കുറച്ചു സമയം കിട്ടിയാൽ വീട്ടിലേക്ക് ഓടിയെത്തും അപ്പന്റെയും അമ്മയുടെയും ഏകമകനായ കൈലാഷ്. അവർക്കെന്തു സമ്മാനം നൽകുമെന്ന് ആലോചിച്ചപ്പോഴാണ് പുതിയ വീടു പണിതു നൽകിയാലോ എന്ന െഎഡിയ കൈലാഷിന് കത്തിയത്. തിരുവല്ലയ്ക്കടുത്ത് പുറമറ്റത്താണ് കൈലാഷിന്റെ കൊളോണിയൽ ശൈലിയിലുള്ള വീട്.

‘‘പഴയ വീട് പുതുക്കിപ്പണിതാലോ എന്നാദ്യം ആലോചിച്ചു. പക്ഷേ, ഡിസൈനറുമായുള്ള ആലോചനകൾക്കു ശേഷം പുതിയ വീട് എന്ന തീരുമാനത്തിലേക്കെത്തി. പപ്പയ്ക്കും മമ്മിക്കും കൈകാര്യം ചെയ്യാൻ പറ്റുന്ന കൊച്ചുവീട് മതിയെന്ന് ഉറപ്പിച്ചിരുന്നു. മാത്രമല്ല, ചെറിയ വീടുകളോട് എനിക്ക് ഒരു ഇഷ്ടക്കൂടുതൽ ഉണ്ട്. ചെറുതല്ലേ ഭംഗി?’’ രണ്ടു കിടപ്പുമുറികളുള്ള 2050 ചതുരശ്രയടിയിലുള്ള വീട് കാണിച്ച് കൈലാഷ് ചോദിക്കുന്നു.

ഒരിഞ്ചു സ്ഥലം പോലും വെറുതെ കളയാതെ വീടിന്റെ മുക്കും മൂലയും വരെ ഉപയോഗപ്രദമാക്കിയിട്ടുണ്ട്. വലിയ മതിൽ കെട്ടി വീട് തിരിച്ചിട്ടില്ല. മതിലിനു പകരം ഉയരം കുറഞ്ഞ റെയിലുകളാണ് നൽകിയത്. ആളുകളെ സ്വാഗതം ചെയ്യുന്നതാകണം വീട് എന്ന പക്ഷക്കാരനാണ് നിറയെ സുഹൃത്തുക്കളുള്ള കൈലാഷ്.

ഷൂട്ടിങ് ആവശ്യങ്ങൾക്കായി കൊച്ചിയിലാണ് കൈലാഷും ഭാര്യ ദിവ്യയും മക്കളും താമസിക്കുന്നത്. വീടു പൂർത്തിയായപ്പോൾ പപ്പയോടും മമ്മിയോടും ഒന്നേ കൈലാഷ് ആവശ്യപ്പെട്ടുള്ളൂ. ‘‘വെള്ള നിറമാണ്; സൂക്ഷിക്കണം.’’

