പൊള്ളിയടർന്ന ദേഹത്തിന്റേയും പൊള്ളുന്ന ജീവിത യാഥാർത്ഥ്യങ്ങളുടേയും കഥപറഞ്ഞ സൂസൻ തോമസ് സോഷ്യൽ മീഡിയക്ക് പ്രിയപ്പെട്ടവളാകുകയാണ്. സേവ് ദി ഫൊട്ടോഷൂട്ട് കൺസപ്റ്റ് ചിത്രങ്ങളിലൂടെ വൈറലായ സൂസസന്റെ ജീവിതവും അവളെ വേട്ടയാടിയ വിധിയുടേയും കഥ വനിത ഓൺലൈനാണ് സഹൃദയർക്കു മുന്നിലേക്ക് വച്ചത്. ഒരു നിമിഷത്തെ അശ്രദ്ധയെന്നോ വിധിയെന്നോ വിശേഷിക്കാവുന്ന ഒരു ഗ്യാസ് ലീക്ക് തുടർന്നുണ്ടായ അപകടവും അവളുടെ തലവര തന്നെ മാറ്റി. പച്ചമാംസത്തിൽ പടർന്നു കയറിയ അഗ്നി കാലങ്ങളോളം അവൾക്ക് പ്രാണവേദന സമ്മാനിച്ചു. പൊള്ളിയടർന്ന വിരലുകൾ ആ കൈകളിൽ നിന്നും മുറിച്ചുമാറ്റപ്പെട്ടു. ആളറിയാത്ത വിധം ഉടൽ മാറി. ഇപ്പോഴിതാ ആ വേദനകൾക്കും കണ്ണീരിനും പ്രാർത്ഥനയ്ക്കുമെല്ലാം ഫലപ്രാപ്തി കൈവന്നിരിക്കുകയാണ്. സൂസന്റെ ജീവിത കഥ പറഞ്ഞ വനിത ഓൺലൈൻ വാർത്ത ശ്രദ്ധയിൽ പെട്ട കോയമ്പത്തൂരിലെ പ്രമുഖ ആശുപത്രി സൂസന് മെച്ചപ്പെട്ട ചികിത്സ വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്. ആ സന്തോഷത്തിനു നടുവിൽ നിന്ന് സൂസൻ വനിത ഓൺലൈനോട് സംസാരിക്കുന്നു.
ദൈവത്തിന് നന്ദി... എന്റെ കഥ ലോകത്തോട് പങ്കുവച്ച വനിതയോട് അതിലേറെ കടപ്പാട്. കോയമ്പത്തൂരിലെ സ്വാകാര്യ ആശുപത്രിയില്‍ നിന്നും ഇന്നലെയാണ് ഫോൺ കോൾ എത്തുന്നത്. എന്റെ മുഖത്തെ കറുപ്പും മുഖത്തേയും കയ്യിലേയും പൊള്ളിയടർന്ന ഭാഗങ്ങൾ പരിപൂർണമായി ശരിപ്പെടുത്താമെന്നാണ് ആശുപത്രി അധികൃതരുതെ വാഗ്ദാനം. ചികിത്സയും തുടർ ശസ്ത്രക്രിയയുമെല്ലാം തികച്ചും സൗജന്യമെന്നാണ് അവർ അറിയിച്ചിരിക്കുന്നത്– സൂസൻ പറയുന്നു.
ആളറിയാത്ത രീതിയിൽ എന്റെ മുഖത്തെ മൂടിയ കറുപ്പിനേയും പൊള്ളലിനേയും സുഖപ്പെടുത്താൻ ആകുമോ എന്നാണ് ഞാൻ അവരോട് ചോദിച്ചത്. കൈയിലെ പൊള്ളൽ ശരിയായില്ലെങ്കിലും സാരമില്ലെന്നു വയ്ക്കാം. മുഖത്തിന്റെ ഷേപ്പ് മാത്രം ശരിയായാൽ മതിയായിരുന്നു. പക്ഷേ പൊള്ളിയടർന്ന ഭാഗങ്ങൾ മുഴുവൻ ശരിപ്പെടുത്താം എന്നാണ് അവർ വാക്കു നൽകുന്നത്. ശരീരത്തിലെ മറ്റുഭാഗങ്ങളിൽ നിന്നും ചർമ്മം എടുത്ത് പൊള്ളിയ ഭാഗത്തു വയ്ക്കുന്ന രീതിയാണത്രേ. ആശുപത്രിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ഈ സദ്പ്രവർത്തിക്ക് ചുക്കാൻ പിടിക്കുന്നത്. ഏറെ ചികിത്സയും പരീക്ഷണങ്ങളും നടത്തി. ഇനി ഇതും കൂടി നോക്കാം. ഞാൻ ഉറപ്പായും പോകണം എന്ന് തന്നെയാണ് കുടുംബത്തിന്റേയും തീരുമാനം.
എന്റെ കഥ ലോകത്തെ അറിയിക്കാൻ സഹായിച്ച വനിതയോടും ഡോ. മനു ഗോപിനാഥനോടും വീണ്ടും നന്ദി അറിയിക്കുന്നു. എനിക്കായി പ്രാർത്ഥിക്കണം.– സൂസൻ പറഞ്ഞു നിർത്തി.