നില്ല എന്നൊരു പരിഭവം ഉമ്മയ്ക്കുണ്ടായിരുന്നു. വീട്ടുസാധനങ്ങളുടെ ഷോപ്പിങ്ങിനൊന്നും ഉമ്മയെ കൂടെകൂട്ടിയില്ല എന്നതും ഉമ്മയ്ക്ക് പരാതിയായിരുന്നു.

പൂർത്തിയായിക്കഴിഞ്ഞ് ഒരു ദിവസം ഉപ്പയും ഉമ്മയും വീട് കാണാന്‍ വന്നു. സന്തോഷംകൊണ്ട് ഉമ്മയുടെ കണ്ണ് നിറഞ്ഞു. ഉപ്പ എന്നെ കെട്ടിപ്പിടിച്ചു. ഞാൻ വീടിന്റെ കാര്യത്തിൽ അത്രയും സീരിയസ് ആണെന്ന് അവർക്കപ്പോഴാണ് മനസ്സിലായത്. സത്യത്തിൽ അവരിതു വന്നു കാണുമ്പോഴുള്ള ആ ഒരു നിമിഷത്തിന് വേണ്ടിയായിരുന്നു എന്റെ അധ്വാനമെല്ലാം. വീടിനായി ഒരോന്ന് വാങ്ങുമ്പോഴും എന്റെ മനസ്സിൽ അവരായിരുന്നു.

ഈ വീട്ടിൽ എനിക്ക് കുറേ നല്ല ഓർമകളുണ്ട്. പക്ഷേ, ഈ വീടിനെക്കുറിച്ചുള്ള എന്റെ ഏറ്റവും പ്രിയപ്പെട്ട ഓർമ ഉപ്പയും ഉമ്മയും വീടുവന്നുകണ്ട ആ നിമിഷമാണ്.’’ ആദിൽ പറയുന്നു.
ആലുവയിലാണ് ആദിലിന്റെ പുതിയ ഡ്യൂപ്ലെ ഫ്ലാറ്റ്. 2400 ചതുരശ്രയടിയുള്ള 3BHK ഫ്ലാറ്റ് ഇംഗ്ലിഷ് തീമിലാണ് ഒരുക്കിയിട്ടുള്ളത്. അപാർട്മെന്റിന്റെ ഇന്റീരിയർ പണികൾ നടക്കുമ്പോൾ ജോലിത്തിരക്കു പോലും കുറച്ച് അതിനായി മുഴുവൻ സമയവും നീക്കിവയ്ക്കുകയായിരുന്നു ആദിൽ.

‘‘ഇന്റീരിയർ ഒരുക്കുന്നതു പോലെയുള്ള വീടുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം എനിക്ക് ഇഷ്ടമാണ്. ആൺകുട്ടികൾക്ക് വാഹനങ്ങൾ ക്രേസ് ആണെന്നാണല്ലോ പൊതുവെ പറയാറ്. എന്നാൽ എനിക്ക് വണ്ടിയേക്കാൾ ഇഷ്ടം വീടാണ്.’’ ഉത്തരവാദിത്വമുള്ള വീട്ടുകാരനായി ആദിൽ പറയുന്നു.